Current Date

Search
Close this search box.
Search
Close this search box.

ആപത്തുകാലത്ത് അല്ലാഹു കൂടെയുണ്ടാവാന്‍

عَنِ ابْنِ عَبَّاسٍ قَالَ: كُنْتُ رَدِيفَ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَقَالَ: ” يَا غُلامُ، أَوْ يَا غُلَيِّمُ، أَلا أُعَلِّمُكَ كَلِمَاتٍ يَنْفَعُكَ اللهُ بِهِنَّ ؟ ” فَقُلْتُ: بَلَى. فَقَالَ: ” احْفَظِ اللهَ يَحْفَظْكَ، احْفَظِ اللهَ تَجِدْهُ أَمَامَكَ، تَعَرَّفْ إِلَيْهِ فِي الرَّخَاءِ، يَعْرِفْكَ فِي الشِّدَّةِ     –  مسند أحمد

ഇബ്‌നു അബ്ബാസില്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: ഞാന്‍ റസൂലിന്റെ സഹയാത്രികനായിരിക്കെ ഒരിക്കല്‍ എന്നോട് പറഞ്ഞു: മോനേ, അല്ലാഹു നിനക്ക് ഗുണം പ്രദാനം ചെയ്യുന്ന ചില കാര്യങ്ങള്‍ ഞാന്‍ പഠിപ്പിച്ചുതരട്ടെ? ഞാന്‍ പറഞ്ഞു: വേണം. അപ്പോള്‍ നബി അരുളി: നീ അല്ലാഹുവെ കൂത്തുസൂക്ഷിക്കുക, അപ്പോള്‍ അവന്‍ നിന്നെ കാത്ത് സംരക്ഷിച്ചുകൊള്ളും. നീ അല്ലാഹുവെ കാത്തുസൂക്ഷിക്കുക. എങ്കില്‍, നിനക്കവനെ നിന്റെ മുന്നില്‍ കാണാം. സന്തോഷകാലത്ത് അല്ലാഹുവെ തിരിച്ചറിയാനായാല്‍ ആപത്തുകാലത്ത് അവന്‍ നിന്നെ തിരിച്ചറിഞ്ഞുകൊള്ളും. (മുസ്‌നദു അഹ്മദ്).

عَنِ ابْنِ عَبَّاسٍ  ഇബ്‌നു അബ്ബാസില്‍ നിന്ന്
 قَالَ: അദ്ദേഹം പറഞ്ഞു
 كُنْتُ  ഞാന്‍ ആയിരുന്നു
 رَدِيفَ  പിന്നില്‍ യാത്ര ചെയ്യുന്നവന്‍, അനുഗമിക്കുന്നവന്‍
 رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ റസൂലിന്റെ
 فَقَالَ:  അപ്പോള്‍ അദ്ദേഹം പറഞ്ഞു
 يَا غُلامُ، أَوْ يَا غُلَيِّمُ،  കുഞ്ഞേ
 أَلا أُعَلِّمُكَ  ഞാന്‍ നിനക്ക് പഠിപ്പിച്ച് തരട്ടെയോ
 كَلِمَاتٍ  ചില വചനങ്ങള്‍
يَنْفَعُكَ اللهُ  അല്ലാഹു നിനക്ക് പ്രയോജനം ചെയ്യും
بِهِنَّ  അവ മുഖേന
فَقُلْتُ:  അപ്പോള്‍ ഞാന്‍ പറഞ്ഞു
 بَلَى. അതെ/ വേണം
فَقَالَ: : അന്നേരം അദ്ദേഹം പറഞ്ഞു
 احْفَظِ اللهَ  നീ അല്ലാഹുവെ സൂക്ഷിക്കുക
يَحْفَظْكَ  അവന്‍ നിന്നെ കാത്തുസൂക്ഷിക്കും
 احْفَظِ اللهَ   അല്ലാഹുവെ സൂക്ഷിക്കുക
 تَجِدْهُ  നിനക്ക് അവനെ കാണാം
 أَمَامَكَ  നിന്റെ മുന്നില്‍
تَعَرَّفْ إِلَيْهِ  അവനെ തിരിച്ചറിയുക
 فِي الرَّخَاءِ  സൗഖ്യവേളയില്‍
يَعْرِفْكَ  അവന്‍ നിന്നെ തിരിച്ചറിയും
فِي الشِّدَّةِ  പ്രയാസഘട്ടത്തില്‍

അല്‍പം ദീര്‍ഘമായ ഒരു ഹദീസിന്റെ ആദ്യഭാഗമാണിത്. ചെറുപ്പം മുതല്‍ തന്നെ ആളുകളില്‍ ഉന്നതമൂല്യങ്ങള്‍ നട്ടുവളര്‍ത്തണമെന്ന പാഠമാണ് ഈ ഹദീസ് നല്‍കുന്ന ഒന്നാമത്തെ പാഠം. ലുഖ്മാന്‍(അ) തന്റെ മകന് നല്‍കിയ ഉപദേശങ്ങള്‍ ഖുര്‍ആന്‍ ഉദ്ധരിക്കുന്നുണ്ടല്ലോ. രക്ഷിതാക്കള്‍ക്കും സമൂഹത്തിന് മാര്‍ഗദര്‍ശനം നല്‍കുന്നവരും ശ്രദ്ധിക്കേണ്ട ഒന്നാണിത്.

വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങളാണ് ചെറിയ കുഞ്ഞായിരുന്ന ഇബ്‌നുഅബ്ബാസിനെ റസൂല്‍ പഠിപ്പിക്കുന്നത്. അല്ലാഹുവിന്റെ ആജ്ഞാനിരോധനങ്ങളും മാര്‍ഗനിര്‍ദേശങ്ങളും പാലിച്ച് ജീവിക്കണമെന്നും അങ്ങനെ ചെയ്താല്‍ അല്ലാഹുവിന്റെ കാവലും സംരക്ഷണവും ഉണ്ടാവുമെന്നാണ് ആദ്യം പറയുന്നത്.

അല്ലാഹുവിന്റെ കാവലിനെ പ്രധാനമായും രണ്ടായി തരംതിരിക്കാം. ഒന്ന്, ദുന്‍യാവിന്റെ കാര്യത്തിലെ കാവല്‍. രണ്ട് ദീനിന്റെ കാര്യത്തിലെ കാവല്‍.

ദുന്‍യാവിന്റെ കാര്യത്തിലെ കാവല്‍ രണ്ടിനമുണ്ട്. ഒന്നാമത്തേത് പൊതുവാണ്. എല്ലാതരം ജനങ്ങള്‍ക്കും അത് ലഭിക്കുന്നുണ്ട്. അവരുടെ ശരീരത്തിനും കുടുംബത്തിനും സമ്പത്തിനും അല്ലാഹുവിന്റെ കാവലും സംരക്ഷണവുമില്ലെങ്കില്‍ അവയിലൊന്നും അവശേഷിക്കുമായിരുന്നില്ല. പ്രപഞ്ചത്തില്‍ അല്ലാഹു നിശ്ചയിച്ച നിയമങ്ങളിലൂടെയും നടപടി ക്രമങ്ങളിലൂടെയുമാണ് അത് നടക്കുന്നത്. അല്ലാഹു പറയുന്നു: മനുഷ്യന്ന് അവന്റെ മുന്നിലൂടെയും പിന്നിലൂടെയും തുടരെത്തുടരെ വന്നുകൊണ്ട്, അല്ലാഹുവിന്റെ കല്‍പന പ്രകാരം അവനെ കാത്തുസൂക്ഷിച്ചുകൊണ്ടിരിക്കുന്നവരുണ്ട് (അര്‍റഅ്ദ് 11). മലക്കുകളെ കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്.

രണ്ടാമത്തെ കാവല്‍ സവിശേഷമായതാണ്. ഭക്തരായ മുസ്‌ലിംകള്‍ക്കുള്ളതാണത്. വ്യക്തികളും സംഘങ്ങളും രാഷ്ട്രങ്ങളും ജനസമൂഹങ്ങളുമെല്ലാം അതില്‍ ഉള്‍പ്പെടും.

യൗവനത്തില്‍ ഒരാള്‍ അല്ലാഹുവിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കാത്തുസൂക്ഷിച്ചാല്‍ വാര്‍ധക്യത്തില്‍ അല്ലാഹു അവനെ കാത്തുരക്ഷിക്കും. അവന്റെ ബുദ്ധിപരവും ശാരീരികവും മാനസികവുമായ ശേഷികളെ പരിപോഷിപ്പിക്കും. ഇത് കാര്യകാരണ ബന്ധങ്ങള്‍ക്ക് വിധേയമാണ്. നിഷിദ്ധതകള്‍ ഇഹലോകത്ത് തന്നെ ദോഷഫലങ്ങള്‍ ഉളവാക്കും.

നൂഹ്, ഇബ്‌റാഹീം, ലൂത്വ്, മൂസാ, ഈസാ, മുഹമ്മദ് മുതലായ പ്രവാചകന്‍മാരെ അല്ലാഹു സവിശേഷമായി കാത്തുരക്ഷിച്ചിട്ടുണ്ട്.

ദൈവഭക്തനായ ഒരാള്‍ മരിച്ചാല്‍ അയാളുടെ കുഞ്ഞുമക്കളില്‍ അല്ലാഹുവിന്റെ കാവലുണ്ടാവും. അല്ലാഹു പറയുന്നു: ആ മതില്‍ ആ നാട്ടിലെ അനാഥരായ രണ്ട് ബാലന്മാരുടേതായിരുന്നു. അതിനു ചുവട്ടില്‍ അവര്‍ക്കായുള്ള ഒരു നിധിയുണ്ടായിരുന്നു. അവരുടെ പിതാവ് സച്ചരിതനായിരുന്നു. അതിനാല്‍ അവരിരുവരും യൗവനം പ്രാപിക്കുകയും എന്നിട്ടവരുടെ നിധി പുറത്തെടുക്കുകയും ചെയ്യണമെന്ന് താങ്കളുടെ രക്ഷിതാവ് ഉദ്ദേശിച്ചു. (അല്‍കഹ്ഫ് 82).

അല്ലാഹുവിന്റെ ദീന്‍ ജീവിതത്തില്‍ പാലിക്കാന്‍ തയ്യാറാവാത്ത ജനതകള്‍ക്ക് മേല്‍ അല്ലാഹു തന്റെ ഏതെങ്കിലും സേനക്ക് ആധിപത്യം നല്‍കും. പ്രളയം, ഭൂമിയിലേക്ക് ആഴ്ത്തല്‍, ഘോരഗര്‍ജനം, ചരല്‍ക്കാറ്റ്, രോഗങ്ങള്‍ എന്നിവയെല്ലാം ആ സേനകളില്‍ പെട്ടതാണ്. അല്ലാഹു ഉദ്ദേശിക്കുമ്പോള്‍ അവന്‍ ഇഛിക്കുന്നവരുടെ മേല്‍ അവക്ക് ആധിപത്യം നല്‍കും. അല്ലാഹു പറയുന്നു: ആകാശഭൂമികളിലെ സൈന്യങ്ങള്‍ അല്ലാഹുവിന്റേതാകുന്നു (അല്‍ഫത്ഹ് 7), നിന്റെ റബ്ബിന്റെ സൈന്യങ്ങളെ അവനല്ലാതെ മറ്റാരുമറിയുന്നില്ല (അല്‍മുദ്ദസ്സിര്‍ 31).

ദീനീ കാര്യത്തിലുള്ള സംരക്ഷണം പല വിധത്തിലാവാം. മാര്‍ഗഭ്രംശത്തിലകപ്പെടുത്തുന്ന ആശയക്കുഴപ്പങ്ങളില്‍ നിന്നുള്ള കാവലാണ് ഒന്ന്. ഉദാഹരണമായി, അവന് സ്വന്തം നിലക്കോ അനുയോജ്യനായ ആളോട് ചോദിച്ചോ, ഉചിതമായ പുസ്തകം വായിച്ചോ ശരിയായ ഉത്തരം എളുപ്പത്തില്‍ ലഭ്യമാവാന്‍ തുണച്ചുകൊണ്ടാവാം അത്. ദീനുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളിലുള്ള കാവല്‍, മരണവേളയില്‍ കുഫ്‌റില്‍ അകപ്പെട്ടു പോവുന്നതില്‍ നിന്നുള്ള സംരക്ഷണം എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്. അല്ലാഹു പറയുന്നു: സത്യവിശ്വാസം കൈകൊള്ളുന്നവര്‍ക്ക്, അല്ലാഹു സുസ്ഥിരമായ വചനത്തിന്റെ അടിസ്ഥാനത്തില്‍ ഇഹത്തിലും പരത്തിലും സ്ഥൈര്യം പ്രദാനം ചെയ്യുന്നു. അക്രമികളെയാണ് അവന്‍ വഴി തെറ്റിക്കുന്നത്. അല്ലാഹു അവന്‍ ഇച്ഛിക്കുന്നത് ചെയ്യുന്നു. (ഇബ്‌റാഹീം 27).

ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഉരുവിടേണ്ട പ്രാര്‍ഥനയായി റസൂല്‍ ഇപ്രകാരം പഠിപ്പിക്കുന്നു: അല്ലാഹുവേ, നിന്റെ നാമത്തില്‍ ഞാനിതാ എന്റെ പാര്‍ശ്വം വെക്കുന്നു. നീ മുഖേന തന്നെയാണ് അതിനെ ഉയര്‍ത്തുന്നതും. ഈ ഉറക്കത്തില്‍ നീ എന്റെ ആത്മാവിനെ പിടിച്ചുവെക്കുകയാണെങ്കില്‍ അതിനോട് പൊറുക്കേണമേ. അതിനെ വീണ്ടും എന്നിലേക്ക് തിരിച്ചയക്കുകയാണെങ്കില്‍ നിന്റെ സജ്ജനങ്ങളായ ദാസന്മാരെ കാത്തുരക്ഷിക്കും പോലെ അതിനെ കാത്തുരക്ഷിക്കേണമേ.

അല്ലാഹുവിന്റെ കാവലിന്റെ ചില ഇനങ്ങളെ സത്യവിശ്വാസിക്ക് നേരിട്ട് അനുഭവവേദ്യമായിക്കൊള്ളണമെന്നില്ല. ഒരുപക്ഷേ അറിയാതെ അവന്‍ അതിനോട് വെറുപ്പ് കാണിച്ചു എന്നും വരാം. അല്ലാഹു പറയുന്നു: നിങ്ങള്‍ക്ക് ഗുണകരമായ ഒരു കാര്യം അരോചകമായി തോന്നിയേക്കാം. ദോഷകരമായ കാര്യം ഇഷ്ടകരമായും തോന്നിയേക്കാം. അല്ലാഹു അറിയുന്നു. നിങ്ങള്‍ അറിയുന്നില്ല. (അല്‍ബഖറ 216). പ്രത്യക്ഷത്തില്‍ ദോഷകരമെന്ന് തോന്നുന്നവയിലും അല്ലാഹുവിന്റെ കാവല്‍ ഉണ്ടാവാം. സൂറതുല്‍ കഹ്ഫിലെ കപ്പലില്‍ ദ്വാരമുണ്ടാക്കിയതിനെയും കുഞ്ഞിനെ വധിച്ചതിനെയും കുറിച്ച വിശദീകരണങ്ങളില്‍ നിന്ന് ഇത് ഗ്രഹിക്കാം.

അല്ലാഹുവിന്റെ ആജ്ഞാനുവര്‍ത്തിയായി കഴിയുന്നവര്‍ക്ക് അല്ലാഹുവിനെ മുന്നില്‍ കാണാം എന്നത് ആലങ്കാരികമായ പ്രയോഗമാണ്. അല്ലാഹു കൂടെയുണ്ടാവുമെന്ന് സാരം. അല്ലാഹുവിന്റെ സാമീപ്യത്തെ രണ്ട് ഇനമായി തരം തിരിക്കാം. ഒന്ന് പൊതുവായ സാമീപ്യമാണ്. അഥവാ വിശ്വാസിയെന്നോ അവിശ്വാസിയെന്നോ ഉള്ള വ്യത്യാസമില്ലാതെ എല്ലാവരുടെയും കാര്യങ്ങള്‍ അല്ലാഹു കേള്‍ക്കുകയും കാണുകയും അറിയുകയും ചെയ്യുന്നു എന്നര്‍ഥം. ഈ ബോധ്യം ഒരാളില്‍ ഉണ്ടാവുമ്പോള്‍ അവന്‍ അല്ലാഹുവിന്റെ വിധിവിലക്കുകള്‍ പാലിക്കാന്‍ തയ്യാറാവും. അല്ലാഹു പറയുന്നു: ഒരിക്കലും മൂന്നുപേര്‍ രഹസ്യം പറയുന്നില്ല. നാലാമനായി അല്ലാഹു ഇല്ലാതെ; അല്ലെങ്കില്‍ അഞ്ചുപേര്‍ ആറാമനായി അല്ലാഹുവില്ലാതെ. രഹസ്യം പറയുന്നവര്‍ ഇതിലും കുറച്ചാവട്ടെ, കൂടുതലാവട്ടെ; അവര്‍ എവിടെയായിരുന്നാലും കൂടെ അല്ലാഹുവുണ്ടായിരിക്കും (അല്‍മുജാദില 7).

വിശ്വാസികള്‍ക്ക് മാത്രം ലഭ്യമാവുന്ന സവിശേഷ സാമീപ്യമാണ് രണ്ടാമത്തേത്. അല്ലാഹുവിന്റെ പിന്തുണയും സഹായവുമാണ് ഇവിടെ ഉദ്ദേശ്യം. ഇത്തരം സാമീപ്യത്തെ കുറിച്ച ഉറച്ച ബോധ്യം ശാന്തിയും സമാധാനവും സത്യമാര്‍ഗത്തിലെ സ്ഥൈര്യവും പ്രധാനം ചെയ്യും. മൂസാ നബിയോടും ഹാറൂന്‍ നബിയോടും അല്ലാഹു പറഞ്ഞ പോലെ: നിങ്ങളിരുവരും ഭയപ്പെടേണ്ട. എല്ലാം കേട്ടും കണ്ടും ഞാന്‍ നിങ്ങളോടൊപ്പമുണ്ട്. (ത്വാഹാ 46). അപ്രകാരം തന്നെ മുഹമ്മദ് നബി പറഞ്ഞപോലെ: താങ്കള്‍ വ്യസനിക്കാതിരിക്കുക; അല്ലാഹു നമ്മോടൊപ്പമുണ്ട് (അത്തൗബ 40).

അല്ലാഹു പഠിപ്പിച്ച ദീന്‍ അനസരിച്ച് ജീവിക്കുന്നവരുടെ കൂടെ അല്ലാഹു ഉണ്ടാവും എന്ന കാര്യം ആവര്‍ത്തിച്ച് ബോധ്യപ്പെടുത്തുന്നു. അല്ലാഹുവെ നിന്റെ മുന്നില്‍ കാണാം എന്ന് പറഞ്ഞാല്‍ നിന്നോടൊപ്പം സദാ ഉണ്ടാവും എന്നര്‍ഥം.

ക്ഷേമൈശ്വര്യങ്ങളുടെ കാലത്ത് പ്രപഞ്ചനാഥനെ വിസ്മരിക്കാതിരിക്കുക എന്നത് എല്ലാവര്‍ക്കും സാധിക്കുന്ന ഒന്നല്ല. എന്നാല്‍, സുഖസന്തോഷ ഘട്ടങ്ങളില്‍ റബ്ബിനെ ഓര്‍ക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്യുന്നത് ദുരിതങ്ങളില്‍ അല്ലാഹുവിന്റെ സഹായവും കാവലും ലഭിക്കാന്‍ ഹേതുവാകും.

ദുരിതങ്ങളും ദുരന്തങ്ങളും ഉണ്ടാകുമ്പോള്‍ പല തരം സമീപനങ്ങള്‍ സ്വീകരിക്കുന്നവരുണ്ട്. സന്തോഷകാലത്തും ദുരിത കാലത്തും പ്രപഞ്ചനാഥനെ മറക്കാതെ, വാക്കിലൂടെയും പ്രവര്‍ത്തിയിലൂടെയും അവന്റെ അനുഗ്രഹത്തിന് കൃതജ്ഞത പ്രകടിപ്പിച്ചും, ദുരിതങ്ങള്‍ ദൈവികതീരുമാനത്തിന്റെ ഭാഗമാണെന്നും അത് എന്നെ വിമലീകരിക്കാനുള്ള പരീക്ഷണമാണെന്നും മനസ്സിലാക്കി മനോനിയന്ത്രണം പാലിച്ച് നാഥനിലേക്ക് ചേര്‍ന്ന് നില്‍ക്കുകയും ചെയ്യുക എന്നതാണ് അവയിലൊന്ന്. ഇതാണ് മുസ്‌ലിംകളുടെ നിലപാട് ആവേണ്ടത്.

സുഖസന്തോഷാവസരങ്ങളില്‍ നാഥനെ വിസ്മരിച്ച് മതിമറന്നാഹ്ലാദിക്കുകയും ദുരിതങ്ങളുണ്ടാവുമ്പോള്‍ നാഥനില്‍ അഭയം തേടുകയും ചെയ്യലാണ് മറ്റൊരു സമീപനം. എന്റെ സഞ്ചാരം ശരിയായ ദിശയിലാക്കാനും അല്ലാഹുവിലേക്ക് എന്നെ സുന്ദരമായി മടക്കിക്കൊണ്ടുപോകാനും വന്ന അതിഥിയാണ് ഈ ദുരിതം എന്ന് മനസ്സിലാക്കി തുടര്‍ജീവിതം നന്നാക്കുന്നവരാണ് ഇത്തരക്കാര്‍.

സുഖസന്തോഷങ്ങളില്‍ പ്രപഞ്ചനാഥനെ മറക്കുകയും ദുരിതമുണ്ടാവുമ്പോള്‍ അവനെ ഓര്‍ക്കുകയും വിഷമതകള്‍ നീങ്ങി സന്തോഷം മടങ്ങിയെത്തുമ്പോള്‍ വീണ്ടും നാഥനെ മറക്കുകയും ചെയ്യുന്നവരാണാ മൂന്നാമത്തെ വിഭാഗം. മക്കാമുശ്‌രിക്കുകളുടെയും മറ്റും ഇത്തരം സമീപനങ്ങളെ പ്രത്യേകമായും പൊതുവായും ഖുര്‍ആന്‍ വിമര്‍ശിക്കുന്നുണ്ട്. സമുദ്രത്തിലൂടെ സഞ്ചരിക്കുമ്പോള്‍ കാറ്റ് അനുകൂലമാവുമ്പോള്‍ സന്തോഷിക്കുകയും പ്രതികൂലമാവുമ്പോള്‍ അല്ലാഹുവെ മാത്രം വിളിച്ച് പ്രാര്‍ഥിക്കുകയും കരയിലേക്ക് രക്ഷപ്പെടുത്തിയാല്‍ ഞങ്ങള്‍ നന്ദിയുള്ള ദാസരാവാം എന്ന് പ്രഖ്യാപിക്കുകയും, അങ്ങനെ കരയിലെത്തിയാല്‍ വീണ്ടും അല്ലാഹുവെ വിസ്മരിച്ച്, ശിര്‍ക്ക് ചെയ്ത് ജീവിക്കുകയും ചെയ്യുന്നവരെ കുറിച്ച പരാമര്‍ശങ്ങള്‍ ഉദാഹരണം (യൂനുസ് 22,23, അല്‍അന്‍കബൂത് 65).

‘മനുഷ്യന് കഷ്ടത ബാധിച്ചാല്‍ കിടന്നോ ഇരുന്നോ നിന്നോ അവന്‍ നമ്മോട് പ്രാര്‍ഥിക്കുന്നു. അങ്ങനെ അവനില്‍ നിന്ന് നാം കഷ്ടത നീക്കിക്കൊടുത്താല്‍ അവനെ ബാധിച്ച കഷ്ടതയുടെ കാര്യത്തില്‍ നമ്മോടവന്‍ പ്രാര്‍ഥിച്ചിട്ടേയില്ല എന്ന ഭാവത്തില്‍ അവന്‍ നടന്നുപോകുന്നു’ (യൂനുസ്12).

‘മനുഷ്യന് വല്ല വിഷമവും ബാധിച്ചാല്‍ അവന്റെ തന്റെ രക്ഷിതാവിങ്കലേക്ക് താഴ്മയോടെ മടങ്ങിക്കൊണ്ട് പ്രാര്‍ഥിക്കും. എന്നിട്ട് തന്റെ പക്കല്‍ നിന്നുള്ള വല്ല അനുഗ്രഹവും അല്ലാഹു അവന് പ്രദാനം ചെയ്താല്‍ ഏതൊന്നിനായി അവന്‍ മുമ്പ് പ്രാര്‍ത്ഥിച്ചിരുന്നുവോ അതവന്‍ മറന്നുപോകുന്നു. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് വഴി തെറ്റിച്ച് കളയുവാന്‍ വേണ്ടി അവന്ന് സമന്‍മാരെ സ്ഥാപിക്കുകയും ചെയ്യുന്നു. (അത്തരക്കാരോട്) പറയുക: നീ അല്‍പകാലം നിന്റെ ഈ നന്ദികേടുംകൊണ്ട് സുഖിച്ചുകൊള്ളുക. തീര്‍ച്ചയായും നീ നരകാവകാശികളുടെ കൂട്ടത്തിലാകുന്നു’ (അസ്സുമര്‍ 8).

ദുരിതങ്ങളുണ്ടാവുമ്പോള്‍ പോലും ജഗദീശ്വരനെ തിരിച്ചറിയാത്തവിധം മനസ്സുകള്‍ ശിലാസമാനമായ ആളുകളുടെ സമീപനമാണ് നാലാമത്തേത്. ഭൗതികമായ കണ്ണുകളോടെ മാത്രം കാര്യങ്ങളെ നോക്കിക്കാണുന്നവരാണ് ഇക്കൂട്ടര്‍. അത്തരക്കാരെ കുറിച്ച് ഖുര്‍ആന്‍ പറയുന്നു: നിനക്ക് മുമ്പ് നാം പല സമൂഹങ്ങളിലേക്കും ദൂതന്മാരെ അയച്ചിട്ടുണ്ട്. അനന്തരം ആ സമൂഹങ്ങളെ കഷ്ടപ്പാടും ദുരിതവും കൊണ്ട് നാം പിടികൂടി. അവര്‍ വിനയശീലരായിത്തീരുവാന്‍ വേണ്ടി. അങ്ങനെ അവര്‍ക്ക് നമ്മുടെ ദുരിതം വന്നെത്തിയപ്പോള്‍ അവരെന്താണ് താഴ്മയുള്ളവരാകാതിരുന്നത്? എന്നാല്‍, അവരുടെ ഹൃദയങ്ങള്‍ കടുത്തുപോകുകയാണുണ്ടായത്. അവര്‍ ചെയ്തുകൊണ്ടിരുന്നത് പിശാച് അവര്‍ക്ക് ഭംഗിയായി തോന്നിക്കുകയും ചെയ്തു. അങ്ങനെ അവരോട് ഉല്‍ബോധിപ്പിക്കപ്പെട്ട കാര്യങ്ങള്‍ അവര്‍ മറന്നുകളഞ്ഞപ്പോള്‍ എല്ലാ കാര്യങ്ങളുടെയും വാതിലുകള്‍ നാം അവര്‍ക്ക് തുറന്നുകൊടുത്തു. അങ്ങനെ അവര്‍ക്ക് നല്‍കപ്പെട്ടതില്‍ അവര്‍ ആഹ്ലാദം കൊണ്ടപ്പോള്‍ പെട്ടെന്ന് നാം അവരെ പിടികൂടി. അപ്പോള്‍ അവരതാ നിരാശപ്പെട്ടവരായിത്തീരുന്നു (അല്‍അന്‍ആം 4244)

നമ്മെ ബാധിക്കുന്ന വിപത്തുകളൊന്നും അബദ്ധത്തില്‍ നമ്മെ ബാധിക്കുന്നതല്ല, നമ്മില്‍ നിന്ന് അകന്നുപോയ ദുരിതങ്ങള്‍ നമ്മെ ബാധിക്കാനുള്ളതായിരുന്നില്ല, സ്വബ്‌റിന്റെ കൂടെയാണ് ദിവ്യസഹായം ഉണ്ടാവുക, ദുരന്തങ്ങളും അതില്‍നിന്നുള്ള വിമോചനവും ചേര്‍ന്നതാണ് ജീവിതം, തീര്‍ച്ചയായും പ്രയാസത്തോടൊപ്പം എളുപ്പമുണ്ട് എന്നൊക്കെയുള്ള ആശയങ്ങളാണ് ആദ്യം ഉദ്ധരിച്ച ഹദീസില്‍ തുടര്‍ന്ന് പറയുന്നത്.

മറ്റൊരു രിവായത് പ്രകാരം, അല്ലാഹുവോട് മാത്രം പ്രാര്‍ഥിക്കുക. മനുഷ്യകഴിവിന്നതീതമായ കാര്യങ്ങളില്‍ അല്ലാഹുവോട് മാത്രം സഹായം തേടുക. ഒരു സംഘം ആളുകള്‍ നമുക്ക് എന്തെങ്കിലും ഉപകാരം ചെയ്യാന്‍ തീരുമാനിച്ചാലും അല്ലാഹുവിന്റെ തീരുമാനമില്ലെങ്കില്‍ അത് നടപ്പിലാവില്ല. ഉപദ്രവത്തിന്റെ കാര്യവും അങ്ങനെത്തന്നെയാണ് എന്നും കാണാം.

അല്ലാഹുവാണ്  സമ്പൂര്‍ണന്‍ എന്നും അവന് വഴങ്ങി, അവനെ വണങ്ങി ജീവിക്കലാണ് ബുദ്ധിമാന്‍മാരുടെ ലക്ഷണമെന്നും അല്ലാഹുവിന്റെ തീരുമാനങ്ങളാണ് പ്രപഞ്ചത്തില്‍ നടപ്പിലാവുന്നതെന്നും അതിനെ മറികടക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും അതിനാല്‍ ജീവിതത്തിലുനീളം അല്ലാഹുവിന്റെ സാമീപ്യവും സഹായവും കാവലും ലഭിക്കാന്‍ സഹായകമായ നിലപാടുകള്‍ സ്വീകരിക്കണമെന്നുമാണ് ഈ വചനങ്ങളിലൂടെ റസൂല്‍ പഠിപ്പിക്കുന്നത്.

Related Articles