Current Date

Search
Close this search box.
Search
Close this search box.

ദിക്റിൽ പൊതിഞ്ഞ ഖൽബ്

മനുഷ്യനുള്ളിൽ നിലക്കാതെ അലകൾ പൊന്തിമറിയുന്ന കടലാണ് ഖൽബ്. ഏതു നിമിഷവും അതങ്ങനെ ഇളകിക്കൊണ്ടിരിക്കും. ഖൽബിനെ ഖൽബെന്ന് വിളിക്കുന്നതും അതിനാലാണ്. സ്നേഹം, വിഷമം, കോപം എന്നിങ്ങനെ വൈകാരികതകളുടെ എല്ലാ തലങ്ങളിലേക്കും അതീവ പ്രഹരശേഷിയോടെ അത് തിരതല്ലും. ഹൃദയത്തിൻ്റെ അടിത്തട്ടിൽ ഉയിർക്കൊണ്ട ഓരോ തിരകളും മുഖത്തോട് പലതും പറയും. അത് പതിയെ മറ്റുള്ളവരിലേക്ക് പ്രസരിക്കും. അങ്ങനെ, മനസിൻ്റെ കണ്ണാടിയാണ് താനെന്ന് മുഖം സ്വയം സാക്ഷ്യപ്പെടുത്തും. മുഖത്തോട് മാത്രമല്ല, മനുഷ്യൻ്റെ മറ്റവയവങ്ങളോടും ഖൽബ് ആശയ വിനിമയം നടത്തുന്നുണ്ട്. അവയെ നിയന്ത്രിക്കുകയും അവക്കോരോന്നിനും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു. അങ്ങനെ, മറ്റു അവയവങ്ങൾ ഖൽബിൻ്റെ ആജ്ഞാനുവർത്തികളാവുന്നു. അതിനാൽ, മനുഷ്യനിൽ നിന്ന് ഉരുവം കൊള്ളുന്ന എല്ലാ പ്രവർത്തനങ്ങളുടെയും കേന്ദ്രം ഖൽബാണ്. “മനുഷ്യ ശരീരത്തിൽ ഒരു മാംസകഷ്ണമുണ്ട്, അത് ശരിയായാൽ മുഴുവൻ ശരീരവും നേരെയാവും. അത് ദുഷിച്ചാൽ ശരീരം മൊത്തം ദുഷിക്കും. ആ മാംസകഷ്ണമാണ് ഖൽബ്” എന്ന് നബി (സ്വ) പ്രസ്താവിക്കുന്നുണ്ട്.

ഹൃദയത്തെ അറബിഭാഷയിൽ ഖൽബ് എന്ന് മാത്രമല്ല വിളിച്ചിട്ടുള്ളത്. പരിശുദ്ധ ഖുർആൻ ഹൃദയത്തെ, ഫുആദ്, ഖൽബ്, സ്വദ്റ് എന്നീ മൂന്ന് രീതികളിൽ അഭിസംബോധന ചെയ്യുന്നുണ്ട്. ഇവ മൂന്നും ഹൃദയത്തിൻ്റെ മൂന്ന് അറകളെ പ്രതിനിധീകരിക്കുന്നു. വേവിക്കുക, പാകപ്പെടുത്തിയെടുക്കുക എന്ന അർത്ഥങ്ങൾ വഹിക്കുന്ന “ഫഅദ” എന്ന പദമാണ് ഫുആദിൻ്റെ അടിസ്ഥാനം. മിഴികളൊപ്പിയെടുക്കുന്ന കാഴ്ചകളെയും കാതുകളിലെ കർണപടത്തിൽ തട്ടി പ്രതിധ്വനിക്കുന്ന സ്വരങ്ങളെയും വിശകലനം ചെയ്യുക എന്നതാണ് ഫുആദിൻ്റെ (ഹൃദയം) ധർമം. അങ്ങനെ വിശകലനം ചെയ്യപ്പെട്ടവയോരോന്നും അറിവായി രൂപപ്പെടുന്നത് ഖൽബിലാണ്. “അറിവിൻ്റെ സ്ഥാനം ഖൽബാണെന്ന് ഇമാം റാസി വിശദീകരിക്കുന്നുണ്ട്. എന്നാൽ, ഖൽബ് മുഖേന കരഗതമായ അറിവിനെ പ്രയോജനപ്പെടുത്തി നല്ലതോ ദുഷിച്ചതോ ആയ ഉദ്ദേശങ്ങൾ രൂപപ്പെടുന്ന ഇടമാണ് സ്വദ്റ്.  ഉപര്യുക്ത വിശദീകരണത്തിലൂടെ ഖൽബിൽ രൂപപ്പെടുന്ന അറിവാണ് മനുഷ്യനെ മുന്നോട്ട് നയിക്കുന്നതെന്ന് സുവ്യക്തമാകുന്നു.

ഹൃദയം സ്വയം അറിവ് ആവാഹിക്കും. എന്നാൽ കണ്ണും കാതും തങ്ങളിലേക്കെത്തിയ കാഴ്ചകളെ, ശബ്ദങ്ങളെ ഹൃദയത്തിലേക്ക് പ്രവഹിപ്പിക്കും. ഇവിടെയാണ് ഹൃദയം അറിവ് ശേഖരിക്കുന്ന മറ്റവയവങ്ങളിൽ നിന്ന് വ്യത്യസ്തമാവുന്നത്. “എല്ലാവരും ജനിക്കുന്നത് അവരുടെ സഹജസ്വഭാവത്തിലാണ്, ശേഷം അവരെ യഹൂദികളും മജൂസികളുമാക്കുന്നത് അവരുടെ മാതാപിതാക്കളാണ്” എന്ന് നബി (സ്വ) പ്രസ്താവിക്കുന്നു. തദടിസ്ഥാനത്തിൽ, മനുഷ്യൻ്റെ സഹജസ്വഭാവം അഥവാ പ്രകൃതം കൊണ്ടുള്ള ഉദ്ദേശം മനുഷ്യൻ അല്ലാഹുവിൻ്റെ അടിമത്തം സ്വയം തിരിച്ചറിയുമെന്നാണ്. അതിനാൽ, മറ്റു പ്രലോഭനങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്ന ഹൃദയം തനിയെ ദിക്റ് (ദൈവബോധം) പുൽകും. അത് ഹൃദയ ധർമമാണ്. റസൂലിൻ്റെ ഹൃദയത്തിലാണ് ഖുർആൻ അവതരിപ്പിച്ചതെന്ന് ഖുർആൻ വിവരിക്കുന്നതും അതിനാലാണ്.

എന്നാൽ, പ്രലോഭനങ്ങളിൽ അകപ്പെട്ട ഹൃദയം ദിക്റിനെ പുറന്തള്ളും. ലൗകികത കൂട് കൂട്ടും. അസൂയ, പ്രകടനപരത, ലാഭേച്ഛ എന്നിങ്ങനെ ഭൗതികതയുടെ ദുർഗുണങ്ങൾ പെറ്റുപെരുകും. മൂല്യങ്ങളെയെല്ലാമവ കാർന്നുതിന്നും. അങ്ങനെ, മനുഷ്യൻ ലൗകികതയുടെ പുഴുവരിച്ച് ഉള്ളു പൊള്ളയായ ജഢമാവും. തന്റെയുള്ളിൽ നിർഗളിച്ചു പൊന്തിയ തൃഷ്ണകളുടെ വിഷം ഗ്രസിച്ച് ജീവനറ്റ അവശിഷ്ടമാവും. പദാർത്ഥ ലോകത്തോട് ആർത്തിപൂണ്ട് പലതും ചെയ്യും. വൈയക്തിക താത്പര്യങ്ങൾക്കനുഗുണമായി നന്മ-തിന്മകളെ പുനർനിർവചിക്കും. ധർമാധർമ പരിധികളെ സ്വയം നിർണയിക്കും. തദനുസാരം, ലക്ഷ്യങ്ങൾ മാർഗങ്ങളെ സാധൂകരിക്കുമെന്ന് അവൻ സ്വയം മൊഴിയും. അല്ലാഹുവിൻ്റെ അടിമയെന്ന അസ്തിത്വം വെടിയും. ഭൗതികതയുടെ വെറുമൊരു ഉത്പന്നമായി പരിണമിക്കും. അത് നശ്വര സന്തോഷവും നൈമിഷികാഹ്ലാദവും പകരും. ഇനിയുമെനിയും വേണമെന്ന ചിന്ത മനസിൽ ഫണം വിടർത്തും. ലഭിക്കുന്നതിലൊന്നും തൃപ്തിയില്ലാതലയും. അവിടെ ആളിപ്പടർന്ന തീ പതിയെ കെട്ടടങ്ങും. ഹൃദയം പുകയും. നീറും. സ്വയം എരിഞ്ഞ് തീരും. കാറ്റിൻ്റെ നുണയിൽ ഉയർന്ന് പൊങ്ങി നിലംപതിച്ച അപ്പൂപ്പൻ താടിപോലെ ഭൗതികത വരിച്ച ഹൃദയം സ്വയമില്ലാതാവും.

എന്നാൽ, ലൗകികതയിൽ വശപ്പെടാതെ അല്ലാഹുവിനെ അറിഞ്ഞ ഹൃദയം അതിൻ്റെ സജീവത നിലനിർത്തും. പിരിമുറുക്കങ്ങളിൽ നിന്ന് സ്വതന്ത്രമാവും. നിരന്തരം ദിക്റിൻ്റെ മധുരം നുണയും. എത്ര തന്നെ സമ്പാദിച്ചാലും അല്ലാഹു നൽകുന്ന ജീവിത വിഭവങ്ങളാണതൊക്കെയുമെന്ന് തിരിച്ചറിയും. ആ തിരിച്ചറിവിൽ മിടിക്കുന്ന ഹൃദയം തൃപ്തിയടയും.ഭൗതികതയുടെ അതിപ്രസരത്തിൽ നിന്ന് ഹൃദയത്തെ സംരക്ഷിച്ച് ദിക്റിനാൽ (ദൈവസ്മരണ) സജീവമാക്കാനാണ് കൃത്യമായ ഇടവേളകളിൽ നമസ്കാരം അല്ലാഹു നിർബന്ധമാക്കിയത്. ദിനചര്യകളെ നമസ്കാരത്തിനൊത്ത് ക്രമീകരിക്കുമ്പോൾ ഹൃദയം ദിക്റിനാൽ നിർമലമാവും. ഐഹിക ജീവിതത്തിൻ്റെ കടുപ്പം കുറയും. ഒരു നമസ്കാരത്തിൽ നിന്ന് വിരമിക്കുമ്പോൾ തന്നെ അടുത്ത നമസ്കാരത്തിന് തയ്യാറെടുക്കും. അതിനു പുറമേ വ്യത്യസ്ത സമയങ്ങളിലുള്ള ദിക്റുകളെ കൂടെ വിശ്വാസി ജീവിതത്തിൽ മുറുകെ പിടിക്കാൻ ശ്രമിക്കും. അതിലൂടെ ഹൃദയം കൂടുതൽ വർണാഭമാവും. അല്ലാഹുവിൻ്റെ സാന്നിദ്ധ്യം സിദ്ധിക്കും. ജോലിത്തിരക്കുകളിൽ എത്ര തന്നെ മുഴുകിയാലും ഖുർആൻ പാരയണത്തിനും പഠനത്തിനും നിശ്ചിത സമയം മാറ്റി വെക്കണം. അത് കൃത്യമായി പിന്തുടരണം. അതിലൂടെ ഭൗതികത ഹൃദയത്തിൽ നിന്ന് പടിയിറങ്ങും. അതുവഴി, ഹൃദയം ദിക്റിൽ പൊതിയും. ചെയ്യുന്ന ഓരോ പ്രവർത്തനങ്ങളിലും നാളെ അല്ലാഹുവിനു മുമ്പിൽ ഉത്തരം പറയണമെന്ന ബോധമുൾചേരും. അതീവ ജാഗ്രതയോടെ, അല്ലാഹുവിനോട് മറുപടി പറയണമെന്ന ബോധ്യത്തോടെ സമയം വിനിയോഗിക്കും. അങ്ങനെ ഖൽബ് ഓരോ നിമിഷവും ദിക്റിൻ്റെ സുഗന്ധം നുണയും.

കൂടാതെ, നമ്മൾ കൂടിയോ, കുറഞ്ഞോ വ്യാപൃതരായിരിക്കുന്ന രംഗങ്ങളിലെല്ലാം ദൈവ സ്മരണ നിലനിർത്താനൊരിടം കണ്ടെത്തണം. ഇസ്‌ലാമിക ജീവിത വ്യവസ്ഥ അനുസരിച്ച് ആത്മീയം -ഭൗതീകം എന്ന വേർതിരിവ് സാധ്യമല്ല. ആധുനികത തീർത്ത ഈ ദ്വന്ദങ്ങളെ മറികടന്ന് ഭൗതികതയിലും അത്മീയത കണ്ടെത്തുമ്പോഴാണ് ഇസ്‌ലാമിൻ്റെ പ്രവിശാലത തിരിച്ചറിയുന്നത്. ഉദാഹരണത്തിന്, തൊഴിൽ രംഗത്ത് മേഖകളിൽ മുതലാളി – തൊഴിലാളി എന്നീ രണ്ട് വർഗങ്ങൾ നിലനിൽക്കുന്നുണ്ട്.

ഇതൊരു ആധുനിക സാമൂഹിക നിർമിതി എന്നതിനപ്പുറം മനുഷ്യരുടെ പരസ്പരാശ്രയത്വത്തിൻ്റെ അടയാളമായി മനസിലാക്കണം. മാത്രമല്ല, ഖുർആൻ സൂചിപ്പിക്കുന്ന മനുഷ്യനെന്നർത്ഥം വരുന്ന “ഇൻസാൻ” എന്ന പദത്തിൻ്റെ ശരിയായ അർത്ഥം ഇണങ്ങുന്നവൻ എന്നാണ്. പരസ്പരാശിതത്വമാണ് അതിൻ്റെ അടിസ്ഥാനം. അതിനാൽ, ഒരാളുടെ കീഴിൽ ജോലി ചെയ്യുകയാണെങ്കിൽ തൊഴിലാളി – മുതലാളി എന്ന മനോഭാവത്തിനപ്പുറം അവരോരുത്തരും സഹോദരന്മാരും പരസ്പരാശ്രിതരാണെന്നും തൊഴിലാളി മുതലാളിയുടെ സംരഭത്തിൽ സഹായി ആണെന്നും മനസിലാക്കണം. തൻ്റെ സഹോദരനെ സഹായിക്കുമ്പോൾ അല്ലാഹു തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റിത്തരുമെന്ന ബോധ്യം സദാ നിലനിർത്തണം. ആര് തൻ്റെ സഹോദരൻ്റെ ആവശ്യങ്ങൾ നിറവേറ്റിയൊ അവൻ്റെ ആവശ്യങ്ങൾ അല്ലാഹു നിറവേറ്റുമെന്ന് നബി വചനമുണ്ട്. അതുവഴി, തൊഴിലെന്നത് ഒരു അമാനത്തായി മനസ്സിലാക്കപ്പെടുകയും തൊഴിലിൽ ആത്മാർത്ഥത കൈവരുകയും ചെയ്യും. അതുപോലെ, മുതലാളി തൻ്റെ കീഴിൽ പണിയെടുക്കുന്നവർ തന്നെ സഹായിക്കുന്നവരാണെന്നും അവരെ താൻ പരിപാലിക്കേണ്ടേതാണെന്നും തിരിച്ചറിയണം. അവരുടെ കാര്യത്തിൽ അല്ലാഹുവിൻ്റെ മുമ്പിൽ മറുപടി പറയണമെന്നും ബോധ്യമുണ്ടാവണം.

ഇങ്ങനെ മനസിലാക്കുമ്പോൾ തൊഴിൽ രംഗവും ദിക്റിനുള്ള ഇടമായി മാറും. കൂടാതെ, ധനം അല്ലാഹുവിങ്കൽ നിന്നുള്ളതാണെന്നും തനിക്കതിൽ ക്രയവിക്രയ അവകാശം മാത്രമാണുള്ളതുമെന്ന തിരിച്ചറിവും മനുഷ്യനെ ദിക്റിലേക്ക് നയിക്കുന്നു. അതുവഴി, ഹൃദയത്തിലള്ളിപ്പിടിച്ചിരിക്കുന്ന ലാഭേച്ഛ, അതൃപ്തി, ആർത്തി എന്നീ ദുർഗുണങ്ങളോരോന്നും തുടച്ചു നീക്കപ്പെടുന്നു.

ഏത് പ്രവർത്തനങ്ങളിലാണെങ്കിലും എപ്പോഴും അംഗശുദ്ധിയിലായിരിക്കണം. അത് ദൈവബോധം നിലനിർത്താൻ സഹായിക്കും. നമ്മൾ ചെയ്യുന്ന കാര്യങ്ങളിലെല്ലാം അത് ഉന്മേഷം പകരും. അതുപോലെ, നമ്മുടെ എല്ലാ ചെയ്തികളും മലക്കുകൾ രേഖപ്പെടുത്തി വെക്കുന്നുണ്ടെന്ന ബോധ്യം നമ്മെ അലട്ടണം. കൂടാതെ, ഓരോ കാര്യങ്ങളും പിന്നേക്ക് നീട്ടി വെക്കാതെ ചെയ്തു തീർക്കണം. പിന്നേക്ക് നീട്ടി വെക്കുന്നത് ഖൽബിൽ നിന്ന് ദിക്റൊഴിയുന്നതിൻ്റെ അടയാളമാണ്. ഇനിയും സമയമുണ്ടല്ലോ എന്ന തോന്നൽ. അങ്ങനെ മരണഭയം കുറയും. മരണഭയം കുറയുന്നതിനനുസരിച്ച് ഖൽബിൽ ദിക്റില്ലാതാവും.

ഇങ്ങനെ, ഇഹലോകത്ത് വന്നുഭവിക്കുന്നവയെ എല്ലാം അല്ലാഹുവുമായി ചേർത്തുവെക്കുമ്പോൾ ഖൽബ് വീണ്ടും സംസ്കരിക്കപ്പെടുന്നു. ശാന്തമാവുന്നു. ഏത് നിമിഷവും വന്നെത്താവുന്ന അല്ലാഹുവിൻ്റെ വിളിക്കുത്തരം നൽകാനൊരുങ്ങുന്നു. മലക്കുകളെല്ലാം നമ്മെക്കുറിച്ച് അല്ലാഹുവിൻ്റെടുത്ത് വാചാലമാവുന്നു. നമുക്കുവേണ്ടി അല്ലാഹുവോട് പ്രാർത്ഥിക്കുന്നു. അങ്ങനെ, ആഹാരം, വസ്ത്രം എന്നിങ്ങനെ ജീവിത സൗകര്യങ്ങളാസ്വദിക്കുമ്പോളെല്ലാം നാം ആത്മീയത രുചിക്കുന്നു. അല്ലാഹുവിനെ കാണാൻ ഹൃദയം വെമ്പുന്നു. അതോർത്ത് മിഴികളീറനണിയുന്നു. അതിൽ നരകത്തിൻ്റെ തീച്ചൂളകൾ കെട്ടണയുന്നു. അങ്ങനെ ഖൽബിൽ ഭൗതികതയുടെ ചിതലടർന്ന് ദിക്റിൻ്റെ കാതൽ തെളിയുന്നു

Related Articles