Quranshariah

പ്രശ്‌നങ്ങളും പ്രയാസങ്ങളും വിജയത്തിലേക്കുള്ള പാത

മനുഷ്യന്‍ ഭൂമിയില്‍ പിറന്നു വീഴുന്നത് മുതല്‍ അധ്വാനിക്കണം എന്നതാണ് അലിഖിത പ്രാപഞ്ചിക നിയമം. ഒരു കുട്ടി ജനിച്ച ഉടനെ മുട്ടുകുത്തിയതായോ നടന്നതായോ നാം കേട്ടിട്ടില്ല. ഈ ഒരു ഉദാഹരണം മതി പുരോഗതി ആഗ്രഹിക്കുന്നവര്‍ അധ്വാനിക്കണം എന്നത് പ്രാപഞ്ചിക നിയമമാണെന്നുള്ളതിന്. ബുദ്ധിമാന്മാര്‍ തടസ്സങ്ങളെ പുരോഗതിയിലേക്കുള്ള കവാടമായി കാണുന്നു. വിഡ്ഢികള്‍ അവയെ തടസ്സങ്ങളായി പരിഗണിക്കുന്നു. രണ്ടു വിഭാഗവും പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നു, പക്ഷെ അവരെടുക്കുന്ന നിലപാടുകള്‍ രണ്ടു വിഭാഗത്തിന്റെയും ജീവിതത്തെ സ്വാധീനിക്കുന്നു. ഒരാള്‍ വിജയിക്കുന്നു, മറ്റേ ആള്‍ പരാജയപ്പെട്ടുകൊണ്ടേയിരിക്കുന്നു. ഇതാണ് പ്രശ്‌നത്തിന്റെ മര്‍മ്മം.

പോസിറ്റീവ് ചിന്തയുടെ ആളുകള്‍ എല്ലാം അവര്‍ക്കു അനുകൂലമാക്കുന്നു, പക്ഷെ നെഗറ്റീവ് ചിന്തയുടെ ആളുകള്‍ എല്ലാ തടസ്സങ്ങളും ഒരിക്കലും തട്ടിമാറ്റാന്‍ കഴിയാത്ത പ്രതിബന്ധങ്ങളായി കാണുന്നു. ജീവിതത്തില്‍ ഉടനീളം പരാജയപ്പെടുന്നു.

യഥാര്‍ത്ഥത്തില്‍ ഈ വിഷയത്തിന്റെ ഖുര്‍ആനിക കാഴ്ചപ്പാട് എന്താണ് ? വിശുദ്ധ ഖുര്‍ആനിന്റെ കാഴ്ചപ്പാട് പ്രകാരം ബുദ്ധിമുട്ടുകള്‍ എളുപ്പത്തിലേക്കുള്ള മാര്‍ഗമാണ്, മാത്രമല്ല അത് നിങ്ങളെ പിന്തുടര്‍ന്ന് കൊണ്ടേയിരിക്കും, ഒരു സംശയവുമില്ല. അതുകൊണ്ടാണ് തീര്‍ച്ചയായും പ്രയാസത്തോടൊപ്പമാണ് എളുപ്പം എന്ന് അള്ളാഹു പറഞ്ഞത്. ഇവിടെ കൂടെ എന്ന അര്‍ഥം വരുന്ന مع എന്ന പദത്തിന് പകരമായി ശേഷം എന്നർത്ഥം വരുന്ന بعد  എന്ന് ഖുര്‍ആന്‍ ഉപയോഗിച്ചില്ല.

കാരണം ഉയര്‍ച്ച ആഗ്രഹിക്കുന്നവര്‍ നിര്‍ബന്ധമായും പ്രയാസങ്ങളിലൂടെ കടന്നു പോകണം, പോയിക്കൊണ്ടിരിക്കണം എന്നതാണ് പ്രകൃതി നിയമം. ഭൂമിയില്‍ തങ്ങളുടേതായ ലോകം പടുത്തുയര്‍ത്തിയ എല്ലാവരും ഈ യാഥാര്‍ഥ്യം മനസ്സിലാക്കിയവരായിരുന്നു. ഇതാണ് ഇസ്ലാം നമ്മുടെ മുമ്പില്‍ സമര്‍പ്പിക്കുന്ന ഏറ്റവും വലിയ പോസിറ്റീവ് ചിന്ത.

വിശുദ്ധ ഖുര്‍ആനിലും പ്രവാചക ചര്യയിലും പോസിറ്റീവ് ചിന്തയുമായി ബന്ധപ്പെട്ട നിരവധി ആശയങ്ങള്‍ നമുക്ക് കാണാം. സൂറത്തു ത്വാഹയിലെ തുടക്കം ഇസ്ലാമിന്റെ ശക്തമായ പോസിറ്റീവ് ചിന്തയുടെ അടിസ്ഥാന ആശയം അവതരിപ്പിക്കുന്നു. നിനക്ക് നാം ഈ ഖുര്‍ആന്‍ ഇറക്കിയത് നീ കഷ്ടപ്പെടാന്‍ വേണ്ടിയല്ല എന്ന സൂക്തം തികച്ചും പ്രതികൂലമായ സാഹചര്യത്തിലൂടെ പ്രവാചകനും അനുയായികളും കടന്നു പോയികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇറങ്ങിയത്.

സംശയത്തോടെ ജീവിതത്തെ കാണുന്നവരും,ലക്ഷ്യം നേടാന്‍ കഴിയുമോ എന്ന സംശയത്തോടെ ജീവിത നൗക തുഴയുന്നവരും വിജയിക്കാനുള്ള സാധ്യത ഇല്ല. മനുഷ്യന്റെ മനസ്സില്‍ ഭയം, സംശയം എന്നിവ ഉണ്ടാക്കല്‍ പിശാചിന്റെ ജോലിയാണ്. തുര്‍ക്കി,ഖത്തര്‍ തുടങ്ങിയ രാഷ്ട്രങ്ങള്‍ അവരുടെ ലക്ഷ്യം നേടാന്‍ എത്രമാത്രം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നതായി നാം കാണുന്നു. അതെ, തീര്‍ച്ചയായും പ്രയാസത്തോടൊപ്പമാണ് എളുപ്പം എന്ന് പറഞ്ഞത് എത്ര യാഥാര്‍ഥ്യം.

 

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker