Current Date

Search
Close this search box.
Search
Close this search box.

ജീവിതവിജയത്തിന്  നബി(സ) നൽകിയ രണ്ട് ആയുധങ്ങൾ

وَعَنْ أبي يَحْيَى صُهَيْبِ بْنِ سِنَانٍ  قَالَ: قَالَ رَسُولُ الله : عَجَباً لأمْرِ الْمُؤْمِنِ إِنَّ أَمْرَهُ كُلَّهُ لَهُ خَيْرٌ، وَلَيْسَ ذَلِكَ لأِحَدٍ إِلاَّ للْمُؤْمِن: إِنْ أَصَابَتْهُ سَرَّاءُ شَكَرَ فَكَانَ خَيْراً لَهُ، وَإِنْ أَصَابَتْهُ ضَرَّاءُ صَبَرَ فَكَانَ خيْراً لَهُ. رواه مسلم.

തിരുദൂതർ അരുൾ ചെയ്യുന്നു: “ഒരു വിശ്വാസിയുടെ കാര്യം അത്ഭുതകരം തന്നെ!.. അവൻെറ/അവളുടെ എല്ലാ കാര്യവും അവർക്ക് ഗുണമായി ഭവിക്കുന്നു. അത് സത്യവിശ്വാസിക്കല്ലാതെ മറ്റാർക്കുമില്ല. വിശ്വാസിക്ക് ഇഷ്ടകരമായ കാര്യങ്ങളാണ് സംഭവിക്കുന്നതെങ്കിൽ അല്ലാഹുവിന് ശുക്റ് ചെയ്യുന്നു. അപ്പോൾ അയാൾക്ക് അത് നന്മയായിത്തീരുന്നു. വിഷമമാണ് ബാധിക്കുന്നതെങ്കിൽ അയാൾ സ്വബ്റ് ചെയ്യുകയും അങ്ങനെ അത് അയാൾക്ക് നന്മയായി ത്തീരുകയും ചെയ്യുന്നു ” (മുസ് ലിം)

കോവിഡ് 19 എന്ന ഈ മഹാമാരിയുടെ കാലത്ത് നമുക്ക് ഏറ്റവും പ്രത്യാശ പകരുന്ന നബിവചനമാണിത്. സുഖ,ദുഃഖ സമ്മിശ്രമാണ് ജീവിതം. ഒരു നാണയത്തിൻ്റെ രണ്ടു വശങ്ങൾ പോലെ… അല്ലെങ്കിൽ രാപ്പകലുകൾ പോലെ.. ഋതുഭേദങ്ങൾ പോലെ…

ജീവിതത്തിൽ സദാ സന്തോഷിക്കണമെന്നാണ് നാം ആഗ്രഹിക്കുന്നത്. പക്ഷെ സന്തോഷം മാത്രമായാൽ നാം നമ്മ തന്നെ മറന്നുകളയും. അല്ലാഹുവിനെയും ആഖിറത്തിനെയും മറക്കും. ഒപ്പം നാം അഹങ്കാരികളും ധൂർത്തന്മാരും ആയിത്തീരുകയും ചെയ്യും.

Also read: ഏതൊരു ലോകമാണ് കൊറോണാനന്തരം നമ്മെ കാത്തിരിക്കുന്നത്?

യഥാർത്ഥത്തിൽ ദു:ഖമാണ് സന്തോഷത്തിന് അർത്ഥം നൽകുന്നത്.ദു:ഖമില്ലെങ്കിൽ സന്തോഷത്തിൻ്റെ വില മനസ്സിലാവില്ല. അതിനാൽ നമ്മൾ പ്രശ്നങ്ങളെയും പ്രയാസങ്ങളെയും ഒരിക്കലും വെറുക്കാൻ പാടില്ല. അന്തിമ വിശകലനത്തിൽ എല്ലാ പ്രതിബന്ധങ്ങളും അനുഗ്രഹങ്ങളായി ഭവി ക്കും. അങ്ങനെയാണ് വിശുദ്ധ ഖുർആൻ ജീവിതത്തെ നിർവ്വചിക്കുന്നത്.

സന്തോഷത്തിലെന്ന പോലെ ദു:ഖത്തിലും ജീവിതത്തെ തളച്ചിടാൻപാടില്ല. അത് അലസതയിലേക്കും കർമരാഹി ത്യത്തിലേക്കും നയിക്കും. നമ്മുടെ ജീവിതം തന്നെ വേരറ്റ വൃക്ഷം പോലെ നിപതിക്കാൻ കാരണമായിത്തീരും. സന്തോഷത്തെ ശുക്റ് കൊണ്ടും ദു:ഖത്തെ സ്വബ്ർ കൊണ്ടും നേരിടണമെന്ന് പ്രവാചക ൻ പഠിപ്പിച്ചത് അതുകൊണ്ടാണ്. അപ്പഴാണ് സത്യവിശ്വാസി എന്ന നിലയിൽ നമ്മുടെ ജീവിതം അത്ഭുതകരമായിത്തീരുക!

എന്നാൽ എന്താണ് സ്വബ്ർ? പലരും കരു തുന്നതു പോലെ “ക്ഷമ” മാത്രമല്ല സ്വബ്ർ. ക്ഷമ സ്വബ്റിൻ്റെ ഘടകങ്ങളിൽ ഒന്ന് മാത്രമാണ്. സ്ഥൈര്യം, ആത്മനിയന്ത്രണം, അതിജീവനം.. എന്നിങ്ങനെ ഒരു ലക്ഷ്യം നേടാൻ ഉറച്ചു നിന്നു പ്രവർത്തിക്കുന്നതിൻ്റെ പേരാണ് സ്വബ്ർ (അതുകൊണ്ടാണ് ഖുർആൻ യുദ്ധരംഗത്തെ പ്രധാന ഗുണമായി സ്വബ്ർ എണ്ണിയത്). അവ്വിധം സ്വബ്ർ ഉൾക്കൊണ്ടു ജീവിച്ചാൽ തീർച്ചയായും ഏത് പ്രതിസന്ധി ഘട്ടത്തിലും അല്ലാഹു നമ്മെ സഹായിക്കുക തന്നെ ചെയ്യും. അറിയുക!…”ഇന്നല്ലാഹ മഅസ്വാബിരീൻ “

Related Articles