Hadith Padanam

അശുഭമല്ല മുഹർറം

عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ « أَفْضَلُ الصِّيَامِ بَعْدَ رَمَضَانَ شَهْرُ اللَّهِ الْمُحَرَّمُ وَأَفْضَلُ الصَّلاَةِ بَعْدَ الْفَرِيضَةِ صَلاَةُ اللَّيْلِ ».

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം. പ്രവാചകന്‍ (സ) പറഞ്ഞു: റമദാന്‍ നോമ്പ് കഴിഞ്ഞാൽ ഏറ്റവും ശ്രേഷ്ഠമായ നോമ്പ് അല്ലാഹുവിന്റെ മാസമായ മുഹർറം മാസത്തിലെ നോമ്പാണ്, ഫർള് നമസ്കാരം കഴിഞ്ഞാൽ ഏറ്റവും ശ്രേഷ്ഠതയുള്ള നമസ്‌കാരം രാത്രിയിലുള്ള നമസ്‌കാരമാണ്.(മുസ്‌ലിം: 2812).

അല്ലാഹു പവിത്രമായി പ്രഖ്യാപിച്ച നാല് മാസങ്ങളിൽ ഒന്നാണല്ലോ മുഹർറം. ശഹ്റുല്ലാഹ് എന്നാണ് റസൂൽ മുഹർറം മാസത്തെ വിശേഷിപ്പിച്ചത്. അല്ലാഹുവിലേക്ക് ചേർത്ത് പറഞ്ഞതിൽ നിന്ന് അതിന്റെ ശ്രേഷ്ഠതയും മഹത്വവും സുവ്യക്തമാണ്. ഫറോവയുടെ നിഷ്ഠൂര ഭരണത്തിൽ നിന്ന് മൂസാ നബിക്കും ബനൂ ഇസ്റാഈൽ സമൂഹത്തിനും അല്ലാഹു മോചനം നൽകിയ മാസം കൂടിയാണല്ലോ മുഹർറം.

ഇതെല്ലാം വിസ്മരിച്ച് ഈ മാസത്തെ ചിലർ അശുഭമായി കാണുന്നു. ഇതിലെ ആദ്യ നാളുകൾ നല്ല കാര്യങ്ങളൊന്നും ആരംഭിക്കാൻ പാടില്ലാത്ത വിധം മോശപ്പെട്ട ദിനങ്ങളാണെന്നത് ഇബ് ലീസി ന്റെ അധ്യാപനമാണ് . ശീഅ വിഭാഗത്തിന്റെ കർബലാദിനാചരണത്തിന്റെ സ്വാധീനമായിരിക്കാം ഈ ആചാരത്തിന് പിന്നിൽ. ഒരു ദിനത്തെയും കാലത്തെയും പഴിക്കാൻ പാടില്ല എന്നതാണ് ഇസ് ലാമിന്റെ നിർദേശം.

നബി(സ) പറഞ്ഞു: നിങ്ങൾ കാലത്തെ പഴിക്കരുത് . നിശ്ചയം, അല്ലാഹുവാണ് കാലം.(1) വസ്തുക്കളെയോ വ്യക്തികളെയോ ജീവികളെയോ ദിനങ്ങളെയോ അശുഭമായി കാണുന്ന രീതി ഇസ് ലാമികമല്ല. റമദാൻ വ്രതാനുഷ്ഠാനത്തിന് പുറമെ ഇതര മാസങ്ങളിലും റസൂൽ പലപ്പോഴായി വ്രതമനുഷ്ഠിക്കാറുണ്ടായിരുന്നെങ്കിലും മുഹർറം മാസത്തിലെ നോമ്പിന് സവിശേഷ പ്രാധാന്യം നൽകിയിരുന്നു.

ഇബ്‌നുഅബ്ബാസ്(റ) പറയുന്നു: ആശൂറാഅ് നോമ്പനുഷ്ഠിക്കുവാന്‍ വേണ്ടി താൽപര്യം കാണിക്കുകയും അതിന് വേണ്ടി കാത്തിരിക്കുകയും ചെയ്യുന്നത്‌പോലെ മറ്റൊരു ദിവസത്തെയും പ്രവാചകന്‍ (സ) പ്രതീക്ഷിക്കുന്നതായി ഞാന്‍ കണ്ടില്ല, അതുപോലെ റമദാന്‍ മാസത്തെയും. (ബുഖാരി). (2)

ഹിജ്റക്ക് മുമ്പും ശേഷവും റസൂൽ ആശൂറാ ദിനം നോമ്പ് അനുഷ്ഠിച്ചിരുന്നു.(3) യഹൂദരും ഈ നോമ്പ് അനുഷ്ഠിക്കുന്ന കാര്യം മദീനയിലെത്തിയ റസൂലിന് അറിയാമായിരുന്നു.(4) എന്നാൽ ആദ്യകാലത്ത് യഹൂദരോട് വിയോജിക്കേണ്ട പശ്ചാത്തലം ഉണ്ടായിരുന്നില്ല. അവസാന വർഷങ്ങളിൽ യഹൂദരുടെ ശത്രുത എല്ലാ പരിതികളും ലംഘിച്ചപ്പോൾ അവരും നമ്മളും രണ്ട് വ്യത്യസ്ത സമൂഹങ്ങളാണ് എന്ന പ്രഖ്യാപനത്തിന്റെ പ്രത്യക്ഷ ഭാവങ്ങളുടെ ഭാഗമായിട്ടാണ് മുഖാലഫ എന്ന നയം ഉണ്ടാവുന്നത്. ആ പശ്ചാത്തലത്തിൽ ആരോ റസൂലിനോട് ആശൂറ നോമ്പ് അവരും അനുഷ്ഠിക്കുന്നുണ്ടല്ലോ എന്ന് പറഞ്ഞപ്പോൾ അവരോട് മുഖാലഫയാവാൻ അടുത്ത വർഷം 9 കൂടി നോൽക്കും എന്ന് റസൂൽ പറഞ്ഞു. പക്ഷേ, അത് നടപ്പിലാക്കും മുമ്പ് റസൂൽ ഇഹലോകത്തോട് വിട പറഞ്ഞു.(5)

യഹൂദരോട് വിയോജിക്കാൻ ആശൂറാ ദിനത്തിന്റെ മുമ്പോ ശേഷമോ കൂടി നോമ്പനുഷ്ഠിക്കാനുള്ള നിർദേശവും ഹദീസുകളിൽ കാണാം.(6) കഴിഞ്ഞ ഒരു വർഷത്തെ പാപത്തിന് പരിഹാരമാണ് ആശൂറാ നോമ്പ് എന്ന് റസൂൽ പഠിപ്പിക്കുന്നു.(7) കുഞ്ഞുങ്ങളെപ്പോലും സഹാബിമാർ ഈ വ്രതാനുഷ്ഠാനം പരിശീലിപ്പിച്ചിരുന്നു.

റുബയ്യിഅ് ബിൻത് മുഅവ്വിദ് പറയുന്നു:  ആശൂറാ ദിനത്തിന്റെ പ്രഭാതത്തിൽ നബി അൻസ്വാരികളുടെ ഗ്രാമങ്ങളിലേക്ക് ഇങ്ങനെ പറഞ്ഞു കൊണ്ട് ആളെ വിടുകയുണ്ടായി: ആരെങ്കിലും നോമ്പെടുത്തിട്ടില്ലെങ്കിൽ അവർ തന്റെ ദിവസം പൂർത്തിയാക്കിക്കൊള്ളട്ടെ, ഇനിയാരെങ്കിലും നോമ്പെടുത്തിട്ടുണ്ടെങ്കിൽ അവർ നോമ്പും പൂർത്തിയാക്കിക്കൊള്ളട്ടെ. പിന്നീടങ്ങോട്ട് ഞങ്ങൾ നോമ്പെടുക്കാറായിരന്നു പതിവ്. ഞങ്ങളുടെ കുഞ്ഞുങ്ങളെക്കൊണ്ടും ഞങ്ങൾ നോമ്പെടുപ്പിക്കും, രോമം കൊണ്ടുള്ള കളിപ്പാട്ടമുണ്ടാക്കി വെക്കും, അവരാരെങ്കിലും കരഞ്ഞാൽ ഞങ്ങളത് അവക്ക് നൽകും അങ്ങനെ നോമ്പ് മുറിക്കുന്ന സമയം വരെ അവരതുമായി കൂടിക്കൊള്ളും. (ബുഖാരി) (8)

ആശൂറാ നോമ്പിന് മൂന്ന് ഗ്രേഡുകളുണ്ടെന്ന് ഇബ്നുൽ ഖയ്യിം രേഖപ്പെടുത്തുന്നു. 1. മുഹർറം 9, 10, 11 ദിനങ്ങളിൽ നോമ്പനുഷ്ഠിക്കുക. ഇതാണ് കൂട്ടത്തിൽ പരിപൂർണം. 2. മുഹർറം 9, 10 ദിനങ്ങളിൽ നോമ്പനുഷ്ഠിക്കുക. 3. മുഹർറം 10 ന് മാത്രം നോമ്പനുഷ്ഠിക്കുക. അഭിനവ ഫറോവമാരിൽ നിന്ന് മോചനത്തിനായി പ്രാർഥിച്ച് ഈ മുഹർറം നമുക്ക് സാർഥകമാക്കാം.

1. عن أبي هريرة قال قال رسول الله صلى الله عليه وسلم لا تسبوا الدهر فإن الله هو الدهر (مسلم)

2. وعن ابن عباس رضي الله تعالى عنه قال: (ما رأيت النّبي – صلّى الله عليه وسلّم – يتحرّى صيام يومٍ فضَّله على غيره إلا هذا اليوم، يوم عاشوراء، وهذا الشّهر، يعني شهر رمضان) رواه البخاري، ومسلم، والنَّسائي، وأحمد

3. وعن عائشة رضي الله عنها قالت: كان يوم عاشوراء يوماً تصومه قريش في الجاهلية، وكان رسول الله – صلّى الله عليه وسلّم – يصومه، فلمّا قدم المدينة صامه، وأمر النّاس بصيامه، فلمّا فرض رمضان قال: من شاء صامه ومن شاء تركه (رواه البخاري ومسلم)

4. فعن ابن عباس رضي الله عنه قال : (قَدِمَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الْمَدِينَةَ فَرَأَى الْيَهُودَ
تَصُومُ يَوْمَ عَاشُورَاءَ ، فَقَالَ : مَا هَذَا ؟ قَالُوا : هَذَا يَوْمٌ صَالِحٌ ، هَذَا يَوْمٌ نَجَّى اللَّهُ بَنِي إِسْرَائِيلَ مِنْ عَدُوِّهِمْ ، فَصَامَهُ مُوسَى ، قَالَ : فَأَنَا أَحَقُّ بِمُوسَى مِنْكُمْ ، فَصَامَهُ ، وَأَمَرَ بِصِيَامِهِ) رواه البخاري .

5. وعن ابن عباس رضي الله عنهما أيضاً قال : (حِينَ صَامَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَوْمَ عَاشُورَاءَ وَأَمَرَ بِصِيَامِهِ ، قَالُوا : يَا رَسُولَ اللَّهِ ، إِنَّهُ يَوْمٌ تُعَظِّمُهُ الْيَهُودُ وَالنَّصَارَى ، فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : فَإِذَا كَانَ الْعَامُ الْمُقْبِلُ إِنْ شَاءَ اللَّهُ صُمْنَا الْيَوْمَ التَّاسِعَ . قَالَ : فَلَمْ يَأْتِ الْعَامُ الْمُقْبِلُ حَتَّى تُوُفِّيَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ) رواه مسلم .

6. عن ابن عباس، أنّ النّبي – صلّى الله عليه وسلّم – قال: (صوموا يوم ‏عاشوراء وخالفوا فيه اليهود: صوموا قبله يوماً، وبعده يوماً). أحمد، بيهقي

7. عن أبي قَتادة رضي الله تعالى عنه، عن الرّسول – صلّى الله عليه وسلّم – قال: (صوم عاشوراء يكفِّر السّنة الماضية، وصوم عرفة يكفِّر سنتين: الماضية والمستقبَلة) رواه النَّسائي في السّنن الكبرى

8. عَنِ الرُّبَيِّعِ بِنْتِ مُعَوِّذٍ قَالَتْ: أَرْسَلَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّم غَدَاةَ عَاشُورَاءَ إِلَى قُرَى الأَنْصَارِ، مَنْ أَصْبَحَ مُفْطِرًا فَلْيُتِمَّ بَقِيَّةَ يَوْمِهِ، وَمَنْ أَصْبَحَ صَائِمًا فَلْيَصُمْ. قَالَتْ: فَكُنَّا نَصُومُهُ بَعْدُ، وَنُصَوِّمُ صِبْيَانَنَا وَنَجْعَلُ لَهُمُ اللُّعْبَةَ مِنَ الْعِهْنِ، فَإِذَا بَكَى أَحَدُهُمْ عَلَى الطَّعَامِ أَعْطَيْنَاهُ ذَاكَ حَتَّى يَكُونَ عِنْدَ الإِفْطَارِ.- رَوَاهُ الْبُخَارِيُّ

Facebook Comments
Related Articles

അബൂദര്‍റ് എടയൂര്‍

1981 മെയ് 23ന് മലപ്പുറം ജില്ലയിലെ എടയൂരില്‍ ജനനം. പിതാവ് സി.ടി. സ്വാദിഖ് മൗലവി. മാതാവ് സൈനബ്. ഐ. ആര്‍. എസ് എടയൂര്‍, അല്‍ജാമിഅ അല്‍ഇസ്‌ലാമിയ ശാന്തപുരം എന്നിവിടങ്ങളില്‍ പഠനം. തഫ്ഹീമുല്‍ ഖുര്‍ആന്‍ ഡിജിറ്റൈസേഷന്‍ പ്രൊജക്റ്റിന്റെ കോ ഓഡിനേറ്ററായും അല്‍ജാമിഅ അല്‍ഇസ്‌ലാമിയയില്‍ ചീഫ് ലൈബ്രേറിയനായും പ്രവര്‍ത്തിച്ചു. ഭാര്യ: രഹ്‌ന. കൃതികള്‍: സഹനം, തവക്കുല്‍, വിശ്വാസ സ്വാതന്ത്ര്യം, ഖുര്‍ആന്‍ ചരിത്രം സത്യവും മിഥ്യയും (വിവര്‍ത്തനം).

Check Also

Close
Close
Close