Current Date

Search
Close this search box.
Search
Close this search box.

മുഖ്ലിസ്വും മുഖ്ലസ്വും

വിശുദ്ധ ഖുർആൻ പറയുന്ന രണ്ടു തരം അടിയാറുകളുണ്ട്. ഒന്ന് – നിഷ്കളങ്കമായി നിസ്വാർത്ഥമായി അല്ലാഹുവിലേക്ക് മടങ്ങാൻ തീരുമാനിച്ചവനാണ്. ഖുർആൻ്റെ ഭാഷയിൽ മുഖ്ലിസ്വ് എന്ന് പറയുന്നത് അയാളെയാണ്.

وَمَا أُمِرُوا إِلَّا لِيَعْبُدُوا اللَّهَ مُخْلِصِينَ لَهُ الدِّينَ حُنَفَاءَ وَيُقِيمُوا الصَّلَاةَ وَيُؤْتُوا الزَّكَاةَ ۚ وَذَٰلِكَ دِينُ الْقَيِّمَةِ
ദീനിനെ അല്ലാഹുവിന് നിഷ്‌കളങ്കരാക്കിക്കൊണ്ട് – ഋജുമനസ്‌കരായ നിലയില്‍ – അവനെ ആരാധിക്കുവാനും, നമസ്‌കാരം നിലനിര്‍ത്തുവാനും, സക്കാത്ത് കൊടുക്കുവാനും അല്ലാതെ അവരോട് കല്‍പിക്കപ്പെട്ടിട്ടില്ലതാനും. അതത്രെ ചൊവ്വായ ദീൻ (ബയ്യിന:5)

മുഖ്ലിസ്വീൻ, മുഖ്ലിസ്വിൻ്റെ ബഹുവചനമാണ്. സർവ്വശക്തനായ റബ്ബിനെ ഇബാദത് ചെയ്യുന്നതിൽ ആത്മാർത്ഥതയുള്ളവനും അവനു പങ്കാളികളെ ചേർക്കാത്ത പ്രകൃത്യാ നിഷ്‌കളങ്കരാണ് മുഖ്ലിസ്വീൻ . ഇഖ്‌ലാസ്വിൻ്റെ കർതൃവാചിയാണ് മുഖ്ലിസ്വ്. ആത്മാർത്ഥതയോടെ ദീൻ റബ്ബിന് മാത്രമാക്കുകയും കർമങ്ങളിൽ നിഷ്കളങ്കതയും സൂക്ഷ്മതയും പുലർത്തുന്നവരാണ് മുഖ്ലിസ്വീൻ. അവർ സ്വന്തമായി കഠിനാധ്വാനം ചെയ്യുകയും ആത്മാർത്ഥത പുലർത്തുകയും ചെയ്യുന്നു.

എന്നാൽ യൂസുഫ് നബിയെ കുറിച്ച് പറഞ്ഞയിടത്ത് ഖുർആൻ പറഞ്ഞത്. «إِنَّهُ مِنْ عِبَادِنَا الْمُخْلَصِينَ» (നിശ്ചയമായും, അദ്ദേഹം നമ്മുടെ നിഷ്കളങ്കരാക്കപ്പെട്ട അടിയാന്മാരില്‍ പെട്ടവനാകുന്നു. യൂസുഫ്: 24) എന്നാണ്.

ശുദ്ധീകരണ പ്രക്രിയക്ക് പറയുന്ന പേരാണ് ഇഖ്ലാസ്വ് .തന്നെക്കാൾ ഉയർന്ന ശക്തിയാൽ സ്ഫുടം ചെയ്തെടുക്കപ്പെട്ടവനാണ് മുഖ്ലസ്വ്. അഥവാ ഇഖ്ലാസ്വിൻ്റെ കർമവാചി . ലോകമാന്യത, പ്രദർശന ത്വര , താൻപോരിമ എന്നിവയിൽ നിന്നും രക്ഷിക്കപ്പെട്ട വ്യക്തി. പ്രത്യേക മിഷനുവേണ്ടി അല്ലാഹു നേരിട്ട് സ്ഫുടം ചെയ്തെടുത്ത കുറ്റമറ്റയാളുകളാണ് മുഖ്ലസ്വീൻ. ഇത് സൂറ: സ്വാദിൽ കൂടുതൽ വ്യക്തമായി പറയുന്നുണ്ട്:

قَالَ فَبِعِزَّتِكَ لَأُغْوِيَنَّهُمْ أَجْمَعِينَ (82) إِلَّا عِبَادَكَ مِنْهُمُ الْمُخْلَصِينَ (83) ഇബ്‌ലീസ് പറഞ്ഞു: ‘എന്നാൽ, നിന്‍റെ പ്രതാപം കൊണ്ടു സത്യം! ഞാൻ മനുഷ്യരെ മുഴുവനും നിശ്ചയമായും വഴിതെറ്റിക്കുക തന്നെ ചെയ്യും; അവരിൽനിന്നും നിഷ്കളങ്കരാക്കപ്പെട്ട നിന്‍റെ അടിയാന്മാരെ ഒഴികെ.

അവരുടെയടുത്ത് തൻ്റെ ഒരു സന്ത്രാസവും വിലപ്പോവില്ലെന്ന് മനസ്സിലാക്കിയ പിശാച് റബ്ബിൻ്റെ മുമ്പിൽ മുൻകൂർ ജാമ്യം സമർപ്പിക്കുകയാണ്: പടച്ചവനേ, നീ സംസ്കരിച്ചെടുന്ന തങ്കക്കുടങ്ങളെ മായം ചേർക്കാൻ ഞാനില്ല അഥവാ എനിക്കതിനാവതില്ല എന്ന തുറന്നു പറച്ചിലാണിത്. അഥവാ സർവ്വശക്തനായ റബ്ബിൻ്റെ ശക്തിയാൽ സംരക്ഷിതമായ വിശ്വസ്ത ദാസന്മാരിൽ ഒരാളാണ് യൂസുഫ് നബി എന്നാണ് ഈ ആയതുകളെ സൂറ: യൂസുഫിൽ പരാമർശിക്കുന്ന ആയത്തുമായി ചേർത്തുവായിച്ചാൽ മനസ്സിലാവുന്നത്.

ഖുർആനിൽ 13 തവണ കർതൃവാചിയായും (2:139, 7:29, 10:22, 29: 65, 31:32, 40:14, 65, 98 :5) 11 തവണ കർമവാചിയായും (12:24,15:40, 19:51, 37:40, 73, 128, 160, 169,38:83,39:11, 14) പല തവണ ഏകവചനമായും അല്ലാതെയും ഉപയോഗിച്ചിക്കുന്നു.രണ്ടു സന്ദർഭങ്ങളിലും സംഭവിക്കുന്ന അർഥവ്യത്യാസം കൃത്യമായും വ്യക്തമായും ഖുർആൻ പഠിതാക്കൾ മനസ്സിലാക്കണം. അപ്പോഴാണ് രണ്ട് പ്രയോഗങ്ങളുടെയും ആഴവും വ്യാപ്തിയും നമുക്ക് മനസ്സിലാവൂ.

അവലംബിത പണ്ഡിതർ :
1- محمد صبري عبد الرحيم
2- د.فاضل السامرائي

Related Articles