‘നിങ്ങളില്‍ പെട്ട രണ്ട് പുരുഷന്മാരെ നിങ്ങള്‍ സാക്ഷികളായി നിര്‍ത്തുകയും ചെയ്യുക. ഇനി ഇരുവരും പുരുഷന്മാരായില്ലെങ്കില്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്ന സാക്ഷികളില്‍ നിന്ന് ഒരു പുരുഷനും രണ്ട് സ്ത്രീകളും ആയാലും മതി. അവരില്‍ ഒരുവള്‍ക്ക് തെറ്റ് പറ്റിയാല്‍ മറ്റവള്‍ അവളെ ഓര്‍മിപ്പിക്കാന്‍ വേണ്ടി.’ (അല്‍ബഖറ: 282) ഈ സൂക്തവുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങള്‍ ആളുകളുടെ അജ്ഞതയും വിഡ്ഢിത്തവുമാണ് വെളിവാക്കുന്നത്. ഇസ്‌ലാം പുരുഷന്റെ സാക്ഷ്യത്തിന്റെ പകുതിയാക്കി (ഒരു പുരുഷന് പകരം രണ്ട് സ്ത്രീകള്‍) സ്ത്രീകളുടെ സാക്ഷ്യമെന്നാണ് അവര്‍ വാദിക്കുന്നത്. ഓറിയന്റലിസ്റ്റുകളും അവരുടെ പിണിയാളുകളുമാണ് ഈ ആരോപണത്തിന് പിന്നില്‍. ഇസ്‌ലാമില്‍ സ്ത്രീയും പുരുഷനും തുല്യരല്ലെന്നതിന്റെ തെളിവാണിതെന്ന് അവര്‍ ശബ്ദിക്കുന്നു. സത്യം അന്വേഷിക്കുന്നവരാണെങ്കില്‍ അവര്‍ ഏറ്റവും അടുത്ത സമയം ശരിയായ വഴിയിലേക്ക് നയിക്കപ്പെടും!
സ്ത്രീയെക്കാള്‍ പുരുഷന്‍ മികച്ചതാണെന്നത് മൂഢ ബോധ്യമാണ്
ഇത്തരം തെറ്റായ ധാരണകളെ കുറിച്ച് ശൈഖ് മുഹമ്മദുല്‍ ഗസ്സാലി പറയുന്നു: വിശുദ്ധ ഖുര്‍ആന്‍ അറിയിക്കുന്നതുപോലെ ആദമില്‍ നിന്നാണ് ഹവ്വാ സൃഷ്ടിക്കപ്പെട്ടത്. ‘മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍ നിന്ന് സൃഷ്ടിക്കുകയും അതില്‍ നിന്നുതന്നെ അതിന്റെ ഇണയെ സൃഷ്ടിക്കുകയും, അവര്‍ ഇരുവരില്‍ നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍. ഏതൊരു അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ അന്യോന്യം ചോദിച്ചുകൊണ്ടിരിക്കുന്നുവോ അവനെ നിങ്ങള്‍ സൂക്ഷിക്കുക. കുടുംബബന്ധങ്ങളെയും (നിങ്ങള്‍ സൂക്ഷിക്കുക). തീര്‍ച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നവനാകുന്നു. (അന്നിസാഅ്: 1) ആദ്യ പിതാവായ ആദമിന്റെയും മാതാവായ ഹവ്വയുടെയും ബന്ധത്തിലൂടെ ആണ്‍മക്കളും പെണ്‍മക്കളും ഉണ്ടായി. ഒരു വര്‍ഗം മറ്റൊരു വര്‍ഗത്തെക്കാള്‍ മികച്ചതാണെന്ന് കരുതുന്നത് മൂഢത്വമാണ്. ‘നിങ്ങളില്‍ ഓരോ വിഭാഗവും മറ്റു വിഭാഗത്തില്‍ നിന്ന് ഉല്‍ഭവിച്ചവരാകുന്നു.’ (ആലു ഇംറാന്‍: 195)
ഇസ്‌ലാം ഒരു പുരുഷന്റെ സാക്ഷ്യത്തെ രണ്ട് സ്ത്രീകളുടെ സാക്ഷ്യത്തിന് തുല്യമാക്കിയിരിക്കുന്നു. ഇത് സ്ത്രീകളുടെ സാഹചര്യം പരിഗണിച്ചാണ്. ‘നിങ്ങളില്‍ പെട്ട രണ്ടുപുരുഷന്മാരെ നിങ്ങള്‍ സാക്ഷികളായി നിര്‍ത്തുകയും ചെയ്യുക. ഇനി ഇരുവരും പുരുഷന്മാരായില്ലെങ്കില്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്ന സാക്ഷികളില്‍ നിന്ന് ഒരു പുരുഷനും രണ്ട് സ്ത്രീകളും ആയാലും മതി. അവരില്‍ ഒരുവള്‍ക്ക് തെറ്റ് പറ്റിയാല്‍ മറ്റവള്‍ അവളെ ഓര്‍മിപ്പിക്കാന്‍ വേണ്ടി.’ ഈ സൂക്തത്തിന്റെ വിശദീകരണത്തില്‍ സയ്യിദ് ഖുത്ബ് പറയുന്നു: നിയമങ്ങളുമായി ബന്ധപ്പെട്ട മേഖലയില്‍ പ്രമാണം നമ്മെ ലക്ഷ്യങ്ങളില്ലാതെ മുന്നോട്ടുപോകാന്‍ അനുവദിക്കുന്നില്ല. ഓരോ പ്രമാണവും കൃത്യവും വ്യക്തവും യുക്തിസഹവുമാണ്. ‘അവരില്‍ ഒരുവള്‍ക്ക് തെറ്റ് പറ്റിയാല്‍ മറ്റവള്‍ അവളെ ഓര്‍മിപ്പിക്കാന്‍ വേണ്ടി’ എന്നത് കൃത്യമാണ്. ഇവിടെ, ളലാല്‍-തെറ്റ് പറ്റുക എന്നത് ഒരുപാട് കാരണങ്ങളാലാണ്. ചിലപ്പോള്‍ ഇടപാടിലെ അനുഭക്കുറവ് കൊണ്ടായിരിക്കാം. ചിലപ്പോള്‍ സ്ത്രീകളുടെ വൈകാരിക സ്വഭാവം കൊണ്ടുമാകാം.
ചിലപ്പോള്‍, സ്വാഭാവിക സാഹചര്യങ്ങള്‍ (ആര്‍ത്തവം, ഗര്‍ഭം, മുലയൂട്ടല്‍) മൂലമുണ്ടാകുന്ന അസ്വസ്ഥപൂര്‍ണമായ മാനസികാവസ്ഥയില്‍ സ്ത്രീകള്‍ക്ക് മറവി സംഭവിക്കുന്നു. ആര്‍ത്തവ സമയത്ത് സത്രീകളുടെ ശരീരത്തില്‍ ചൂട് പിടിച്ചുനിര്‍ത്താനുളള ശേഷി കുറയുകയും, അതിനാല്‍ ശരീരത്തില്‍ നിന്ന് പുറത്തുവരുന്ന ചൂട് വര്‍ധിക്കുകയും ചെയ്യുന്നു. അതിന്റെ അളവ് കുറയുകയും ശ്വസിക്കാന്‍ കഴിയാതിരിക്കുകയും നാവിന് പ്രത്യേക മാറ്റം സംഭവിക്കുകയും ഇന്ദ്രിയങ്ങള്‍ ദുര്‍ബലമാവുകയും അവയങ്ങള്‍ ക്ഷീണിക്കുകയും ചിന്താശേഷി കുറയുകയും ചെയ്യുന്നതായി ആധുനിക ശാസ്ത്രം പറയുന്നു. ഈ മാറ്റങ്ങള്‍ ആരോഗ്യാവസ്ഥയിലുള്ള സ്ത്രീയെ രോഗാവസ്ഥയിലേക്ക് പരിവര്‍ത്തിപ്പിക്കുന്നു. ഗര്‍ഭകാലത്ത് വികാര-ചിന്താ- ഗ്രാഹ്യ ശേഷി കുറവായിരിക്കുമെന്ന് സ്‌പെഷ്യലിസ്റ്റുകള്‍ വ്യക്തമാക്കുന്നു. ഗര്‍ഭധാരണത്തന്റെ അവസാന മാസങ്ങളില്‍ ശാരീരികമോ മാനസികമോ ആയ ആയാസം അനുവദനീയമല്ല. എന്നാല്‍, പ്രസവത്തിന് ശേഷവും വിവിധ അസുഖങ്ങളുണ്ടാകാം. ഗര്‍ഭത്തിന്റെ തുടക്കം മുതല്‍ ഒരു വര്‍ഷം വരെ രോഗാവസ്ഥയിലെന്ന പോലെയായിരിക്കും.
സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ ഇസ്‌ലാം സ്ത്രീകളെ അനുവദിക്കുമ്പോഴും, അവരുടെ സാമൂഹിക ദൗത്യം കുടുംബവുമായി ബന്ധപ്പെട്ടതാണ്. ഇത് അവര്‍ കൂടുതല്‍ സമയവും വീട്ടിലാകണമെന്നത് ആവശ്യപ്പെടുന്നു. അതിനാല്‍, സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് സാക്ഷ്യം നില്‍ക്കാനുള്ള സാഹചര്യം സ്ത്രീകള്‍ക്ക് വളരെ കുറച്ച് മാത്രമേ ഉണ്ടാകുന്നുള്ളൂ.
സാമ്പത്തിക ഇടപാടല്ലാത്തതിലെ സ്ത്രീയുടെയും പുരുഷന്റെയും സാക്ഷ്യം ഇസ്‌ലാം തുല്യമായി കാണുന്നു
ഇതിലൂടെ സാക്ഷ്യം ശരിയായ രീതിയാലാവുകയും അവകാശികള്‍ക്ക് അവകാശങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുകയെന്നതാണ് ഇസ്‌ലാം ലക്ഷ്യമാക്കുന്നത്. ഇത് സ്ത്രീയെ കുറച്ചുകാണുകയോ മോശക്കാരിയാക്കുകയോ അല്ല. സാമ്പത്തികമല്ലാത്ത മറ്റ് തര്‍ക്കങ്ങളില്‍ സ്ത്രീയുടെയും പുരുഷന്റെയും സാക്ഷ്യം ഇസ്‌ലാം ഒരുപോലെയാണ് കാണുന്നത്. ‘ലിആനില്‍’ (ഭാര്യയും ഭര്‍ത്താവും തമ്മില്‍ തര്‍ക്കമുണ്ടാകുന്ന സാഹചര്യത്തില്‍ ഒരു ഭാഗത്തുനിന്ന് സാക്ഷ്യവും മറുഭാഗത്തുനിന്ന് ശപഥവും ഉണ്ടാവുക) ഇത് കാണാം. ഭര്‍ത്താവ് ഭാര്യയുടെ മേല്‍ വ്യഭിചാരം ആരോപിക്കുകയും അതിന് അയാളല്ലാതെ മറ്റൊരു സാക്ഷി ഇല്ലാതിരിക്കുകയും ചെയ്യുമ്പോള്‍, അയാള്‍ അല്ലാഹുവിന്റെ പേരില്‍ നാല് പ്രാവശ്യം സാക്ഷ്യം വഹിക്കുന്നു. പിന്നീട്, ഭാര്യ ഞാന്‍ വ്യഭിച്ചരിച്ചിട്ടില്ലെന്ന് അല്ലാഹുവിന്റെ പേരില്‍ നാല് പ്രാവശ്യം സാക്ഷ്യം വഹിക്കുന്നു. എന്നാല്‍, ഭര്‍ത്താവ് അല്ലാഹുവിന്റെ പേരില്‍ സാക്ഷ്യം വഹിക്കാന്‍ തയാറാകുന്നില്ലെങ്കില്‍ ഭാര്യ ശിക്ഷയില്‍ നിന്ന് ഒഴിവാകുന്നു. ഇനി, അതിനോട് പ്രതികരിക്കാതെ മാറിനില്‍ക്കുകയാണെങ്കില്‍ ഭാര്യക്ക് മേല്‍ ശിക്ഷ നടപ്പിലാക്കുന്നതുമാണ്. അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ പറയുന്നു: ‘തങ്ങളുടെ ഭാര്യമാരുടെ മേല്‍ (വ്യഭിചാരം) ആരോപിക്കുകയും അവരൊഴികെ മറ്റു സാക്ഷികളൊന്നും തങ്ങള്‍ക്ക് ഇല്ലാതിരിക്കുകയും ചെയ്യുന്നവരാരോ അവരില്‍ ഓരോരുത്തരും നിര്‍വഹിക്കേണ്ട സാക്ഷ്യം തീര്‍ച്ചയായും താന്‍ സത്യവാന്മാരുടെ കൂട്ടത്തിലാകുന്നു എന്ന് അല്ലാഹുവിന്റെ പേരില്‍ നാല് പ്രാവശ്യം സാക്ഷ്യം വഹിക്കലാകുന്നു. അഞ്ചാമതായി, താന്‍ കള്ളം പറയുന്നവരുടെ കൂട്ടത്തിലാണെങ്കില്‍ അല്ലാഹുവിന്റെ ശാപം തന്റെ മേല്‍ ഭവിക്കട്ടെ എന്ന് (പറയുകയും വേണം). തീര്‍ച്ചയായും അവന്‍ കളവ് പറയുന്നവരുടെ കൂട്ടത്തിലാകുന്നു എന്ന് അല്ലാഹുവിന്റെ പേരില്‍ നാല് പ്രാവശ്യം സാക്ഷ്യം വഹിക്കുന്ന പക്ഷം, അതവളെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കുന്നതാണ്. അഞ്ചാമതായി അവന്‍ സത്യവാന്മാരുടെ കൂട്ടത്തിലാണെങ്കില്‍ അല്ലാഹുവിന്റെ കോപം തന്റെ മേല്‍ ഭവിക്കട്ടെ എന്ന് (പറയുകയും വേണം).’ (അന്നൂര്‍: 6-9)
പുരുഷനെ ഒഴിവാക്കി സ്ത്രീയുടെ സാക്ഷ്യം മാത്രം ഇസ്‌ലാം പരിഗണിക്കുന്ന ചില സാഹചര്യങ്ങളുണ്ട്. സ്ത്രീകള്‍ മാത്രം അറിയുന്ന കന്യകാത്വം, പ്രസവം, ആന്തരികാവയവങ്ങളിലെ വൈകല്യങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ പുരുഷന്റെയല്ല, വിശ്വസ്തരായ സ്ത്രീകളുടെ സാക്ഷ്യമാണ് പരിഗണിക്കുക. അഥവാ, ഇസ്‌ലാമിക ശരീഅത്തിലെ വിധികള്‍ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് ഉചിതമായ എല്ലാ മാര്‍ഗങ്ങളിലും നീതി തേടുന്നതായി നമുക്ക് കാണാം.
വിവ: അര്‍ശദ് കാരക്കാട്
അവലംബം: mugtama.com
📲 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0