Current Date

Search
Close this search box.
Search
Close this search box.

Quran, Shari'ah

ഒന്നിലേറെ മുസ്ഹഫുകളോ?

സ്വയം ദൈവികമെന്ന് അവകാശപ്പെടുന്ന ലോകത്തിലെ ഏക ഗ്രന്ഥമാണ് വിശുദ്ധ ഖുർആൻ. അതിൻറെ ആശയവും ഭാഷയും ദൈവികമാണ്. അത് സമഗ്രമായ ഒരു ജീവിതവ്യവസ്ഥ സമർപ്പിക്കുന്നു. അംഗീകരിക്കുന്നവരുടെ ജീവിതത്തെ പൂർണ്ണമായും പരിവർത്തിപ്പിക്കുന്നു.
ഹിന്ദു സഹോദരന്മാർ തങ്ങളുടെ വേദഗ്രന്ഥങ്ങളെ അപൗരുഷേയമെന്ന് വിശേഷിപ്പിക്കാറുണ്ട്. ക്രൈസ്തവ സഹോദരന്മാർ ബൈബിളിനെ ദൈവ പ്രേക്ഷിതമെന്ന് പറയാറുണ്ട്. എന്നാൽ അവയൊന്നും സ്വയം ദൈവികമെന്ന് അവകാശപ്പെടുന്നില്ല. അതുകൊണ്ടുതന്നെ സ്വയം ദൈവികമെന്ന് വിശേഷിപ്പിക്കുന്ന ഏക ഗ്രന്ഥം ഖുർആനാണ്.
ഖുർആൻറെ അനുയായികൾ ലോകത്ത് എവിടെയായാലും അത് പാരായണം ചെയ്യുന്നത് മൂലഭാഷയിലാണ്. അതിൻറെ പരിഭാഷകളല്ല.

ലോകത്തിലെ എല്ലാ ഭാഷകളും മാറിക്കൊണ്ടേയിരിക്കും. പഴയ പദങ്ങൾ അപ്രത്യക്ഷമാകും. പുതിയ പദങ്ങൾ പിറവിയെടുക്കും. പദഘടന മാറും. ശൈലി വ്യത്യാസപ്പെട്ടു കൊണ്ടിരിക്കും. നൂറു കൊല്ലം മുമ്പുള്ള പല മലയാള പുസ്തകങ്ങളും വായിച്ചാൽ ഇന്ന് ഏറെപ്പേർക്കും മനസ്സിലാവുകയില്ല. മറ്റെല്ലാ ഭാഷകളുടെ സ്ഥിതിയും ഇതുതന്നെ. അപവാദമായുള്ളത് അറബി ഭാഷ മാത്രമാണ്. ഹോമർ, റൂമി, ഷേക്സ്പിയർ, ഗോയ്ഥേ ,ഗാലിബ്, ടാഗോർ, ഇഖ്ബാൽ,ടോൾസ്റ്റോയി, ഷെല്ലി , എല്ലാവരുടെയും കൃതികൾ ഉൽകൃഷ്ടം തന്നെ. എന്നാൽ അവരുടെ രചനകളിലെ പല പദങ്ങളും ഇന്ന് പ്രയോഗത്തിലില്ല. ഭാഷയിലും ശൈലിയിലും മാറ്റം വന്നിരിക്കുന്നു. യേശുവിൻറെ ഭാഷയായ അരാമിക് ഇന്ന് എവിടെയും നിലവിലില്ല. ബൈബിൾ എഴുതപ്പെട്ട ഭാഷയും അവ്വിധം തന്നെ. ഇന്ത്യയിലെ വേദ ഭാഷയായ സംസ്കൃതവും ഇന്ന് ജീവൽ ഭാഷയല്ല.

എന്നാൽ ഇന്ന് ഉപയോഗത്തിലില്ലാത്ത ഒറ്റ പദവും ഖുർആനിലില്ല. ആധുനിക അറബി സാഹിത്യത്തിലെ ഏറ്റവും മികച്ച ശൈലിയും പ്രയോഗവും ഖുർആനിൻറേത് തന്നെ.
ഡോക്ടർ മുഹമ്മദ് ഹമീദുല്ലാ പറയുന്നു: “അഞ്ചു നൂറ്റാണ്ട് മുമ്പ് ഉറുദുവിൽ എഴുതപ്പെട്ട ഒരു ഗ്രന്ഥം ഇന്ന് വായിച്ച് മനസ്സിലാക്കുക വളരെ പ്രയാസമാണ്. ലോകത്തെ മറ്റേത് ഭാഷയുടെ സ്ഥിതിയും ഇത് തന്നെ. അഞ്ചോ ആറോ നൂറ്റാണ്ട് മുമ്പ് ജീവിച്ച ഇംഗ്ലീഷ് കവിയാണ് ചോസർ (Chaucer). പൗരാണിക ഇംഗ്ലീഷിൽ നല്ല അറിവുള്ള ലണ്ടനിലെ ഏതാനും പ്രൊഫസർമാർക്ക് മാത്രമേ ഇന്ന് ചോസറിൻറെ ഭാഷ മനസ്സിലാവൂ. പഴയതും പുതിയതുമായ ഏത് ഭാഷക്കും ഇത് ബാധകമാണ്. അവയെല്ലാം കാലക്രമത്തിൽ മാറിക്കൊണ്ടിരിക്കുന്നു.

അങ്ങനെ മാറിക്കൊണ്ടിരിക്കുന്ന ഒരു ഭാഷയിലാണ് അല്ലാഹു ഒടുവിലത്തെ വേദം അവതരിപ്പിച്ചിരുന്നതെങ്കിൽ ഇരുപതാം നൂറ്റാണ്ടിൽ ജീവിക്കുന്ന നമുക്ക് (ഈ പ്രസംഗം നടന്നത് 1980-ലാണ്) മറ്റൊരു വേദം കൂടി ദൈവം നൽകേണ്ടിവരുമായിരുന്നു. കാരണം, അപ്പോഴേക്കും നൂറ്റാണ്ടുകൾ പിന്നിട്ട ആ ഭാഷ മനസ്സിലാക്കാൻ കഴിയാത്ത ഒന്നായിത്തീർന്നിട്ടുണ്ടാവും. മാറിക്കൊണ്ടിരിക്കുക എന്ന ഭാഷാ പ്രകൃതത്തിൽ നിന്ന് രക്ഷപ്പെട്ട് നിൽക്കുന്ന ഒരൊറ്റ ഭാഷയേയുള്ളൂ. അത് അറബിയാണ്. നാമിന്ന് റേഡിയോയിലൂടെ കേൾക്കുന്ന അറബിയും പത്രങ്ങളിൽ വായിക്കുന്ന അറബിയും മുഹമ്മദ് നബിയുടെ കാലത്തെ അതേ അറബി തന്നെയാണ്.

ഖുർആനിലും പ്രവാചക വചനങ്ങളിലും വന്നിട്ടുള്ള അതേ അറബി. വാക്കുകളുടെ അർത്ഥം, വാചക ഘടന, ഉച്ചാരണം, അക്ഷരങ്ങൾ ഇവയിലൊന്നും പ്രവാചകൻറെ കാലത്തെയും നമ്മുടെ കാലത്തെയും അറബി ഭാഷയിൽ ഒരു വ്യത്യാസവുമില്ല. പ്രവാചകൻ നമ്മുടെ കാലത്ത് ജീവിച്ചിരിക്കുകയും ഞാൻ ആധുനിക അറബിയിൽ അദ്ദേഹത്തോട് സംസാരിക്കുകയും ചെയ്യുകയാണെങ്കിൽ ഞാൻ പറയുന്ന ഓരോ വാക്കും അദ്ദേഹത്തിന് മനസ്സിലാവും.

അദ്ദേഹം മറുപടി പറയുകയാണെങ്കിൽ അതിലെ ഓരോ വാക്കും എനിക്കും മനസ്സിലാകും. അക്കാലത്തെ അറബിയും ഇക്കാലത്തെ അറബിയും രണ്ടും ഒന്നു തന്നെ. ഒരു മാറ്റവുമില്ല. അന്ത്യപ്രവാചകന് നൽകപ്പെടുന്ന വേദത്തിൻറെ ഭാഷ മാറ്റങ്ങൾക്ക് വിധേയമാവാത്ത ഒന്നായിരിക്കണം എന്നാണ് ഇതിൽ നിന്ന് നാം എത്തിച്ചേരുന്ന നിഗമനം. അതിനാലാണ് അറബിയെ തെരഞ്ഞെടുത്തത്. സ്ഫുടത, അലങ്കാര ഭംഗി, സംഗീതാത്മകത എന്നിങ്ങനെ അറബിക്ക് നിരവധി പ്രത്യേകതകളുണ്ട്. അത്തരം ഗുണങ്ങളിലൊന്നാണ് മാറ്റത്തിന് വിധേയമാവാതിരിക്കുക എന്നതും. വിവിധ നാടുകളിൽ താമസിക്കുന്ന അറബികൾ വ്യത്യസ്ത ലിപികളും ഭാഷാ രൂപങ്ങളും സ്വീകരിക്കുകയുണ്ടായില്ല.” (ഇസ്ലാം ചരിത്രം സംസ്കാരം നാഗരികത. പുറം:18 ,19)

പുരാതന കാലത്ത് എഴുതപ്പെട്ട പല ഖുർആൻ പരിഭാഷകളുടെയും ഭാഷ മനസ്സിലാക്കാൻ കഴിയാത്തവിധം മാറിയെങ്കിലും ഖുർആൻറെ ഭാഷയായ അറബി അതറിയുന്ന ഏവർക്കും മനസ്സിലാക്കാൻ ഒട്ടും പ്രയാസമില്ലാത്ത വിധം മാറാതെ നില നിൽക്കുന്നു. അതുകൊണ്ടുതന്നെ ആയിരത്തി നാനൂറിലേറെ വർഷങ്ങൾക്കു മുമ്പ് വിശുദ്ധ ഖുർആൻ പാരായണം ചെയ്തിരുന്ന അതേവിധം ലോകമെങ്ങുമുള്ള മുസ്ലിംകൾ ഇന്നും പാരായണം ചെയ്തുകൊണ്ടിരിക്കുന്നു . അത് സാധ്യമാകും വിധം അറബി ഭാഷ അതിൻറെ തനിമയോടെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു.

പത്തു തരം ഖുർആൻ?

എന്നും എവിടെയും ഇസ്ലാമിൻറെ എതിരാളികളെ ഏറ്റവും കൂടുതൽ അസ്വസ്ഥപ്പെടുത്തിക്കൊണ്ടിരുന്നത് അതിൻറെ ദൈവികതയാണ്. പ്രവാചകൻറെ കാലം തൊട്ടിന്നോളം ഇതിൽ മാറ്റം വന്നിട്ടില്ല. സമകാലിക സമൂഹത്തിലെ സ്ഥിതിയും ഭിന്നമല്ല. ഖുർആൻ ദൈവികമല്ലെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം എന്നും എവിടെയും നടന്നു കൊണ്ടിരുന്നിട്ടുണ്ട്. ഇന്നും അത് അവിരാമം തുടരുന്നു. അതിനായി കുരിശുയുദ്ധ മനസ്സ് വെച്ച് പുലർത്തുന്ന ക്രൈസ്തവ മിഷനറിമാരും ഓറിയൻറലിസ്റ്റുകളും, ലോകത്ത് പലതരം ഖുർആൻ ഉണ്ടെന്ന് വരുത്തിത്തീർക്കാൻ നൂറ്റാണ്ടുകളോളം പഠന ഗവേഷണങ്ങൾ നടത്തുകയുണ്ടായി. എന്നിട്ടും അത് സ്ഥാപിക്കാൻ സാധിച്ചില്ല.
വസ്തുത ഇതായിരിക്കെ അവരും എല്ലാ ഇസ്ലാം വിരുദ്ധ ശക്തികളും ലോകത്തുള്ള ഖുർആൻ വ്യത്യസ്തങ്ങളാണെന്ന് വാദിച്ചു കൊണ്ടേയിരിക്കുന്നു.

കേരളത്തിൽ നവനാസ്തികരും ലിബറലിസ്റ്റുകളും വർഗീയ ഫാസിസ്റ്റുകളും മിഷനറിമാരും ഒരേ കള്ളം ആവർത്തിച്ചാവർത്തിച്ച് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു.
ലോകത്ത് പത്തോളം ഖുർആനുകളുണ്ടെന്നും അവക്കിടയിൽ ആയിരക്കണക്കിന് വ്യത്യാസങ്ങളുണ്ടെന്നും അവർ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. ശിയാക്കളുടെ മുസ്വ് ഹഫ് സുന്നികളുടേതിൽ നിന്ന് വ്യത്യസ്തമാണെന്ന് വാദിക്കുന്നു. ഇങ്ങനെ വ്യത്യസ്ത ഖുർആൻ ഉണ്ടെന്ന് പ്രചരിപ്പിച്ചു കൊണ്ടേയിരിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളാണ് അവർ ഈ വ്യാജ പ്രചാരണത്തിന് പ്രധാനമായും ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.

എന്നാൽ ഈ ലോകത്ത് ആർക്കും എവിടെയും മുസ്ലിംകളുടെ വശം വ്യത്യസ്ത മുസ്വ് ഹഫുകളുള്ളതായി തെളിയിക്കാൻ ഇന്നോളം സാധിച്ചിട്ടില്ല. ഇനി സാധിക്കുകയുമില്ല. പ്രവാചകന് അല്ലാഹുവിൽ നിന്ന് അവതീർണമായതും അദ്ദേഹം അനുചരന്മാർക്ക് പാരായണം കാണിച്ചുകൊടുത്തതും അബൂബക്കർ സിദ്ദീഖ് ഗ്രന്ഥരൂപത്തിലാക്കിയതും ഉസ്മാനു ബ്നു അഫ്ഫാൻ കോപ്പികളെടുപ്പിച്ചതുമായ ഖുർആൻ തന്നെയാണ് എല്ലാവരുടെയും വശമുള്ളത്.

ഏകം, ഭദ്രം, സുരക്ഷിതം

മൂന്നാം ഖലീഫ ഉസ്മാനുബ്നു അഫ്ഫാൻ ഒന്നാം ഖലീഫ അബൂബക്കർ സിദ്ദീഖിൻറെ ഭരണകാലത്ത് രണ്ട് ചട്ടകൾക്കിടയിൽ ഗ്രന്ഥ രൂപത്തിലാക്കിയ ഖുർആൻറെ ഏതാനും പകർപ്പുകളെടുപ്പിച്ചു. ഖുർആൻ ഹൃദിസ്ഥമാക്കിയ വരുടെയും എഴുതിവെച്ചവരുടെയും സാന്നിധ്യത്തിൽ മദീന പള്ളിയിൽ വെച്ച് ഓരോ പതിപ്പും ഉറക്കെ വായിപ്പിച്ച് എല്ലാവരെയും കേൾപ്പിച്ച് കുറ്റമറ്റതാണെന്ന് ഉറപ്പു വരുത്തി. തുടർന്ന് അവ വിവിധ നാടുകളിലേക്ക് അയച്ചുകൊടുത്തു. അവയിൽനിന്നല്ലാതെ മുസ്വ് ഹഫ് കോപ്പിയെടുക്കരുതെന്ന് ഉത്തരവിറക്കുകയും ചെയ്തു.

അന്ന് ഉസ്മാനുബ്നു അഫ്ഫാൻ റെ നേതൃത്വത്തിൽ തയ്യാറാക്കിയ കയ്യെഴുത്തുപ്രതികളിൽ ചിലത് ഇപ്പോഴും നിലവിലുണ്ട്. അവ എങ്ങനെ സംരക്ഷിക്കപ്പെട്ടുവെന്ന് ഡോക്ടർ മുഹമ്മദ് ഹമീദുല്ല വിശദീകരിക്കുന്നു:
“നമ്മുടെ കൈകളിലിരിക്കുന്ന ഖുർആൻ കോപ്പികൾ ഹിജ്റ ഒന്നാം നൂറ്റാണ്ടിൽ ഖലീഫ ഉസ്മാൻ തൻറെ വിവിധ പ്രവിശ്യാ തലസ്ഥാനങ്ങളിലേക്കയച്ച നാലോ ഏഴോ കയ്യെഴുത്ത് പ്രതികളുടെ തനി പകർപ്പുകളാണെന്ന് ഉറപ്പിച്ചു പറയാനാകും. ഉസ്മാൻറെ ഭരണകാലത്ത് തയ്യാറാക്കിയ ആ കോപ്പികളിൽ ചിലത് ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അതിലൊന്നുള്ളത് താഷ്കൻറ് മ്യൂസിയത്തിലാണ്. അവിടെ അതെങ്ങനെ എത്തി? ആദ്യം ഈ ഖുർആൻ പകർപ്പ് ഉമവികളുടെ ആസ്ഥാനമായ ദമാസ്കസിലായിരുന്നു. തൈമൂർ ലങ്ക് എന്ന പടനായകൻ ഡമസ്കസ് കീഴടക്കിയപ്പോൾ അയാൾ കൊള്ളയടിച്ചു കൊണ്ടുവന്ന വസ്തുക്കളിൽ ഏറ്റവും വിലപിടിച്ചത് ഖലീഫ ഉസ്മാൻ പാരായണം ചെയ്തിരുന്ന ഖുർആൻ പ്രതിയായിരുന്നു. അയാൾ അത് തൻറെ തലസ്ഥാനമായ സമർഖന്ദിൽ കൊണ്ടുവരികയും അവിടെ സൂക്ഷിക്കുകയും ചെയ്തു. പത്തൊമ്പതാം നൂറ്റാണ്ടിൽ റഷ്യക്കാർ സമർഖന്ദ് ആക്രമിച്ച് കീഴടക്കിയപ്പോൾ റഷ്യൻ സേനാനായകൻ ആ ഖുർആൻ പ്രതി സെൻറ് പീറ്റേഴ്സ് ബർഗിലേക്ക് കൊണ്ടുവന്നു.

ഈ ഖുർആൻ പതിപ്പ് റഷ്യൻ സേനാനായകൻ വിലകൊടുത്തുവാങ്ങുകയായിരുന്നു എന്നാണ് റഷ്യൻ ചരിത്രകാരന്മാർ പറയുന്നത്. ഏതായാലും ആ കോപ്പി ഒന്നാം ലോക യുദ്ധത്തിൻറെ അവസാനം വരെ സെൻറ് പീറ്റേഴ്സ് ബർഗിൽ ഉണ്ടായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി റഷ്യയിൽ അധികാരത്തിലെത്തിയപ്പോൾ പലരും ആ ഭരണകൂടത്തിന് കീഴിൽ ജീവിക്കാൻ ഇഷ്ടപ്പെട്ടില്ല. അവർ വിവിധ നാടുകളിലേക്ക് കുടിയേറി. അവരിലൊരാളാണ് ജനറൽ അലി അക്ബർ തോപച്ചി ബാഷി. അദ്ദേഹം പാരീസിലേക്കാണ് കുടിയേറിയത്. അദ്ദേഹത്തെ നേരിൽ കാണാൻ എനിക്ക് അവസരമുണ്ടായി. അദ്ദേഹം ആ കഥ എന്നോട് പറഞ്ഞത് ഇപ്രകാരമാണ്:

“സാർ ചക്രവർത്തി കൊല്ലപ്പെടുമ്പോൾ മുതിർന്ന സൈനിക ഓഫീസറായി ഞാൻ സെൻറ് പീറ്റേഴ്സ് ബർഗിൽ ഉണ്ടായിരുന്നു. കൊട്ടാര ലൈബ്രറിയിൽ സൂക്ഷിച്ചിരിക്കുന്ന ഉസ്മാൻറെ ഖുർആൻ പതിപ്പ് കണ്ടെത്തി കൊണ്ടുവരാനായി ഞാൻ ഒരു കമാൻറോ സംഘത്തെ അയച്ചു. ഉടനെ തന്നെ റെയിൽവേ സ്റ്റേഷനിൽ ചെന്ന് ഒരു എൻജിൻ വിട്ടുതരണമെന്ന് സ്റ്റേഷൻ മാസ്റ്ററോട് പറഞ്ഞു. കമാൻഡർ എന്ന നിലക്ക് എനിക്ക് അതിന് അധികാരമുണ്ടായിരുന്നു. ഞാൻ ആ ഖുർആൻ കോപ്പി ഡ്രൈവറുടെ കയ്യിൽ കൊടുത്ത് തുർക്കിസ്ഥാനിൽ എത്തിക്കാൻ പറഞ്ഞു. കോപ്പി ലക്ഷ്യസ്ഥാനത്ത് എത്തുകയും ചെയ്തു. വിവരമറിഞ്ഞ് കമ്മ്യൂണിസ്റ്റ് സൈനിക കമാൻഡർമാർ മറ്റൊരു എൻജിനുമായി പിന്തുടർന്നു നോക്കിയെങ്കിലും പിടികൂടാനായില്ല. അങ്ങനെയാണത് താഷ്കൻറിലെത്തിയത്…

സാർ ചക്രവർത്തിമാരുടെ ഭരണകാലത്ത് ഇതിൻറെ ഫോട്ടോ അവലംബമാക്കി 50 കോപ്പികൾ പ്രിൻറ് ചെയ്തിരുന്നു. അതിൽ ചിലത് ഞാൻ നേരിൽ കണ്ടിട്ടുണ്ട്. അതിലൊന്ന് അമേരിക്കയിലും വേറൊന്ന് ഇംഗ്ലണ്ടിലുമുണ്ട്. അതിൽ പെട്ട ഒരെണ്ണം കാബൂളിലും കാണാൻ കഴിഞ്ഞു. മറ്റൊരു കോപ്പി കൈറോവിലുണ്ട്. അതിൻറെ മൈക്രോ ഫിലിം എൻറെ വശമുണ്ട്. ഇസ്തംബൂളിലെ തോപ്പ്കാപ്പി മ്യൂസിയത്തിലാണ് വേറൊന്നു സൂക്ഷിച്ചിട്ടുള്ളത്.

അത് ഉസ്മാൻ ഉപയോഗിച്ച പകർപ്പാണ് എന്നാണ് പറയപ്പെടുന്നത്. അൽബഖറ അധ്യായത്തിലെ “ഫസയക്ഫീകഹുമുല്ലാഹു’… എന്ന സൂക്ത ഭാഗത്തിന് മുകളിൽ ഒരു ചുവന്ന പാട് ഞാൻ കണ്ടതാണ്. ഖുർആൻ ഓതിക്കൊണ്ടിരിക്കെയാണല്ലോ ഉസ്മാൻ വധിക്കപ്പെട്ടത്. അപ്പോൾ തെറിച്ച രക്ത തുള്ളിയാണ് അത് എന്നാണ് അറിയപ്പെടുന്നത്.

മറ്റൊരു കോപ്പി ഇന്ത്യ ഓഫീസ് ലൈബ്രറിയിൽ ഉണ്ടായിരുന്നു. അതിൻറെ ഫോട്ടോ കോപ്പി എൻറെ കയ്യിലുണ്ട്. ഉസ്മാൻ അംഗീകരിച്ച കോപ്പിയാണെന്നതിൻറെ ഓഫീസ് മുദ്രകൾ അതിലുണ്ടായിരുന്നു. ഈ കയ്യെഴുത്ത് പ്രതികളുടെ ലിപികളിലോ ആകാരത്തിലോ ഒന്നും ഒരു വ്യത്യാസവുമില്ല. ഇവയെല്ലാം ഒരേ കാലത്ത് എഴുതപ്പെട്ടവയാണെന്ന് നമുക്ക് തോന്നും.തുകലിലായിരുന്നു അവ എഴുതപ്പെട്ടിരുന്നത്, കടലാസിലിയിരുന്നില്ല. ഒരു പക്ഷേ ഈ കോപ്പികളെല്ലാം ഉസ്മാൻറെ മേൽനോട്ടത്തിൽ തയ്യാറാക്കപ്പെട്ടതാകാം. അല്ലെങ്കിൽ അതേ കാലത്തോ ഒരല്പം കഴിഞ്ഞോ എഴുതപ്പെട്ടതാകാം. നമുക്കെല്ലാം ആശ്വാസവും സംതൃപ്തിയും പകരുന്ന വസ്തുത എന്തെന്നാൽ, ഈ കോപ്പികളും നാം ഇന്ന് ഉപയോഗിക്കുന്ന കോപ്പികളും തമ്മിൽ വളരെ നേരിയ വ്യത്യാസം പോലും ഇല്ലെന്നതാണ്.”(ഇസ്ലാം: ചരിത്രം സംസ്കാരം നാഗരികത.പുറം:31,32)

ഖുർആനിലെ വൈരുദ്ധ്യവും വൈവിധ്യവും കണ്ടെത്താൻ ക്രൈസ്തവ പുരോഹിതന്മാർ നടത്തിയ ശ്രമം എത്ര ദയനീയമായാണ് പരാജയപ്പെട്ടതെന്ന് അദ്ദേഹം തന്നെ വിശദീകരിക്കുന്നു:”ഏതാനും വർഷം മുമ്പ് ജർമ്മനിയിലെ ക്രൈസ്തവ പുരോഹിതന്മാർ പുരാതന ബൈബിൾ കയ്യെഴുത്ത് പ്രതികൾ ഒത്തു നോക്കാൻ ഒരു ശ്രമം നടത്തുകയുണ്ടായി. ബൈബിളിനെ മൂലഭാഷ അരാമിക് ആണ്. ആ മൂല ഭാഷയിലുള്ള ബൈബിൾ നഷ്ടപ്പെട്ടിരിക്കുന്നു. ബൈബിളിൻറെ ഏറ്റവും പുരാതനമായ കയ്യെഴുത്തുപ്രതി ഗ്രീക്ക് ഭാഷയിലാണുള്ളത്. ആ ഭാഷയിൽ നിന്നാണത് മറ്റു ലോകഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടത്. അങ്ങനെ ജർമ്മനിയിലെ ക്രൈസ്തവ പണ്ഡിതന്മാർ പൂർണവും അപൂർണവുമായ ഗ്രീക്കിലെ എല്ലാ ബൈബിൾ കയ്യെഴുത്ത് പ്രതികളും ശേഖരിച്ചു. ഇതിനെക്കുറിച്ച് വന്ന ഒരു റിപ്പോർട്ട് ഇങ്ങനെയാണ്:”രണ്ടുലക്ഷത്തോളം വിരുദ്ധ പരാമർശങ്ങളും ആഖ്യാനങ്ങളുമാണ് കണ്ടെത്താനായത്. ഇവയിൽ എട്ടിലൊന്ന് പരാമർശങ്ങൾ വളരെ പ്രാധാന്യമർഹിക്കുന്നവയുമാണ്.”

ഈ റിപ്പോർട്ട് പുറത്തുവന്നതോടെ മ്യൂണിച്ച് യൂണിവേഴ്സിറ്റിയിലെ ചിലർക്ക് അസൂയ മൂത്തു എന്നു വേണം പറയാൻ. ഉടനെയതാ ഖുർആൻ പഠനത്തിനായി ഒരു ഇൻസ്റ്റിറ്റ്യൂട്ട് വരുന്നു. ഒറിജിനലും ഫോട്ടോ കോപ്പികളും ഉൾപ്പെടെ വിശുദ്ധ ഖുർആൻറെ സകല പൗരാണിക പകർപ്പുകളും ശേഖരിക്കാനായിരുന്നു പദ്ധതി. ഈ സംരംഭം മൂന്നു തലമുറകൾ നീണ്ടുനിന്നു എന്നോർക്കണം. ഞാൻ 1933 ൽ പാരീസ് യൂണിവേഴ്സിറ്റിയിൽ ഉണ്ടായിരുന്ന കാലത്ത് മേൽപ്പറഞ്ഞ ഇൻസ്റ്റിറ്റ്യൂട്ടിൻറെ മൂന്നാമത്തെ ഡയറക്ടറായ പ്രെറ്റ്സൽ (Pretzl) പാരീസിൽ വന്നു. പാരീസ് പബ്ലിക് ലൈബ്രറിയിവലുള്ള വിശുദ്ധ ഖുർആൻറെ മുഴുവൻ കയ്യെഴുത്തു പ്രതികളും ഫോട്ടോസ്റ്റാറ്റ് എടുക്കാനായിരുന്നു ആ വരവ്. അന്ന് പ്രൊഫസർ പ്രെറ്റ്സൽ എന്നോട് പറഞ്ഞത് ഇതുവരെയായി ഇൻസ്റ്റിറ്റ്യൂട്ട് വിശുദ്ധ ഖുർആൻറെ 43,000 ഫോട്ടോ കോപ്പികൾ ശേഖരിച്ചിട്ടുണ്ടെന്നാണ്. ഇവ തമ്മിൽ ഒത്തു നോക്കുന്ന പ്രക്രിയയും ദ്രുത ഗതിയിൽ നടന്നുവരുന്നതായി അദ്ദേഹം അറിയിച്ചു.

രണ്ടാം ലോകയുദ്ധകാലത്ത് ഈ ഇൻസ്റ്റിറ്റ്യൂട്ടിൻറെ കെട്ടിടത്തിൽ ബോംബ് വീണു. കെട്ടിടവും ലൈബ്രറിയും  സ്റ്റാഫുമെല്ലാം നാമാവശേഷമായി. രണ്ടാം ലോക യുദ്ധം തുടങ്ങുന്നതിനു തൊട്ടു മുമ്പ് ഇൻസ്റ്റിറ്റ്യൂട്ടിൻറെ ഒരു ഇടക്കാല റിപ്പോർട്ടുണ്ടായിരുന്നു. ഖുർആൻറെ കൈയെഴുത്തുപ്രതികൾ ഒത്തു നോക്കുന്ന പ്രക്രിയ പൂർത്തിയായിട്ടില്ലെന്ന് വ്യക്തമാക്കിയ റിപ്പോർട്ട്, ഇതുവരെ നടത്തിയ പരിശോധനയിൽ ഇതിൽ ചില കാലിഗ്രാഫി പിഴവുകളല്ലാതെ ആശയക്കുഴപ്പമുണ്ടാക്കുന്ന ഒന്നും കണ്ടെത്താനായില്ലെന്ന് സമ്മതിക്കുന്നുണ്ട്.

ഒരു കയ്യെഴുത്തു പ്രതിയിൽ എഴുത്തിലോ കാലിഗ്രാഫിയിലോ വന്ന ഒരു പിഴവ് മറ്റു കയ്യെഴുത്തു പ്രതികളിലൊന്നും ആവർത്തിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഉദാഹരണത്തിന് ഒരു കയ്യെഴുത്തു പ്രതിയിൽ ഒരു വാക്ക് വിട്ടു പോയി എന്ന് വിചാരിക്കുക, ആ അബദ്ധം ആ കയ്യെഴുത്തു പ്രതിയിൽ മാത്രമേ കാണൂ. മറ്റൊരു കൈയ്യെഴുത്തു പ്രതിയിലും അത് ആവർത്തിക്കുകയില്ല.എഴുതുന്നയാൾ അബദ്ധത്താലോ അശ്രദ്ധയാലോ ഒരു വാക്ക് വിട്ടു പോകുന്നതുകൊണ്ട് സംഭവിക്കുന്നതാണിത്. ആഖ്യാനങ്ങളിലോ വിവരണത്തിലോ ആണ് അബദ്ധമെങ്കിൽ അത് മറ്റു കയ്യെഴുത്ത് പ്രതികളിലും കാണേണ്ടതാണല്ലോ. ഖുർആൻറെ കാര്യത്തിൽ ഇങ്ങനെ ഒരിക്കലും സംഭവിച്ചിട്ടില്ല. “നാമാണ് ഖുർആൻ ഇറക്കിയത്. നാമതിനെ കാത്തുരക്ഷിക്കുക തന്നെ ചെയ്യും.” എന്ന ഖുർആൻറെ പ്രഖ്യാപനം(25:9) അക്ഷരാർത്ഥത്തിൽ, അസന്നിഗ്ദമായി പുലരുകയാണിവിടെ.”(പുറം: 33, 34)

ശിയാക്കളുടെ മുസ്വ് ഹഫോ?

ലോകമുസ്‌ലിംകളുടെ വശമുള്ളത് ഒന്നാം ഖലീഫയുടെ കാലത്ത് തയ്യാറാക്കിയതും മൂന്നാം ഖലീഫ പകർപ്പുകളെടുത്തതതുമായ മുസ്വ് ഹഫാണ്. ഉള്ളടക്കം പ്രവാചകൻ ഓതിക്കേൾപ്പിച്ചതും.
അതിൽ ഒരു വാക്കുപോലും കൂട്ടുകയോ കുറക്കുകയോ മാറ്റുകയോ ചെയ്തിട്ടില്ല. അതു കൊണ്ടുതന്നെ ലോകമെങ്ങുമുള്ള മുസ്ലിംകളുടെ വശമുള്ളത് ഒരേ ഖുർആനാണ്. ഒരേ മുസ്വ് ഹഫാണ്. ചിലർ തെറ്റിദ്ധരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്ന പോലെ ശിയാക്കളുടെ വശമുള്ള ഖുർആനിൽ സുന്നികളുടെ വശമുള്ളതിൽ നിന്ന് വ്യത്യസ്തമായി ഒന്നുമില്ല. ഒരു വാക്കുപോലും കൂടുതലോ കുറവോ വ്യത്യാസമോ ഇല്ല.

ഡോക്ടർ യൂസുഫുൽ ഖറദാവി എഴുതുന്നു: “നാം അറിഞ്ഞിടത്തോളം സുന്നികളുടെ പക്കൽ സുപരിചിതമായ മുസ്വ് ഹഫ് തന്നെയാണ് ശിയാക്കൾക്കും സുപരിചിതം. ഇറാനിലും ഇറാഖിലും ലബനോനിലുമുള്ള അവരുടെ പ്രസ്സുകളിൽ അതുതന്നെയാണ് അച്ചടിക്കുന്നത്. അതുതന്നെയാണ് അവരുടെ വിദ്യാലയങ്ങളിൽ കുട്ടികളെ പഠിപ്പിക്കുന്നതും. റേഡിയോയിലും ടെലിവിഷനിലും സംപ്രേഷണം ചെയ്യുന്നതും അവരിലെ ഖുർആൻ വ്യാഖ്യാതാക്കൾ വിശദീകരിക്കുന്നതും അവരുടെ അടിസ്ഥാന വിശ്വാസ ഗ്രന്ഥങ്ങളിൽ പ്രമാണങ്ങളായി ഉദ്ധരിക്കുന്നതും അതുതന്നെയാണ്. കർമശാസ്ത്ര ഗ്രന്ഥങ്ങളിലെ നിയമങ്ങളുടെ അടിസ്ഥാനവും അതുതന്നെ. (ഖുർആനിനോടുള്ള സമീപനം എങ്ങനെയായിരിക്കണം.പുറം:31’32) അതിനാൽ ലോകത്ത് മുസ്ലിംകൾക്കിടയിൽ വ്യത്യസ്ത ഖുർആനുകളുണ്ടെന്ന ഇസ്ലാം വിരുദ്ധ ശക്തികളുടെ പ്രചാരണം പൂർണ്ണമായും വ്യാജമാണ്. അതിൻറെ ദൈവികത അനിഷേധ്യവും.

വ്യത്യസ്ത ഖുർആൻ ഉണ്ടായിരുന്നെങ്കിൽ!

ഒരേ ഗ്രന്ഥത്തിന് ഒട്ടേറെ പാരായണ രീതികളുണ്ടാവുക സ്വാഭാവികമാണ്. ഒരേ മലയാള പുസ്തകം തിരുവനന്തപുരത്തുകാരും തൃശ്ശൂർക്കാരും മലപ്പുറത്തുകാരും കാസർകോട്ടുകാരും വായിക്കുക ഒരേ ശൈലിയല്ല. വ്യത്യസ്ത ശൈലികളിലാണ്. അതോടൊപ്പം അതിൻറെ ഉള്ളടക്കം ഉൾക്കൊള്ളുക ഒരേ പോലെത്തന്നെയായിരിക്കും. ഒരേ ഇംഗ്ലീഷ് പുസ്തകം അമേരിക്കക്കാരും ബ്രിട്ടീഷുകാരും ഇന്ത്യക്കാരും വായിക്കുക വ്യത്യസ്ത ശൈലികളിലാണ്. എന്നാൽ പാരായണ രീതിയിലെ വ്യത്യാസം ആശയത്തെ അൽപം പോലും ബാധിക്കുകയില്ല. പാരായണത്തിലെ ഈ ശൈലീ ഭേദം ഖുർആനിനുമുണ്ട്. അത് പ്രവാചകൻ തന്നെ അംഗീകരിച്ചതാണ്. പ്രവാചകൻറെ കാലം തൊട്ടിന്നോളം അഭിപ്രായ ഭേദമില്ലാതെ നിലനിൽക്കുന്നതും.

ഈ ശൈലീ വ്യത്യാസത്തിൻറെ പേരിൽ വിവിധ ശൈലികൾ പിന്തുടരുന്നവർക്കിടയിൽ ഒരുവിധ വിവാദവുമില്ല. ഇന്ന പാരായണ ശൈലി തെറ്റാണെന്നോ അതിനേക്കാൾ നല്ലത് തങ്ങളുടേതാണെന്നോ ആരും അവകാശപ്പെടാറില്ല. മറിച്ച് എല്ലാം ശരിയാണെന്ന് എല്ലാവരും അംഗീകരിക്കുന്നു. പ്രവാചകൻ അവയ്ക്ക് അംഗീകാരം നൽകിയിരുന്നില്ലെങ്കിൽ വലിയ ഭിന്നത ഉണ്ടാവുമായിരുന്നു.
ഹദീസുകളിൽ ഏതെല്ലാം സ്വീകാര്യമാണ് ; അല്ല എന്ന കാര്യത്തിൽ ഇസ്ലാമിക പണ്ഡിതന്മാർക്കിടയിൽ ആദികാലം തൊട്ടേ അഭിപ്രായവ്യത്യാസം നിലനിന്നു പോന്നിട്ടുണ്ട്. ഇന്നും നിലനിൽക്കുന്നുണ്ട്.

എന്നാൽ വിശുദ്ധ ഖുർആൻറെ കാര്യത്തിൽ വിശ്വാസികൾക്കിടയിൽ അങ്ങനെയൊരു അഭിപ്രായവ്യത്യാസം നില നിൽക്കുന്നേയില്ല. ലോകത്തുള്ള എല്ലാ വിശ്വാസികളുടെയും വശമുള്ള മുസ്വ് ഹഫുകളിൽ 114 അദ്ധ്യായങ്ങളും 6236 സൂക്തങ്ങളുമാണുള്ളത്. അവയുടെ ക്രമത്തിലോ ഘടനയിലോ ഒരു വ്യത്യാസവുമില്ല.

മറിച്ച് ഒന്നിലേറെ ഖുർആൻ ഉണ്ടായിരുന്നുവെങ്കിൽ അവ ഓരോന്നിനും വെവ്വേറെ അനുയായികളുണ്ടാവുകയും അവർക്കിടയിൽ വലിയ അഭിപ്രായവ്യത്യാസങ്ങളും തർക്കവിതർക്കങ്ങളും നടക്കുകയും ചെയ്യുമായിരുന്നു. അതുണ്ടാവാതിരിക്കാനുള്ള കാരണം ലോകത്തെങ്ങുമുള്ള ഖുർആൻറെ ലിഖിത രൂപമായ മുസ്വ് ഹഫ് ഒരേപോലെയാണെന്നതാണ്. അങ്ങനെ അല്ലായിരുന്നുവെങ്കിൽ ബൈബിളിൻറെ ആധികാരികതയുടെ പേരിൽ വ്യത്യസ്ത ക്രൈസ്തവ വിഭാഗങ്ങൾക്കിടയിൽ നടക്കുന്നതുപോലെയോ അതിനെക്കാൾ ശക്തവും രൂക്ഷവുമായോ മുസ്‌ലിംകൾക്കിടയിൽ തർക്കവിതർക്കങ്ങൾ ഉണ്ടാകുമായിരുന്നു. ഇങ്ങനെയൊന്നില്ലെന്നതു തന്നെ വിശുദ്ധ ഖുർആൻ ഒന്നേയുള്ളൂവെന്ന് വിമർശകർക്ക് പോലും അനായാസം മനസ്സിലാക്കാൻ പര്യാപ്തമായ അനിഷേധ്യമായ വസ്തുതയത്രെ. ലോകമെങ്ങും വിശ്വാസികളുടെ വശമുള്ള മുസ്ഹഫുകളെടുത്ത് പരിശോധിച്ചാൽ ഏവർക്കും ബോധ്യമാകുന്നതും. ഖുർആൻ തെറ്റായി അച്ചടിക്കാൻ അതിൻറെ എതിരാളികൾ നടത്തിയ എല്ലാ ശ്രമങ്ങളും അതിവേഗം കണ്ടെത്തി പരാജയപ്പെടുത്താൻ സാധിച്ചതും അതിനാലാണ്.

Related Articles