Current Date

Search
Close this search box.
Search
Close this search box.

പ്രകടനപരത കർമ്മങ്ങളെ വിഴുങ്ങും

عَنْ عَمْرٍو ، عَنْمَحْمُودِ بْنِ لَبِيدٍ  أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : ” إِنَّ أَخْوَفَ مَا أَخَافُ عَلَيْكُمُ الشِّرْكُ الْأَصْغَرُ “. قَالُوا : وَمَا الشِّرْكُ الْأَصْغَرُ يَا رَسُولَ اللَّهِ ؟ قَالَ : ” الرِّيَاءُ، يَقُولُ اللَّهُ عَزَّ وَجَلَّ لَهُمْ يَوْمَ الْقِيَامَةِ : إِذَا جُزِيَ النَّاسُ بِأَعْمَالِهِمُ، اذْهَبُوا إِلَى الَّذِينَ كُنْتُمْ تُرَاءُونَ فِي الدُّنْيَا، فَانْظُرُوا هَلْ تَجِدُونَ عِنْدَهُمْ جَزَاءً ؟ “.

നബി(സ)പറഞ്ഞു: ”നിങ്ങള്‍ക്ക് ഞാന്‍ ഏറ്റവും ഭയപ്പെടുന്ന കാര്യമാണ് ചെറിയ ശിര്‍ക്ക്. അവര്‍ (സ്വഹാബികള്‍) ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, ചെറിയ ശിര്‍ക്ക് എന്നാല്‍ എന്താണ്? നബി(സ)പറഞ്ഞു: ജനങ്ങള്‍ക്ക് അന്ത്യനാളില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിഫലം നല്‍കി കഴിഞ്ഞാല്‍ (ജനങ്ങളെ കാണിക്കാന്‍ കര്‍മ്മങ്ങള്‍ ചെയ്തവരോട്) അല്ലാഹു പറയും: ഇഹലോകത്ത് ആരെയാണോ നിങ്ങള്‍ കാണിച്ചു കൊണ്ടിരുന്നത് അവരുടെ അടുത്തേക്ക് ചെല്ലൂ. അവരുടെ അടുക്കല്‍ നിന്ന് വല്ല കൂലിയും നിങ്ങള്‍ക്ക് കിട്ടാനുണ്ടോ എന്ന് നോക്കൂ.”

(അഹ്മദ് 23630, 23631, ബൈഹഖി 2 – 290, 291)

ഏത് ചെറിയ കർമ്മവും കേമറയിൽ ഒപ്പിയെടുത്ത് ലോകസമക്ഷം സമർപ്പിക്കുന്നവരെ നാം കാണാറുണ്ട്. വിശുദ്ധ ഹജ്ജിലും, ഉംറയിലും നാം ഇത് കാണുന്നു. ത്വവാഫ് എന്നത് അംഗശുദ്ധിവരുത്തി ചെയ്യുന്ന ഇബാദത്താണ്. അതിൻെറ പവിത്രത നഷ്ടപ്പെടുത്തും വിധം ത്വവാഫിൻെറ ലൈവിടുന്നവരും ലോകമാന്യം മനസ്സിൽ കൊണ്ട് നടക്കുന്നവരും ഈ ഹദീസ് ശ്രദ്ധിച്ചിരുന്നങ്കിൽ എത്ര നന്നായിരുന്നു.

പ്രകടനപരത ചെറിയ ശിർക്കാണ്. ചെയ്ത നന്മകളെ കാർന്ന് തിന്നുന്ന ശിർക്ക്. തീ വിറകിനെ തിന്ന് തീർത്തും പോലെ പ്രകടനപരത കർമ്മങ്ങളെ തിന്ന് തീർക്കും. അല്ലാഹു പറഞ്ഞതായി നബി(സ്വ) പറയുന്നു: ”പങ്കാളികളില്‍ നിന്നും ഞാന്‍ ധന്യനാണ്. എന്നില്‍ പങ്കുചേര്‍ത്തുകൊണ്ട് വല്ലവനും വല്ല പ്രവര്‍ത്തവനും ചെയ്താല്‍ അവനെയും അവന്റെ ശിര്‍ക്കിനെയും ഞാന്‍ ഉപേക്ഷിച്ചിരിക്കുന്നു” (മുസ്‌ലിം).

മറ്റുള്ളവര്‍ക്ക് മുമ്പില്‍ സല്‍കര്‍മങ്ങള്‍ പ്രകടിപ്പിക്കുകയോ നന്നാക്കിക്കാണിക്കുകയോ ചെയ്യുന്നതിനാണ് രിയാഅ് എന്ന് പറയുന്നത്. രിയാഅ് പാടില്ലെന്ന് പഠിപ്പിക്കുന്ന ഒട്ടനവധി ഹദീഥുകള്‍ കാണാം. രിയാഉള്ള കര്‍മങ്ങള്‍ നിഷ്ഫലമാണെന്നും അത്തരം ഹദീഥുകള്‍ പഠിപ്പിക്കുന്നു. നബി(സ്വ) പറഞ്ഞു: ”നിങ്ങളുടെ കാര്യത്തില്‍ ചെറിയശിര്‍ക്കിനെയാണ് ഞാന്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നത്.” സ്വഹാബത്ത് ചോദിച്ചു: ”എന്താണ് റസൂലേ ചെറിയ ശിര്‍ക്ക്?” നബി(സ്വ) പറഞ്ഞു: ‘രിയാഅ്’ അന്ത്യദിനത്തില്‍ കര്‍മങ്ങളുടെ ഫലം ജനങ്ങള്‍ക്കു നല്‍കുമ്പോള്‍ അല്ലാഹു പറയും: ‘ദുന്‍യാവില്‍ ആരെകാണിക്കാനായിരുന്നോ നിങ്ങള്‍ ചെയ്തിരുന്നത് അവരുടെ അടുക്കല്‍ പ്രതിഫലമുണ്ടോ എന്ന് പോയി അന്വേഷിച്ചു കൊള്ളുക” (അഹ്മദ്).

മറ്റൊരിക്കല്‍ നബി(സ്വ) പറഞ്ഞു: ”ഗോപ്യമായ ശിര്‍ക്കിനെ നിങ്ങള്‍ ഭയപ്പെടുക.” സ്വഹാബത്ത് ചോദിച്ചു: ”എന്താണ് റസുലേ ഗോപ്യമായ ശിര്‍ക്ക്?” നബി(സ്വ) പറഞ്ഞു: ”ഒരു വ്യക്തി തന്റെ നമസ്‌കാരത്തെ തന്നെ നോക്കിക്കാണുന്നവര്‍ക്കായി ഭംഗിയാക്കി നിര്‍വഹിക്കുന്നു. അതാണ് ഗോപ്യമായ ശിര്‍ക്ക്” (ഇബ്‌നുഖുസൈമ).

അന്ത്യദിവസത്തില്‍ ആദ്യമായി നരകത്തിലേക്കെറിയുന്നത് ദുന്‍യാവിന് വേണ്ടി പ്രവര്‍ത്തിച്ച മൂന്ന് ആളുകളെയാണെന്ന് നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്.
(1) ധീരനാണെന്ന് അറിയപ്പെടാന്‍ വേണ്ടി യുദ്ധംചെയ്ത് മരിച്ചവന്‍.
(2) പണ്ഡിതനെന്നും ഓത്തുകാരനെന്നും അറിയപ്പെടാന്‍ വേണ്ടി അറിവ് നേടിയവനും ക്വുര്‍ആന്‍ ഓതിയവനും.
(3) ധര്‍മിഷ്ഠനെന്ന് പറയപ്പെടാന്‍ വേണ്ടി ധര്‍മം നല്‍കിയവന്‍.

അതുകൊണ്ട് തന്നെ ഒരു സത്യവിശ്വാസി വളരെ ഗൗരവത്തോടുകൂടി കാണേണ്ട ഒരു വിഷയമാണിത്. ”പറയുക (നബിയേ), കര്‍മങ്ങള്‍ ഏറ്റവും നഷ്ടകരമായി തീര്‍ന്നവരെ സംബന്ധിച്ച് നാം നിങ്ങള്‍ക്ക് പറഞ്ഞുതരട്ടെയോ? ഐഹിക ജീവിതത്തിലെ തങ്ങളുടെ അധ്വാനം പിഴച്ചുപോയവരാകുന്നു അവര്‍. അവര്‍ വിചാരിക്കുന്നതാകട്ടെ തങ്ങള്‍ നല്ല കര്‍മം നടത്തിക്കൊണ്ടിരിക്കുന്നു എന്നാണ്.” (അല്‍കഹ്ഫ് 103-104).

”അവര്‍ ചെയ്തുവെച്ച കര്‍മങ്ങളുടെ നേരെ നാം തിരിയുകയും നാമതിനെ ചിതറിയ ധൂളിപോലെ ആക്കിത്തീര്‍ക്കുകയും ചെയ്യും” (ഫുര്‍ഖാന്‍ 23).

”ജനങ്ങളെ കാണിക്കാന്‍ വേണ്ടി വല്ലവനും നമസ്‌കരിക്കുന്ന പക്ഷം അവന്‍ ശിര്‍ക്കു ചെയ്തു.  അപ്രകാരം വല്ലവനും നോമ്പനുഷ്ഠിക്കുന്ന പക്ഷം അവനും ശിര്‍ക്കു ചെയ്തു. അപ്രകാരം വല്ലവനും ദാനധര്‍മം ചെയ്യുന്ന പക്ഷം തീര്‍ച്ചയായും അവനും ശിര്‍ക്കു ചെയ്തു.” (അഹ്മദ്) 1

മൂന്ന് വിഭാഗമാളുകളെ പരലോകത്ത് വിചാരണക്ക് കൊണ്ടുവരുന്ന രംഗം ഒരിക്കല്‍ നബി വിവരിക്കുകയുണ്ടായി. ഒരാള്‍ രക്തസാക്ഷിത്വം വരിച്ചയാളാണ്. അല്ലാഹു അയാള്‍ക്ക് നല്‍കിയ സവിശേഷമായ അനുഗ്രഹങ്ങളെ അയാള്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കും. അയാള്‍ അതെല്ലാം തിരിച്ചറിയും. എന്നിട്ട് ആ അനുഗ്രഹങ്ങളുടെ കാര്യത്തില്‍ നീ എന്ത് ചെയ്തു എന്ന് അല്ലാഹു ചോദിക്കും. അയാള്‍ ഇങ്ങനെ പറയും: ‘അല്ലാഹുവേ, ഞാന്‍ നിന്റെ മാര്‍ഗത്തില്‍ ധീരോദാത്തമായി പോരാടി. അങ്ങനെ ഞാന്‍ രക്ഷസാക്ഷിത്വം വരിച്ചു.’  ‘നീ പറഞ്ഞത് കളവാണ്. എന്നാല്‍ നീ യുദ്ധം ചെയ്തത് ധീരനെന്ന ഖ്യാതിക്ക് വേണ്ടിയായിരുന്നു. അത് ആളുകള്‍ പറഞ്ഞിട്ടുണ്ട്’ എന്നായിരിക്കും അപ്പോള്‍ അല്ലാഹു പറയുക. എന്നിട്ടയാളെ മുഖം നിലത്തുകൂടെ വലിച്ച് കൊണ്ടുവന്ന് നരകത്തിലേക്കെറിയും മറ്റൊരാള്‍ വിജ്ഞാനം കരസ്ഥമാക്കി. അത് മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്തു. അയാളോടും റബ്ബിന്റെ അനുഗ്രഹങ്ങെള കുറിച്ച് ഓര്‍മിപ്പിക്കും. എന്നിട്ട് അതില്‍ എന്ത് ചെയ്തു എന്ന് ചോദിക്കും. താന്‍ അറിവ് പഠിക്കുകയും അത് മറ്റുള്ളവര്‍ക്ക്പഠിപ്പിച്ചുകൊടുക്കുകയും ചെയ്തത് അയാള്‍ പറയും. എന്നാല്‍ അല്ലാഹു അത് സ്വീകരിക്കാതെ അയാളെയും നരകത്തിലെറിയും. കാരണം ഈ മഹദ്കര്‍മങ്ങെളാക്കെ അയാള്‍ ചെയ്തത് റബ്ബിന്റെ പ്രീതിയും പ്രതിഫലവും ലഷ്യംവെച്ചായിരുന്നില്ല. മറിച്ച് പണ്ഡിതനെന്ന പേരും പ്രശസ്തിയും ആഗ്രഹിച്ചുകൊണ്ടായിരുന്നു. അപ്രകാരം തന്നെ അല്ലാഹു ധാരാളം സമ്പത്ത് നല്‍കിയ ഒരാളെയും കൊണ്ടുവരും. അനുഗ്രഹങ്ങളെ കുറിച്ച് അയാളെ ഓര്‍മിപ്പിക്കുകയും ആ മാര്‍ഗത്തില്‍ എന്ത് ചെയ്തു എന്ന് ചോദിക്കുകയും ചെയ്യും. അയാളുടെയും പ്രയത്‌നങ്ങള്‍ ലോകമാന്യത്തിന് വേണ്ടിയായതിനാല്‍ അവ സ്വീകരിക്കാതെ അയാളെയും നരകത്തിലേക്ക് വലിച്ചെറിയുമെന്ന് നബി   വിശദീകരിച്ചു. ഇമാം അഹ്മദ്, മുസ്‌ലിം, നസാഈ മുതലായവര്‍ ഇത് രേഖപ്പടുത്തിയിട്ടുണ്ട്.2

മതനിഷേധികളുടെ ഗണത്തിലാണ്‌ ജനങ്ങളെ കാണിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവരെ ഖുര്‍ആന്‍ എണ്ണിയിട്ടുള്ളത്‌ (മാഊന്‍ : 6)

ആരെങ്കിലും ഇഹലോകത്തെ പ്രതിഫലമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അവന് ഇവിടെ നിന്ന് നാം നല്‍കും. ആരെങ്കിലും പരലോകത്തെ പ്രതിഫലമാണണ് ഉദ്ദേശിക്കുന്നതെങ്കില്‍ അവന് അവിടെ നിന്ന് നാം നല്‍കും. നന്ദി കാണിക്കുന്നവര്‍ക്ക് നാം തക്കതായ പ്രതിഫലം നല്‍കുന്നതാണ്. (ആലുഇംറാന്‍ 145)

”ജനങ്ങളെ കാണിക്കാനായി തങ്ങളുടെ സ്വത്തുക്കള്‍ ചെലവഴിക്കുന്നവരും അല്ലാഹുവിലോ അന്ത്യദിനത്തിലോ വിശ്വാസമില്ലാത്തവരുമാണവര്‍. പിശാചാണ് ഒരാളുടെ കൂട്ടാളിയാകുന്നെതിങ്കില്‍ അവന്‍ എത്ര ദുഷിച്ച കൂട്ടുകാരന്‍.” (നിസാഅ് 38)

കർമ്മങ്ങൾ എത്ര നല്ലതാണങ്കിലും ശരി രിയാഅിൻെറ അണുമണിതൂക്കും ഹൃദയത്തിലുണ്ടങ്കിൽ ആകർമ്മങ്ങൾ സ്വീകരിക്കപ്പെടുകയില്ല. ഭൂമിയിൽ ഉദാരൻ, പണ്ഡിതൻ, ധീരൻ എന്നൊക്കെ ആളുകൾ വിളിക്കും. ആയിരങ്ങളെ സാക്ഷി നിർത്തി വലിയ സറ്റേജുകളിൽ ആദരിക്കപ്പെടും. ചിന്തിക്കുക പരലോകത്ത് സ്വീകരിക്കപ്പെടുന്ന കർമ്മങ്ങൾ തന്നെയാണൊ നാം ചെയ്യുന്നതെന്ന്.

—————

1)مَنْ صَلَّى يُرَائِي فَقَدْ أَشْرَكَ، وَمَنْ صَامَ يُرَائِي فَقَدْ أَشْرَكَ، وَمَنْ تَصَدَّقَ يُرَائِي فَقَدْ أَشْرَكَ “.

2)” إِنَّ أَوَّلَ النَّاسِ يُقْضَى يَوْمَ الْقِيَامَةِ عَلَيْهِ رَجُلٌ اسْتُشْهِدَ، فَأُتِيَ بِهِ، فَعَرَّفَهُ نِعَمَهُ، فَعَرَفَهَا، قَالَ : فَمَا عَمِلْتَ فِيهَا ؟ قَالَ : قَاتَلْتُ فِيكَ حَتَّى اسْتُشْهِدْتُ. قَالَ : كَذَبْتَ، وَلَكِنَّكَ قَاتَلْتَ لِأَنْ يُقَالَ : جَرِيءٌ، فَقَدْ قِيلَ. ثُمَّ أُمِرَ بِهِ، فَسُحِبَ عَلَى وَجْهِهِ، حَتَّى أُلْقِيَ فِي النَّارِ، وَرَجُلٌ تَعَلَّمَ الْعِلْمَ، وَعَلَّمَهُ، وَقَرَأَ الْقُرْآنَ، فَأُتِيَ بِهِ، فَعَرَّفَهُ نِعَمَهُ، فَعَرَفَهَا، قَالَ : فَمَا عَمِلْتَ فِيهَا ؟ قَالَ : تَعَلَّمْتُ الْعِلْمَ، وَعَلَّمْتُهُ، وَقَرَأْتُ فِيكَ الْقُرْآنَ. قَالَ : كَذَبْتَ، وَلَكِنَّكَ تَعَلَّمْتَ الْعِلْمَ لِيُقَالَ : عَالِمٌ، وَقَرَأْتَ الْقُرْآنَ لِيُقَالَ : هُوَ قَارِئٌ، فَقَدْ قِيلَ. ثُمَّ أُمِرَ بِهِ، فَسُحِبَ عَلَى وَجْهِهِ حَتَّى أُلْقِيَ فِي النَّارِ، وَرَجُلٌ وَسَّعَ اللَّهُ عَلَيْهِ، وَأَعْطَاهُ مِنْ أَصْنَافِ الْمَالِ كُلِّهِ، فَأُتِيَ بِهِ، فَعَرَّفَهُ نِعَمَهُ، فَعَرَفَهَا، قَالَ : فَمَا عَمِلْتَ فِيهَا ؟ قَالَ : مَا تَرَكْتُ مِنْ سَبِيلٍ تُحِبُّ أَنْ يُنْفَقَ فِيهَا إِلَّا أَنْفَقْتُ فِيهَا لَكَ. قَالَ : كَذَبْتَ، وَلَكِنَّكَ فَعَلْتَ لِيُقَالَ : هُوَ جَوَادٌ، فَقَدْ قِيلَ. ثُمَّ أُمِرَ بِهِ، فَسُحِبَ عَلَى وَجْهِهِ، ثُمَّ أُلْقِيَ فِي النَّارِ “.

Related Articles