Current Date

Search
Close this search box.
Search
Close this search box.

വെള്ളം അനുഗ്രഹമാണ്, ഒപ്പം ശുദ്ധവുമാണ്!

عن أبي هريرة رضي الله عنه قال : سأل رجل رسول الله صلى الله عليه وسلم فقال يا رسول الله إنا نركب البحر ونحمل معنا القليل من الماء فإن توضأنا به عطشنا أفنتوضأ من ماء البحر فقال رسول الله صلى الله عليه وسلم هو الطهور ماؤه الحل ميتته

അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: ‘കടൽ യാത്ര ചെയ്യുമ്പോൾ ഞങ്ങൾ കുറച്ച് വെള്ളം കരുതുന്നു. അതുകൊണ്ട് വുദൂ എടുക്കുകയാണെങ്കിൽ ഞങ്ങൾ വെള്ളമില്ലാതെ ദാഹിക്കും. അതിനാൽ കടൽ വെള്ളം കൊണ്ട് വുദൂ എടുക്കാമോ? പ്രവാചകൻ(സ) പറഞ്ഞു: അതിലെ വെള്ളം ശുദ്ധമാണ്; ചത്തത് അനുവദനീയവുമാണ്.’ (തുർമുദി)

വെള്ളം ശുദ്ധമാണ്. അത് മറ്റുളളതിനെ ശുദ്ധീകരിക്കുന്നു. ഇത് വെള്ളത്തിന്റെ വിശേഷണമാണ്. ശുദ്ധമായ വെള്ളം ആകാശത്ത് നിന്ന് ഇറക്കിതരുന്നുവെന്ന് അല്ലാഹു വിശുദ്ധ ഖുർആനിൽ പറയുന്നു. ‘തന്റെ കാരുണ്യത്തിന്റെ മുമ്പിൽ സന്തോഷസൂചകമായി കാറ്റുകളെ അയച്ചതും അവനെത്രെ. ആകാശത്ത് നിന്ന് ശുദ്ധമായ ജലം നാം ഇറക്കുകയും ചെയ്തിരിക്കുന്നു.’ (അൽഫുർഖാൻ: 48) മുകളിലെ ഹദീസ്, വെള്ളവുമായി ബന്ധപ്പെട്ട് പ്രവാചക അനുചരന്മാർക്കുണ്ടായ സംശയമല്ല വ്യക്തമാക്കുന്നത്. മറിച്ച്, സമുദ്ര ജലം അനുവദനീയമാണോ എന്നതുമായി ബന്ധപ്പെട്ട സംശയമാണ്. അഥവാ, വെള്ളം ശുദ്ധവും മറ്റുള്ളതിനെ ശുദ്ധീകരിക്കുകയും ചെയ്യുന്നതുപോലെ, സമുദ്ര ജലത്തിന്റെ കാര്യമെന്താണെന്നതാണ് ചോദ്യത്തിന്റെ ഉദ്ദേശം. ഇങ്ങനെ സ്വഹാബികൾ ചോദ്യം ഉന്നയിക്കാനുള്ള കാരണം പ്രവാചകൻ(സ)യുടെ മറ്റൊരു വചനമാണെന്ന് പറയപ്പെടുന്നു. എന്നാൽ അത് ശരിയല്ല. ‘ഹജ്ജിനും ഉംറക്കും ഉദ്ദേശിക്കുന്നവനും, അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നവനുമല്ലാതെ സമുദ്രയാത്ര നടത്തുകയില്ല. സമുദ്രത്തിന് താഴെ തീയാണ്. തീയിന് താഴെ സമുദ്രവുമാണ്’ എന്ന വചനമാണത്. മുൻചൊന്ന ആവശ്യങ്ങൾക്കല്ലാതെ കടൽ യാത്ര അനുവദനീയമാകുന്നില്ലെന്നതുകൊണ്ട് അനുചരന്മാർ കടൽ യാത്രയെ കുറിച്ചും, ആ യാത്രയിൽ വുദൂ എടുക്കുന്നതിനെ കുറിച്ചും പ്രവാചകനോട് ചോദിക്കുകയായിരുന്നു എന്ന് പറയുന്നത് ശരിയല്ല. ഈ ഹദീസ് സ്വഹീഹല്ലെന്ന് ഇമാം ബുഖാരിയും, ഹദീസ് നിവേദകർ അജ്ഞാതരാണെന്ന് ഇമാം അബൂദാവൂദും പറയുന്നു. ഇബ്നു അബ്ദിൽ ബർറ് ‘അത്തംഹീദി’ൽ പറയുന്നു: ‘ഈ ഹദീസ് ദുർബലമാണ്. പരമ്പര പൂർണമല്ല. നിവേദകർ അജ്ഞാതരാണെന്ന് ഹദീസ് പണ്ഡിതർ പറയുന്നു.’ ഈ ഹദീസ് ഇബ്നു ഉമറിൽ നിന്ന് അബൂദാവൂദ്, ബസ്സാർ, ത്വബ്റാനി എന്നിവർ റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഹദീസ് ദുർബലമാണെന്ന കാര്യത്തിൽ പണ്ഡിതർ യോജിച്ചതായി ഇമാം അൽബാനിയും വ്യക്തമാക്കുന്നു.

അനിവാര്യമായ സാഹചര്യമല്ലെങ്കിലും സമുദ്രത്തിലെ ജലം വിശ്വാസിക്ക് കുളിക്കാനും, വുദൂ എടുക്കാനും ഉപയോഗിക്കാവുന്നതാണ്. കാരണം, അത് അടിസ്ഥാനപരമായി ശുദ്ധമാണ്, മറ്റുള്ളതിനെ ശുദ്ധീകരിക്കുകയും ചെയ്യുന്നു. കടൽ വെള്ളം അനുവദനീയമല്ലെങ്കിൽ തയമ്മും ചെയ്യാനാണ് പ്രവാചകൻ കൽപിക്കുക. കാരണം, വെള്ളമില്ലെങ്കിൽ തയ്യമ്മുമാണ് ചെയ്യേണ്ടത്. ‘നിങ്ങൾക്ക് വെള്ളം കിട്ടിയിട്ടില്ലെങ്കിൽ ശുദ്ധമായ ഭൂമുഖം തേടികൊള്ളുക. എന്നിട്ട് അതുകൊണ്ട് നിങ്ങളുടെ മുഖവും കൈകളും തടവുക.’ (അൽമാഇദ: 6) വെള്ളമില്ലാത്ത സാചര്യത്തിൽ തയമ്മും അനുവദനീയമാകുന്നു. കടലിലെ ചത്തത് അനുവദനീയമാണെന്ന് ഹദീസിൽ പറയുന്നുണ്ട്. അത്, കടലിലെ നായയും, പന്നിയും, പാമ്പും അടങ്ങുന്ന മുഴുവൻ ജീവികളെയും ഉൾകൊള്ളുന്നുവെന്ന് ഇമാം ശാഫിഈ(റ) അഭിപ്രായപ്പെടുന്നു. ‘അൽഹാവി അൽകബീറി’ൽ മാവർദി പറയുന്നു: ‘ഇമാം ശാഫിഈ പറഞ്ഞതായി ഇമാം ഹുമൈദി പറയുന്നു: ഈ ഹദീസ് ശുദ്ധിയെ സംബന്ധിച്ച പകുതി അറിവാണ്.’

വെള്ളത്തെ കുറിച്ച് ആളുകൾ ശരിയായ വിധത്തിൽ മനസ്സിലാക്കുന്നില്ലെന്നതാണ് വാസ്തവം. വെള്ളത്തിൽ ചെറിയ കരട് വീണാൽ അത് ഒഴിച്ചുക്കളയുന്ന ചിലരുണ്ട്. അവർ പറയുന്നത് ആ വെള്ളം അഴുക്കാണെന്നാണ്. അതുപോലെ, അമിതമായി വെള്ളം ഉപയോഗിക്കുന്നതിനെ കുറിച്ച് നാം പറയുമ്പോഴും, മഴക്കാലത്തെ വെള്ളം അഴുക്കാണെന്ന് പറഞ്ഞ് ശേഖരിച്ച് വെക്കാതിരിക്കുന്നതിനെ നാം കേവലമായി കാണുന്നു. യഥാർഥത്തിൽ അതും വെള്ളം പാഴാക്കലാണ്. അബൂ ഉമാമത് അൽബാഹിലിയിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ(സ) പറയുന്നു: ‘യഥാർഥത്തിൽ, നിറവും, രുചിയും, ഗന്ധവും മാറിയാലല്ലാതെ വെള്ളത്തെ ഒരു വസ്തുവും മലിനമാക്കുന്നില്ല.’ ഈ അടിസ്ഥാനം ഉൾക്കൊള്ളുന്നതിലൂടെ പല ആവശ്യങ്ങൾക്കും വെള്ളം ഉപയോഗപ്പെടുത്താനും, അത് ശേഖരിക്കാനും കഴിയുന്നതായിരിക്കും. നാട്ടിലെ പല കുടുംബങ്ങളും ജലക്ഷാമം നേരിടുമ്പോൾ, അനാവശ്യ ഉപയോഗം നടത്തി വൃത്തിയുടെ അപ്പോസ്തലന്മാരാകുന്നത് ശരിയല്ല. മഴക്കാലവും വേനൽക്കാലവും മാറിവരുന്നുണ്ടെങ്കിലും, നിലവിൽ പ്രത്യേകമായ കാലനിർണയം അസാധ്യമാവുകയാണ്. കാരണം, കാലാവസ്ഥ വ്യതിയാനം അത്രമേൽ യാഥാർഥ്യമായരിക്കുന്നു. പരിസ്ഥിതിക്ക് ഏൽക്കുന്ന ആഘാതത്തിന് തിരിച്ചുള്ള പ്രതികരണമാണ് സംഭവിക്കുന്നതെന്ന് ശാസ്ത്രലോകം വിളിച്ചുപറയുന്നു. 2020 ഡിസംബർ 12ന് യു.എൻ മേധാവി അന്റോണിയോ ഗുട്ടെറസ് ലോക രാഷ്ട്രങ്ങൾ കാലാവസ്ഥ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു. പുതിയ കാലത്തെ പ്രയോഗങ്ങളിലൊന്നായി കാലാവസ്ഥ അടിയന്തിരാവസ്ഥ (Climate emergency) മാറിയിരിക്കുന്നു. ഇത്തരമൊരു മുന്നറിയിപ്പ് വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും, വിശ്വാസത്തിന്റെ പേരിൽ പൊതുവായും പ്രകൃതിവിഭവങ്ങൾ ഉപയോഗപ്പെടുത്തുന്നതിൽ ജാഗ്രത പുലർത്താൻ വിശ്വാസികൾക്ക് കഴിയേണ്ടതുണ്ട്.

രണ്ടാമത്തെ കാര്യം ചോദിക്കുന്നവർക്ക് എങ്ങനെ മറുപടി നൽകുമെന്നതാണ്. ഈ ഹദീസിൽ, ‘കടിലെ വെള്ളം കൊണ്ട് വുദൂ എടുക്കാമോ’ എന്ന അനുചരന്മാരുടെ ചോദ്യത്തിന് അത് മതിയാകുന്നതാണ് എന്ന മറുപടി നൽകി പ്രവാചകന് നിർത്താവുന്നതായിരുന്നു. എന്നാൽ, പ്രവാചകൻ(സ) അനുചരന്മാർക്ക് കാര്യങ്ങൾ വിശദീകരിച്ച് നൽകി. അറബി ഭാഷയിലെ ഒരു പ്രയോഗം, ‘നല്ല സംസാരം ലളിതവും വ്യക്തമാവുകയെന്നതാണ്’. പ്രവാചക വചനങ്ങൾ സമാന രീതിയിൽ ലളിതവും വ്യക്തവുമാണെന്ന് കാണാവുന്നതാണ്. എന്നാൽ പ്രവാചകൻ ഇവിടെ, വിശദീകരണം നൽകുന്നു. അറിയിച്ചുകൊടുക്കുന്നവർ ചോദിക്കുന്നവർക്ക് തിരിച്ചറിവ് പകർന്നുനൽകേണ്ടതിന്റെ പാഠമാണ് പ്രവാചകൻ(സ) പഠിപ്പിക്കുന്നത്. അതുപോലെ, അറിയാത്ത കാര്യങ്ങൾ ചോദിച്ചറിയാനുള്ള വ്യഗ്രത വിശ്വാസിയുടെ വിശ്വാസത്തിന്റെ ഭാഗമാണെന്ന് അടയാളപ്പെടുത്തുന്നു. ദിവ്യബോധനം ലഭിച്ച പ്രവാചകനോടും അറിയുന്നവരോട് തേടാൻ വിശുദ്ധ ഖുർആൻ ആവശ്യപ്പെടുന്നുണ്ട്. ‘ഇനി നിനക്ക് നാം അവതരിപ്പിച്ചു തന്നതിനെപ്പറ്റി നിനക്ക് വല്ല സംശയവുമുണ്ടെങ്കിൽ നിനക്ക് മുമ്പുതന്നെ വേദഗ്രന്ഥം വായിച്ച് വരുന്നവരോട് ചോദിച്ചുനോക്കുക.’ (യൂനുസ്: 94)

Related Articles