Hadith Padanam

എല്ലാം സന്തുലിതമാവണം

عن أنس قال: جاء ثلاثة رهط إلى بيوت أزواج النبي ﷺ يسألون عن عبادة النبي ﷺ فلما أخبروا كأنهم تقالوها وقالوا: أين نحن من النبي ﷺ وقد غفر له ما تقدم من ذنبه وما تأخر. قال أحدهم: أما أنا فأصلي الليل أبدا. وقال الآخر: وأنا أصوم الدهر أبدا ولا أفطر. وقال الآخر: وأنا أعتزل النساء فلا أتزوج أبدا. فجاء رسول الله ﷺ إليهم، فقال: أنتم الذين قلتم كذا وكذا؟ أما والله إني لأخشاكم لله، وأتقاكم له، لكني أصوم وأفطر، وأصلي وأرقد، وأتزوج النساء، فمن رغب عن سنتي فليس مني، متفق عليه.

അനസ്(റ) നിന്ന് നിവേദനം: അദ്ദേഹം പറയുകയാണ്: ഒരിക്കല്‍ മൂന്നാളുകള്‍ നബി(സ)യുടെ ഭാര്യമാരുടെ വീടുകളില്‍ വന്നുകൊണ്ട് അവിടുത്തെ ഇബാദത്തിനെപ്പറ്റി അവരോട് അന്വേഷിച്ചു. നബി(സ)യുടെ ഇബാദത്തിന്റ്റെ രീതിയെപ്പറ്റി അവര്‍ വന്നവരോട് പറഞ്ഞുകൊടുക്കുകയും ചെയ്തു. അതുകേട്ടപ്പോള്‍ അവിടുത്തെ ഇബാദത്തുകള്‍ വളരെ കുറഞ്ഞുപോയതുപോലെ അവര്‍ക്കൊരു തോന്നല്‍ അനുഭവപ്പെട്ടു. എന്നിട്ടവര്‍ പരസ്പരം പറഞ്ഞു: കൊള്ളാം അപ്പോള്‍ നാമെവിടെ ? നബിയെവിടെ? അവിടുത്തേക്കാണെങ്കില്‍ മുമ്പു കഴിഞ്ഞുപോയതും മേലില്‍ വരാനിരിക്കുന്നതുമായ എല്ലാ പിശകുകളേയും അല്ലാഹു മാപ്പാക്കുകയും ചെയ്തിരിക്കുന്നു. എന്നിട്ട് അവരിലൊരാള്‍ ഇങ്ങനെ പറഞ്ഞു: എന്നാല്‍ ഇനിമുതല്‍ ഞാനിനി എക്കാലവും രാത്രിയിലുടനീളം നമസ്‌കാരത്തില്‍ കഴിച്ചുകൂട്ടും. ഇതുകേട്ട് അടുത്തയാള്‍ പറഞ്ഞു: എങ്കില്‍ ഇനിയുള്ള കാലം എല്ലാദിവസവും ഞാന്‍ നോമ്പുനോല്‍ക്കും. ഒറ്റ ദിവസവും ഒഴിവാക്കില്ല. മറ്റേയാളും ഒട്ടും കുറച്ചില്ല. അദ്ദേഹം പറഞ്ഞു: ഞാന്‍ മേലില്‍ വിവാഹം കഴിക്കാതെ സ്ത്രീകളില്‍ നിന്നകന്നു വൈരാഗിയായി കാലംകഴിക്കും. ഇതിനിടയില്‍ നബി(സ) അവിടെയെത്തി, അവരോടു ചോദിച്ചു: നിങ്ങളാണോ ഈ രീതിയിലൊക്കെ സംസാരിച്ചത്? എന്നാല്‍ കേട്ടോളൂ നിങ്ങളിലാരേക്കാളും അല്ലാഹുവിനെ ഏറ്റവും ഭയപ്പെടുന്നവനും അവനെ അങ്ങേയറ്റം സൂക്ഷിച്ചു ജീവിക്കുന്നവനും ഞാന്‍തന്നെയാണ്. ഞാനാകട്ടെ ആഴ്ചയിലെ ചില ദിവസങ്ങളില്‍ നോമ്പെടുക്കുകയും ബാക്കി ദിവസങ്ങളില്‍ നോമ്പെടുക്കാതിരിക്കുകയും ചെയ്യുന്നു. രാത്രിയില്‍ നിന്നു നമസ്‌കരിക്കുകയും അതേപോലെ ഉറങ്ങുകയും ചെയ്യുന്നു. ഞാന്‍ സ്ത്രീകളെ വിവാഹം ചെയ്തിട്ടുമുണ്ട്. അവരില്‍ നിന്നകന്നു കഴിയുന്നില്ല. അതിനാല്‍ അറിഞ്ഞുകൊള്ളുക: എന്റ്റെ ചര്യയെ ഇഷ്ടപ്പെടാത്തവന്‍, അതിനോട് വിപ്രതിപത്തി കാണിക്കുന്നവന്‍ എന്നില്‍പ്പെട്ടവനേയല്ല.

( ഇമാം ബുഖാരിയും(റ) ഇമാം മുസ്‌ലിമും(റ) തങ്ങളുടെ സ്വഹീഹില്‍ ഉദ്ധരിച്ചത്. ഹദീസിന്റ്റെ അറബിമൂലം ബുഖാരിയില്‍ നിന്ന്.)

ഇസ്‌ലാമിക ജീവിതത്തിന്റെ അടിസ്ഥാനം എന്താണ് എന്ന് വ്യക്തമായി പഠിപ്പിക്കുന്ന ഹദീസാണിത്. വിശ്വാസ കാര്യങ്ങളില്‍ നബി(സ) അറിയിച്ചു തന്നതിനെ മാത്രം അംഗീകരിച്ചും സ്വീകരിച്ചുംകൊണ്ട് ജീവിതത്തിന്റെ മുഴുവന്‍ മേഖലയിലും അവിടുത്തെ ചര്യയെ- സുന്നത്തിനെ- മാത്രം പിന്തുടരുക. ഒരു കാര്യത്തിലും മറ്റൊരാളുടേയും ചര്യയെ പിന്തുടരാതിരിക്കുക. അപ്പോഴേ ഏതൊരാളുടേയും ജീവിതം ഇസ്‌ലാമിക ജീവിതമാകുന്നുള്ളു. നബി(സ) യെ പിന്തുടരല്‍ സന്തുലിതവും സമ്പൂര്‍ണ്ണവുമായിരിക്കണം. നമുക്ക് പ്രത്യക്ഷത്തില്‍ നന്നായിത്തോന്നുന്ന ചില കാര്യങ്ങളില്‍ അവിടുത്തെ ചര്യയെ പിന്തുടരുക. അതിലും പ്രാധാന്യമുള്ള പല കാര്യങ്ങളിലും പിന്തുടരാതിരിക്കുക. ഇത് മുമ്പില്‍ കണ്ടാണ് സുന്നത്തിനെ അനുധാവനം ചെയ്യുന്നത് സന്തുലിതമായിരിക്കണം എന്നു പറഞ്ഞത്.

ഉദാ: കര്‍മ്മപരമായ സുന്നത്തുകളില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്നു ഫര്‍ദു നമസ്‌കാരങ്ങള്‍ പള്ളിയില്‍ പോയി ജമാഅത്തായിത്തന്നെ നിര്‍വ്വഹിക്കല്‍. ഇതിനെ അവഗണിച്ചുകൊണ്ട് അല്ലെങ്കില്‍ അശ്രദ്ധമാക്കിവിട്ടുകൊണ്ട് വേഷവിധാനങ്ങളില്‍ അമിത ശ്രദ്ധ ചെലുത്തുക. ഇത് അസന്തുലിതമായ നിലപാടാണ്. അതുപോലെ ആരാധനാകാര്യങ്ങളില്‍ വരവണ്ണം തെറ്റാതെ നബി(സ) സുന്നത്തിനെ പിന്തുടരുന്നതില്‍ കാര്‍ക്കശ്യ നിലപാട് സ്വീകരിക്കുക. അതേസമയം സാമ്പത്തീക- രാഷ്ട്രീയ- സാംസ്‌കാരിക രംഗങ്ങളില്‍ മറ്റുള്ളവരുടെ സുന്നത്തിനു പിന്നാലെ പോവുക. ഇവിടെയാണ് സുന്നത്തിനെ അനുധാവനം ചെയ്യല്‍ സമ്പൂര്‍ണ്ണമാവണം എന്നു പറയുന്നത്. ഖേദകരമെന്നു പറയട്ടെ മുസ്‌ലിം ബഹുഭൂരിപക്ഷവും ഈ രണ്ടു നിലപാടിലും അക്ഷന്തവ്യമായ ആലസ്യത്തിലാണ്. അവര്‍ പൂര്‍ണ്ണമായും ‘ആമന ‘ബി’ റസൂലില്ലായാണ്’. അഥവാ മുഹമ്മദ് നബി(സ) യെ നബിയും റസൂലുമായി അവര്‍ വിശ്വസിച്ചിരിക്കുന്നു.എന്നാല്‍ ‘ആമന ‘ലി’ റസൂലില്ലാ’യല്ല. അഥവാ നബി(സ) തങ്ങളുടെ സമ്പൂര്‍ണ്ണ മാതൃകയായി അംഗീകരിച്ചുകൊണ്ട്, ഒരു വശവും വിട്ടുപോകാതെ ജീവിതത്തിന്റെ സകല മേഖലകളിലും അവിടുത്തെ ചര്യയെ പിന്തുടരാനും അനുസരിക്കുവാനും അവര്‍ തയ്യാറല്ല. എന്നാലോ മദ്ഹ് പാട്ടിന് ഒരു കുറവുമില്ലതാനും. ഇത് തീര്‍ച്ചയായും കാപട്യവും വൈരുദ്ധ്യാത്മകവുമായ നിലപാടാണ്. ആമനക്കു ശേഷം ‘ബി’ വന്നാല്‍ വിശ്വസിക്കുക എന്നും ‘ലി’ വന്നാല്‍ അംഗീകരിക്കുക എന്നും അനുസരിക്കുക എന്നുമാണര്‍ത്ഥം.

ഇസ്‌ലാമിക ജീവിതത്തിന്റെ ഏറ്റവും പ്രകടമായ സവിശേഷത സന്തുലതത്വമാണ്. ആത്മീയ ജീവിതത്തേയും ഭൗതിക ജീവിതത്തേയും താളാത്മകമായി സമന്വയിപ്പിച്ചുകൊണ്ടുള്ള സന്തുലിതത്വം. ഏത് നിലവാരത്തിലുള്ള മനുഷ്യനും പ്രയാസമെന്യേ അനുഷ്ഠിക്കാവുന്നതാണ് അതിന്റെ ആത്മീയത. ആത്മീയതയിലാവട്ടെ ഭൗതികതയിലാവട്ടെ അതിരുവിട്ടുകൊണ്ടുള്ള ജീവിതം ശരിയായ ഇസ്‌ലാമികപാതയില്‍ നിന്നുള്ള വ്യതിചലനമാണ്. നബി(സ) യുടെ സുന്നത്തില്‍നിന്ന് ഊരിച്ചാടിക്കൊണ്ടുള്ള അനിസ്‌ലാമിക ജീവിതമാണ്. ആത്മീയതയിലും ഭൗതികതയിലും അതിരുകവിഞ്ഞു ജീവിക്കുന്നവരെ ഖുര്‍ആന്‍ ‘ഫാസിഖു’കള്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. രണ്ടു വിശേഷണവും ഒരേ സൂറ:യില്‍ത്തന്നെ. സൂറ: അല്‍ഹദീദില്‍.

ഭൗതിക ജീവിതത്തില്‍ കൂപ്പുകുത്തി ദീര്‍ഘനാള്‍ ജീവിച്ചപ്പോള്‍ ഹൃദയം കടുത്തുപോയ ഒരു വിഭിഗത്തെപ്പറ്റി ഫാസിഖുകള്‍ എന്ന് പതിനാറാമത്തെ ആയത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നു. അതേപോലെ അല്ലാഹുവിന്റെ അനുമതിയില്ലാതെ ഒരു വിഭാഗം ആത്മീയതയില്‍ അതിരുകവിഞ്ഞ് പൗരോഹിത്യവും സന്യാസവും സ്വയം സ്വീകരിച്ചവരേയും ഖുര്‍ആന്‍ ഫാസിഖുകള്‍ എന്നു വിശേഷിപ്പിച്ചിരിക്കുന്നു. അതേ സൂറ:യിലെ ഇരുപത്തി ഏഴാമത്തെ ആയത്തില്‍. ഈ ഹദീസിലും ആത്മീയതയിലേക്ക് അതിരുകവിഞ്ഞു പോകാനുള്ള പ്രവണതയെ നബി(സ) ശക്തമായി എതിര്‍ത്തിരിക്കുന്നു. അതെന്റെ ചര്യ അല്ല എന്നും എന്റെ ചര്യയെ ഇഷ്ടപ്പെടാതെ സ്വന്തമായ ആത്മീയവഴി തേടുന്നവന്‍ എന്നില്‍പ്പെട്ടവനല്ല എന്നും അവിടുന്ന് ഉമ്മത്തിനെ താക്കീത് ചെയ്തിരിക്കുന്നു.

വല്ലാഹി, വല്ലദി നഫ്‌സീ ബിയദിഹി എന്നീ പ്രയോഗങ്ങളിലൂടെ ആല്ലാഹുവിനെക്കൊണ്ട് സത്യം ചെയ്തുകൊണ്ട് തുടങ്ങുന്ന ഹദീസുകളും ലൈസമിന്നാ, ലൈസമിന്നീ എന്നീ പ്രയോഗങ്ങള്‍കൊണ്ട് തുടങ്ങുന്നതോ അവസാനിക്കുന്നതോ ഹദീസുകളും അത്യന്തം ഗൗരവമേറിയ മുന്നറിയിപ്പുകള്‍ ഉള്‍ക്കൊള്ളുന്നതാണ്. ഉമ്മത്ത് പ്രാധാന്യത്തോടെ അറിഞ്ഞിരിക്കേണ്ട ഹദീസുകള്‍.

അഞ്ചുനേരത്തെ ഫര്‍ദ് നമസ്‌കാരങ്ങള്‍ക്കു പുറമെ അതോടൊപ്പമുള്ള റവാത്തിബും അല്ലാതെയുമുള്ള സുന്നത്ത് നമസ്‌കാരങ്ങള്‍, അതിലെ അതിപ്രധാനമായ തഹജ്ജുദ് നമസ്‌കാരം, വിവിധ സന്ദര്‍ഭങ്ങളിലുള്ള സുന്നത്ത് നമസ്‌കാരങ്ങള്‍ എന്നിവ മതിയാകും ശരിയായൊരു ആത്മീയതക്ക്. പിന്നെ നിരവധി സുന്നത്തായ ദിക്‌റുകളും ദുആകളും. സന്ദര്‍ഭോചിതവും സമയോചിതവുമായ ഖുര്‍ആന്‍ പാരായണവും പഠനവും. സക്കാത്തിനു പുറമെ ആവശ്യാനുസരണം സാധുക്കള്‍ക്കു നല്‍കുന്ന  സദഖകള്‍. റമദാനിലെ നിര്‍ബ്ബന്ധ നോമ്പിനു പുറമെ ആഴ്ചയില്‍ തിങ്കളും വ്യാഴവും, അയ്യാമുല്‍ബീളിലേയും മൂന്ന് നോമ്പുകള്‍, അറഫാദിനത്തിലേയും മുഹര്‍റത്തിലേയും നോമ്പുകള്‍. (ഇവയെല്ലാംകൂടി ഒരു വര്‍ഷത്തില്‍ നൂറ്റിനാല്‍പ്പതില്‍പരം നോമ്പുകള്‍ വരും). കൂടാതെ നിരന്തരമായുള്ള തൗബയും ഇസ്തിഗ്ഫാറും. ഇത്രയുംപോരെ ശരിയായ ഒരു ആത്മീയ ജീവിതത്തിന്. ഏത് ആലിമിനും പാമരനും ശക്തനും ദുര്‍ബ്ബലനും മറ്റേത് നിലവാരത്തിലുള്ളവര്‍ക്കും സാധ്യമായ കാര്യങ്ങളാണിവ. അവരവരുടെ ത്രാണിപോലെ ചെയ്യാവുന്നവ. ഇത്രയും ചെയ്താല്‍ത്തന്നെ ഒരാര്‍ പരമ’ സൂഫി’ യും ‘സന്യാസി’യും ‘പുരോഹിതനു’ മൊക്കയാവും. പിന്നെന്തിന് പേര്‍ഷ്യന്‍- ഹൈന്ദവ- ക്രൈസ്തവ സന്യാസ പൗരോഹിത്യത്തിനു പിറകെ ഒരു മുസ്‌ലിം പോകണം!

Facebook Comments
Related Articles
Show More
Close
Close