Hadith Padanam

സ്വവർഗരതിയെന്ന മഹാപാപം

عن جابر رضي الله عنه قال:قال رسول الله صلى الله عليه وسلم إن أخوف ما أخاف على أمتي من عمل قوم لوط (رواه ابن ماجة و الترمذي)

ജാബിറിറ്ര) ൽ നിന്ന്. നബി (സ) പറഞ്ഞു: “എന്റെ സമൂഹത്തിന്റെ കാര്യത്തിൽ ഞാനേറ്റവുമധികം ഭയപ്പെടുന്നത് ലൂത്വിന്റെ സമുദായത്തിന്റെ പ്രവൃത്തിയാണ് “.(ഇബ്നുമാജ, തിർമിദി)

സ്വവർഗരതി എന്ന നീചവൃത്തിയുടെ ഗൗരവത്തെ കുറിക്കുന്നതാണ് ഉപര്യുക്ത നബിവചനം. സ്വവർഗരതി വീണ്ടും ചർച്ചയായ ഒരു ഘട്ടത്തിൽ ഈ ഹദീസിന് കാലിക പ്രസക്തിയുണ്ട്. സ്വവർഗരതിയെന്നത് മുൻ കഴിഞ്ഞുപോയ ഒരു ജനത തൂത്തെറിഞ്ഞ മഹാപാപമാണ്. ലൂത്വ് ജനതയുടെ ദുഷ്പ്രവൃത്തി ചെയ്യുന്ന ഏതൊരുത്തനെയും അല്ലാഹു ശപിചിരിക്കുന്നുവെന്ന് ഒരിക്കൽ പ്രവാചകൻ പറയുകയുണ്ടായി. ഇത് മൂന്ന് പ്രാവശ്യം ആവർത്തിച്ച് പറയുന്നുണ്ട് നബി (സ). അത്രത്തോളം ഗൗരവതരമായ സമീപനമാണ് ഇസ്ലാം ഇക്കാര്യത്തിൽ വെച്ച് പുലർത്തുന്നത്. വിശുദ്ധ ഖുർആൻ പറയുന്നു:” ലൂത്വിനെയും നാം നിയോഗിച്ചു. അദ്ദേഹം തന്റെ ജനത്തോട് പറഞ്ഞതോർക്കുക;നിങ്ങൾക്ക് മുമ്പ് ലോകരിലാരും ചെയ്തിതിട്ടില്ലാത്ത നീചവൃത്തിയിലാണോ നിങ്ങളേർപ്പെട്ടിരിക്കുന്നത്? നിങ്ങൾ സ്ത്രീകളെ ഒഴിവാക്കി ഭോഗേഛയോടെ പുരുഷന്മാരെ സമീപിക്കുന്നു. അല്ല, നിങ്ങൾ കൊടിയ അതിക്രമികൾ തന്നെ ” (അൽ അഅറാഫ് 80-81).

Also read: ഗ്രന്ഥരചനക്കായി ജീവിതം മാറ്റിവെച്ചവർ

ലൂത്വ് നബിയുടെ ജനതയെ ദൈവശിക്ഷക്ക് വിധേയമാക്കിയ ദുഷ്പ്രവൃത്തിയെ സംബന്ധിച്ചാണ് ഇവിടെ സൂചിപ്പിക്കുന്നത്. ലൂത്വ് സമുദായത്തിന്റെ തന്നെ വിശേഷണവും പ്രതിനിധാനവും ഈയൊരു കുറ്റകൃത്യമാണ്. എത്ര വലിയ താക്കീതുകൾ നൽകിയിട്ടും ആ ജനത അതിൽ നിന്ന് പിന്മാറാൻ തയാറായില്ല എന്നതാണ് വസ്തുത. ആധുനിക പാശ്ചാത്യ നാഗരികതയും ഈയൊരു മഹാപാപത്തെ ഏറ്റെടുക്കുകയാണ് ചെയ്തതെന്നത് വിരോധാഭാസമാണ്. പല രാജ്യങ്ങളിലെയും നിയമനിർമാണ സഭകൾ ഈ നീചവൃത്തിക്ക് തണലേകുകയാണ് ചെയ്തത്. സന്താനോൽപ്പാദനവും വംശ നിലനിൽപ്പും പ്രദാനം ചെയ്യാത്ത സ്വവർഗരതി തികച്ചും പ്രകൃതിവിരുദ്ധമാണെന്ന് സുതരാം വ്യക്തമാണ്. മനുഷ്യനിൽ നിന്നു തന്നെ ദൈവം ഇണകളെ സൃഷ്ടിച്ചത് പുതിയൊരു സാമൂഹിക ക്രമത്തെ കെട്ടിപ്പടുക്കുന്നതിനാണ്. ആ സാമൂഹികക്രമം ഉന്മൂലനം ചെയ്യുകയാണ് യഥാർഥത്തിൽ സ്വവർഗരതി. സ്ത്രീയുടെയും പുരുഷന്റെയും ശാരീരിക-മാനസിക ഘടന ഇരുവരുടെയും ദാമ്പത്യ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ പാകത്തിൽ സൃഷ്ടിക്കപ്പെട്ടവയാണ്. സ്വവർഗരതി ഒരിക്കലും മാനുഷികമോ, പ്രകൃതിക്കിണങ്ങിയതോ അല്ല. ഇസ് ലാമിക ശരീഅത്ത് അതിനെ സാധൂകരിക്കുന്നുമില്ല. ഇസ്ലാമിക ശരീഅത്ത് മനുഷ്യനന്മയാണ് ലക്ഷ്യമിടുന്നത്. അതിനുവേണ്ടിയാണ് നിലകൊള്ളുന്നതും. ശാരീരിക പ്രത്യാഘാതങ്ങളുണ്ടാക്കുന്നവയെ തടുക്കുകയാണ് ഇസ് ലാമിക ശരീഅത്ത് ചെയ്യുന്നത്.

ചരിത്രത്തെ മറന്നു കൊണ്ട് മനുഷ്യൻ തന്നിഷ്ടം കാണിക്കുന്നതും, അതോടൊപ്പം സാമൂഹിക അരാജകത്വം അരങ്ങുവാഴാൻ ഹേതുവാക്കുന്ന നിയമവ്യവസ്ഥകളെ കൂട്ടുപിടിക്കുന്നതുമാണ് ഈ നാടിന്റെ ശാപം. ലോകത്ത് ധാരാളം സ്ത്രീകളുണ്ടായിട്ടും ലൈംഗികവികാരം ശമിപ്പിക്കുന്നതിന് പുരുഷന്മാർ പുരുഷന്മാരെ മാത്രം സമീപിക്കുന്ന ഒരു ജനത ലൂത്വ് നബിയുടെ ജനതക്കു മുമ്പ് കഴിഞ്ഞുപോയിട്ടില്ലെന്ന് ഖുർആൻ പറയുന്നുണ്ട്. വികാരപൂർത്തീകരണത്തിനു വേണ്ടി ദൈവം സൃഷ്ടിച്ചുതന്നിട്ടുള്ള ഇണകളെ ഉപേക്ഷിച്ച് നിങ്ങൾ പ്രകൃതി വിരുദ്ധമായ മാർഗങ്ങൾ ഉപയോഗിക്കുകയാണോ എന്നും ഖുർആൻ ചോദിക്കുന്നു. ചരിത്രം വെറുതെ വായിച്ച് അയവിറക്കാനോ ഊറ്റം കൊള്ളാനോ ഉള്ളതല്ല. അതിൽ നിന്ന് ഒരുപാട് പാഠങ്ങൾ പഠിക്കാനുണ്ട്. ചരിത്രപഠനത്തിൽ അശ്രദ്ധരാവുകയും, അത്തരം തിന്മകളിലേക്ക് നയിക്കുന്ന തരത്തിൽ സാഹചര്യം പാകപ്പെടുകയുമാണെങ്കിൽ, ഘോരനാശം വിളിപ്പുറത്തുണ്ടെന്ന് താക്കീതു ചെയ്യാനേ നിവൃത്തിയുള്ളൂ.

Facebook Comments
Related Articles
Close
Close