Current Date

Search
Close this search box.
Search
Close this search box.

ഇദ്ദ ഒരു പീഡന കാലമല്ല

പ്രതീക്ഷമായിട്ടാണ് ഫസലുവിന്റെ ബാപ്പ മരണപ്പെട്ടത്. അതും ഒരു അപകടത്തില്‍. മക്കള്‍ നാല് പേരും വിദേശത്താണ്. ഉപ്പയുടെ പെട്ടെന്നുള്ള വിയോഗം ഉമ്മയുടെ സമനില തെറ്റിക്കാന്‍ പോന്നതായിരുന്നു. ഉമ്മയുടെ ഇദ്ദാ (ദു:ഖാചരണം) (Iddah) കാലത്തു എന്ത് വേണം എന്നതായിരുന്നു ചര്‍ച്ച. സാമ്പ്രദായിക രീതിയില്‍ തന്നെ വേണമെന്ന് ബന്ധുക്കളും നാട്ടുകാരും. ബാപ്പയുടെ മരണത്തിന്റെ ഷോക്കില്‍ നിന്നും മുക്തമാവാത്ത ഉമ്മയെ ഒറ്റപ്പെടുത്തുന്നതില്‍ ഫസലു വളരെ ദുഖിച്ചു. മക്കളുടെ അടുത്തേക്ക് കൊണ്ട് പോകാന്‍ പാടില്ല എന്ന് തന്നെ വിധിയും വന്നു. പുറമെ ഒരാളെയും കാണരുത് എന്ന കര്‍ശന നിര്‍ദേശവും. നാട്ടിലായിരുന്ന ഫസലു എന്നെ വിളിച്ചു ചോദിച്ചു. ‘ഭര്‍ത്താവ് മരണപ്പെട്ട സ്ത്രീകളോട് സമൂഹം കാണിക്കുന്ന നിലപാട് നോക്കിയാല്‍ ഭര്‍ത്താവിനെ കൊന്നത് അവരാണെന്നു തോന്നിപ്പോകും. ഇണയുടെ വേര്‍പ്പാടിന്റെ സമയത്തു അവര്‍ക്കു വേണ്ടത് കൂടുല്‍ ആശ്വാസം ലഭിക്കുന്ന കാര്യങ്ങളാണ്. മക്കളുടെ സാമീപ്യം അതിനു കാരണമാകും. അതിനാല്‍ ഒന്നുകില്‍ നിങ്ങള്‍ ഉമ്മയുടെ അടുത്ത് വന്നു നില്‍ക്കുക അല്ലെങ്കില്‍ അവരെ നിങ്ങളുടെ അടുത്തേക്ക് കൊണ്ടുപോകുക’ എന്നായിരുന്നു എന്റെ ഉപദേശം. അതില്‍ രണ്ടാമത്തെത് അവര്‍ സ്വീകരിക്കുകയും ചെയ്തു.

ഭര്‍ത്താവ് മരണപ്പെട്ട സ്ത്രീ നാല് മാസവും പത്തു ദിവസവും ഇദ്ദ ആചരിക്കണം എന്നത് ഖുര്‍ആന്‍ കൊണ്ട് സ്ഥിരപ്പെട്ടതാണ്. ഒരു മതവിധി എന്ന നിലയില്‍ അതിനെ മുസ്ലിം ലോകം സ്വീകരിക്കുന്നു. അതിനു പിന്നില്‍ ഇന്ന് പറഞ്ഞു വരുന്ന കാരണങ്ങള്‍ പ്രവാചകന്‍ പറഞ്ഞതല്ല. ശേഷം മറ്റു പലരും പറഞ്ഞതാണ്. അതെ സമയം നമ്മുടെ നാട്ടില്‍ കണ്ടു വരുന്ന ഇദ്ദ രീതികള്‍ മറ്റു ആചാരങ്ങളുടെ കൂടി ഭാഗമാണ് എന്ന് പറയേണ്ടി വരും. മരണം ഒരു പാപമായി ഇസ്ലാം കാണുന്നില്ല. അതൊരു സാധാരണ സംഭവം മാത്രം. അത് കൊണ്ട് തന്നെ വിധവ എന്നത് ഒരു ശാപമല്ല. അതൊരു സാധാരണ സംഭവം മാത്രം. അതിനാല്‍ തന്നെ വിധവാ വിവാഹത്തിനും വിധവകളുടെ സംരക്ഷണത്തിനും ഇസ്ലാം മുന്തിയ പരിഗണന നല്‍കുന്നു.

അതെസമയം വിധവളെ ഒരു ശാപമായി കണക്കാക്കുന്ന പല ദര്‍ശനങ്ങളും നമ്മുടെ നാട്ടിലുണ്ട്. അവര്‍ വെള്ള വസ്ത്രം മാത്രം ധരിക്കണം, മംഗളകരമായ ഒരു കാര്യത്തിനും അവരുടെ സാന്നിധ്യം പാടില്ല തുടങ്ങിയ ആചാരങ്ങള്‍ ഇന്നും പലരും കൊണ്ട് നടക്കുന്നു. പണ്ട് കാലത്തു ഭര്‍ത്താക്കന്മാര്‍ മരണപ്പെട്ടാല്‍ അവരുടെ ചിതയില്‍ ജീവനുള്ള വിധവകളെയും കത്തിച്ചിരുന്നു. ഭര്‍ത്താവിന്റെ മരണ ശേഷം സമൂഹത്തില്‍ നിന്നും നേരിടേണ്ടി വരുന്ന അവഗണനയെക്കാള്‍ ഉത്തമം മരണമാണ് എന്ന ബോധവും അതിന്റെ പിന്നില്‍ ഉണ്ടായിരുന്നു. അങ്ങിനെ ജീവിച്ചിരിക്കുന്ന സ്ത്രീകളെ ശാപമായും സ്വയം കത്തിതീര്‍ന്ന സ്ത്രീകളെ ദേവിയായും വാഴ്ത്തുന്ന ആചാരം നമ്മുടെ നാട്ടില്‍ അടുത്താണ് നിര്‍ത്തലാക്കിയത്.

വിദേശത്ത് ജോലി ചെയ്യുന്ന സ്ത്രീയുടെ ഇദ്ദ

 

അതെസമയം ഇസ്ലാമില്‍ ഭര്‍ത്താവ് മരണപ്പെട്ട സ്ത്രീകളുടെ കാര്യത്തില്‍ അത്തരം ഒരു നിലപാടും മതം സ്വീകരിച്ചിട്ടില്ല. ലോകത്തു നിന്നും അവളെ ഒറ്റപ്പെടുത്തുന്ന രീതി പൗരോഹിത്യം കണ്ടുപിടിച്ചതാണ്. സ്ത്രീ വിരുദ്ധത എന്നത് മൊത്തത്തില്‍ മതങ്ങളില്‍ കയറിക്കൂടിയ ദുരന്തമാണ്. അഞ്ചു നിബന്ധനകളാണ് ഈ വിഷയത്തില്‍ നമുക്ക് കാണാന്‍ കഴിയുക.
– ഭര്‍ത്താവിന്റെ വീട്ടില്‍ തന്നെ സ്ത്രീ താമസിക്കുക. (ആവശ്യമായ കാര്യങ്ങള്‍ക്കു അവള്‍ക്ക് പുറത്തു പോകാന്‍ അവകാശമുണ്ട്.)
– സാധാരണ വസ്ത്രങ്ങള്‍ ധരിക്കുക. അലങ്കാരങ്ങള്‍ ഒഴിവാക്കുക. വെള്ള,കറുപ്പ്,പച്ച എന്നൊന്നും പ്രത്യേക വര്‍ണമുള്ള വസ്ത്രങ്ങള്‍ തന്നെ വേണമെന്ന് ഒരു നിബന്ധനയുമില്ല.
– സുഗന്ധങ്ങള്‍ ഉപയോഗിക്കാതിരിക്കുക. (ചില ഉപാധികള്‍ ഒഴിച്ച്)
– ആഭരണങ്ങള്‍ ഒഴിവാക്കുക
– സുറുമ,മൈലാഞ്ചി പോലുള്ളവ ഒഴിവാക്കുക.

 

ഭര്‍ത്താവ് മരണപ്പെട്ട സ്ത്രീ നാല് മാസവും പത്തു ദിവസവും ഇദ്ദ ആചരിക്കണം എന്നത് ഖുര്‍ആന്‍ കൊണ്ട് സ്ഥിരപ്പെട്ടതാണ്. ഒരു മതവിധി എന്ന നിലയില്‍ അതിനെ മുസ്ലിം ലോകം സ്വീകരിക്കുന്നു. അതിനു പിന്നില്‍ ഇന്ന് പറഞ്ഞു വരുന്ന കാരണങ്ങള്‍ പ്രവാചകന്‍ പറഞ്ഞതല്ല.

പ്രവാചകന്‍ വരുന്ന സമയത്തു വിധവകളെ പരിഗണിച്ചിരുന്നത് മോശം രീതിയിലായിരുന്നു. ഒരു വര്‍ഷം വരെ വിധവകള്‍ ഒറ്റപ്പെട്ടു ജീവിക്കണമെന്നും തല മൊട്ടയടിക്കണം എന്നുമൊക്കെ പറഞ്ഞു കേള്‍ക്കുന്നു. ഭര്‍ത്താവ് മരിച്ചത് കൊണ്ട് ഇസ്ലാമിലെ സ്ത്രീക്ക് ആരില്‍ നിന്നും ഒളിക്കേണ്ട ആവശ്യമില്ല. ഭര്‍ത്താവ് മരിച്ച സ്ത്രീയുടെ ഇദ്ദ കാലത്തു നിങ്ങള്‍ അവരോട് സംസാരിക്കുമ്പോള്‍ രഹസ്യമായി വിവാഹ വാഗ്ദാനം നല്‍കരുത് എന്നാണ് ഖുര്‍ആന്‍ പറഞ്ഞത്.

ഇന്നത്തെ പോലെ മൊബൈല്‍ ഫോണ്‍ ഇല്ലാത്ത കാലത്ത് നേരിട്ട് സംസാരിക്കുക എന്നത് മാത്രമാണ് ഒരു പോംവഴി. വിവാഹ വാഗ്ദാനം നല്‍കാന്‍ കഴിയുക വിവാഹം നിഷിദ്ധമല്ലാതെ ആളുകളില്‍ നിന്ന് മാത്രമാണല്ലോ?. സാധാരണ കാലത്തു സ്ത്രീക്ക് കാണാവുന്ന ആരെയും ഭര്‍ത്താവിന്റെ മരണശേഷവും കാണാന്‍ പാടില്ല എന്ന് പറയുന്ന ഒരു പ്രമാണവും ഇസ്ലാമിലില്ല.

ഇസ്ലാമിന്റെ പേരില്‍ ആരോ കെട്ടി ഉണ്ടാക്കിയ കാടത്തം എന്നെ അതിനെക്കുറിച്ച് പറയാന്‍ കഴിയൂ. മാന്യമായ രീതിയില്‍ വസ്ത്രം ധരിച്ചാണ് സ്ത്രീ പൊതു സമൂഹത്തില്‍ എന്നും വരേണ്ടത്. (അത് പുരുഷനും ബാധകമാണ്). ഭര്‍ത്താവിന്റെ മരണം കൊണ്ട് മാനസിക സംഘര്‍ഷം നേരിടുന്ന ഇണകളെ ഇന്ന് കാണുന്ന രീതിയില്‍ തളച്ചിടുക എന്നത് മാനുഷിക വിരുദ്ധവും മത വിരുദ്ധവുമാണ്. അന്യ മതത്തിലെ സ്ത്രീകളെ പോലും കാണാന്‍ പാടില്ല എന്നത് അതിന്റെ അറ്റവും.

ഒരു സ്ത്രീക്ക് കൂടുതല്‍ സമാധാനവും മനഃസ്ഥൈര്യവും ലഭിക്കേണ്ട സമയമാണ് അവളുടെ ഇണയുടെ വിയോഗം. ഒരു മുറിയില്‍ ഒറ്റപ്പെടുത്തി കൂടുതല്‍ മനോ വിഷമത്തിലേക്കു തള്ളിവിടുക എന്നതിനെ ഇസ്ലാമുമായി ബന്ധിപ്പിക്കാന്‍ കഴിയില്ല. കേവല ചില അലങ്കാരങ്ങള്‍ പാടില്ല എന്നത് ഒഴിച്ച് നിര്‍ത്തിയാല്‍ ഭര്‍ത്താവിന്റെ മരണം കൊണ്ട് സ്ത്രീക്ക് ഒന്നും ഇല്ലാതാവുന്നില്ല. ഇസ്ലാമിലെ വിധവ ജീവിത അവസാനം വരെ അങ്ങിനെ ജീവിക്കേണ്ടവളല്ല. അടുത്ത ജീവിതത്തിലേക്ക് അവള്‍ക്കും അവകാശമുണ്ട്. ഇദ്ദ ഒരു പീഡന കാലമല്ല. ഇണയുടെ വേര്‍പ്പാടില്‍ നിന്നും സ്ത്രീയെ മുക്തമാക്കാന്‍ സമൂഹം ശ്രമിക്കേണ്ട കാലം എന്നെ അതിന് പറയാന്‍ കഴിയൂ. ഒരു ദുരന്തത്തില്‍ നിന്നും മറ്റൊരു ദുരന്തത്തിലേക്ക് അവളെ തള്ളി വിടുക എന്നത് മതത്തിന്റെ പേരില്‍ കെട്ടി ഉണ്ടാക്കിയ ആചാരങ്ങള്‍ തന്നെയാണ്.

Related Articles