Current Date

Search
Close this search box.
Search
Close this search box.

റമദാനിലെ അവസാന നാളുകൾ മികച്ചതാക്കുക

كان رسول الله صلى الله عليه وسلم يجتهد في العشر الأواخر ما لا يجتهد في غيره

ആഇശ(റ)യിൽനിന്ന് നിവേദനം. അവർ പറഞ്ഞു: “നബി (സ) അവസാന പത്തിൽ അതല്ലാത്ത സമയത്ത് നടത്തിയതിനേക്കാൾ കൂടുതൽ പരിശ്രമിച്ചിരുന്നു.” (മുസ്‌ലിം)

റമദാനിലെ സമയത്തിന് അസാധാരണമായ വേഗമുണ്ടോ എന്ന് സംശയിച്ചുപോകുന്നു. അത്രമേൽ ധ്രുതഗതിയിലാണ് വ്രതനാളുകൾ ഓടിമറിയുന്നത്. കാത്തിരിപ്പിൻറെ ഓർമകളിൽ നിന്ന് കണ്ണുതുറക്കുമ്പോൾ സമാപനത്തിൻറെ ആരവങ്ങൾ കാഴ്ചപ്പെടുന്നപോലെ. സമയം അല്ലാഹുവിൻറെ നിയന്ത്രണത്തിലുള്ള കാര്യമാണ്. മനുഷ്യ താല്പര്യത്തിനനുസരിച്ച് ചുരുക്കാനും നീട്ടാനും സാധ്യമല്ല. നിർണിതമായ അളവിൽ ലഭ്യമായ സമയത്തെ പാഴാക്കാതെ പരമാവധി ആസൂത്രിതമായി വിനിയോഗിക്കാൻ പരിശ്രമിക്കലാണ് ബുദ്ധി.

വിശ്വാസിയുടെ എല്ലാ ദിവസങ്ങളും ഒരുപോലെയാകരുത്. ഇന്നലെയെക്കാൾ ഇന്ന് മികച്ചതാവണം. ഇന്നിനെക്കാൾ നന്നാവണം നാളെ. നന്മയിലധിഷ്ഠിതമായ വളർച്ചയുടെ ഗ്രാഫുയർത്തിക്കൊണ്ടാകണം പ്രയാണം. ഈമാനും സൽക്കർമങ്ങളും ശക്തിപ്പെടുകയും സ്വഭാവവും ആരാധനകളും വളർച്ച പ്രാപിക്കുകയും ദൈവസ്മരണകളിലൂടെയും പ്രാർഥനകളിലൂടെയും ദിനംപ്രതി റബ്ബുമായുള്ള ബന്ധം പുരോഗതിയുടെ പടികയറുകയും ചെയ്യേണ്ടതുണ്ട്. നമസ്കാരങ്ങളും നോമ്പുകളും വിരസമായ കേവലം ആവർത്തനങ്ങളാകരുത്. ഓരോന്നും കൂടുതൽ മികവിൻറെ അനുഭവങ്ങളാക്കി മാറ്റുവാൻ വിശ്വാസി അറിഞ്ഞുതന്നെ ശ്രമിക്കണം. അറിവും തിരിച്ചറിവും ഉത്തരവാദിത്തബോധവും സമരവീര്യവും കൂടുതൽ കരുത്ത്‌കാട്ടിക്കൊണ്ടിരിക്കണം.

റമദാൻ അവസാനിക്കുമ്പോൾ നഷ്‌ടബോധം സൃഷ്ടിക്കുന്ന വേദനയായി മാറാതിരിക്കാൻ ജാഗ്രതവേണം. റമദാനിന് അങ്ങിനെയൊരു ദുഃഖപര്യവസാനം സംഭവിക്കാതിരിക്കാൻ ശേഷിക്കുന്ന സമയത്തെ ബോധപൂർവം പ്രയോജനപ്പെടുത്താൻ പരിശ്രമിക്കാം. റമദാനിലെ അവസാനത്തിലെ വിലമതിക്കാനാകാത്ത നിമിഷങ്ങളെ പുണ്യ പ്രവാചകൻ സമർത്ഥമായാണ് വിനിയോഗിച്ചത്. ആദ്യ രണ്ട് പത്തുകളിൽ ചെയ്തതിനെക്കാൾ മികച്ച പ്രകടനം അവസാന പത്തിൽ കാഴ്ചവെച്ചു.

“كان النبي صلى الله عليه وسلم إذا دخل العشر أحيا الليل، وأيقظ أهله، وجدّ، وشد المئزر” [رواه البخاري، ومسلم].
“അവസാന പത്ത് വന്നെത്തിയാൽ പ്രവാചകൻ രാവിനെ ജീവിപ്പിക്കും. തൻറെ കുടുംബത്തെ വിളിച്ചുണർത്തും. നന്നായി പരിശ്രമിക്കും. മുണ്ട് മുറുക്കിയുടുക്കും.”(ബുഖാരി, മുസ്‌ലിം)

റമദാനിലെ അവസാന പത്തിൽ അതല്ലാത്ത കാലത്തിൽനിന്ന് വ്യത്യസ്തമായി ദൈവാനുസരണവും നമസ്കാരവും ദിക്‌റും ദുആകളും ഖുർആൻ പാരായണവും അടക്കമുള്ള ഇബാദത്തുകളെല്ലാം വർധിപ്പിക്കണമെന്നതിനുള്ള തെളിവാണ് ഈ തിരുമൊഴി. മഹത്വമേറിയ ആ സമയം റസൂലുല്ലാഹ് നാലു കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നതായി പ്രവാചക ജീവിതത്തെ ഏറ്റവും അടുത്തറിഞ്ഞ പ്രിയ പത്നി ആയിശ(റ) വെളിപ്പെടുത്തുകയാണീ വചനത്തിൽ.

രാത്രിയിൽ പ്രവാചകൻ ഉറക്കം വെടിഞ്ഞ് സ്വശരീരത്തെ ഉണർത്തി നിർത്തി. രാത്രി നമസ്കാരം ഉൾപ്പെടെയുള്ള ആരാധനകളിൽ മുഴുകി. പതിവിലേറെ ദൈർഘ്യം വർധിപ്പിച്ചു. അനുഗ്രഹീതമായ ആ സമയത്ത് ലഭ്യമാകുന്ന നന്മകളും പുണ്യങ്ങളും നേടുന്നതിൽ തൻറെ ഇണകളെ കൂടി പങ്കാളികളാക്കാൻ ജാഗ്രത പുലർത്തി. ആദ്യ ഇരുപത് ദിനങ്ങളിലെക്കാൾ ആരാധനകളിൽ തീവ്ര പരിശ്രമങ്ങൾ നടത്തി. അവസാന ദിനങ്ങളിലാണ് ലൈലത്തുൽ ഖദ്ർ എന്നതുതന്നെ ഏറ്റവും സുപ്രധാന കാരണം. “വിധി നിർണായക രാവിൽ ആരെങ്കിലും വിശ്വാസത്തോടും ആത്മവിചാരത്തോടും നമസ്കരിക്കുന്നുവെങ്കിൽ അവൻറെ കഴിഞ്ഞകാല പാപങ്ങളെല്ലാം പൊറുക്കപ്പെടും.” (ബുഖാരി). ലൈലതുൽ ഖദ്‌റിന് മഹത്വമേറെ കൈവന്നത് ആ രാവിലാണ് വിശുദ്ധ ഖുർആനിൻറെ അവതരണം ആരംഭിച്ചത് എന്നതുകൊണ്ടാണ്. അല്ലാഹു പറഞ്ഞു: “നിശ്ചയം നാമാണ് ലൈലത്തുൽ ഖദ്‌റിൽ ഖുർആനിനെ അവതരിപ്പിച്ചത്. ലൈലത്തുൽ ഖദ്ർ എന്തെന്ന് നിനക്കറിയാമോ? ആയിരം മാസത്തേക്കാൾ ശ്രേഷ്ഠമാണ് ലൈലത്തുൽ ഖദ്ർ. മലക്കുകളും ജിബ്‌രീലും ആ രാവിൽ എല്ലാ കാര്യങ്ങളിലുമുള്ള തീരുമാനങ്ങളുമായി തങ്ങളുടെ റബ്ബിൻറെ അനുമതിയോടെ ഇറങ്ങിവരും. പ്രഭാതോദയം വരെ അത് സമാധാനമാണ്.”(അൽഖദ്ർ)

ആ ദിവസങ്ങളിലാണ് പ്രവാചകൻ ഇഅതികാഫിൽ കഴിഞ്ഞിരുന്നത്. കുടുംബത്തിൽനിന്നു പോലും മാറി പള്ളിയിൽ തന്നെ ദൈവസ്‌മൃതിയിൽ കഴിയലാണല്ലോ ഇഅതികാഫ്. ഇബാദത്തിൽ നന്നായി വ്യാപൃതനാകുന്നതിന് ഇണകളിൽ നിന്നും മാറിനിന്ന് ആരാധനകളിൽ മുഴുകി. ലൈലത്തുൽ ഖദ്ർ ലഭിക്കാനായിരുന്നു റസൂൽ ആ സമയം ഇഅതികാഫിനായി തെരഞ്ഞെടുത്തിരുന്നത്. പ്രായോഗികമായി ലൈലത്തുൽ ഖദ്ർ ഉറപ്പുവരുത്താനുള്ള നടപടിയാണത്. അതിനാൽ നബി മരണം വരെ അത് തുടർന്ന്. ആ വിയോഗ ശേഷം അദ്ദേഹത്തിൻറെ ഭാര്യമാർ അത് നിർവഹിച്ചുപോന്നു. ഏറെ പുണ്യമുള്ള ആ കർമത്തോട് മുസ്‌ലിംകൾ നിർവികാരപരമായ നിലപാടുകൾ സ്വീകരിക്കുന്നത് വേദനാജനകമാണ്. ജുമുഅ നിർവഹിക്കപ്പെടുന്ന ഏത് പള്ളിയിലും ഇഅതികാഫ് അനുഷ്ഠിക്കാം. പത്ത് ദിവസത്തെ മുഴു സമയം അതിനായി മാറ്റിവെക്കാൻ പ്രയാസപ്പെടുന്നവർക്ക് ദിവസങ്ങൾ ചുരുക്കിയും ഒഴിവു സമയങ്ങളിൽ സാധ്യതയനുസരിച്ചും നിർവഹിക്കാവുന്നതാണ്.

റമദാനിലെ അവസാന നാളുകളിൽ സജീവമായി നടക്കേണ്ട ഒരു പ്രവർത്തനമാണ് ഫിത്ർ സകാത്ത്. റമദാൻ വ്രതാനുഷ്ഠാനം അവസാനിക്കുന്നതോടെ നിർബന്ധമാകുന്ന ദാനമാണ് സകാത്തുൽ ഫിത്ർ. പ്രായ-ലിംഗഭേദമില്ലാതെ ജീവിച്ചിരിക്കുന്ന എല്ലാ മുസ്ലിംകൾക്കും ബാധ്യതയാണിത്. ആകാശ ഭൂമികൾക്കിടയിൽ തങ്ങിനിൽക്കുന്ന നോമ്പ്, ഫിത്ർ സകാത്ത് നൽകുന്നതോടെയാണ് ഉയർന്നുപോകുക. പാവങ്ങൾക്ക് ആഹാരം എന്നപോലെ നോമ്പുകാരന് സംഭവിച്ച കുറ്റങ്ങളും കുറവുകളും പരിഹരിക്കലും അതിൻറെ ലക്ഷ്യമാണ്. സുന്നത്ത് നമസ്കാരം പോലെയോ മറവിയുടെ സുജൂദ് പോലെയോ ആണെന്ന് പണ്ഡിതമതം.

സന്തോഷത്തിൻറെ സന്ദർഭമായ പെരുന്നാൾ ദിനത്തിൽ സമൂഹത്തിൽ വിശക്കുന്നവരായി ആരും ഉണ്ടാവരുത്. അഗതികൾ അന്ന് യാചിക്കുന്ന സാഹചര്യം ഒഴിവാക്കണം. സകാത്ത് സാമ്പത്തിക ശേഷിയുള്ളവക്ക് നിർബന്ധമാകുമ്പോൾ ഫിത്ർ സകാത്ത് പാവപ്പെട്ടവനും നിർബന്ധം തന്നെ. ദാനശീലം പ്രോത്സാഹിപ്പിക്കുകയാണ് അതിലൂടെ. സ്വന്തത്തിനും കുടുംബത്തിനും ഒരു നാളത്തെ ആഹാരത്തിനുള്ള വക കൂടാതെ കയ്യിൽ മുതലുള്ള എല്ലാവരും തങ്ങൾക്കും ആശ്രിതർക്കും വേണ്ടി ഫിത്ർ സകാത്ത് നൽകണം. പ്രാദേശിക വിഭവനകളോ പണമോ നൽകാം. പെരുന്നാളിൽ കഴിക്കുന്ന വിശിഷ്ടാഹാരം നൽകുന്നതാണ് ഉത്തമം. റമദാൻ അവസാനിക്കുന്നതിൻറെ മൂന്നു ദിവസം മുമ്പ് മുതൽ കൊടുക്കാൻ തുടങ്ങാം. പെരുന്നാൾ നമസ്കാരത്തിന് മുമ്പായി കൊടുത്തിരിക്കണം.

വിലപ്പെട്ട നിമിഷങ്ങൾ കൊഴിഞ്ഞുപോയിക്കൊണ്ടിരിക്കുന്ന സവിശേഷമായ ഈ സന്ദർഭത്തിൽ കുടുംബത്തെയും ആരാധനകളിൽ നിരന്തര പ്രേരണ നൽകി കർമനിരതമാക്കാൻ വിശ്വാസിക്ക് ബാധ്യതയുണ്ട്. ഓരോരുത്തരെയും തൽപരരാക്കി ഉണർത്തൽ കുടുംബനാഥൻ ഉത്തരവാദിത്തമായി കാണണം. “വിശ്വസിച്ചവരേ, നിങ്ങൾ നിങ്ങളെയും കുടുംബത്തെയും നരകത്തിൽനിന്ന് കാക്കുക” എന്ന കൽപ്പനയുടെ പൊരുൾ കൂടുതൽ കത്തിനിൽക്കേണ്ട സന്ദർഭമാണിത്. ഇപ്പോഴല്ലാതെ പിന്നെപ്പോഴാണ് കുടുംബത്തിൽ ഒരിടപെടൽ നമുക്ക് സാധ്യമാവുക. കുടുംബത്തിലെ ഓരോരുത്തരും രാത്രി സമയം ഉപകാരപ്രദമായതിലേക്ക് മാത്രം ശ്രദ്ധ തിരിക്കണം. അനാവശ്യ കാര്യങ്ങളിൽ സമയം പാഴാക്കുന്നത് കരുതണം. ജനം തറാവീഹ് നമസ്കാരത്തിലും തഹജ്ജുദിലും പ്രാർത്ഥനകളിലും കഴിയുമ്പോൾ അവിശുദ്ധ കൂട്ടുകെട്ടുകളിൽ അനാവശ്യ ഒത്തുകൂടലുകളിൽ കഴിയുന്നവർ കൊടിയ പരാജയമാണ്.

റമദാൻ മാസാന്ത്യത്തിലെ പത്ത് ദിനരാത്രങ്ങൾ സവിശേഷ കർമങ്ങൾ കൊണ്ട് ധന്യമാക്കണം. സർവലോക നാഥൻറെ മുന്നിൽ മനസ്സ് തുറന്ന് തേടിയ, കണ്ണുകൾ നിറഞ്ഞൊഴുകിയ രാത്രിയിൽ ലൈലത്തുൽ ഖദ്ർ ലഭ്യമാക്കണം. മുൻകഴിഞ്ഞ പാപങ്ങളിൽനിന്നെല്ലാം പൊറുക്കൽ നേടണം. കഴിഞ്ഞുപോയ ആയുസ്സിൽ നഷ്ടപ്പെട്ടത് വീണ്ടെടുക്കാൻ റമദാനിലെ ശേഷിക്കുന്ന സമയത്തെ കർമങ്ങൾകൊണ്ട് സാധിക്കണം. വ്രതകാലത്തിലെ ആദ്യ ദിനങ്ങളിൽ നമസ്കാരവും ഖുർആൻ പാരായണവും സൽക്കർമങ്ങളുമെല്ലാമായി ഉഷാറായിരുന്ന ചിലരെ അവസാനത്തിലെത്തുമ്പോൾ ക്ഷീണിച്ചതായി കാണാം.

അവസാന പത്തിൽ ആദ്യത്തേക്കാൾ മികച്ച പ്രവർത്തനങ്ങൾ കാഴ്ച്ചവെച്ചെ മതിയാകൂ. കാരണം, കർമങ്ങൾ അതിൻറെ അവസാനം കൊണ്ടാണ് പരിഗണിക്കപ്പെടുന്നത്. കർമങ്ങളിൽ ആ ഉപാധി പൂർത്തിയാക്കിയാൽ സ്വീകാര്യമാവും. അതിനാൽ അതിലാവട്ടെ മത്സരിക്കുന്നവരുടെയെല്ലാം മത്സരം.

ഈ പ്രാർഥന നിർവഹിക്കേണ്ട സന്ദർഭം കൂടിയാണിത്.
الهم أحسن عاقبتنا فى لأمور كلها وأجرنا من خزي الدنيا وعذاب الأخرة – رواه أحمد والطبرانى
“അല്ലാഹുവേ, സകലകാര്യങ്ങളിലും ഞങ്ങളുടെ പര്യവസാനം നീ നന്നാക്കേണമേ. ഭൗതികലോകത്തിലെ നിന്ദ്യതയിൽനിന്നും പരലോകത്തിലെ ശിക്ഷയിൽനിന്നും ഞങ്ങളെ രക്ഷപ്പെടുത്തേണമേ.”

Related Articles