Current Date

Search
Close this search box.
Search
Close this search box.

തള്ളിമറിക്കലുകള്‍ക്കെതിരെ പ്രവാചക വചനങ്ങള്‍

روى الترمذيُّ عن جابرِ بنِ عبد الله رضي الله عنه، أنَّ رسول الله صلى الله عليه وآله وسلم قال: «إِنَّ مِنْ أَحَبِّكُمْ إِلَيَّ وَأَقْرَبِكُمْ مِنِّي مَجْلِسًا يَوْمَ القِيَامَةِ أَحَاسِنَكُمْ أَخْلَاقًا، وَإِنَّ أَبْغَضَكُمْ إِلَيَّ وَأَبْعَدَكُمْ مِنِّي مَجْلِسًا يَوْمَ القِيَامَةِ الثَّرْثَارُونَ وَالمُتَشَدِّقُونَ وَالمُتَفَيْهِقُونَ»، قَالُوا: يَا رَسُولَ الله قَدْ عَلِمْنَا الثَّرْثَارُونَ وَالمُتَشَدِّقُونَ، فَمَا المُتَفَيْهِقُونَ؟ قَالَ: «المُتَكَبِّرُونَ».

നബി (സ) പറയുന്നു:നിങ്ങളിൽ എനിക്കേറ്റവും പ്രിയപ്പെട്ടവരും എന്നോട് ചേർന്നിരിക്കുന്നവരും സൽസ്വഭാവികളാണ്. എന്നാൽ എനിക്കേറ്റവും വെറുക്കപ്പെട്ടവരും വളരെ അകന്നുമാത്രം ഇരിപ്പിടം കിട്ടുന്നവർ സർസാറുകളും മുതശദ്ദിഖുകളും മുതഫൈഹിഖുകളുമാണ്. അപ്പോൾ സ്വഹാബികൾ പറഞ്ഞു: ആദ്യ പദങ്ങൾ മനസ്സിലായി. എന്താണീ മുതഫൈഹിഖ് എന്നാൽ ? അപ്പോൾ നബി തങ്ങൾ പറഞ്ഞു: അഹങ്കാരികളാണവർ (തിർമിദി, സ്വഹീഹെന്ന് അൽബാനിയടക്കമുള്ള പണ്ഡിതന്മാർ സാക്ഷ്യപ്പെടുത്തുന്നു )

ചറുപിറെ സംസാരിക്കുക, വായിൽ തോന്നുന്നത് പറയുക , വൃഥാഭാഷണം നടത്തുക എന്നൊക്കെയാണ് സർസറ: എന്നാൽ . അപ്പോൾ വായാടി (ച്ചി)കൾ, വാതോരാതെ സംസാരിക്കുന്നവർ എന്നാവും സർസാറൂൻ എന്നാൽ . കവിൾതടം നിറയെ സംസാരിക്കുക എന്നതാണ് തശദ്ദുഖ് . വീമ്പടിയന്മാർ എന്ന ആലങ്കാരിക അർഥത്തിലാണ് മുതശദ്ദിഖൂൻ ഉപയോഗിക്കാറ്. മുതഫൈഹിഖൂൻ എന്നതിനെ നബി (സ) വിശദീകരിക്കുന്നത് അഹങ്കാരികളാണവരെന്നാണ്. വാക്കുകളാൽ അഹങ്കരിക്കുകയും വാചാലതയിലൂടെയും തങ്ങളുടെ പൊങ്ങച്ച / മഹത്വ പ്രസ്താവനകളിലൂടെ മറ്റുള്ളവരെക്കാൾ ശ്രേഷ്ഠരാകാൻ ശ്രമിക്കുകയും ചെയ്യുന്നവരാണ് വാസ്തവത്തിൽ മുതഫൈഹിഖുകൾ . ഉത്തരാധുനിക സോഷ്യൽ മീഡിയാ ഭാഷയിൽ തള്ള് വിദഗ്ദർ എന്ന് ചുരുക്കിപ്പറയാം.

സൽസ്വഭാവത്തിന്റെ മേന്മ വിവരിക്കുന്ന ഒട്ടേറെ പ്രമാണങ്ങൾ ആയതുകൾ / ഹദീസുകൾ നമുക്കറിയാം. എന്നാൽ പ്രവാചകന്റെ മജ്ലിസിൽ നിന്ന് നമ്മെ അകറ്റുന്ന ഒരു ദുർഗുണം നമ്മളറിയാതെ പോസ്റ്റ് സോഷ്യൽ മീഡിയാ കാലത്ത് നമ്മിൽ പലരേയും ബാധിച്ചു തുടങ്ങി എന്നാണ് രണ്ടാഴ്ചകൾക്കുള്ളിൽ ആ രംഗത്ത് നടക്കുന്ന ‘പുരോഗതി ‘. പഫ്സിലെന്താ പകുതി മുട്ട ?, ചിക്കൻ റോളിൽ ചിക്കനെവിടെ ? ഫാതിഹയിൽ എത്ര റക്അത് എന്നിങ്ങനെ പോവുന്നു ഉത്തമ സമുദായത്തിലെ യുവാക്കളുടെ സൈബറിടത്തിലെ ഇടലി / ജബ്രകൾക്കായി തയ്യാറാവുന്ന ഇടിമുറികൾ . ചിലർ അതും കടന്ന് സലാം ചൊല്ലലിലേയും മൊബൈൽ ഉപയോഗത്തിലേയും വ്യതിരിക്തതകൾ വരെ ഗവേഷണം നടത്തി ട്രോളുകൾ തയ്യാറാക്കി വരുന്ന തിരക്കിലാണ്. അതിനിടയിലാണ് ആത്മീയത തലക്കടിച്ച ‘ഖൈറു ഉമ്മതി ‘കൾ അൽഹംദുലില്ലയിലെ ഹംദ് (സ്തുതി) പ്രവാചകൻ മുഹമ്മദ് അല്ലാഹുവിന്റേതാണെന്ന പ്രഖ്യാപനമാണെന്ന നിലക്കുള്ള സൂപ്പീ വ്യാഖ്യാനങ്ങൾ തള്ളിയിറക്കുന്നത്.

ചന്തകളെ സൂചിപ്പിക്കുന്ന ഒച്ചപ്പാടുകളാണവിടെ മുഴുവൻ . പിശാച് വാഴുന്നിടങ്ങൾ എന്ന് പ്രവാചകൻ വിശേഷിപ്പിച്ച ചന്തകളെയാണ് അത്തരമിടങ്ങൾ നമ്മെ അനുസ്മരിപ്പിക്കുന്നത്. നബി (സ) പ്രബോധനാവശ്യാർഥമോ കച്ചവടത്തിനു വേണ്ടിയോ അല്ലാതെ അത്തരം സ്ഥലങ്ങളിൽ പ്രവേശിച്ചിട്ടില്ല. അഥവാ ചന്തനിരങ്ങൽ സത്യവിശ്വാസികൾക്ക് ഭൂഷണമല്ലെന്നർഥം.

വിനോദം/പൊയ് വാക്കുകളാൽ മുഖരിതമായ സ്ഥലങ്ങളിൽ നിന്നും മാന്യമായി ഒഴിഞ്ഞു മാറാൻ കഴിയുന്നവരാവണം പരമകാരുണികനായ അല്ലാഹുവിന്റെ ദാസന്മാർ എന്നത് ഖുർആന്റെ തന്നെ ശാസനമാണ് ( 25:72).
(നല്ലത് പറഞ്ഞവരോട് അല്ലാഹു കരുണ കാണിക്കട്ടെ .അല്ലെങ്കിലവർ നിശബ്ദരായി, സമാധാനം നേടട്ടെ), (മുആദ്, നിങ്ങൾ നിശ്ശബ്ദരായിരിക്കുന്നിടത്തോളം കാലം നിങ്ങൾ സുരക്ഷിതരാണ്. സംസാരിച്ചാൽ അത് നിനക്ക് അനുകൂലമോ പ്രതികൂലമോ ആയിഭവിക്കും ) എന്നെല്ലാം നബി (സ) പറയുന്നത് സത്യവിശ്വാസികളോടാണ് എന്ന് ഇസ്ലാമിന്റെ സംരക്ഷകരായവതരിക്കുന്ന , ആയിടങ്ങളിൽ സ്വയംഭൂവാവുന്ന സത്യ പ്രബോധകർ മനസ്സിലാക്കണം. അറബി ഭാഷയിൽ

(الصمت حكمة وقليل فاعله)
(إذا كان الكلام من فضة فالسكوت من ذهب)
നിശബ്ദത യുക്തിയാണ് , പക്ഷേ അത് പാലിക്കുന്നവർ കുറവാണ്.
സംസാരം വെള്ളിയാണെങ്കിൽ നിശബ്ദത തങ്കമാണ്

എന്ന ചൊല്ലുകളുള്ളത് തള്ള് വിദഗ്ദർ ഓർക്കുന്നത് നന്നായിരിക്കും.

Related Articles