Current Date

Search
Close this search box.
Search
Close this search box.

‘റമദാൻ സമാഗതമായാൽ സ്വർഗ കവാടങ്ങൾ തുറക്കപ്പെടും’

وعن أبي هريرة ، أَنَّ رسولَ اللَّهِ  قالَإِذا جَاءَ رَمَضَانُ، فُتِّحَتْ أَبْوَابُ الجنَّةِ،
وغُلِّقَت أَبْوَابُ النَّارِ، وصُفِّدتِ الشياطِينُ 

അബൂ ഹുറൈറ (റ) ൽ നിന്ന് നിവേദനം: പ്രവാചകൻ പറഞ്ഞു: റമദാൻ സമാഗതമായാൽ സ്വർഗ കവാടങ്ങൾ തുറക്കപ്പെടും, നരക കവാടങ്ങൾ അടക്കപ്പെടും. പിശാചുക്കൾ ബന്ധിക്കപ്പെടുകയും ചെയ്യും. (ബുഖാരി, മുസ്ലിം, തിർമിദി)

മനുഷ്യർക്കാകമാനം സന്മാർഗദർശനമായും സുവ്യക്തമായ സന്മാർഗ പ്രമാണമായും സത്യാസത്യങ്ങളെ വേർതിരിച്ച് കാണിക്കുന്ന ഉരകല്ലായും ഖുർആൻ അവതരിച്ച മാസമാകുന്നു റമദാൻ. അതിനാൽ നിങ്ങളിൽ ആര് ആ മാസം ദർശിക്കുന്നുവോ അവൻ ആ മാസം മുഴുവൻ വ്രതം അനുഷ്ടിക്കേണ്ടത് നിർബന്ധമാവുന്നു. (അൽ ബഖറ:185). അല്ലാഹു നമുക്ക് ഒരുക്കി വച്ചിരിക്കുന്ന ഒരു മഹത്തായ മാസത്തെക്കുറിച്ചുള്ള സുവിശേഷം. അവന്റെ അനുഗ്രഹങ്ങൾ ആലിപ്പഴം പോലെ പെയ്തിറങ്ങുന്ന ദിനരാത്രങ്ങൾ. അവയിതാ നമ്മുടെ അരികിലേക്ക് വന്നുകൊണ്ടിരിക്കുന്നു.

Also read: ളഈഫായ ഹദീസുകൾ ഉദ്ധരിക്കുമ്പോൾ

ഇതിലും വലിയൊരവസരം ഇനി നമുക്ക് കിട്ടുമോ? എല്ലാ തിരക്കുകളുമൊഴിഞ്ഞ് വീട്ടിലിരിക്കുന്ന സമയം. മുന്നോട്ട് നോക്കുമ്പോൾ കാണുന്ന കാഴ്ച നമുക്ക് പ്രതീക്ഷ നൽകുന്നുണ്ട്. മുമ്പും ഇതേ അവസരം നമ്മുടെ മുന്നിലൂടെ കടന്ന് പോയിരുന്നു. പക്ഷെ, അന്നൊന്നും നമ്മുടെ തിരക്കുകൾ മൂലം ആ അവസരം ഫലപ്രദമായി വിനിയോഗിക്കാൻ നമുക്ക് സാധിച്ചില്ല . എന്നാൽ ഇത്തവണ നാമത് വിനിയോഗിക്കും. നേരെ നോക്കിയാൽ സ്വർഗകവാടം മലർക്കെ തുറന്നുവച്ച് മാലാഖമാർ കൈനീട്ടി വിളിക്കുന്നു. നരകത്തിന് ഇനി ലോക്ഡൗണിന്റെ നാളുകളാണ്.

നമുക്കിടയിൽ ഓടി നടന്ന് നമ്മുടെ മനസ്സുകളിൽ വൈറസ് പടർത്തിയ പിശാച് ഇനി ഐസലേഷനിൽ ബന്ധനസ്ഥനാണ്. നമ്മുടെ നാട്ടിൽ കണ്ട ചില സാമൂഹ്യ ദ്രോഹികളെ പോലെ അവൻ ക്വാറന്റൈൻ ലംഘിച്ച് സമൂഹത്തിലിറങ്ങി ഇനിയും വൈറസ് പടർത്താൻ ശ്രമം നടത്തിക്കൊണ്ടിരിക്കും. എന്നാൽ നാം അവനെ നിരാശനാക്കും. അവന്റെ വൈറസിനെ തടയാൻ നമ്മുടെ പക്കൽ ‘വ്രതം’ എന്ന ശക്തിയേറിയ ഒരു മാസ്കുണ്ട്. വരാൻ പോവുന്ന മുപ്പത് ദിവസം നാമത് മുറുക്കിക്കെട്ടും. ‘വ്രതം ഒരു പരിചയാണ്’ എന്ന് പ്രവാചകൻ പറയുന്നുണ്ടല്ലോ.

Also read: സംവാദത്തിന്റെ തത്വശാസ്ത്രം -അഞ്ച്

വിശ്വസിച്ചവരേ, നിങ്ങൾക്ക് മുമ്പുള്ള പ്രവാചകന്മാരുടെ അനുയായികൾക്ക് നിർബന്ധമാക്കപ്പെട്ടത് പോലെ നിങ്ങൾക്കും നോമ്പ് നിർബന്ധമാക്കപ്പെട്ടിരിക്കുന്നു. അതുവഴി നിങ്ങളിൽ തഖ് വയുണ്ടായേക്കാം (അൽ ബഖറ: 183). നാം ഒരുപാട് കഷ്ടപ്പെടുന്നുണ്ട്, സമൂഹത്തിൽ പടർന്നുപിടിച്ച മഹാമാരികൊണ്ട്. ഇത് വരെ നാം അതിനെ നേരിട്ടത് നമ്മുടെ സൂക്ഷ്മത കൊണ്ടും ക്ഷമ കൊണ്ടും തഖ് വ കൊണ്ടുമാണ്. ഇനി അതിന് പരിഹാരമാവാൻ കാരണമായിത്തീരുന്നതും റമദാനിന്റെ നാളുകളിൽ നാം നടത്തുന്ന ആരാധനാ കർമ്മങ്ങളും ദൈവസ്മരണകളും പ്രാർത്ഥനകളുമായിരിക്കും. അത്രയും വലിയ ആയുധമല്ലോ നമ്മുടെ കയ്യിലുള്ള ഈ ദൈവഭക്തി. ഒരുപാട് ആഴ്ചകൾ ജുമുഅയും ജമാഅത്തായുള്ള നമസ്കാരങ്ങളുമില്ലാതെ കടന്നുപോയി എന്ന കാര്യം നമ്മെ ദുഖിപ്പിക്കുന്നുണ്ട്. എന്നാൽ നാം നാഥനോട് പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നുണ്ട്, ‘റമദാനിലെങ്കിലും നിന്റെ ഭവനങ്ങൾ ഞങ്ങൾക്ക് തുറക്കാൻ സാധ്യമാക്കി തരണേ’ എന്ന്. നമ്മുടെ പ്രാർത്ഥന അവൻ സ്വീകരിക്കും എന്ന് തന്നെയാണ് നമ്മുടെ ശക്തമായ പ്രതീക്ഷ. അഥവാ നമ്മുടെ ആഗ്രഹം സാധ്യമായില്ലെങ്കിലും നാം നിരാശപ്പെടേണ്ടതില്ല. ഇനി വരുന്ന വ്രതാനുഷ്ടാനത്തിന്റെ നാളുകൾ വിശ്വാസികളെ സംബന്ധിച്ചെടത്തോളം സന്തോഷത്തിന്റെ നാളുകളാണ്.

“നോമ്പുകാരന് രണ്ട് സന്തോഷങ്ങളുണ്ട്. നോമ്പ് തുറക്കുമ്പോൾ നോമ്പ് തുറയുടെ സന്തോഷം. തന്റെ രക്ഷിതാവിനെ കണ്ടുമുട്ടുമ്പോൾ നോമ്പെടുത്തതിന്റെ സന്തോഷം. (ബുഖാരി മുസ്ലിം). ഇത്തവണ റമദാനിൽ നാം ആ സന്തോഷം നേടിയെടുക്കും എന്ന കാര്യം ഉറപ്പാണ്.
തുറന്നുവച്ച സ്വർഗകവാടങ്ങൾ കടന്ന് റബ്ബിന്റെ ചാരത്തണയുമ്പോൾ നാം അവന് വേണ്ടി നോമ്പെടുത്തല്ലോ എന്ന അഭിമാനത്തോടെ തലയുയയർത്തി അവനെ അഭിമുഖീകരിക്കാം എന്ന സന്തോഷം. പ്രവാചകൻ പറഞ്ഞു: ഈമാനോടും പ്രതിഫലേച്ഛയോടും കൂടി ആരെങ്കിലും റമദാനിൽ വ്രതമനുഷ്ടിക്കുകയും രാത്രി നമസ്കരിക്കുകയും ചെയ്താൽ അവന്റെ കഴിഞ്ഞുപോയ പാപങ്ങളെല്ലാം പൊറുക്കപ്പെടും. (ബുഖാരി, മുസ്ലിം, തിർമിദി).

 

Related Articles