Current Date

Search
Close this search box.
Search
Close this search box.

വീടുകളിലെ സുന്നത്ത് നമസ്കാരം

عن زيدِ بنِ ثابتٍ، قال: قال رسولُ اللهِ صلى الله عليه وسلم: «صلُّوا أيُّها الناسُ في بُيوتِكم؛ فإنَّ أفضلَ صلاةِ المرءِ في بيتِه إلَّا الصلاةَ المكتوبةَ

സൈദ്ബ്‌നു സാബിത്തിൽനിന്ന് നിവേദനം. നബി(സ) പറഞ്ഞു: “ജനങ്ങളേ,നിങ്ങളുടെ വീടുകളിൽ വെച്ച് നമസ്കരിക്കുക. നിശ്ചയം നമസ്കാരത്തിൽ ഏറ്റവും ശ്രേഷ്ഠമായത്, നിർബന്ധ നമസ്കാരം ഒഴികെ ഒരാൾ തൻറെ വീട്ടിൽ വെച്ച് നിർവഹിക്കുന്ന നമസ്‌കാരമാണ്” (ബുഖാരി)

പ്രവാചക ശിഷ്യന്മാരായ സ്വഹാബികൾ ഇബാദത്തുകൾക്ക് ഉയർന്ന സ്ഥാനം കല്പിക്കുന്നവരും നന്മയിൽ മത്സരിക്കുന്നവരുമായിരുന്നു. പ്രവാചക സാമീപ്യം നേടുന്നതിലവർ അത്യാശയുള്ളവരായിരുന്നു. നിർബന്ധവും ഐഛികവുമായ ആരാധനകൾ അദ്ദേഹത്തോടൊപ്പം നിർവഹിക്കാൻ അവർ കൊതിച്ചിരുന്നു. റസൂലുല്ലാഹ് അതിനവരെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. ഏറ്റവും ഉൽകൃഷ്ടമായതിലേക്ക് അവരെ നയിച്ചുകൊണ്ടിരുന്നു

റമദാനിൽ പ്രവാചകൻ മസ്ജിദുന്നബവിയിൽ ജനങ്ങൾക്കും അദ്ദേഹത്തിനും ഇടയിൽ ഒരു മറയിട്ട് മുറി രൂപപ്പെടുത്തിയിരുന്നു. അത് പള്ളിയിലെ ഏകാന്തവാസത്തിനുപറ്റിയ മുറി മാത്രമായിരുന്നു. ഭാര്യമാരിൽ ആരുടെയെങ്കിലും കൂടെ കഴിയുക അതിൻറെ ഉദ്ദേശ്യമായിരുന്നില്ല. പ്രവാചക പത്നിമാരുടെ ഭവനങ്ങൾ പുറത്തുള്ളവർക്ക് അകത്തുള്ളവരെ കാണാൻ പറ്റാത്ത വിധം മറയ്ക്കുന്ന ചുമരുണ്ടായിരുന്നു. അവ്വിധമല്ല തിരുനബി റമദാനിൽ പള്ളിയിൽ നാലുഭാഗവും മറച്ചുകെട്ടിയ ഒരിടം രൂപപ്പെടുത്തിയത്. അദ്ദേഹത്തിന് ഐച്ഛിക നമസ്കാരങ്ങൾ നിർവഹിക്കാനായിരുന്നു അത്. ആളുകൾ മുന്നിലൂടെ നടന്ന് നമസ്കാരത്തിലെ ഏകാഗ്രത നഷ്ടപ്പെടാതിരിക്കാനും ഭക്തിക്ക് ഭംഗംവരാതിരിക്കാനുമായിരുന്നു അങ്ങിനെ ചെയ്തത്. പള്ളിയിൽ വരുന്ന നമസ്കാരക്കാർക്കും മറ്റും അത് പ്രയാസം സൃഷ്ട്ടിച്ചിട്ടില്ല. നബി ഈ മുറിയിൽ റമദാനിൽ രാത്രി നമസ്കാരം നിർവഹിച്ചു. പിൽക്കാലത്ത് തറാവീഹ് എന്ന് ആ നമസ്കാരം അറിയപ്പെട്ടു. നബി റമദാനിലും റമദാനല്ലാത്തപ്പോഴും നമസ്കരിച്ചത് ഒരേ അളവിലാണെന്നും അത് വിത്ർ അടക്കം പതിനൊന്ന് റകഅത്ത് ആണെന്നും ഹദീസുകളിലുണ്ട്. നബി നമസ്കരിക്കുന്നതറിഞ്ഞ് ജനം ഏറെ ആവേശത്തോടെ ഒരുമിച്ചുകൂടി റസൂലിൻറെ പിന്നിൽ നമസ്കരിച്ചിരുന്നു. അത് കണ്ടപ്പോൾ നബി പുറത്തിറങ്ങാതിരുന്നു. പള്ളിയിലെ ആ മുറിയിൽ നമസ്കരിക്കുന്നത് സ്വയം മതിയാക്കി. അവരോട് പറഞ്ഞു: ‘എന്നോടൊപ്പം രാത്രിനമസ്കാരത്തിനുള്ള നിങ്ങളുടെ താൽപര്യം ഞാൻ മനസ്സിലാകുന്നു. ‘എന്നിട്ടും സംഘടിതമായ ആ നമസ്കാരത്തെ ഒഴിവാക്കാനുള്ള കാരണം പറഞ്ഞത്; ‘ഈ നമസ്കാരം നിങ്ങൾക്ക് നിർബന്ധമാക്കപ്പെടുമോയെന്ന് ഞാൻ ഭയപ്പെടുന്നു’ എന്നാണ്.

ആ സന്ദർഭത്തിലാണ് മുകളിൽ കൊടുത്ത വചനം റസൂൽ മൊഴിഞ്ഞത് ഇസ്‌ലാമിൻറെ പൊതുഅടയാളങ്ങളായി ഗണിക്കപ്പെടുന്ന പെരുന്നാൾ നമസ്കാരങ്ങൾ, ഗ്രഹണ നമസ്കാരങ്ങൾ , മഴക്കുവേണ്ടിയുള്ള നമസ്കാരം പോലുള്ളതൊഴിച്ച് എല്ലാ ഐച്ഛിക നമസ്കാരങ്ങളും വീടുകളിവെച്ച് നിർവഹിക്കലാണ് ഏറ്റവും ശ്രേഷ്ട്ടമെന്നത് വളരെ വ്യക്തമായ കാര്യമാണ്. പള്ളിയിൽ കയറിയാൽ പള്ളിയോടുള്ള അഭിവാദ്യമെന്ന നിലയിൽ നിർവഹിക്കുന്ന രണ്ട് റകഅത്ത് തഹിയ്യത് നമസ്കാരം സവിശേഷം പള്ളിയിൽ ചെയ്യേണ്ടതാണല്ലോ. അപ്പോൾ ഒരു ചോദ്യം സ്വാഭാവികമാണ്: ഏറ്റവും ശ്രേഷ്ഠമായതുപേക്ഷിച്ച് നബി പള്ളിയിൽവെച്ച് ഐച്ഛിക നമസ്കാരം നിർവഹിച്ചത് എന്തുകൊണ്ടായിരിക്കും? പ്രസ്തുത നമസ്കാരങ്ങൾ ജനങ്ങളെ പഠിപ്പിക്കാനും പള്ളിയിൽ വെച്ചും അത് നിർവഹിക്കാനുള്ള അനുവാദത്തെ ബോധ്യപ്പെടുത്താനും വേണ്ടിയാണ് നബി തിരുമേനി അങ്ങിനെ ചെയ്തതെന്ന് മനസ്സിലാക്കാം.

വീട്ടിൽ വെച്ച് ഐച്ഛികമായ നമസ്കാരങ്ങൾ നിർവഹിക്കാൻ നബി പ്രേരിപ്പിച്ചതിൻറെ കാരണം എന്തായിരിക്കും? ചില ആരാധനകൾ രഹസ്യമായി ചെയ്യുക, പ്രദർശനപരതയിൽനിന്ന് വിട്ട് നിൽക്കുക, അവ മുഖേന വീട്ടിൽ അല്ലാഹുവിൻറെ അനുഗ്രഹങ്ങൾ വർഷിക്കുക, വിശ്വാസികൾ താമസിക്കുന്നേടത്ത് പിശാചിനെ കുടിപാർക്കാൻ അനുവദിക്കാതിരിക്കുക തുടങ്ങിയ ബഹുമുഖ ലക്ഷ്യങ്ങൾ അതിനുണ്ടെന്ന് കാണാം.

ഐച്ഛിക നമസ്കാരങ്ങളിൽ ഇമാമില്ലാതെ തനിച്ച് ചെയ്താൽ തന്നെ അതിൻറെ പൂർണതയുണ്ട്. പുണ്യം കുറയാതെ ലഭിക്കുകയും ചെയ്യും. അവ പള്ളിയിൽ വെച്ചാകുമ്പോൾ പുണ്യം വർധിക്കുന്നുമില്ല. വീട്ടിൽ വെച്ചാകുമ്പോൾ അനേകം നേട്ടങ്ങളു ണ്ട് താനും. അതുവഴി സത്യവിശ്വാസികൾക്ക് വീട്ടിൽവെച്ച് അവ നിർവഹിക്കുന്നതിന് താല്പര്യമുണരുന്നു. എങ്കിലും കരുതേണ്ട ഒരു കാര്യമുണ്ട്. സുന്നത്ത് നമസ്കാരങ്ങൾ പാഴായിപ്പോകാതിരിക്കാനുള്ള ജാഗ്രതയാണത്. പള്ളികളിൽ വെച്ച് നിവഹിക്കുന്നതിനേക്കാളും ഉത്തമം വീട്ടിൽ വെച്ച് ചെയ്യുന്നതാണെങ്കിലും, നമസ്കാര സമയത്ത് വീട്ടിൽനിന്ന് അകന്ന് അങ്ങാടിയിലോ മറ്റ് തൊഴിലിടങ്ങളിലോ ആകുന്നവർ നമസ്കരിക്കാൻ എത്തിച്ചേരുന്ന പള്ളികളിൽ വെച്ചുതന്നെ അവ നിർവഹിക്കലാണ് ഏറെ പുണ്യമുള്ള സുന്നത്തുകൾ നഷ്ടപ്പെടാതിരിക്കാൻ ചെയ്യേണ്ടത്.

നബി(സ) പറഞ്ഞു: “ഒരാൾ തൻറെ വീട്ടിൽ വെച്ച് നിർവഹിക്കുന്ന സുന്നത്ത് നനസ്കാരം ഒരു പ്രകാശമത്രെ. ഉദ്ദേശിക്കുന്നവൻ തൻറെ വീട് പ്രകാശിപ്പിച്ചുകൊള്ളട്ടെ” ഇബ്നു ഉമറിൽനിന്ന് ഇമാം അഹ്‌മദ്‌

നബി(സ) പറഞ്ഞു: “ഒരാൾ വീട്ടിൽവെച്ച് നമസ്കരിക്കുന്നത് എൻറെ ഈ പള്ളിയിൽവെച്ച് നമസ്കരിക്കുന്നതിനേക്കാൾ പുണ്യകരമാണ്. എന്നാൽ നിർബന്ധ നമസ്കാരം അങ്ങനെയല്ല.” അബൂദാവൂദ്

Related Articles