Current Date

Search
Close this search box.
Search
Close this search box.

സത്യസന്ധതയാണ് ഉത്തമ രീതി

عَن عَبدِ اللؔهِ بن مَسعود (ر) قَال قَالَ رَسول اللؔهِ صَلؔی اللؔه عَلَیهِ وَ سَلَؔم:”عَلَيْكُمْ بِالصِّدْقِ فَإِنَّ الصِّدْقَ يَهْدِي إِلَى الْبِرِّ وَإِنَّ الْبِرَّ يَهْدِي إِلَى الْجَنَّةِ وَمَا يَزَالُ الرَّجُلُ يَصْدُقُ وَيَتَحَرَّى الصِّدْقَ حَتَّى يُكْتَبَ عِنْدَ اللَّهِ صِدِّيقًا وَإِيَّاكُمْ وَالْكَذِبَ فَإِنَّ الْكَذِبَ يَهْدِي إِلَى الْفُجُورِ وَإِنَّ الْفُجُورَ يَهْدِي إِلَى النَّارِ وَمَا يَزَالُ الرَّجُلُ يَكْذِبُ وَيَتَحَرَّى الْكَذِبَ حَتَّى يُكْتَبَ عِنْدَ اللَّهِ كَذَّابًا“(متفق علیه)

അബ്ദുല്ലാഹിബ്നു മസ്ഊദ് (റ ) വിൽ നിന്ന് നിവേദനം :നബി (സ ) പറഞ്ഞു :”നിങ്ങൾ സത്യം മുറുകെ പിടിക്കുക. സത്യം പുണ്യത്തിലേക്കും പുണ്യം സ്വർഗ്ഗത്തിലേക്കും നയിക്കും. മനുഷ്യൻ സത്യം പറയുകയും സത്യത്തിൽ നിഷ്ഠപുലർത്തുകയും ചെയ്ത് അല്ലാഹുവിന്റെ അടുക്കൽ ‘സത്യവാൻ (സിദ്ധിഖ് ) ‘എന്ന പദവിക്കർഹനായി തീരുന്നു. നിങ്ങൾ കളവ് പറയുന്നതിനെതിരിൽ ജാഗ്രത പാലിക്കുക. കളവ് അധർമത്തിലേക്കും അധർമം നരകത്തിലേക്കും നയിക്കുന്നു. തുടർച്ചയായ കളവുപറയുക നിമിത്തം മനുഷ്യൻ അല്ലാഹുവിന്റെ അടുക്കൽ ‘നുണയൻ ‘ എന്ന ദുർനാമത്തിന് വിധേയനായി തീരുന്നതാണ്. ”

സംസ്കാരവും ഇച്ഛാശക്തിയുമുള്ള ഉത്തമ സമൂഹത്തിന്റെ നിർമാണമാണ് ഇസ്‌ലാം ലക്ഷ്യമിടുന്നത്. മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി അനേകം സ്വഭാവഗുണങ്ങൾ ഒരു വിശ്വാസിയിൽ പ്രകടമായിരിക്കും. അവയിൽ സുപ്രധാനമായ ഒന്നത്രെ സത്യസന്ധത. അല്ലാഹുവിന്റെ മാർഗത്തിൽ പ്രവേശിക്കുന്നവന്റെ ആയുധമാണത്. ഉത്തമകർമങ്ങൾ അനുഷ്ഠിക്കാനും പൂർണത കൈവരിക്കാനും സത്യസന്ധത അവനെ പ്രേരിപ്പിക്കുന്നു.

സത്യത്തിന്റെ മാർഗം സ്വീകരിച്ചവർക്കുള്ള സന്തോഷവാർത്തയും അതിനെ നിരാകരിച്ചവർക്കുള്ള മുന്നറിയിപ്പുമാണീ നബിവചനം. സത്യസന്ധത പുണ്യത്തിലേക്കും പുണ്യം സ്വർഗ്ഗത്തിലേക്കും നയിക്കുമെന്നാണ് ഹദീസ് സൂചിപ്പിക്കുന്നത്. സത്യത്തിന്റെ നേർവിപരീതമാണ് കളവ്. അത് അധർമത്തിലേക്കും അധർമം നരകത്തിലേക്കും നയിക്കുന്നു. സത്യസന്ധത വിശ്വാസത്തിന്റെ ലക്ഷണമാണെങ്കിൽ കളവ് കാപട്യത്തിന്റെ ലക്ഷണമാണ്.

സത്യസന്ധത എന്നത് കേവലം സത്യം സംസാരിക്കുന്നതിലുപരി ഒരു ജീവിതരീതിയാണ്. മുസ്‌ലിം ആരാണെന്ന് അവന്റെ പ്രവർത്തികളിലൂടെയും വാക്കുകളിലൂടെയും തെളിയിക്കുന്ന സ്വഭാവഗുണം. അത് എന്നും അവനിൽ പ്രകടമായിരിക്കുമെന്ന് ഹദീസ് വ്യക്തമാക്കുന്നു. വാക്ക്, പ്രവൃത്തി, ചിന്ത എന്നുതുടങ്ങി ജീവിതത്തിന്റെ സർവ്വമേഖലകളെയും സത്യത്തിനാൽ മനോഹരമാക്കാൻ വിശ്വാസിക്ക് കഴിയണം. അങ്ങനെ അവൻ ‘സിദ്ധിഖ് ‘ എന്ന പദവിയിലേക്ക് ഉയരും.

കളവ് പറയുന്നതോളം നബി (സ ) വെറുത്തിരുന്ന വേറൊരു കാര്യവും ഉണ്ടായിരുന്നില്ല. ആ ശീലം ഒരുവനെ അല്ലാഹുവിങ്കൽ നുണയനായി രേഖപ്പെടുത്തും. ഭൗതികവും താത്കാലികവുമായ ലാഭങ്ങൾ നേടുന്നതിനുള്ള എളുപ്പവഴിയായിട്ടാണ് ചിലർ നുണയെ സ്വീകരിക്കുന്നത്. ‘എത്ര കയ്പുള്ളതാണെങ്കിലും സത്യമേ പറയാവൂ’ എന്ന റസൂലിന്റെ അദ്ധ്യാപനം അർത്ഥവത്താകുന്നത് ഇവിടെയാണ്. സമ്മർദങ്ങൾ എന്തുതന്നെയായാലും സത്യത്തിൽ ഉറച്ചുനിൽക്കാൻ മുസ്‌ലിമിനോട് കല്പിക്കപ്പെട്ടിരിക്കുന്നു. അതിനാൽ അല്ലാഹുവിനെ ഭയക്കുന്ന, അത്യാന്തിയകമായ ജീവിതവിജയം ലക്ഷ്യമിടുന്ന വിശ്വാസിക്ക് സത്യത്തെ കൈവെടിയാൻ സാധ്യമല്ല. ഖുർആൻ പറയുന്നു :”അല്ലയോ വിശ്വാസികളേ, അല്ലാഹുവിനെ ഭയപ്പെടുവിൻ, സത്യവാന്മാരോടൊപ്പം വർത്തിക്കുകയും ചെയ്യുവിൻ. (9:119)”

ദുഃഖകരമെന്ന് പറയട്ടെ, നുണകളുടെ നടുവിലാണ് ഇന്ന് നാം ജീവിക്കുന്നത്. ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും കളവിന്റെ വക്താക്കളായി മാറി. അഴിമതി, വഞ്ചന തുടങ്ങിയ വാർത്തകൾ ദിനേന നമുക്ക് മുന്നിലെത്തുന്നു. ആടിനെ പട്ടിയാക്കി, അപരവത്കരണത്തിലൂടെയും വിദ്വേഷത്തിലൂടെയും അധികാരം കൈക്കലാക്കിയ ഭരണകൂടത്തെ എതിർക്കുന്നവരെ രാജ്യദ്രോഹ മുദ്ര ചാർത്തി നിശ്ശബ്ദരാക്കു ന്നു.

അസത്യത്തിന് അനുയായികൾ ഏറെയുണ്ടാവും. സത്യത്തിന് വിരളവും. എന്നാൽ ശക്തരായ പോരാളികളായിരിക്കും അവർ. അതുകൊണ്ട് ഇത്തരം നീചപ്രവർത്തികൾക്കെതിരെ ചങ്കൂറ്റത്തോടെ ശബ്ദമുയർത്താൻ കരുത്തുറ്റവരാവണം വിശ്വാസികൾ. കാരണം സത്യത്തെ തള്ളിപ്പറയുന്നവരുടെ മുന്നിൽ മൗനം അവലംബിക്കുന്നതും വിവരം കെട്ടവർക്കിടയിൽ മിണ്ടാതിരിക്കുന്നതും സത്യത്തെ കളഞ്ഞുകുളിക്കലാണ്. നയ നിലപാടുകളിൽ സത്യസന്ധത കാത്തുസൂക്ഷിക്കാൻ വിശ്വസിക്കേ സാധിക്കൂ.

ഏതവസ്ഥയിലും സത്യത്തിന്റെ പാർശ്വം മുറുകെ പിടിച്ചുകൊണ്ട് അധർമത്തിനെതിരെ ധീരമായി പോരാടാനുള്ള ഊർജം കൂടി ഉൾകൊള്ളുന്നതാണീ ഈ ഹദീസ്.

Related Articles