ഒരു മനുഷ്യൻ നബിയുടെ അടുക്കൽ വന്ന് പറഞ്ഞു: നബിയേ, ഞാൻ അൻസാറുകളിൽ പെട്ട ഒരു സ്ത്രീയെ വിവാഹം ചെയ്തിരിക്കുന്നു. നബി ചോദിച്ചു: നീ അവളെ കണ്ടിരുന്നോ? കണ്ടുവെന്ന് അയാളുടെ മറുപടി. എത്ര മഹ്റിനാണ് വിവാഹം എന്നായിരുന്നു അടുത്ത ചോദ്യം. നാല് അവാഖിന് (ഏകദേശം 40 സ്വർണനാണയം) എന്ന് മറുപടി. അത്ഭുതത്തോടെ നബി (സ) പറഞ്ഞു: നാല് അവാഖിനോ?! ഈ മലയിൽ നിന്ന് വെള്ളി കുഴിച്ചെടുക്കുന്നതു പോലെയാണല്ലോ നിങ്ങൾ! നിങ്ങൾക്ക് തരാനായി നമ്മുടെ കയ്യിൽ ഒന്നുമില്ല. ഒരു ദൗത്യസംഘത്തിന്റെ ഭാഗമായി നിങ്ങളെ അയക്കാം, ചിലപ്പോൾ ഒരു സഹായമായേക്കും.
ഹദീസിന്റെ ആകെത്തുക ഇങ്ങനെയാണ്; വിവാഹം ചെയ്തെങ്കിലും ഒരുമിച്ചു താമസിക്കാത്തൊരു മനുഷ്യനായിരുന്നു, വിശേഷം പറയാൻ നബി തങ്ങളുടെ അടുക്കലേക്ക് വന്നത്. ആദ്യം തന്നെ നബി (സ) ചോദിച്ചത് നിങ്ങളവളെ കണ്ടിരുന്നോ എന്നാണ്. വിവാഹത്തിനു മുമ്പ് പരസ്പരം കണ്ട് ഇഷ്ടപ്പെടുക എന്നത് നബി ചര്യയാണ്. ഇഷ്ടപ്പെടാതെ വിവാഹം ചെയ്യുകയും പിന്നീട് എങ്ങുമെത്താതെ ജീവിതം അസഹനീയവുമാവുന്നത് ഇല്ലാതാക്കാനുമാണിത്.
പിന്നീട് മഹ്റിനെക്കുറിച്ച് ചോദിക്കുകയായിരുന്നു നബി (സ). വലിയൊരു മഹ്റായിരുന്നു അയാൾ നൽകിയത്. ഇന്നത്തെ കണക്കിനു നോക്കുമ്പോൾ വലിയൊരു സംഖ്യ തന്നെ. അതാണ് അതിശയോക്തിയോടെ, നിങ്ങൾ ഈ മലയിൽ നിന്ന് വെള്ളി കുഴിച്ചെടുക്കുന്നുണ്ടോ എന്ന് നബി (സ) ചോദിക്കുന്നത്. നബി (സ) മനസ്സിലാക്കിയതു പ്രകാരം തന്റെ പക്കലില്ലാത്ത മഹ്റ് കൊടുക്കാൻ നിർബന്ധിതനായൊരു മനുഷ്യനാണദ്ദേഹം. നബി തങ്ങളുടെ സഹായം തേടി വന്നതുമാണദ്ദേഹം. അങ്ങനെയാണ്, യുദ്ധമുതലുകൾ വല്ലതും കിട്ടുകയാണെങ്കിൽ ആവട്ടെ എന്ന നിലക്ക് നബി (സ) അദ്ദേഹത്തിന്റെ ഒരു യുദ്ധത്തിലേക്ക് പറഞ്ഞുവിടുന്നത്.
വിവാഹബന്ധത്തിൽ അടിസ്ഥാനം ചാരിത്ര്യമാണ്, ആണിന്റെയും പെണ്ണിന്റെയും ചാരിത്ര്യം. അതൊരു കച്ചവടമോ പെൺകുട്ടി അതിലെ വിൽപനവസ്തുവോ അല്ല! മഹ്റ് അല്ലാഹു നിശ്ചയിച്ച നിയമമാണെന്നതു ശരി. പക്ഷേ, കാര്യങ്ങൾ ചിന്തിച്ചുവേണമല്ലോ ചെയ്യാൻ. പാവപ്പെട്ടൊരു ചെറുപ്പക്കാരൻ ഒരിക്കലും ധനികനെപ്പോലെ ആവാൻ ശ്രമിക്കരുത്. അയാൾക്ക് താങ്ങാനാവുന്നതിലപ്പുറം നൽകാൻ കുടുംബം നിർബന്ധിക്കുകയും ചെയ്യരുത്.
ഉയർന്ന മഹ്റ് നിശ്ചയിക്കുക എന്നത് ഹറാമായ കാര്യമൊന്നുമല്ല. കാരണം, ജനങ്ങളൊക്കെ മഹ്റിന്റെ കാര്യത്തിൽ അമിതവ്യയം കാണിക്കുന്നുവെന്നു കണ്ട് മഹ്റിന് പരിധി വെക്കാൻ ശ്രമിക്കുന്നുണ്ട് ഖലീഫ ഉമർ(റ). അപ്പോഴാണ് ശിഫാ ബിൻത് അബ്ദില്ലാ എന്ന മഹതി എഴുന്നേറ്റ് നിന്ന് മിമ്പറിലുള്ള ഖലീഫയോട് പറഞ്ഞത്; നിങ്ങൾക്ക് അതിനുള്ള അധികാരമില്ല. കാരണം അല്ലാഹു പറഞ്ഞത്, “ഇനി ഒരു ഭാര്യക്കു പകരം മറ്റൊരുത്തിയെ സ്വീകരിക്കാൻ നിങ്ങൾ വിചാരിച്ചു; അവരിലൊരാൾക്ക് ധാരാളം ധനം കൊടുത്തിരുന്നുതാനും. എങ്കിൽ അതിൽ നിന്ന് ഒന്നുംതന്നെ തിരിച്ചുവാങ്ങരുത്” എന്നാണ്. പിന്നെ എന്തർഹതയിലാണ് നിങ്ങളതിന് പരിധി വെക്കുക?! ഉടനെ ഉമർ (റ) പറഞ്ഞു: ഉമറിന് തെറ്റിയിരിക്കുന്നു. ആ സ്ത്രീ സത്യം പറഞ്ഞിരിക്കുന്നു!
പക്ഷേ, മഹ്റിന്റെ കാര്യത്തിൽ കുറവോ കൂടുതലോ അല്ല നോക്കേണ്ടത്. വിവേകവും ജീവിതസാഹചര്യങ്ങളും സ്വന്തം നിലയുമാണ്. ജനങ്ങൾ മഹ്റിന്റെ കാര്യത്തിൽ അമിതവ്യയം കാണിച്ചു തുടങ്ങിയത് എന്നാണോ, അന്നുമുതലാണ് ചെറുപ്പക്കാർ വിവാഹത്തിൽ നിന്ന് അകലം പാലിച്ചുതുടങ്ങിയത്. സ്ത്രീകളും അവിവാഹിതരായി തുടർന്നത്. ഇതിലാണ് സമൂഹത്തിന്റെ നാശം ഒളിഞ്ഞുകിടക്കുന്നത്. അതുകൊണ്ട്, നിങ്ങളുടെ മക്കളുടെ കാര്യത്തിൽ അല്ലാഹുവിനെ സൂക്ഷിക്കുക!
വിവ: മുഹമ്മദ് ശാക്കിർ മണിയറ