Current Date

Search
Close this search box.
Search
Close this search box.

കൂട്ടിന് കർമങ്ങൾ മാത്രമേ ഉണ്ടാകു

عَنْ عَبْدِ اللَّهِ بْنِ أَبِي بَكْرٍ ، قَالَ : سَمِعْتُ أَنَسَ بْنَ مَالِكٍ ، يَقُولُ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : “يَتْبَعُ الْمَيِّتَ ثَلَاثَةٌ، فَيَرْجِعُ اثْنَانِ وَيَبْقَى وَاحِدٌ، يَتْبَعُهُ أَهْلُهُ، وَمَالُهُ، وَعَمَلُهُ، فَيَرْجِعُ أَهْلُهُ وَمَالُهُ، وَيَبْقَى عَمَلُهُ ”

.അനസുബ്നു മാലിക് (റ) വിൽ നിന്ന് നിവേദനം. റസൂൽ (സ) പറയുന്നതായി ഞാൻ കേട്ടു. ഒരു മനുഷ്യൻ മരിച്ചാൽ മൂന്ന് കാര്യങ്ങൾ മയ്യത്തിനെ പിന്തുടരുന്നതാണ്. അതിൽ രണ്ടെണ്ണം മടങ്ങുകയും ഒന്ന് അവനോടൊപ്പം ബാക്കിയാവുന്നതുമാണ്. കുടുംബവും സമ്പത്തും അവന്റെ കർമങ്ങളും അവനെ പിന്തുടരും .അങ്ങനെ കുടുംബവും സമ്പത്തും മടങ്ങി പോകും.അവന്റെ കർമങ്ങൾ അവശേഷിക്കുകയും ചെയ്യും. (സഹീഹുൽ മുസ്‌ലിം).

ഓരോ മനുഷ്യനും അവനവന്റെ ജീവിത യാത്രയിലാണുള്ളത്. ജനിച്ച ഓരോ മനുഷ്യനും ഈ യാത്ര ചെയ്യാതെ കഴിയില്ല. മനുഷ്യന്റെ ജീവിത യാത്രയിൽ അവന്റെ കൂടെ ഉണ്ടാവുക അവൻ ഏറ്റവും അധികം സ്നേഹിക്കുകയും  എപ്പോഴും കൂടെ കൊണ്ടു നടക്കുന്ന തന്റെ സമ്പാദ്യവും ഏത് പ്രതിസന്ധി ഘട്ടത്തിലും അത്താണിയായി കൂടെ നിൽക്കുന്ന തന്റെ കുടുംബവും അവൻ അലസമായോ ഉത്സാഹത്തോടെയോ ചെയ്തുവന്ന കർമങ്ങളും മാത്രമാണ്.മനുഷ്യന്റെ മരണത്തോടുകൂടി സമ്പത്ത് അവനോട് സലാം പറഞ്ഞു പിരിഞ്ഞു പോകുന്നു. ശേഷം കുറച്ച് മണിക്കൂറുകൾ കൂടി അവൻ സ്നേഹിച്ചിരുന്ന അവന്റെ കുടുംബം ഉണ്ടാകും.ഖബറിലേക്ക് വെച്ചു കഴിഞ്ഞാൽ കുടുംബവും അവനെ ഉപേക്ഷിച്ചു പോകും. പിന്നീട് ആ ഇരുട്ടറയിൽ പേടിച്ചു കഴിയുമ്പോൾ ധൈര്യമേകാനായി കൂട്ടിനെത്തുന്നത് കർമങ്ങൾ മാത്രമാണ്. ആയുസ്സിൽ നല്ല സമീപനമാണ് കർമങ്ങളോട് നാം സ്വീകരിച്ചതെങ്കിൽ നമ്മെ സ്വർഗ്ഗത്തിലെത്തിക്കുംവരെ അത് നമ്മുടെ കൂടെ ഉണ്ടാകും. മറിച്ച് മോശം സമീപനമാണ് നാം സ്വീകരിച്ചതെങ്കിൽ  അതിനുള്ള പ്രതിഫലം നേടിത്തരുന്നത് വരെ അത് നമ്മോടൊപ്പം ഉണ്ടാകും. അല്ലാഹുവിന്റെ റസൂൽ ഇക്കാര്യം വ്യക്തമായി പറയുന്നതാണ് മുകളിലുദ്ധരിച്ച ഹദീസ്.

Also read: മതവും അനുഭവാധിഷ്ഠിത ജ്ഞാന ശാസ്ത്രവും

ആയുസ്സിൽ മനുഷ്യൻ എന്താണോ ചെയ്തത് അത് മാത്രമേ അവന്റെ കൂടെ ഉണ്ടാവുകയുള്ളൂ.അല്ലാഹുവിന്റെ കോടതിയിൽ ആദ്യം ചോദ്യം ചെയ്യപ്പെടുന്നത് മനുഷ്യൻ ചെയ്ത കർമ്മങ്ങളെ കുറിച്ചാണ്. قال رسول الله صلى الله عليه وسلم:” إِنَّ أَوَّلَ مَا يُحَاسَبُ النَّاسُ بِهِ يَوْمَ الْقِيَامَةِ مِنْ أَعْمَالِهِمُ الصَّلَاةُ.(ابو داود)
ഖിയാമത് നാളിൽ ജനങ്ങൾ ആദ്യമായി ചോദ്യം ചെയ്‌യപ്പെടുക നമസ്കരത്തെ കുറിച്ചായിരിക്കും.

മുൻ കഴിഞ്ഞു പോയ മഹത്തുക്കളെ കുറിച്ച് പഠിക്കുമ്പോൾ  അവരുടെ കർമ്മ മേഖല സജീവമായിരുന്നു എന്ന് കാണാൻ കഴിയും.സത്യവിശ്വാസികളുടെ സ്വഭാവത്തെ സംബന്ധിച്ച് വിശുദ്ധ ഖുർആൻ പറയുന്നു: الَّذِينَ يُنفِقُونَ فِي السَّرَّاءِ وَالضَّرَّاءِ وَالْكَاظِمِينَ الْغَيْظَ وَالْعَافِينَ عَنِ النَّاسِ ۗ وَاللَّهُ يُحِبُّ الْمُحْسِنِينَ}
[آل عمران : 134 ക്ഷാമവസ്ഥയിലും ക്ഷേമാവസ്ഥയിലും ദാനം ചെയ്യുകയും കോപത്തെ കടിച്ചുപിടിക്കുന്നവരും ജനങ്ങൾക്ക് വിട്ടു വീഴ്ച ചെയ്യുന്നവരും ആണവർ. അത്തരം സൽകർമ്മികളെ അല്ലാഹു ഇഷ്ടപ്പെടുന്നു. മാത്രമല്ല അത്തരം സൽകർമങ്ങളിൽ അവർ മത്സരിച്ചിരുന്നു എന്നും വിശുദ്ധ ഖുർആനിൽ നിന്നു മനസ്സിലാക്കാൻ സാധിക്കും.
{سَابِقُوا إِلَىٰ مَغْفِرَةٍ مِّن رَّبِّكُمْ وَجَنَّةٍ عَرْضُهَا كَعَرْضِ السَّمَاءِ وَالْأَرْضِ أُعِدَّتْ لِلَّذِينَ آمَنُوا بِاللَّهِ وَرُسُلِهِ ۚ ذَٰلِكَ فَضْلُ اللَّهِ يُؤْتِيهِ مَن يَشَاءُ ۚ وَاللَّهُ ذُو الْفَضْلِ الْعَظِيمِ} [الحديد : 21] നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനത്തിലേക്കും സ്വര്‍ഗത്തിലേക്കും നിങ്ങള്‍ കടന്നു വരുവിന്‍. അതിന്‍റെ വിസ്താരം ആകാശത്തിന്‍റെയും ഭൂമിയുടെയും വിസ്താരം പോലെയാണ്‌. അല്ലാഹുവിലും അവന്‍റെ ദൂതന്‍മാരിലും വിശ്വസിച്ചവര്‍ക്കു വേണ്ടി അത് സജ്ജീകരിക്കപ്പെട്ടിരിക്കുന്നു. അത് അല്ലാഹുവിന്‍റെ അനുഗ്രഹമത്രെ. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അതവന്‍ നല്‍കുന്നു. അല്ലാഹു മഹത്തായ അനുഗ്രഹമുള്ളവനാകുന്നു.

Also read: സ്വാതന്ത്ര്യത്തിനും സമത്വത്തിനുമുള്ള പുതുചിന്തകള്‍

എത്രത്തോളം നന്നാക്കാൻ പറ്റുമോ അത്രത്തോളം അവർ അതിന് വേണ്ടി പരിശ്രമിച്ചുരുന്നു. കർമങ്ങളിൽ പോരായ്മകൾ വന്നു ഭവിക്കുന്നതിനെ അവർ വളരെയധികം പേടിക്കുകയും സൂക്ഷിക്കുകയും ചെയ്തിരുന്നു.

أَنَّ عَائِشَةَ زَوْجَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَتْ : سَأَلْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَنْ هَذِهِ الْآيَةِ : { وَالَّذِينَ يُؤْتُونَ مَا آتَوْا وَقُلُوبُهُمْ وَجِلَةٌ .قَالَتْ عَائِشَةُ : أَهُمُ الذِينَ يَشْرَبُونَ الْخَمْرَ وَيَسْرِقُونَ ؟ قَالَ : ” لَا يَا بِنْتَ الصِّدِّيقِ، وَلَكِنَّهُمُ الذِينَ يَصُومُونَ وَيُصَلُّونَ وَيَتَصَدَّقُونَ وَهُمْ يَخَافُونَ أَنْ لَا يُقْبَلَ مِنْهُمْ، { أُولَئِكَ يُسَارِعُونَ فِي الْخَيْرَاتِ وَهُمْ لَهَا سَابِقُونَ

അല്ലാഹുവിങ്കലേക്ക് മടങ്ങി ചെല്ലേണ്ടി വരുമല്ലോ എന്ന് കരുതി പേടിച്ചു വിറച്ചു  ദാനങ്ങൾ ചെയ്യുന്നവരെ പരാമർശിക്കുന്ന ഖുർആൻ വചനത്തെ സംബന്ധിച്ച് (അൽ മുഅമിനൂൻ 60) ആഇശ(റ) തിരുമേനി(സ)യോട് ചോദിച്ചപ്പോൾ അവിടുന്ന് മറുപടി പറഞ്ഞു : അബൂബക്കറിന്റെ മകളെ, നോമ്പെടുക്കുകയും നമസ്കരിക്കുകയും ദാനം നൽകുമ്പോഴും അതൊന്നും അല്ലാഹു സ്വീകരിക്കുകയില്ലേ എന്ന് ഭയക്കുന്നവരാണവർ.( തിർമുദി)
അവരത്രെ നന്‍മകളില്‍ ധൃതിപ്പെട്ട് മുന്നേറുന്നവര്‍. അവരത്രെ അവയില്‍ മുമ്പേ ചെന്നെത്തുന്നവരും.(അൽ മുഅമിനൂൻ 61)

വേണ്ടുവോളം ആത്മാർഥതയുണ്ടായിട്ടും  വല്ല പിശകും വന്നാൽ എല്ലാം വിഫലമായിത്തീരുമോ എന്ന ആശങ്കയാണ് വിശ്വസികളിലുണ്ടാവേണ്ടത്. ഇമാം ഹസനുൽ ബസരി പറയുന്നു: “ചില സ്വഹാബികളെ ഞാൻ കണ്ടിട്ടുണ്ട്. അവരുടെ സൽകർമങ്ങൾ  അല്ലാഹു സ്വീകരിക്കുകയില്ലേ എന്ന് ആശങ്കിക്കുന്നവരായിരുന്നു അവരെല്ലാം. പാപങ്ങളുടെ പേരിൽ ശിക്ഷിക്കപ്പെടുമല്ലോ എന്ന് നിങ്ങൾ പേടിക്കുന്നതിലേറെ”( ഖുർതുബി)

Also read: നാളെയുടെ വാഗ്ദാനങ്ങള്‍

താബിഈ പണ്ഡിതനായ അത്വാഅ (റ) താൻ കഷ്ടപ്പെട്ടു നെയ്ത ഒരു വസ്ത്രവുമായി അങ്ങാടിയിലെത്തി ഒരു കച്ചവടക്കാരനോട് വില പറഞ്ഞു. കച്ചവടക്കാരൻ വസ്ത്രം പരിശോധിച്ചിട്ട് പറഞ്ഞു ഇതിന് ഇന്ന ഇന്ന പോരായ്മകളൊക്കെയുണ്ട് അതുകൊണ്ട് താങ്കൾ പറഞ്ഞ വിലക്ക് വാങ്ങാൻ സാധിക്കുകയില്ല. ഇത് കേട്ട് കുറച്ചു നേരം ആ പണ്ഡിതൻ ആലോചിച്ചു. എന്നിട്ട് അദ്ദേഹം കരയാൻ തുടങ്ങി. പറഞ്ഞ വില കുറഞ്ഞുപോയതിനാലാണ് അദ്ദേഹം കരയുന്നത് എന്ന് കരുതിയ കച്ചവടക്കാരൻ  പറഞ്ഞു . താങ്കൾ കരയേണ്ടതില്ല. താങ്കൾ പറഞ്ഞ വിലക്ക് തന്നെ ഞാൻ ഇത് എടുത്തുകൊള്ളം. അപ്പോൾ ആ പണ്ഡിതൻ പറഞ്ഞു : ഈ വസ്ത്രത്തിനു പിന്നിൽ എന്റെ ഒരു രാത്രിയുടെ അധ്വാനം ഉണ്ട്.അതിനെ ഭംഗിയുള്ളതാക്കാനും പോരായ്മകൾ നീക്കാനും കഴിവിന്റെ പരമാവധി ഞാൻ ശ്രമിച്ചിരുന്നു. എന്നിട്ടും താങ്കൾ അതിൽ പോരായ്മകൾ കണ്ടുപിടിക്കുകയും അതിന്റെ വില കുറക്കുകയും ചെയ്തു. അതേപോലെ സ്വർഗം കിട്ടാൻ വേണ്ടി ധാരാളം കർമങ്ങൾ ഞാൻ ചെയ്യാറുണ്ട്. അവയെയെല്ലാം ഭംഗിയുള്ളതാക്കാനും മെച്ചപ്പെടുത്താനും ഞാൻ ശ്രമിക്കാറുണ്ട്. നാളെ അല്ലാഹുവിന്റെ മുന്നിൽ എത്തുമ്പോൾ താങ്കൾ എന്റെ വസ്ത്രത്തിൽ ന്യൂനതകൾ കണ്ടുപിടിച്ചത് പോലെ അല്ലാഹുവും എന്റെ കർമങ്ങളിൽ ന്യൂനതകളും പോരായ്മകളും കണ്ടെത്തിയാൽ ഞാൻ നഷ്ടം സംഭവിച്ചവനായിത്തിരില്ലേ എന്ന് ഓർത്താണ് ഞാൻ കരഞ്ഞത്.

നമ്മുടെ കർമ്മങ്ങളെ കുറിച്ച് നാം പുനരലോചന നടത്തുക.അല്ലാഹുവിന്റെ സന്നിധിയിൽ എത്തിച്ചേരുമ്പോൾ ആദ്യ മായി നേരിടേണ്ടി വരിക നമ്മൾ നിർവഹിച്ച നമസ്കാരങ്ങളെ കുറിച്ചാണ്. അതിലെ ഭയകക്തിയില്ലായ്മയും മാറ്റ് പോരായ്മകളും ചൂണ്ടി കാണിച്ചു നമസ്‌കാരത്തിന്റെ പ്രതിഫലത്തെ ഇല്ലാതാക്കുന്ന അവസ്ഥയെ നാം മുന്നിൽ കാണേണ്ടതുണ്ട്. നമ്മുടെ കർമ്മങ്ങളെ നാം തന്നെ നന്നാക്കുക. എത്രത്തോളം ഭംഗിയുള്ളതാക്കാൻ പറ്റുമോ അത്രത്തോളം അതിനു വേണ്ടി പരിശ്രമിക്കുക.ഓർക്കുക കൂട്ടിന് കർമങ്ങൾ മാത്രമേ ഉണ്ടാകു.

Related Articles