Current Date

Search
Close this search box.
Search
Close this search box.

ഹജജ് തീര്‍ത്ഥാടനത്തിന്‍റെ ലക്ഷ്യങ്ങള്‍: പ്രമാണങ്ങളുടെ വെളിച്ചത്തില്‍

ഇസ്‌ലാമിലെ എല്ലാ ആരാധനകള്‍ക്കും രണ്ടു വശങ്ങളുണ്ട്. ഒന്ന് അതിന്റെ കര്‍മ്മപരമായ വശവും മറ്റേത് അത് മുഖേന ആര്‍ജ്ജിക്കേണ്ട ലക്ഷ്യങ്ങളും ചൈതന്യവുമാണ്. വിശ്വാസികളില്‍ ചിലര്‍ കര്‍മ്മപരമായ വശത്തിന് അമിത പ്രധാന്യം നല്‍കുമ്പോള്‍, മറ്റു ചിലര്‍ അതിന്റെ ലക്ഷ്യങ്ങള്‍ക്കും ചൈതന്യത്തിനും കൂടുതല്‍ ഊന്നല്‍ നല്‍കുന്നു. രണ്ടിനും തുല്യപ്രാധാന്യം നല്‍കാനാണ് ഇസ്ലാമിലെ പ്രമാണങ്ങളായ ഖുര്‍ആനും തിരുസുന്നത്തും പഠിപ്പിക്കുന്നത്.

കാരറ്റ് കാണിച്ച് കുതിരയെ മുന്നോട്ട് കുതിക്കാന്‍ പ്രേരിപ്പിക്കുന്നത് പോലെയാണ് ലക്ഷ്യങ്ങള്‍ വിവരിച്ച് ആരാധനകള്‍ നിര്‍വ്വഹിക്കാന്‍ പ്രേരിപ്പിക്കുന്നതും. ലക്ഷ്യം മനസ്സിലാക്കാതെ ആരാധന നിര്‍വ്വഹിക്കുന്നത് കേവലം വഴിപാടായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല. ആരാധനകളുടെ പൊതുവായ ലക്ഷ്യം ‘തഖ്‌വ’യുള്ള ജീവിതം നയിക്കാന്‍ തയ്യാറാക്കുക എന്നതാണ്. (ഖുര്‍ആന്‍ 2:21). ഹജജ് നിര്‍വ്വഹണത്തിനും ഈ ലക്ഷ്യം കൂടാതെ, മറ്റു ലക്ഷ്യങ്ങള്‍ കൂടിയുണ്ട്. അത് പരിശോധിക്കുകയാണ് ചുവടെ:

1. ഹജജ് കര്‍മ്മത്തിലൂടെ പാഥേയം കരുതാന്‍ ഖുര്‍ആന്‍ ഉണര്‍ത്തുന്നു. ‘……… എന്നാല്‍ യാത്രക്കാവശ്യമായ വിഭവങ്ങളിലേറ്റവും ഉത്തമം ദൈവഭക്തിയത്രെ. വിചാരശാലികളേ, നിങ്ങളെന്നോട് ഭക്തിയുള്ളവരാവുക.’ (2:197 ) ഹജ്ജില്‍ ബലി അറുക്കുന്നത് തഖ്‌വ ഉണ്ടാക്കുവാനാണ്. ഖുര്‍ആന്‍ പറയുന്നു: ബലി മൃഗങ്ങളുടെ മാംസങ്ങളോ രക്തങ്ങളൊ അല്ലാഹുവിങ്കല്‍ എത്തുന്നതേയല്ല. എന്നാല്‍ നിങ്ങളുടെ ദൈവഭക്തിയാണ് അവങ്കല്‍ എത്തുന്നത്…… (അധ്യായം ഹജജ്: 37) അല്ലാഹുവിന്റെ ചിഹ്നങ്ങളെ ആദരിക്കല്‍ അല്ലാഹുവിനോടുള്ള സ്‌നേഹത്തിന്റെ ലക്ഷണമാണ്. ഖുര്‍ആന്‍ പറയുന്നു: ‘ആരെങ്കിലും അല്ലാഹു നിശ്ചയിച്ച ചിഹ്നങ്ങളെ ആദരിക്കുന്നുവെങ്കില്‍ അത് ആത്മാര്‍ഥമായ ഹൃദയഭക്തിയില്‍ നിന്നുണ്ടാവുന്നതാണ്.’ ( 22:32 )

2. തൗഹീദിന്റെ സാക്ഷാല്‍കാരമാണ് ഹജജിന്റെ ലക്ഷ്യം. തൗഹീദിന്റെ സംസ്ഥാപനത്തിനായി ഭൂമിയില്‍ ആദ്യമായി പണിത അല്ലാഹുവിന്റെ ഭവനത്തെ ഏഴ് തവണ പ്രദക്ഷിണം ചെയ്യുന്നത് തൗഹീദിന്റെ മാതൃകയും ഹജജിലെ സുപ്രധാന കര്‍മ്മവുമാണ്. ഖുര്‍ആന്‍ പറയുന്നു: ‘ഇബ്‌റാഹീമിനു നാം ആ മന്ദിരത്തിന്റെ സ്ഥാനം നിര്‍ണയിച്ചുകൊടുത്ത സന്ദര്‍ഭം: ഒന്നിനെയും എന്റെ പങ്കാളിയാക്കരുതെന്ന് നാം നിര്‍ദേശിച്ചു; ത്വവാഫ് ചെയ്യന്നവര്‍ക്കും നിന്നു നമസ്‌കരിക്കുന്നവര്‍ക്കും നമിക്കുന്നവര്‍ക്കും സാഷ്ടാംഗം പ്രണമിക്കുന്നവര്‍ക്കും വേണ്ടി എന്റെ ആ മന്ദിരം ശുദ്ധമാക്കിവെക്കണമെന്നും.'(22:26 )

3. ഹജജിലൂടെ സാധിച്ചെടുക്കേണ്ട മറ്റൊരു ലക്ഷ്യം ഇബാദത്തിന്റെ സാക്ഷാല്‍ക്കാരമാണ്. നമസ്‌കാരം, സകാത്, വ്രതം തുടങ്ങിയ എല്ലാ ആരാധനകളെയും ഉള്‍കൊള്ളുന്നതാണ് ഹജജ്. ത്വവാഫ്, സഇയ്, അറഫയിലെ നിര്‍ത്തം, മിനയിലെ രാപാര്‍ക്കല്‍, ബലികര്‍മ്മം, ജംറകളിലെ കല്ലെറിയല്‍ തുടങ്ങിയ ഹജജിലെ എല്ലാ അനുഷ്ടാനങ്ങളും നിര്‍വ്വഹിക്കുന്നത് അല്ലാഹുവിനുളള ഇബാദത്തിന്റെ സാക്ഷാല്‍ക്കാരമാണ്. അല്ലാഹുവിന്റെ ആജ്ഞകള്‍ അക്ഷരംപ്രതി ഹാജിമാര്‍ അനുസരിക്കുന്നു.

4. വളരെയധികം ത്യാഗവും സമ്പാദ്യത്തിന്റെ നല്ലൊരു വിഹിതവും ചിലവഴിച്ചു, ഹജജ് നിര്‍വ്വഹിക്കുമ്പോള്‍, അതിലൂടെ മഹത്തായ പ്രതിഫലമാണ് ഹാജിമാര്‍ ലക്ഷ്യംവെക്കേണ്ടത്. നബി തിരുമേനി (സ) പറഞ്ഞു: പുണ്യകരമായ ഹജജിന് സ്വര്‍ഗ്ഗമല്ലാതെ പ്രതിഫലമില്ല. പുണ്യമെന്താണെന്ന് ആരാഞ്ഞപ്പോള്‍ അവിടുന്ന് പറഞ്ഞു: അത് ഭക്ഷണം നല്‍കലും ‘സലാം’ (സമാധാനം) പ്രചരിപ്പിക്കലുമാണ്. നല്ല രീതിയില്‍ സംസാരിക്കല്‍ എന്നും മറ്റൊരു നിവേദനത്തിലുണ്ട്.

5. മനുഷ്യരെ ഉത്തമ സ്വഭാവമുള്ളവരാക്കി മാറ്റുകയാണ് ഇസ്ലാമിലെ ആരാധനകളുടെ പൊതുവായ ലക്ഷ്യങ്ങളിലൊന്ന്. ഹജ്ജിന്റെ പ്രധാന ലക്ഷ്യവും സ്വഭാവശുദ്ധി കൈവരിക്കുകയും സംസ്‌കാര സമ്പന്നരാവുകയും ചെയ്യുക എന്നതാണ്. ഖുര്‍ആന്‍ അത് ഇങ്ങനെ വ്യക്തമാക്കുന്നു: ‘ഹജ്ജ്കാലം ഏറെ അറിയപ്പെടുന്ന മാസങ്ങളാണ്. ഈ നിര്‍ണിത മാസങ്ങളില്‍ ഹജ്ജ് ചെയ്യന്‍ തീരുമാനിച്ചവര്‍ സ്ത്രീപുരുഷവേഴ്ചയോ നീചവൃത്തിയോ തര്‍ക്കവിതര്‍ക്കമോ പാടില്ല. നിങ്ങള്‍ എന്തു സുകൃതം ചെയ്താലും അല്ലാഹു അതറിയും.’ (2:197)

6. ഇസ്ലാമിലെ ആരാധനകളുടെ എല്ലാം ലക്ഷ്യം തഖ്‌വ (ദൈവഭക്തി) കൈവരിക്കുക എനമുഖ്യമായും പാരത്രിക പ്രതിഫലം കാംക്ഷിച്ചാണ് ഇസ്ലാമില്‍ എല്ലാ ആരാധനകളും നിര്‍വ്വഹിക്കേണ്ടതെങ്കിലും, ഭൗതിക അനുഗ്രഹങ്ങളെ തേടുന്നത് അനുവദനീയമാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. കാരണം ആത്മീയതയയേയും ഭൗതികതയേയും സമന്വയിപ്പിച്ച മതമാണ് ഇസ്ലാം. ഹജജിന്റെ കാര്യത്തിലും അതെ നിലപാടാണുള്ളത്. ‘നിങ്ങള്‍ക്ക് നിങ്ങളുടെ നാഥന്റെ അനുഗ്രഹങ്ങള്‍ തേടുന്നതില്‍ തെറ്റൊന്നുമില്ല.’ (2:198 )

7. ജീവിത വിശുദ്ധ കൈവരിക്കുക എന്നതാണ് ഹജജ് അനുഷ്ഠാനത്തിലൂടെ നേടിഎടുക്കേണ്ട മറ്റൊരു സുപ്രാധന ലക്ഷ്യമെന്ന് നബി (സ) അരുളിയിട്ടുണ്ട്. ‘വിഷയലമ്പടത്വം, അശ്ലീലത, ശണ്ഠ കൂടല്‍ എന്നിവയില്‍ നിന്ന് മുക്തമായി, ആരെങ്കിലും ഹജജ് നിര്‍വ്വഹിച്ചാല്‍, അയാള്‍ നവജാത ശിശുവിനെ പോലെയാണ് സ്വഭവനത്തിലേക്ക് മടങ്ങുന്നത്്.

8. ഇസ്ലാമിലെ എല്ലാ ആരാധനകളേയും പോലെ, ഹജ്ജും ജീവിതത്തില്‍ അച്ചടക്കവും സമയനിഷ്ഠയും പഠിപ്പിക്കുന്നു. അച്ചടക്കമില്ലാത്ത സമൂഹത്തിന് ഒരിക്കലും വിജയയിക്കാന്‍ കഴിയുകയില്ല. ഹജ്ജിലെ എല്ലാ അനുഷ്ടാനങ്ങളും സ്ഥലകാല ബന്ധിതവും സമയനിര്‍ണ്ണിതവുമായ ആരാധനയാണ്. അതില്‍ വീഴ്ച സംഭവിച്ചാല്‍, ഏറെ ത്യാഗം സഹിച്ച് നിര്‍വ്വഹിക്കുന്ന, ഹജജ് നഷ്ടപ്പെട്ടേക്കാം.

9. ജനങ്ങള്‍ക്കിടയില്‍ സമത്വം ഊട്ടിയുറപ്പിക്കലാണ് മറ്റൊരു ലക്ഷ്യം. അമേരിക്കന്‍ വംശജനും പിന്നീട് ഇസ്ലാം സ്വീകരിക്കുകയും ചെയ്ത പ്രശസ്തനായ മാല്‍ക്കം എക്‌സ് പറയുന്നു: America needs to understand Islam. Because this is one religion that erases from its society the race problem. (വംശീയ മനോഭാവത്തെ മനുഷ്യ മനസ്സില്‍ നിന്നും വേരോടെ പിഴുതെറിയാന്‍ ഹജജ് പോലെ മറ്റൊരു ആരാധനയും ലോകത്തില്ല.)

10. ഇസ്ലാമില്‍ യുദ്ധം നിരോധിച്ച മാസത്തിലാണ് ഹജജ് കര്‍മ്മം നടക്കുന്നത് എന്നത് തന്നെ, ഹജജ് സമാധാനത്തിന്റെ സന്ദേശമാണ് മാനവകുലത്തിന് നല്‍കുന്നതെന്ന കാര്യത്തില്‍ സംശയമില്ല. മനുഷ്യരെ ഏകോതര സഹോദരന്മാരായി കാണാന്‍ പരിശീലിപ്പിക്കുകയാണ്, ഹജജില്‍ ധരിക്കേണ്ട വസ്ത്രവും വിളിക്കുന്ന മുദ്രാവാക്യവും ലക്ഷ്യംവെക്കുന്ന ദിശയുമെല്ലാം തെളിയിക്കുന്നത്.

മുകളില്‍ വിവരിച്ചതും അല്ലാത്തതുമായ ലക്ഷ്യങ്ങളുടെ സാഫല്യത്തിന് വേണ്ടി ഹജജ് നിര്‍വ്വഹിക്കുകയും, അതിന് ശേഷമുള്ള അവരുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ പ്രകടമാവുകയും ചെയ്താല്‍, വലിയ മാറ്റങ്ങള്‍ സമൂഹത്തിലുണ്ടാവും. ‘തിന്മ കാണരുത്, തിന്മ കേള്‍ക്കരുത്, തിന്മ പറയരുത്’ എന്ന കണ്‍ഫ്യൂഷ്യസന്റെ വചനങ്ങള്‍ സാക്ഷാല്‍കരിക്കാന്‍ കഴിയുന്ന കര്‍മ്മമാണ് ഹജജ്.

 

Related Articles