Current Date

Search
Close this search box.
Search
Close this search box.

ബഹളം വെച്ചുള്ള ആരാധനകളും ആഘോഷങ്ങളും

، عَنْ أَبِي عُثْمَانَ ، عَنْأَبِي مُوسَى الْأَشْعَرِيِّ رَضِيَ اللَّهُ عَنْهُ، قَالَ : كُنَّا مَعَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، فَكُنَّا إِذَا أَشْرَفْنَا عَلَى وَادٍ هَلَّلْنَا وَكَبَّرْنَا، ارْتَفَعَتْ أَصْوَاتُنَا، فَقَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ” يَا أَيُّهَا النَّاسُ، ارْبَعُوا عَلَى أَنْفُسِكُمْ؛ فَإِنَّكُمْ لَا تَدْعُونَ أَصَمَّ وَلَا غَائِبًا، إِنَّهُ مَعَكُمْ، إِنَّهُ سَمِيعٌ قَرِيبٌ،(صحيح مسلم 2704)
(صحيح البخاري الجزء رقم :5، الصفح33)

അബൂ മൂസ അല്‍ അശ്‌അരിയില്‍ നിന്ന്‌ നിവേദനം. അദ്ദേഹം പറഞ്ഞു: “ഞങ്ങള്‍ നബിയുടെ കൂടെ ഒരു യാത്രയിലായിരുന്നു.  അപ്പോള്‍ ജനങ്ങള്‍ ഉച്ചത്തില്‍ തക്‌ബീര്‍ ചൊല്ലാന്‍ തുടങ്ങി. അപ്പോള്‍ നബി (സ) പറഞ്ഞു: ജനങ്ങളേ, നിങ്ങള്‍ മിതത്വം പാലിക്കുക. കാരണം നിങ്ങള്‍ ഒരു ബധിരനെയോ അല്ലെങ്കില്‍ സാന്നിധ്യമില്ലാത്തവനെയോ അല്ല വിളിക്കുന്നത്‌. കേള്‍ക്കുന്നവനെയും സമീപസ്ഥനെയുമാണ്‌. അവന്‍ നിങ്ങളോടൊപ്പമുണ്ട്‌” (മുസ്‌ലിം).

ദിക്‌റുകളും സ്വലാത്തുകളും പൊതു ജനത്തെ കേള്‍പ്പിക്കേണ്ടതില്ല എന്നാണ്‌ ഈ ഹദീസ്‌ സൂചിപ്പിക്കുന്നത്‌ ബഹുസ്വര സമൂഹത്തിൽ ജീവിക്കുന്ന നാം കോടികണക്കിന് അമുസ്ലിംകൾക്ക്  അലോസരമുണ്ടാക്കുന്നവിധത്തിൽ പാതിരാവുകളിൽ ഒച്ചവെക്കണൊ നമ്മുടെ പ്രവാചകൻ ആളുകളെ പ്രയാസപ്പെടുത്തുന്ന പ്രവാചകനല്ലല്ലൊ.

ഖുർആനിന് വിരുദ്ധമായ പ്രവർത്തനമാണിത്. മനുഷ്യനെ പ്രയാസപെടുത്തുന്ന ആരാധനകളില്ല,ആഘോഷവുമില്ല. ആരാധനയുടെ പേരിൽ മനുഷ്യനെ ശല്യം ചെയ്യരുത്.
ബഹളം ആരാധനയുടെ ഭാഗമല്ല. അല്ലാഹുവിനെ പ്രീതി പെടുത്താൻ ശബ്ദമുയർത്തി മനുഷ്യനെ ശല്യം ചെയ്യേണ്ടതുണ്ടൊ? വലിയ മൈക് സിസ്റ്റം ഉപയോഗിച്ച് മനുഷ്യർ ഉറങ്ങുന്ന നേരത്ത് ദിക്ർ സ്വലാത്തും സ്വലാത്ത് വാർഷികവും,മൗലീദ് പാരായണവും പാതിരാ പ്രഭാഷണവും ദുആ മജ് ലിസും എന്തിനാണ്.?

ഖുർആൻ പറയുന്നു. നിന്റെ പ്രാർത്ഥന വളരെ ഉറക്കെയാക്കരുത്. വളരെ പതുക്കെയുമാക്കരുത്. അവയ്ക്കിടയില്‍ മധ്യമാര്‍ഗമവലംബിക്കുക.(Sura 17 : Aya 110)

ഖുര്‍ആന്‍ പാരായണം, പ്രാര്‍ത്ഥന, ദിക്ര്‍ എന്നിവ – അധികം ഉച്ചത്തിലോ, വളരെ പതുക്കെയോ ആയിരിക്കാതെ, രണ്ടിനും മദ്ധ്യേ ഒരു മിതമായ ശബ്ദത്തിലായിരിക്കേണ്ടതാണ്.
നമസ്ക്കാരം പോലും വലിയ ഉച്ചത്തിൽ ആവരുതെന്നാണ് ഇസ്ലാമിൻെറ നിലപാട് .

തഫ്ഹീമുൽ ഖുർആനിൽ മുകളിലെ ആയത്തിൻെറ വിശദീകരണത്തിൽ ഇങ്ങനെ പറയുന്നു. ഇബ്‌നു അബ്ബാസ് പറയുന്നു: മക്കയില്‍ നബി(സ)യോ മറ്റു സ്വഹാബികളോ നമസ്‌കാരത്തില്‍ ഉച്ചത്തില്‍ ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ സത്യനിഷേധികള്‍ ബഹളംകൂട്ടാന്‍ തുടങ്ങുകയും മറ്റു സമയങ്ങളില്‍ ശകാരങ്ങള്‍ വര്‍ഷിക്കുകയും ചെയ്യുമായിരുന്നു. ഇതിനെക്കുറിച്ചാണ് കല്‍പന വന്നത്. സത്യനിഷേധികള്‍ കേട്ട് അക്രമിക്കാനിടയാകുംവണ്ണം ഉച്ചത്തില്‍ ഖുര്‍ആന്‍ പാരായണം ചെയ്യരുത്. നിങ്ങളുടെ കൂട്ടുകാരനുപോലും കേള്‍ക്കാനാവാത്തത്ര പതുക്കെയുമാവരുത്. ഈ കല്‍പന ആ കാലത്തേക്ക് മാത്രമായിരുന്നു. മദീനയില്‍ സ്ഥിതിഗതികള്‍ മാറിയപ്പോള്‍ ഈ വിധി ശേഷിച്ചില്ല. പക്ഷേ, എപ്പോഴെങ്കിലും മുസ്‌ലിംകള്‍ക്ക് മക്കയിലെ ആ അവസ്ഥ നേരിടേണ്ടി വരുകയാണെങ്കില്‍ ഇതേ കല്‍പനയനുസരിച്ചുതന്നെയാണ് പ്രവര്‍ത്തിക്കേണ്ടത്.

ഖുർആനിലെ വേറെയും ചില ആയത്തുകൾ ശ്രദ്ധിക്കുക. നിങ്ങള്‍ വിനയത്തോടെയും രഹസ്യമായും നിങ്ങളുടെ നാഥനോടു പ്രാര്‍ഥിക്കുക. പരിധി ലംഘിക്കുന്നവരെ അവനിഷ്ടമില്ല; തീര്‍ച്ച.(Sura 7 : Aya 55)

ഈ ആയത്തിൻെറ വിശദീകരണത്തിൽ അമാനിമൗലവി ഒരു ഹദീസ് ഉദ്ധരിക്കുന്നത് ഇങ്ങനെയാണ്. ഹസന്‍ ബസ്വരീ (رحمه الله) യില്‍ നിന്നു ഇബ്നുജരീര്‍ (رحمه الله) മുതലായവര്‍ ഉദ്ധരിച്ച ഒരു രിവായത്ത് ഇവിടെ പ്രസ്താവ്യമാകുന്നു. അതിന്റെ സാരം ഇപ്രകാരമാണ്: ചിലര്‍ ഖുർആന്‍ മുഴുവനും ഹൃദിസ്ഥമാക്കിയിരിക്കുന്നു. അതാരും അറിഞ്ഞിരിക്കയില്ല. ചിലര്‍ മതസംബന്ധമായി വളരെ പഠിച്ചിരിക്കും. അതാരും അറിഞ്ഞിരിക്കയില്ല. ഒരാള്‍ അയാളുടെ വീട്ടില്‍വെച്ച് ദീര്‍ഘനേരം നമസ്കരിക്കാറുണ്ടായിരിക്കും. സന്ദര്‍ശകന്മാരാരും അത് അറിഞ്ഞിരിക്കുകയില്ല. രഹസ്യമായി ചെയ്‌വാന്‍ കഴിയുന്ന ഏതു കാര്യവും ഒട്ടും പരസ്യമായി ചെയ്യാത്ത പല ആളുകളെയും ഞങ്ങള്‍ കാണുകയുണ്ടായിട്ടുണ്ട്. മുസ്ലിംകള്‍ പ്രാര്‍ത്ഥനയില്‍ വളരെ ഉത്സാഹം കാണിക്കാറുണ്ടായിരുന്നു. എന്നാല്‍ അവരുടെ ശബ്ദങ്ങള്‍ കേള്‍ക്കപ്പെടുമായിരുന്നില്ല. അവര്‍ക്കും അവരുടെ റബ്ബിനുമിടയില്‍ പതുക്കെ നടക്കുന്ന ഒരു മന്ത്രമായിരിക്കും അത്. കാരണം, അല്ലാഹു പറയുന്നു:
ادْعُوا رَبَّكُمْ تَضَرُّعًا وَخُفْيَةً  (നിങ്ങളുടെ റബ്ബിനെ നിങ്ങള്‍ താഴ്മയായും സ്വകാര്യമായും വിളിച്ചു പ്രാര്‍ത്ഥിക്കുവിന്‍).

സകരിയാ നബിയുടെ പ്രാർത്ഥന ഖുർആൻ പഠിപ്പിക്കുന്നു. അദ്ദേഹം തന്റെ നാഥനെ പതുക്കെ വിളിച്ചു പ്രാര്‍ഥിച്ച സന്ദര്‍ഭം.(Sura 19 : Aya 3)

ഖുർആൻ വീണ്ടും പറയുന്നു. നീ നിന്റെ നാഥനെ രാവിലെയും വൈകുന്നേരവും മനസ്സില്‍ സ്മരിക്കുക. അത് വിനയത്തോടെയും ഭയത്തോടെയുമാവണം. വാക്കുകള്‍ ഉറക്കെയാവാതെയും. നീ അതില്‍ അശ്രദ്ധ കാണിക്കുന്നവനാകരുത്.(Sura 7 : Aya 205)

അധികം ശബ്ദമുണ്ടാക്കുന്നതിനെ വെറുക്കപ്പെട്ട പ്രവൃത്തിയായാണ് ഖുര്‍ആന്‍ കാണുന്നത്. നിരര്‍ഥകമായ ശബ്ദഘോഷങ്ങളെ കഴുതയുടെ കരച്ചിലിനോടാണ് ഖുര്‍ആന്‍ ഉപമിക്കുന്നത്.
”നീ നടത്തത്തില്‍ മിതത്വം പാലിക്കുക. ശബ്ദം താഴ്ത്തുക. നിശ്ചയമായും ഏറ്റവും വെറുക്കപ്പെട്ട ശബ്ദം കഴുതയുടെ ശബ്ദമാകുന്നു” (വി.ഖു. 31:19).

പ്രസംഗം ചുരുക്കണമെന്ന പ്രവാചകന്റെ ഉപദേശവും ശബ്ദമലിനീകരണത്തിനെതിരായ മുന്നറിയിപ്പായി കണക്കാക്കാവുന്നതാണ്. ജനങ്ങളുടെ ഹൃദയത്തെ സ്പര്‍ശിക്കും വിധം മനോഹരമായ വാക്കുകള്‍ ഉപയോഗിച്ചു ഹ്രസ്വമായി പ്രസംഗിക്കുക എന്നതായിരുന്നു പ്രവാചകന്റെ രീതി. ”പ്രസംഗം ചുരുക്കുകയും പ്രാര്‍ഥന ദീര്‍ഘിപ്പിക്കുകയും ചെയ്യുന്നത് അറിവുള്ളവന്റെ ലക്ഷണമാണ്. അതിനാല്‍ നിങ്ങള്‍ പ്രാര്‍ഥന ദീര്‍ഘിപ്പിക്കുകയും പ്രസംഗം ചുരുക്കുകയും ചെയ്യുക.”എന്ന് പ്രവാചകന്‍ ഉപദേശിച്ചത് ‘മുസ്‌ലിം’ഉദ്ധരിച്ചിട്ടുണ്ട്. അസഭ്യം, ചീത്തവാക്കുകള്‍, ശാപം, ശകാരം, കള്ളസത്യം തുടങ്ങി കെട്ട വാക്കുകള്‍ കൊണ്ടുണ്ടാകുന്ന മലിനീകരണത്തിനെതിരെയും ഖുര്‍ആന്റെയും പ്രവാചകന്റെയും ശക്തമായ താക്കീതുകളുണ്ട്.

ആരാധനകൾകൊണ്ടും, ആഘോഷങ്ങൾ കൊണ്ടും ജനങ്ങളെ ശല്യം ചെയ്യെരുതെന്ന പാഠം മുകളിലെ ഹദീസിൽനിന്നും ആയത്തുകളിൽ നിന്നും മനസിലാക്കാം. ഈ പ്രവാചക വചനം നമ്മുടെ മനസ്സുകളിൽ എപ്പോഴും മായാതെ നിലനിൽക്കട്ടെ. يسِّروا ولا تعسِّروا, وبشِّروا ولا تنفِّرو നിങൾ എളുപ്പമുണ്ടാക്കുക, പ്രയാസപ്പെടുത്താതിരിക്കുക. സന്തോഷം പകരുക ആരെയും വെറുപ്പിക്കാതിരിക്കുക.

Related Articles