Current Date

Search
Close this search box.
Search
Close this search box.

കർമങ്ങളോടുള്ള നിലപാടാണ് നിയ്യത്ത്

إنما الأعمال بالنيات، وإنما لكل امرئ ما نوى، فمن كانت هجرته إلى الله ورسوله، فهجرته إلى الله ورسوله، ومن كانت هجرته لدنيا يصيبها أو امرأة ينكحها، فهجرته إلى ما هاجر إليه
പ്രവാചകൻ(സ) പറയുന്നത് കേട്ടതായി ഉമറുബ്നുൽ ഖത്താബി(റ)ൽ നിന്ന് നിവേദനം. കർമങ്ങളുടെ അടിസ്ഥാനം ഉദ്ദേശ്യമാകുന്നു. ഓരോരുത്തർക്കും അവരുദ്ദേശിച്ചതെന്തോ അതാണ് ലഭിക്കുക. ഏതൊരാളുടെ ഹിജ്‌റ അല്ലാഹുവിനെയും പ്രവാചകനെയും ഉദ്ദേശിച്ചാണോ, അയാളുടെ ഹിജ്‌റ അല്ലാഹുവിലേക്കും റസൂലിലേക്കുമായിരിക്കും. ഒരാളുടെ ഹിജ്‌റ ഭൗതികനേട്ടം ഉദ്ദേശിച്ചോ ഏതെങ്കിലും സ്ത്രീയെ വിവാഹം ചെയ്യുന്നതിനോ ആണെങ്കിൽ ആ ഹിജ്‌റ അയാൾ ഉദ്ദേശിച്ചതിലേക്ക് മാത്രമായിരിക്കും. (ബുഖാരി,മുസ്‌ലിം)

 

ഏറെ പ്രസിദ്ധമായ ഒരു ഹദീസാണിത്. ധാരാളമായി നാമിത് കേൾക്കുന്നു. ഏറെ ഗൗരവപ്പെട്ട കാര്യമായി മുസ്‌ലിംകൾ നിയ്യത്തിനെ കാണുന്നു. എല്ലാ പ്രവർത്തനങ്ങളും ശരിയാകുന്നതിന് നിയ്യത്ത് നിർബന്ധമാണ്. കാരണം, റസൂലുല്ലാഹ് പറഞ്ഞു: ” തീർച്ചയായും അല്ലാഹു നോക്കുന്നത് നിങ്ങളുടെ രൂപങ്ങളിലേക്കോ സമ്പത്തിലേക്കോ അല്ല. നിങ്ങളുടെ ഹൃദയങ്ങളിലേക്കും കർമങ്ങളിലേക്കും മാത്രമാണ് അവൻ നോക്കുന്നത്”(മുത്തഫഖുൻ അലൈഹി). ഹൃദയങ്ങളിലേക്കുള്ള നോട്ടം നിയ്യത്തുകളിലേക്കുള്ള നോട്ടമാണ്. അല്ലാഹു പറയുന്നു: “അനുസരണം അവനു മാത്രമാക്കിക്കൊണ്ട് നിഷ്കളങ്കരായി അല്ലാഹുവിന് മാത്രം ഇബാദതുചെയ്യാനല്ലാതെ അവർ കൽപിക്കപ്പെട്ടിട്ടില്ല”(അൽബയ്യിന). ഒരു തിരുമൊഴി ഇങ്ങിനെ വായിക്കാം: ” ഒരു നന്മ ഉദ്ദേശിച്ചവൻ അത് പ്രവർത്തിച്ചില്ലെങ്കിലും അവനൊരു നന്മ രേഖപ്പെടുത്തപ്പെടും”(മുസ്‌ലിം). നല്ല ഉദ്ദേശ്യം മാത്രം മതി സൽക്കർമമാകാൻ. അതിനാൽ പ്രതിഫലം ലഭിക്കുകയും ചെയ്യും. നബി പറഞ്ഞു: “രണ്ട് മുസ്‌ലിംകൾ വാളുമായി ഏറ്റുമുട്ടിയാൽ അപ്പോൾ കൊലയാളിയും കൊല്ലപ്പെട്ടവനും നരകത്തിലാണ്. അപ്പോൾ ചോദിക്കപ്പെട്ടു: കൊലയാളിയുടെ കാര്യം മനസ്സിലായി. കൊല്ലപ്പെട്ടവൻറെ അവസ്ഥയെന്താണ്? നബി പറഞ്ഞു: കാരണം, അവനും അവൻറെ സഹോദരനെ വധിക്കാൻ ഉദ്ദേശിച്ചിരുന്നു”(മുത്തഫഖുൻ അലൈഹി). തെറ്റായ നിയ്യത്തും മോശമായ ഉദ്ദേശ്യവും കൊലയാളിക്കെന്നപോലെ കൊല്ലപ്പെട്ടവന്നും നരകം അനിവാര്യമാക്കി. നിയ്യത്ത് മോശമായിരുന്നില്ലയെങ്കിൽ അയാൾ സ്വർഗാവകാശികളിൽ പെടുമായിരുന്നു. ഹദീസിൽ കാണാം: “കൊടുക്കാൻ ഉദ്ദേശിക്കാത്ത മഹ്റിന് വിവാഹം ചെയ്‌തവൻ വ്യഭിചാരിയാണ്. തിരിച്ചുകൊടുക്കാൻ ഉദ്ദേശ്യമില്ലാതെ കടം വാങ്ങിയവൻ കള്ളനാണ്”(അഹ്‌മദ്‌,ഇബ്നുമാജ). കുറ്റകരമായ നിയ്യത്ത് അനുവദനീയമായതിനെ ഹറാമാക്കുന്നു. നിയ്യത്ത് പ്രവർത്തനത്തിൻറെ ആത്മാവും ശക്തിസ്രോദസ്സുമാണ്. നിയ്യത്തിൻറെ ബലാബലമാണ് കർമത്തിൻറെ ബലാബലം. നാവിൽ നിന്നുതിരുന്ന പദമല്ല റബ്ബിൻറെ പ്രീതി ആഗ്രഹിച്ചും കൽപന പ്രയോഗവത്കരിച്ചും കൊണ്ടുള്ള കർമോദ്ദേശ്യമാണ്.

ചില പണ്ഡിതർ ഈ ഹദീസിനെ ഇസ്‌ലാമിൻറെ അച്ചുതണ്ടായ രണ്ട് ഹദീസുകളിലൊന്നെന്ന നിലക്ക് ഇസ്‌ലാമിൻറെ പകുതിയെന്നും വേറെ ചിലർ മൂന്ന് ഹദീസുകളിൽ ഒന്നായതിനാൽ ഇസ്‌ലാമിൻറെ മൂന്നിലൊന്നെന്നും മറ്റു ചിലർ നാലിലൊന്നെന്നും പ്രസ്താവിച്ചതായി കാണാം.

കൈകാലുകളുടെ പ്രവർത്തിയും നാവിൽ നിന്നുതിരുന്ന വാക്കുകളും ഉപേക്ഷയും നിഷ്ക്രിയത്വവും കർമങ്ങളാണ്. പ്രവർത്തനത്തെ ശീലമായ കേവല കർമമെന്നും ഇബാദത്തിൻറെ ഗണത്തിൽപ്പെടുന്ന പുണ്യകർമമെന്നും വ്യവച്ഛേദിക്കാം. കർമങ്ങളെ കേവല കർമത്തിൽനിന്ന് ആരാധനയിലേക്ക് ഉയർത്തുന്നത് നിയ്യത്താണ്. നിയ്യത്തില്ലാത്ത കുളിക്ക് വൃത്തി എന്ന ഭൗതിക ഫലം മാത്രമാണുണ്ടാവുക. വുദൂ ആണെങ്കിലും നമസ്കാരമോ നോമ്പോ സകാത്തോ ഹജ്ജോ ആണെങ്കിലും നിയ്യത്തില്ലാതെയാണ് നിർവഹിച്ചതെങ്കിൽ അവ അസ്വീകാര്യമായിരിക്കും. ആരാധനകളുടെ വൈവിധ്യങ്ങളെ വേർതിരിക്കുന്നതും നിയ്യത്തു തന്നെ. ഉദാഹരണത്തിന് രണ്ട് റക്അത്ത് നമസ്‍കാരം. തഹിയ്യത്, റവാത്തിബ്, സുബ്ഹ് എന്നിവയെല്ലാം രണ്ട് റക്അത്ത് നമസ്‌കാരമാണ്. ഒരേ രൂപത്തിലാണ് നിർവഹിക്കുന്നതെങ്കിലും അവയുടെയെല്ലാം പ്രാധാന്യത്തിലും പ്രതിഫലത്തിലും മൂന്നും മൂന്ന് തരമാണ്.

നോമ്പ് പലവിധമുണ്ട്. റമദാനിലെ നോമ്പ് നിർബന്ധമാണ്. കടം വീട്ടുന്ന നോമ്പും നേർച്ച നോമ്പും മറ്റനേകം ഐച്ഛിക നോമ്പുകളുമുണ്ട്. പ്രത്യക്ഷത്തിൽ എലാം ഒരുപോലെയെങ്കിലും ഓരോന്നിൻറെയും സ്ഥാനം തികച്ചും വ്യത്യസ്തമാകയാൽ നിയ്യത്തില്ലാതെ കർമം ശരിയാവില്ല.

ഹൃദയകർമങ്ങൾക്ക് നിയ്യത്ത് വേണ്ടെന്ന് കാണാം. ദൈവഭയം, ആത്മവിചാരണ, ലജ്ജ എന്നിവ ഉദാഹരണം. കാരണം, പ്രകടന പരതപോലുള്ള ഭൗതിക താൽപര്യങ്ങൾക്ക് ഹൃദയകർമങ്ങളിൽ സ്ഥാനമില്ലല്ലോ. ബാഹ്യാവയവങ്ങളായ കരചരണങ്ങളും നാവും കൊണ്ട് ചെയ്യുന്നവക്ക് നിയ്യത്ത് ഒഴിച്ചുകൂടാത്തതാണ് താനും.

നായക്ക് വെള്ളം കൊടുത്ത സ്ത്രീക്ക് അല്ലാഹു പൊറുത്തുകൊടുത്തു എന്നാണ് ഹദീസ്. ആവശ്യക്കാർക്ക് വഴികാണിക്കുക, പുഞ്ചിരിയോടെ മനുഷ്യരെ അഭിമുഖീകരിക്കുക, നല്ലവാക്കുകൊണ്ട് സംസാരിക്കുക, ഉപദ്രവം തടയുക തുടങ്ങിയവക്ക് പ്രതിഫലമുണ്ട്. “പുഞ്ചിരിയോടെ നിൻറെ സഹോദരൻറെ മുഖത്ത് നോക്കുന്നത് സ്വദഖയാണ്.” എന്നത് തിരുമൊഴിയാണ്. കർമങ്ങളെയും പുണ്യത്തെയും കുറിച്ച് അറിവുണ്ടാവുക, പ്രതിഫലമാഗ്രഹിക്കുന്ന മനസ്സുണ്ടാവുക, അവസരമൊത്ത് വരുമ്പോൾ പ്രവർത്തിക്കുക. അത്തരക്കാരെ ദൈവപ്രീതിയും പ്രതിഫലവും തേടിവരും. ദാഹിക്കുന്ന, വിശക്കുന്ന, ക്ഷീണിച്ച ഒരു മനുഷ്യനെ കണ്ടപ്പോൾ വാഹനത്തിൽ കയറ്റിയാൽ പ്രതിഫലാർഹമാണെന്നതിൽ തർക്കമില്ല. മറ്റുള്ളവരെ കാണിക്കുക കേൾപ്പിക്കുക എന്ന മോശമായ ലക്ഷ്യമില്ലാതിരിക്കുക എന്നതുതന്നെ കാര്യം പ്രതിഫലാർഹമാകുന്നതിന് മതിയാകുന്നതാണ്.

ഹറാം ചെയ്യാതെ ഹലാലായ കർമം തെരെഞ്ഞെടുക്കുന്നതിന് നിയ്യത്തായി ആ ബോധം മതിയാകും. ഒരിക്കൽ ഇണകൾക്കിടയിലെ ലൈംഗിക സുഖാസ്വാദനത്തിന് പുണ്യമുണ്ടെന്ന് തിരുമേനി പറഞ്ഞപ്പോൾ, ‘അത് ഒരു മനുഷ്യൻറെ തീർത്തും സ്വകാര്യമായ ആവശ്യമല്ലേ അതിനും പ്രതിഫലമോ’ എന്ന അനുചരൻറെ ചോദ്യത്തിന് ‘ഹറാം ചെയ്താൽ കുറ്റമുണ്ടെങ്കിൽ ഹലാലിന് പ്രതിഫലവുമുണ്ട്’ എന്നാണ് റസൂൽ പ്രതികരിച്ചത്. വിശ്വാസിയുടെ ഏതൊരു കർമവും ഇബാദത്തും ദൈവസാമീപ്യം തേടുന്നതും ആയിത്തീരും അതവൻ ഉദ്ദേശിച്ചാൽ. ഭാഷയിൽ നിയ്യത്തെന്നാൽ ഒരു കാര്യം ഉദ്ദേശിക്കലാണ്. അത് നാവുമായി ബന്ധമില്ലാത്ത ഒരു ഹൃദയകർമമാണ്. കർമത്തെ ഇബാദത്ത് ഇബാദത്തല്ലാത്തത്, ഫർദ് സുന്നത്ത് എന്നിങ്ങനെ വേർതിരിക്കുന്നത് നിയ്യത്താണ്. ഏതൊരു കർമവും നിർവഹിക്കുന്നവൻ അതിനെ എങ്ങിനെ കണ്ടു എന്നതിനെ ആശ്രയിച്ചാണ് അതിൻറെ പ്രതിഫല ലഭ്യത. കർമങ്ങൾ നല്ലതും ചീത്തയുമാകുന്നത് ആ അടിസ്ഥാനത്തിലാണ്. അല്ലാഹുവിൻറെ പ്രീതിയാഗ്രഹിച്ചും പ്രവാചകനെ അനുസരിക്കുക എന്ന ലക്ഷ്യത്തോടെയും നല്ല മനസ്സോടെ റബ്ബ് നിഷിദ്ധമാക്കിയതൊക്കെ ഉപേക്ഷിച്ചവന് അല്ലാഹു അവൻറെ നിയ്യത്തിനെക്കൊണ്ട് പ്രതിഫലം നൽകുന്നതാണ്. തൻറെ നിയ്യത്തിൽ അല്ലാഹുവിൻറെ സ്നേഹവും തൃപ്തിയും വെച്ചുകൊണ്ടാണ് ഒരാൾ ഇസ്‌ലാമിക നാട്ടിലേക്ക് പലായനം ചെയ്യന്നതെങ്കിൽ അവൻറെ ഹിജ്‌റ അല്ലാഹുവിനും അവൻറെ റസൂലിനും വേണ്ടിയുള്ളതാകും. കച്ചവടം, വിവാഹം പോലെ ഭൗതികമായ ഏതെങ്കിലും കാര്യത്തിനാണ് അയാൾ ദേശത്യാഗം ചെയ്തതെങ്കിൽ അയാളുടെ ഹിജ്‌റ അതിന് മാത്രമായാണ് പരിഗണിക്കപ്പെടുക. മുസ്‌ലിം നിർവഹിക്കുന്ന കർമം ചെയ്യുന്നതോടെയോ ഉദ്ദേശിക്കുന്നതോടെയോ സ്വീകാര്യമാണ്. എല്ലാർക്കും കർമോദ്ദേശ്യത്തിൻറെ അടിസ്ഥാനത്തിൽ പ്രതിഫലം നൽകപ്പെടും. മുസ്‌ലിമിൻറെ കർമങ്ങളഖിലം സദുദ്ദേശ്യം കൊണ്ടുതന്നെ സ്വീകാര്യമാണ്. കർമത്തിൻറെ ലക്ഷ്യം നല്ലതാണെങ്കിൽ നല്ലത്. മോശമാണെങ്കിൽ മോശം. എല്ലാ കർമങ്ങളും നല്ല നിയ്യത്തോടെയാവുമ്പഴേ പ്രതിഫലം ലഭിക്കൂ. നല്ല നിയ്യത്തുണ്ടെങ്കിൽ എല്ലാ ശീലങ്ങളെയും ഇബാദത്തുകളാക്കി മാറ്റാം.

കരുതുക എന്നാണ് നിയ്യത്ത് എന്ന പദത്തിൻറെ അർഥം. ഉദ്ദേശിക്കുകയെന്നാണ് ഭാഷാർഥം. നിയ്യത്തിൻറെ കേന്ദ്രം മനസ്സാണ്. കർമങ്ങളുടെ പ്രേരണ ഹൃദയത്തിൽനിന്നാണല്ലോ. ഉള്ളിൽനിന്നുള്ള പ്രേരകങ്ങളെ പരിഗണിച്ചാണ് പ്രവർത്തനങ്ങളെ അല്ലാഹു പരിഗണിക്കുന്നത്. ഏതൊരു കർമത്തിൻറെയും ആരംഭസമയത്ത് ഉദ്ദേശിക്കുന്ന കർമത്തെ തെളിമയിൽ മനസ്സിൽ കൊണ്ടുവന്നിരിക്കണം. ഏതൊരു കർമങ്ങളുടെയും അടിസ്ഥാനം നിയ്യത്താണ്. അല്ലാഹു കർമങ്ങൾ സ്വീകരിക്കുന്നത് നിയ്യത്തിൻറെ അടിസ്ഥാനത്തിലാണ്. ആകയാൽ വിശ്വാസി ചെയ്യുന്നതെല്ലാം നല്ലബോധത്തോടെയാവണം. ഒന്നും അശ്രദ്ധയോടെയാവരുത്. കർമങ്ങളിൽ പ്രധാനമായ ആരാധനകൾക്കും അത് ബാധകമാണ്. റമദാൻ മാസവും ഓരോ നാളിലെ വ്രതാനുഷ്ഠാനവും അതിൽനിന്ന് വിത്യസ്തമല്ല. മാത്രമല്ല, നിർബന്ധമാകട്ടെ ഐച്ഛികമാകട്ടെ ഏത് ആരാധനകളും സൽക്കർമങ്ങളും നിർവഹിക്കപ്പെടുന്നത് ദൈവസ്മരണയിൽ ആയിരിക്കേണ്ടത് പ്രധാനമാണ്.

നിയ്യത്ത് ഉച്ചരിക്കൽ നിർബന്ധമില്ല. കർമങ്ങളുടെ ഉദ്ദേശ്യം അശ്രദ്ധമായിപ്പോകാതിരിക്കാനാണ് നിയ്യത്തിൻറെ ഉച്ചാരണത്തിന് പ്രാധാന്യമുണ്ടെന്ന് പണ്ഡിതന്മാർ ഒരുവേള പറഞ്ഞുവെച്ചിട്ടുണ്ടാവുക. അല്ലാതെ നിയ്യത്ത് ഒരു പ്രസ്താവനയാക്കുന്നതിൽ പ്രത്യേകിച്ച് പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല. പ്രമാണത്തിൽ പ്രവാചകരുടെയോ സ്വഹാബത്തിൻറെയോ ഒരുവരി നിയ്യത്തും എവിടെയും ഉദ്ദരിക്കപ്പെട്ടിട്ടില്ല. ഇമാം ഇബ്നുൽ ഖയ്യിം പറഞ്ഞു: ” ഒരു കാര്യം ഉദ്ദേശിക്കുക, തീരുമാനിക്കുക എന്നിവക്കാണ് നിയ്യത്ത്എന്ന് പറയുന്നത്. അതിൻറെ സ്ഥാനം ഹൃദയമാണ്. നാവുമായി അതിന് യാതൊരു ബന്ധവുമില്ല. അതുകൊണ്ടുതന്നെ നബിയിൽനിന്നോ സ്വഹാബത്തിൽനിന്നോ നിയ്യത്തിൻറെ ഒരു പദവും ഒരിക്കലും ഉദ്ദരിക്കപ്പെട്ടിട്ടില്ല. ശുദ്ധീകരണവും നമസ്കാരവും മറ്റും ആരംഭിക്കുമ്പോൾ ഇന്നു പറയപ്പെടുന്ന ഈ നവീന നിർമിതങ്ങളായ വാചകങ്ങളെല്ലാം പിശാചിന് ‘വസ്‌വാസുകാരെ ‘ പിടികൂടാനുള്ള രംഗമായിരിക്കയാണ്. അവൻ അവരെ വാചകങ്ങളുടെ മുമ്പിൽ കെട്ടിയിടുകയും അവയിലിട്ട് അവരെ ശിക്ഷിക്കുകയും അവ ശെരിയാക്കുന്ന മഹാശ്രമത്തിൽ പെടുത്തി അവരെ വട്ടംതിരിക്കുകയും ചെയ്യുന്നു. തന്മൂലം ചിലർ അത് ആവർത്തിച്ചുകൊണ്ടിരിക്കുന്നതും അവ ഉദ്ദരിച്ച് ദേഹത്തെ ക്ലേശിപ്പിക്കുന്നതും കാണാം’’ (ഉദ്ധരണം: ഫിഖ്ഹുസ്സുന്ന)

നോമ്പെടുക്കണമെന്ന തീരുമാനവുമായി ഉറങ്ങാൻ കിടക്കുന്നതും പ്രഭാതോദയത്തിനുമുമ്പ് അത്താഴം കഴിക്കാൻ എഴുന്നേൽക്കുന്നതുമെല്ലാം നിയ്യത്തിന് മതിയാകുന്നതാണ്. അത്തരത്തിൽ ബോധവാനായ ഒരാൾ നിയ്യത്ത് മറന്നെന്നപേരിൽ നോമ്പുപേക്ഷിക്കുന്നത് തികച്ചും ബാലിശമാണ്.

ചുരുക്കത്തിൽ, നിയ്യത്ത് ഉദ്ദേശ്യപൂർവവും ലക്ഷ്യബോധത്തോടെയും കാര്യങ്ങൾ ചെയ്യാനുള്ള തീരുമാനമാണ്. നിലപാടാണ് നിയ്യത്തെന്ന് പറയാം. അല്ലാഹു തൃപ്തിപ്പെടുവോളം കർമങ്ങൾ നിഷ്കാമം നിർവഹിക്കാൻ വിശ്വാസിക്ക് ബാധ്യതയുണ്ട്.

Related Articles