Current Date

Search
Close this search box.
Search
Close this search box.

തിന്മയുടെ വിരോധങ്ങൾക്ക് നന്മയുടെ ഉള്ളടക്കമുണ്ടാകണം

عَنْ حُذَيْفَةَ بْنِ الْيَمَانِ (ر): عَنِ النّبِيّ (ص) قَالَ : وَالّذِي نَفْسِي بِيَدِهِ لَتَأْمُرُنَّ بِالْمَعْرُوفِ وَلَتَنْهُونَّ عَنِ الْمُنْكَرِ, أوْ لَيُوشِكَنَّ اللهُ أنْ يَبْعَدَ عَلَيْكُمْ عِقَاباً مِنْهُ ثُمَّ تَدْعُونَهُ فَلاَ يُسْتَجَابَ لَكُمْ (الترمذي)

ഹുദൈഫത്തബ്നിൽ യമാനി(റ) നിവേദനം ചെയ്യുന്നു, നബി (സ) പറഞ്ഞു: എന്റെ ശരീരം ആരുടെ കൈയ്യിലാണോ അവൻ തന്നെ സത്യം, നിങ്ങൾ നന്മ കൽപിക്കുകയും തിന്മ തടയുകയും ചെയ്യുക.അല്ലാത്തപക്ഷം നിങ്ങൾക്ക് ദൈവികമായ ശിക്ഷ വന്നിറങ്ങും. പിന്നീട് നിങ്ങളുടെ പ്രാർത്ഥന പോലും അല്ലാഹു സ്വീകരിക്കുകയില്ല.(തിർമിദി)

നന്മയോടുള്ള പ്രോത്സാഹനവും തിന്മയോടുള്ള വിരോധവും ഇസ്‌ലാം എക്കാലത്തും തുറന്നു കാണിക്കുന ഒരു വസ്തുതയാണ്.നന്മയെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ എന്തെല്ലാം നേട്ടങ്ങളാണ് മനുഷ്യ സമൂഹത്തിലുടനീളം ഇസ്‌ലാം പ്രതീക്ഷിക്കുന്നത് എന്നതും വളരെ വ്യക്തമാണ്.

നന്മ കൽപിക്കുകയും തിന്മ വിരോധിക്കലും എന്നത് കേവലം സാങ്കേതിക പദങ്ങൾ മാത്രമല്ല. ഇതിൽ തിന്മയെ വിരോധിക്കുന്നതിലൂടെ നന്മ കൽപ്പിക്കപ്പെടുകയും കൂടി ചെയ്യുന്ന ഒരു പക്രിയയാണിത്. ഇപ്രകാരം തന്നെയാണ് അല്ലാഹു ഖുർആനിലും ഇതിനെക്കുറിച്ച് പ്രതിപാധിക്കുന്നത്.നന്മ കൽപ്പിക്കൽ വ്യക്തിയുടെ മേലും സമൂഹത്തിന്റെ മേലും ഒരു പോലെയാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. മുസ്‌ലിം എന്ന നിലയ്ക്ക് നമ്മുടെ ബാധ്യതകൂടിയാണിത്. നന്മ കൽപിക്കുക എന്ന് നിരന്തരം വാചാലരാകുന്ന നമ്മൾ ആത്മസംസ്കരണത്തിന്റെ ശുദ്ധീകരണത്തിൽ നമ്മുടെ ഹൃദയത്തെ ശുദ്ധീകരിച്ചതിനു ശേഷം മാത്രമാണ് നന്മ കൽപിക്കാൻ ഇറങ്ങി പുറപ്പെടേണ്ടതുള്ളൂ.

ഹദീസിൽ തുടക്കം തന്നെ “എന്റെ ശരീരം ആരുടെ കയ്യിലാണോ അവൻ തന്നെ സത്യം” എന്ന് നബി (സ) പറയുന്നുണ്ട്. അദ്ദേഹം അല്ലാഹുവിൽ സത്യം ചെയ്തുകൊണ്ടാണ് തന്റെ സംസാരം ആരംഭിക്കുന്നത്. അതിന് കൃത്യമായ കാരണവുമുണ്ട്.മുസ്‌ലിം സമുഹം, അഥവാ സത്യമതത്തിന്റെ വക്താക്കൾ എന്ന നിലയ്ക്ക് നന്മ കൽപിക്കുകയും തിന്മ വിരോധിക്കുകയും ചെയ്തില്ലെങ്കിലുണ്ടാകാൻ പോകുന്ന ദൈവികമായ പ്രത്യാഘാതങ്ങളെയാണ് നബി(സ) അല്ലാഹുവിനെ സത്യം ചെയ്തു കൊണ്ട് മുസ്‌ലിം ജനതയെ ഉണർത്താൻ ശ്രമിക്കുന്നത്.ഇതിനാധാരമായിക്കൊണ്ട് ധാരാളം ഉദാഹരണങ്ങൾ ചരിത്രത്താളുകളിൽ കാണുവാൻ സാധിക്കും. അല്ലാഹു പറയുന്നു: كُنتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَبِالْمَعْرُوفِ وَتَنْهَوْنَ عَنِ الْمُنكَرِ وَتُؤْمِنُونَ بِاللَّهِۗ “ഇപ്പോള്‍ ലോകത്ത് മനുഷ്യരുടെ മാര്‍ഗദര്‍ശനത്തിനും സംസ്‌കരണത്തിനുമായി രംഗപ്രവേശം ചെയ്യിക്കപ്പെട്ട ഉത്തമസമൂഹം നിങ്ങളാകുന്നു” (3:110)

മനുഷ്യ സമൂഹത്തിന്റെ നിയോഗലക്ഷ്യം തന്നെ ഇതാണെന്നാണ് അല്ലാഹു ഖുർആനിലൂടെ പ്രസ്താവിക്കുന്നത്.നന്മയിലേക്കു നിരന്തരം വിളിക്കുന്നവർക്കും ധർമം കൽപിക്കുകയും അധർമത്തിന് പ്രതിബന്ധം സൃഷ്ടിക്കുന്നവർക്കും ക്ലേഷങ്ങൾ നിറഞ്ഞ ഈ മാർഗത്തിലൂടെ അഭിമാനമുയർത്തിക്കൊണ്ട് അവയെല്ലാം വകഞ്ഞുമാറ്റാൻ സത്യവിശ്വാസം അത്യന്താപേക്ഷിതമാണ്.അങ്ങനെ വകഞ്ഞു മാറ്റി മുന്നേറാൻ മുസ്‌ലികൾക്ക് മാത്രമേ കഴികയുള്ളൂ എന്ന് അല്ലാഹു പറയുന്നു. കാരണം അതിനുവേണ്ടിയുള്ള സകല ഊർജവും ഇസ്‌ലാമിൽ നിന്നല്ലാതെ ലഭിക്കുന്നില്ല എന്നതുകൊണ്ടാണ്. ഇസ്‌ലാം വിമോചനത്തിന്റെ മതമാണ് എന്ന് പറയുന്നതിന് കാരണവും ഇതുതന്നെയാണ്.

നന്മ പ്രോത്സാഹിപ്പിക്കുകയും തിന്മ തടയുകയും ചെയ്യുന്നതിലൂടെ മുസ്‌ലികൾക്ക് വന്നുചേരുന്ന അനുഗ്രഹങ്ങളിൽ സുപ്രധാനമായത് ലോകത്തിന്റെ നേതൃത്വമാണ്. അത് അല്ലാഹു വാഗ്ധാനം ചെയ്തതുമാണ്. ഈ ഹദീസ് സമൂഹത്തിൽ പടരുന്ന അരാജകത്വത്തിനും തിന്മകൾക്കുമെതിരെ വാക്കുകൊണ്ടും പ്രവൃത്തി കൊണ്ടും മനസ്സുകൊണ്ടും പൊരുതാൻ ആഹ്വാനം ചെയ്യുകയും ചെയ്യുന്നു.

Related Articles