shariahSunnah

പ്രവാചകനെ സ്‌നേഹിക്കേണ്ട വിധം

ചരിത്രത്തിലേറ്റവും കൂടുതല്‍ തെറ്റിദ്ധരിക്കപ്പെടുകയും തെറ്റിദ്ധരിപ്പിക്കപ്പെടുകയും ചെയ്ത മഹദ് വ്യക്തിത്വമാണ് മുഹമ്മദ് നബി(സ).
അത് ഇന്നും അവിരാമം തുടരുന്നു. മറുഭാഗത്ത് അനുചരന്മാരാലും അനുയായികളാലും ഇത്രയധികം സ്നേഹിക്കപ്പെടുകയും ആദരിക്കപ്പെടുകയും പകര്‍ത്തപ്പെടുകയും ചെയ്ത മറ്റൊരു നേതാവും ജേതാവും ആചാര്യനും പ്രവാചകനും വേറെയില്ല. ഊണിലും ഉറക്കിലും അനക്കത്തിലും അടക്കത്തിലും വിശ്വാസികള്‍ക്ക് മാതൃകയും പ്രചോദനവുമായി പതിനാല് നൂറ്റാണ്ടുകള്‍ക്ക് ശേഷവും നബി (സ) നിലകൊള്ളുന്നു.

പ്രവാചക സ്നേഹം പ്രമാണങ്ങളില്‍

പ്രവാചകനോടുള്ള സ്നേഹ ബഹുമാനങ്ങള്‍ വിശ്വാസത്തിന്റെ അനിവാര്യ തേട്ടവും, അല്ലാഹുവിന്റെ പ്രീതിയും സ്വര്‍ഗവും ലഭിക്കാനുള്ള ഉപാധിയുമാണ്. അല്ലാഹു പറയുന്നു: പറയുക: നിങ്ങളുടെ പിതാക്കളും പുത്രന്മാരും സഹോദരങ്ങളും ഇണകളും കുടുംബക്കാരും, നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയ സ്വത്തുക്കളും, നഷ്ടം നേരിടുമോ എന്ന് നിങ്ങള്‍ ഭയപ്പെടുന്ന കച്ചവടവും, നിങ്ങള്‍ക്കേറെ പ്രിയപ്പെട്ട പാര്‍പ്പിടങ്ങളുമാണ് നിങ്ങള്‍ക്ക് അല്ലാഹുവെക്കാളും അവന്റെ ദൂതനെക്കാളും അവന്റെ മാര്‍ഗത്തിലെ അധ്വാനപരിശ്രമത്തെക്കാളും പ്രിയപ്പെട്ടവയെങ്കില്‍ അല്ലാഹു തന്റെ കല്‍പന നടപ്പില്‍ വരുത്തുന്നത് കാത്തിരുന്നുകൊള്ളുക. കുറ്റവാളികളായ ജനത്തെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല. (Sura 9 : Aya 24)

”പ്രവാചകന്‍ സത്യവിശ്വാസികള്‍ക്ക് സ്വന്തത്തേക്കാള്‍ പ്രിയങ്കരനാവുന്നു” (33:6)

ഇമാം സമഖ്ശരി ഈ സൂക്തം വിശദീകരിക്കുന്നത് ഇങ്ങനെയാണ്:”ലോകത്തുള്ള മറ്റെന്തിനേക്കാളുമേറെ അവര്‍ അദ്ദേഹത്തെ സ്നേഹിക്കേണ്ടതുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ക്ക് സ്വാഭിപ്രായങ്ങളേക്കാളും അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ക്ക് സ്വന്തം തീരുമാനങ്ങളേക്കാളും മുന്‍ഗണന നല്‍കണം. അദ്ദേഹത്തിന്റെ ഏതാജ്ഞയും ചോദ്യം ചെയ്യാതെ അനുസരിക്കുകയുംവേണം”

പ്രവാചക സ്‌നേഹത്തിന്റെ മഹിത മാതൃകകള്‍

ബന്ധനസ്ഥനാക്കപ്പെട്ട സൈദ്ബ്നുദ്ദസ്നയെന്ന സ്വഹാബിവര്യനെ ശത്രുക്കള്‍ വധിക്കാന്‍ തീരുമാനിച്ചു. വധിക്കാന്‍ നേരത്ത് അബൂ സുഫ്യാന്‍ അദ്ദേഹത്തോട് ചോദിച്ചു: ”മുഹമ്മദ് താങ്കളുടെ സ്ഥാനത്ത് വധിക്കപ്പെടുകയും താങ്കള്‍ കുടുംബത്തില്‍ സ്വസ്ഥനായിരിക്കുകയും ചെയ്യുന്നതിനെക്കുറിച്ച് എന്താണഭിപ്രായം?”
അദ്ദേഹം പറഞ്ഞു: ”ഞാനെന്റെ വീട്ടില്‍ സ്വസ്ഥമായി ഇരിക്കുന്നതിനു പകരം പ്രവാചകന്റെ കാലില്‍ ഒരു മുള്ളു തറക്കുന്നത് പോലും ഞാന്‍ ഇഷ്ടപ്പെടുന്നില്ല.” ഇതു കേട്ട അബൂസുഫ്യാന്‍ പറഞ്ഞുപോയി: ”മുഹമ്മദിനെ അനുയായികള്‍ സ്നേഹിക്കുന്നത് പോലെ മറ്റാരും ആരെയും സ്നേഹിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല.”

ഉഹുദ് യുദ്ധത്തില്‍ പ്രവാചകന്‍ വധിക്കപ്പെട്ടെന്ന വിവരമറിഞ്ഞ് ഓടിക്കിതച്ച് വരികയാണ് ഒരു സ്വഹാബി വനിത. അപ്പോഴാണ് ആരോ അവരോട് അവരുടെ ഭര്‍ത്താവും മകനും പിതാവും സഹോദരനും വധിക്കപ്പെട്ട വിവരം പറയുന്നത്. പക്ഷേ, അവര്‍ക്കറിയേണ്ടിയിരുന്നത് പ്രവാചകന്റെ സ്ഥിതിയായിരുന്നു. അവസാനം പ്രവാചകന്‍ സുരക്ഷിതനാണെന്ന് സ്വന്തം കണ്ണു കൊണ്ട് കണ്ട് ഉറപ്പു വരുത്തിയ ശേഷം അവര്‍ പറഞ്ഞു: ”പ്രവാചകരേ, അങ്ങ് സുരക്ഷിതനാണെങ്കില്‍ മറ്റെല്ലാ ദുരന്തങ്ങളും നിസ്സാരമാണ്.”

സൗബാന്‍(റ), പ്രവാചകനെ അതിരറ്റ് സ്നേഹിച്ച സ്വഹാബിവര്യനായിരുന്നു. ദുഃഖിതനും ക്ഷീണിതനുമായി ഒരിക്കലദ്ദേഹം നബിയുടെ അടുത്തുവന്നു: ”താങ്കള്‍ക്കെന്ത് പറ്റി; ആകെ പരിക്ഷീണനായിരിക്കുന്നല്ലോ?” പ്രവാചകന്‍ ചോദിച്ചു. ”പ്രവാചകരേ, എനിക്ക് രോഗങ്ങളൊന്നുമില്ല. പക്ഷേ, താങ്കളെ കാണാതിരിക്കുമ്പോള്‍ വല്ലാത്ത വേദനയും ഏകാന്തതയുമനുഭവപ്പെടുന്നു. പരലോകത്തെക്കുറിച്ചോര്‍ക്കുമ്പോള്‍, താങ്കളെ അവിടെയും കാണാനാവില്ലല്ലോയെന്ന് കരുതി വിഷമിക്കും. കാരണം, താങ്കള്‍ പ്രവാചകന്മാരോടൊത്ത് സ്വര്‍ഗത്തിന്റെ ഉയര്‍ന്ന പദവികളിലായിരിക്കുമല്ലോ. ഞാന്‍ സ്വര്‍ഗത്തില്‍ കടന്നാല്‍ തന്നെ താഴ്ന്ന പടിയിലായിരിക്കും. അപ്പോള്‍ തമ്മില്‍ കാണുന്നതെങ്ങനെ?” ആ സ്വഹാബിയെ ആശ്വസിപ്പിച്ചു കൊണ്ട് അല്ല സകല വിശ്വാസികള്‍ക്കും ആശ്വാസമായി ആയത്തിറങി

അപ്പോള്‍,”ആര്‍ അല്ലാഹുവിനെയും അവന്റെ റസൂലിനെയും അനുസരിക്കുന്നുവോ, അവര്‍ അല്ലാഹുവിന്റെ അനുഗ്രഹം സിദ്ധിച്ച പ്രവാചകന്മാരുടെയും സിദ്ദീഖുകളുടെയും രക്തസാക്ഷികളുടെയും സജ്ജനങ്ങളുടെയും കൂടെയായിരിക്കും”(4:69)

പ്രവാചക സ്നേഹത്തിന്റെ തേട്ടങ്ങള്‍

പ്രവാചകനോട് സ്നേഹമുണ്ടെന്ന് പറയുന്നത് സത്യസന്ധമാണെങ്കില്‍, അതിന്റെ അടയാളം ജീവിതത്തില്‍ പ്രകടമാവണം. അതില്‍ ഒന്നാമത്തേത് പ്രവാചകനെ പിന്തുടരുകയും തിരുചര്യ പകര്‍ത്തുകയുമാണ്. തിരുനബിയുടെ വാക്കും പ്രവൃത്തിയും അനുധാവനം ചെയ്യുകയും കല്‍പന അനുസരിക്കുകയും നിരോധം വര്‍ജിക്കുകയും ചെയ്യലാണ്.

അല്ലാഹു പറയുന്നു:”താങ്കളുടെ നാഥനാണ്, അവര്‍ക്കിടയിലുള്ള തര്‍ക്കങ്ങളില്‍ താങ്കളെ വിധികര്‍ത്താവായി സ്വീകരിക്കുകയും എന്നിട്ട് ആ വിധിതീര്‍പ്പുകളില്‍ മനഃപ്രയാസം തോന്നാതെ പൂര്‍ണമായി സമ്മതിക്കുകയും ചെയ്യുന്നതുവരെ അവര്‍ വിശ്വാസികളാവുകയില്ല” (Sura 4 : Aya 65)

”അല്ലാഹുവും അവന്റെ ദൂതനും ഒരു കാര്യം തീരുമാനിച്ചു കഴിഞ്ഞാല്‍ പിന്നെ അക്കാര്യത്തില്‍ സ്വന്തമായ തീരുമാനമെടുക്കാന്‍ യാതൊരു വിശ്വാസിക്കും വിശ്വാസിനിക്കും അവകാശമില്ല. ആര്‍ അല്ലാഹുവിനെയും അവന്റെ ദൂതനെയും ധിക്കരിക്കുന്നുവോ അവര്‍ സ്പഷ്ടമായ ദുര്‍മാര്‍ഗത്തിലകപ്പെട്ടുപോയി”(Sura 33 : Aya 36).

ഉമര്‍ബ്‌നു ഖതാബ് (റ) പ്രാവാചകനോട് ഒരിക്കല്‍ ഇങ്ങനെ പറഞ്ഞു: ‘പ്രവാചകരെ, എന്നെക്കഴിഞ്ഞാല്‍ മറ്റെല്ലാത്തിനെക്കാലും അങ്ങാണ് എനിക്ക് പ്രിയപ്പെട്ടത്. നബി (സ) പറഞ്ഞു:”അല്ല ഉമര്‍, എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവന്‍ തന്നെയാണ് സത്യം,മറ്റെല്ലാതിനെക്കാളും നിനക്ക് ഞാന്‍ പ്രിയപ്പെട്ടതാകും വരെ’.ഇത് കേട്ട് ഉമര്‍ (റ) പറഞ്ഞു ‘അതെ നബിയെ, എല്ലാത്തിനേക്കാളും താങ്കള്‍ എനിക്ക് പ്രിയപ്പെട്ടതാകുന്നു. അപ്പോഴാണ് നബി (സ) പറഞ്ഞത്.. അതെ ഉമ്മര്‍, ഇപ്പോഴാണ് ശരിയായത്.അതെ നമുക്ക് നമ്മുടെ ഹബീബിനെ ജീവിതം കൊണ്ട് സ്‌നേഹിക്കാം.

അതെ നമുക്ക് നമ്മുടെ ഹബീബിനെ ജീവിതം കൊണ്ട് സ്‌നേഹിക്കാം. 
Facebook Comments
Related Articles

Check Also

Close
Close
Close