Current Date

Search
Close this search box.
Search
Close this search box.

കണ്‍കുളിര്‍മയേകുന്ന സന്താനങ്ങള്‍

pray.jpg

عَنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: ” إِنَّ اللَّهَ عَزَّ وَجَلَّ لَيَرْفَعُ الدَّرَجَةَ لِلْعَبْدِ الصَّالِحِ فِي الْجَنَّةِ، فَيَقُولُ: يَا رَبِّ، أَنَّى لِي هَذِهِ؟ فَيَقُولُ: بِاسْتِغْفَارِ وَلَدِكَ لَكَ “

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: സദ്‌വൃത്തനായ ഒരു ദാസന്റെ സ്വര്‍ഗത്തിലെ പദവികള്‍ അല്ലാഹു ഉയര്‍ത്തിക്കൊണ്ടേയിരിക്കും. അപ്പോള്‍ അവന്‍ ചോദിക്കും: നാഥാ, ഇതെനിക്കെങ്ങനെ കിട്ടി? അല്ലാഹു പറയും: നിന്റെ സന്താനം നിനക്ക് വേണ്ടി പാപമോചനപ്രാര്‍ഥന നടത്തുന്നതുകൊണ്ട് (അഹ്മദ്).

ഉയര്‍ത്തി: رَفَعَ
പദവി, സ്ഥാനം: دَرَجَة
ദാസന്‍: عَبْدٌ
സച്ചരിതന്‍: صَالِحٌ
തോട്ടം, സ്വര്‍ഗം: جَنَّةٌ
പറഞ്ഞു: قَالَ
എങ്ങനെ, എവിടെ, എപ്പോള്‍: أَنَّى
പാപമോചനപ്രാര്‍ഥന: اِسْتِغْفَار
സന്താനം: وَلَدٌ

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു عَنْ أَبِي هُرَيْرَةَ، قَالَ
നബി(സ) പറഞ്ഞു: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ
സദ്‌വൃത്തനായ ഒരു ദാസന്റെ സ്വര്‍ഗത്തിലെ പദവികള്‍ അല്ലാഹു ഉയര്‍ത്തിക്കൊണ്ടേയിരിക്കും إِنَّ اللَّهَ عَزَّ وَجَلَّ لَيَرْفَعُ الدَّرَجَةَ لِلْعَبْدِ الصَّالِحِ فِي الْجَنَّةِ
അപ്പോള്‍ അവന്‍ ചോദിക്കും: നാഥാ, ഇതെനിക്കെങ്ങനെ കിട്ടി? فَيَقُولُ: يَا رَبِّ، أَنَّى لِي هَذِهِ؟
അല്ലാഹു പറയും: നിനക്കുവേണ്ടിയുള്ള നിന്റെ സന്താനത്തിന്റെ പാപമോചനപ്രാര്‍ഥനകൊണ്ട് فَيَقُولُ: بِاسْتِغْفَارِ وَلَدِكَ لَكَ

സന്താനങ്ങള്‍ ഐഹികജീവിതത്തിന്റെ അലങ്കാരവും പരീക്ഷണവുമാണെന്നും അവര്‍ നമ്മെ ദൈവവിസ്മൃതിയിലേക്ക് നയിക്കാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നും ഖുര്‍ആന്‍ (അല്‍കഹ്ഫ്: 46, അന്‍ഫാല്‍ :28, തഗാബുന്‍ :15, അല്‍മുനാഫിഖൂന്‍ :9) ആദമിന്റെ രണ്ട് മക്കള്‍, നൂഹ്‌നബിയുടെ മകന്‍, യഅ്ഖൂബ് നബിയുടെ മക്കള്‍, ലുഖ്മാന്റെ മകന്‍, ഖളിര്‍ വധിച്ച കുട്ടി എന്നിങ്ങനെ നിരവധി കുട്ടികളെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നുണ്ട്. അതുപോലെ സുലൈമാന്‍, ഇബ്‌റാഹീം, ഇസ്മാഈല്‍, യൂസുഫ്, ഈസാ തുടങ്ങിയ പ്രവാചകന്‍മാരും മക്കളുടെ റോളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. രക്ഷിതാക്കളുടെ ആധികള്‍, ഉപദേശങ്ങള്‍, നിലപാടുകള്‍, മക്കളുടെ സമീപനങ്ങള്‍, അനുസരണം, സമര്‍പ്പണം, ധിക്കാരം, പ്രാര്‍ഥനകള്‍, അസൂയ മുതലായവയാണ് അവരിലൂടെ അവതരിപ്പിക്കപ്പെടുന്ന പ്രമേയങ്ങള്‍. (ലുഖ്മാന്‍: 13-19, അല്‍ബഖറ 132,133)

മക്കളുടെ നന്മയും വളര്‍ച്ചയും ഉയര്‍ച്ചയും ഏതൊരു രക്ഷിതാവിന്റെയും അഭിലാഷമാണ്. പക്ഷേ, അത് പലപ്പോഴും ഭൗതിക തലത്തില്‍ ഒതുങ്ങിപ്പോവുന്നു. മക്കള്‍ക്ക് നല്ല ഭക്ഷണവും വസ്ത്രവും ചികിത്സയും പൊതുസമൂഹം വിലയും നിലയും കല്‍പിക്കുകയും ഉയര്‍ന്ന ജോലി നേടിത്തരികയും ചെയ്യുന്ന വിദ്യാഭ്യാസവും നല്‍കാന്‍ ബദ്ധശ്രദ്ധരാകുന്നതോടൊപ്പം അവരുടെ ധാര്‍മിക വളര്‍ച്ചയില്‍ നിര്‍ണായമായ പങ്ക് വഹിക്കാനുണ്ടെന്നത് വിസ്മരിക്കുന്നു. അവരോടുള്ള ബാധ്യതകള്‍ നിര്‍വഹിക്കുന്നുണ്ടോ, അവര്‍ നമ്മുടെ ധാര്‍മിക ജീവിതത്തിന് വിലങ്ങുതടിയാവുന്നുണ്ടോ എന്നൊക്കെ അല്ലാഹു പരീക്ഷിക്കുമ്പോള്‍ അത് ഗൗരമാര്‍ന്ന വിഷയമാണെന്ന് പലരും ചിന്തിക്കുന്നില്ല. അങ്ങനെ മക്കള്‍ വെറും അലങ്കാരമായി മാറുന്നു.

സന്താനങ്ങള്‍ ധാര്‍മിക ബോധമുള്ളവരാകാന്‍ ആവശ്യമായ ശിക്ഷണങ്ങള്‍ നല്‍കേണ്ടത് രക്ഷിതാക്കളുടെ ചുമതലയാണ്. നബി(സ) പറഞ്ഞു: നിങ്ങള്‍ മക്കള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുകയും അവരുടെ പെരുമാറ്റ രീതികള്‍ ഉല്‍കൃഷ്ടമാക്കുകയും ചെയ്യുവിന്‍. (ഇബ്‌നുമാജ) വകതിരിവെത്തുന്നതിന് മുമ്പ് ഫുള്‍സ്റ്റോപ്പിടുന്ന മദ്രസാപഠനത്തിന് പറഞ്ഞയക്കുന്നതോടെ ഈ ബാധ്യത തീരുന്നില്ല. ഒരു മുസ്‌ലിം എന്ന നിലക്കുള്ള കടമകളും കടപ്പാടുകളും സ്വഭാവരീതികളും അവരിലുണ്ടോ, അതിനു വിരുദ്ധമായ രീതികളിലേക്ക് പോകുന്നുണ്ടോ, ആരുമായിട്ടാണ് അവരുടെ ചങ്ങാത്തം തുടങ്ങിയ കാര്യങ്ങളൊക്കെ പരിശോധിക്കാന്‍ രക്ഷിതാക്കള്‍ക്ക് ധാര്‍മിക ബാധ്യതയുണ്ട്. ഒരു രക്ഷിതാവ് സന്താനത്തിന് നല്‍കുന്ന ഏറ്റവും മികച്ച സമ്മാനം ലാപ്‌ടോപ്പോ മൊബൈല്‍ ഫോണോ ബൈക്കോ സ്വര്‍ണാഭരണമോ ഒന്നുമല്ല, ധാര്‍മിക മൂല്യങ്ങളാണ്. പ്രവാചകന്‍ പറഞ്ഞു: ഉന്നത സംസ്‌കാരത്തേക്കാള്‍ ശ്രേഷ്ഠമായ ഒന്നും ഒരു പിതാവും തന്റെ സന്താനത്തിന് സമ്മാനമായി നല്‍കുന്നില്ല. (തിര്‍മിദി)

മക്കള്‍ക്ക് ധാര്‍മിക വിദ്യാഭ്യാസം നല്‍കുന്നതില്‍ പല രക്ഷിതാക്കളും ഇന്ന് വിമുഖത കാണിക്കുകയാണ്. ഭൗതിക വിജ്ഞാനീയങ്ങളുടെ മലവെള്ളപ്പാച്ചിലിലേക്ക് അവരെ അലക്ഷ്യമായി ചേര്‍ത്തുനിര്‍ത്തുന്നതോടെ ധാര്‍മികതക്ക് മൂല്യം നഷ്ടപ്പെടുന്നു. മദ്‌റസ വിദ്യാഭ്യാസം ഓള്‍ഡ് ഫാഷനായി മാറുന്നു. മതഭൗതിക വിദ്യാഭ്യാസ സമന്വയത്തോട് പലര്‍ക്കും ഇന്ന് അലര്‍ജിയാണ്. അതിന്റെയെല്ലാം ദുരന്തഫലം ഇന്ന് സമൂഹം അനുഭവിക്കുന്നുമുണ്ട്. സ്വന്തം സുഖത്തിനും രക്ഷക്കും വേണ്ടി മാതാപിതാക്കളെ ബലികൊടുക്കാന്‍ തയ്യാറാവുന്ന മക്കള്‍ മുസ്‌ലിം സമൂഹത്തിലും അപൂര്‍വമല്ലല്ലോ.

മക്കള്‍ സദ്ഗുണസമ്പന്നരായാല്‍ അതിന്റെ പ്രാഥമിക ഗുണഭോക്താക്കള്‍ രക്ഷിതാക്കള്‍ തന്നെയാണ്; ഇഹത്തിലും പരത്തിലും. മക്കള്‍ തെമ്മാടികളും സംസ്‌കാരശൂന്യരുമാണെങ്കില്‍ ഒരു പരിധിവരെ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാതിരിക്കാന്‍ അവര്‍ക്കാവില്ല. മാത്രമല്ല അത്തരം മാതാപിതാക്കള്‍ സമൂഹത്തോടു ചെയ്യുന്ന അപരാധവും ചെറുതല്ല. ദുര്‍വൃത്തരായ ഒരു തലമുറയെ സൃഷ്ടിച്ചതിന്റെ പേരില്‍ അവര്‍ ചോദ്യം ചെയ്യപ്പെടാതിരിക്കില്ല. മക്കള്‍ ഇസ്‌ലാമിക സംസ്‌കാരത്തോട് അനിഷ്ടം കാണിക്കുന്നവരും ദുസ്സ്വഭാവികളുമാണെങ്കില്‍ അതില്‍ രക്ഷിതാക്കളും തെറ്റുകാരാണ്. മക്കളോടുള്ള ബാധ്യതകള്‍ നിര്‍വഹിക്കാതെ അവരെ കുറിച്ച് പരാതിപ്പെടാന്‍ അവര്‍ക്കെന്ത് അര്‍ഹത?

ഒരിക്കല്‍ ഖലീഫാ ഉമറി(റ)ന്റെ സന്നിധിയില്‍ ഒരാള്‍ മകനെ കുറിച്ച് പരാതിയുമായി വന്നു. അയാള്‍ പറഞ്ഞു: ‘അമീറുല്‍ മുഅ്മിനീന്‍, എന്റെ മകന്‍ എന്നെ ഉപദ്രവിക്കുകയും കഷ്ടപ്പെടുത്തുകയും ചെയ്യുന്നു’. ഉമര്‍ പ്രസ്തുത മകനെ വിളിച്ചുവരുത്തി ദീര്‍ഘനേരം സംസാരിച്ചു. മാതാപിതാക്കളോടുളള കടമകളും അവരെ വെറുപ്പിച്ചാല്‍ ഉണ്ടായേക്കാവുന്ന ഭവിഷ്യത്തുകളും ബോധ്യപ്പെടുത്തി. അന്നേരം അവന്‍ ചോദിച്ചു: ‘അമീറുല്‍ മുഅ്മിനീന്‍, ഒരു പിതാവിന് തന്റെ സന്താനങ്ങളോട് വല്ല ബാധ്യതയുമുണ്ടോ’? ഉമര്‍ പറഞ്ഞു: ‘തീര്‍ച്ചയായും ഉണ്ട്’. അവന്‍ ചോദിച്ചു: ‘എങ്കില്‍ എന്തെല്ലാമാണവ’? ഉമര്‍ പറഞ്ഞു: ‘അവന്റെ ഉമ്മയെ സംസ്‌കരിക്കുക, കുഞ്ഞിന് നല്ല പേരിടുക, ദൈവിക ഗ്രന്ഥം പഠിപ്പിക്കുക’. ഇത് കേട്ടപ്പോള്‍ അവന്‍ പറഞ്ഞു: അമീറുല്‍ മുഅ്മിനീന്‍, ഈ ബാധ്യതകളില്‍ ഒന്നുപോലും എന്റെ പിതാവ് നിര്‍വഹിച്ചിട്ടില്ല. ഒരു അഗ്‌നിയാരാധകന്റെ കീഴില്‍ വളര്‍ന്ന അടിമപ്പെണ്ണാണ് എന്റെ മാതാവ്. ജുഅല (കരിവണ്ട്) എന്നാണ് അദ്ദേഹം എനിക്ക് പേര് വെച്ചിട്ടുള്ളത്. അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ നിന്ന് ഒരക്ഷരം പോലും പിതാവ് എന്നെ പഠിപ്പിച്ചിട്ടുമില്ല.

ഇതുകേട്ട് ക്ഷുഭിതനായ ഉമര്‍(റ) പരാതിക്കാരനായ പിതാവിന്റെ നേരെ തിരിഞ്ഞ് പറഞ്ഞു: മകന്‍ ഉപദ്രവിക്കുന്നു എന്ന പരാതിയുമായിട്ടല്ലേ താങ്കള്‍ വന്നത്? യഥാര്‍ഥത്തില്‍ അവന്‍ താങ്കളെ ഉപദ്രവിക്കുന്നതിന് മുമ്പ് താങ്കള്‍ അവനെ ഉപദ്രവിച്ചു. അവന്‍ താങ്കളോട് മോശമായി പെരുമാറുന്നതിന് മുമ്പ് താങ്കള്‍ അവനോട് മോശമായി പെരുമാറി.

ഇങ്ങനെ വളരുന്ന മക്കള്‍ രക്ഷിതാക്കള്‍ക്കെതിരെ തിരിയുന്നുവെന്ന് മാത്രമല്ല, സമൂഹത്തില്‍ അവരുണ്ടാക്കുന്ന അക്രമങ്ങളും പ്രശ്‌നങ്ങളും വിവരണാധീതവുമാണ്. ഒരു ഭാഗത്ത് ഇങ്ങനെ താന്തോന്നിങ്ങളായി വളരുന്നവര്‍. മറുഭാഗത്ത് സമൂഹത്തോട് യാതൊരു പ്രതിപദ്ധതയുമില്ലാതെ മനസ്സിന്റെ ശ്രീകോവിലില്‍ പണത്തെ പ്രതിഷ്ഠിച്ചവര്‍. വിവാഹിതരാവുമ്പോള്‍ ദീനീബോധത്തിന് നല്‍കേണ്ട പ്രാധാന്യവും അത് മക്കളുടെ വളര്‍ച്ചയില്‍ എങ്ങനെ സ്വാധീനിക്കുന്നു എന്നും അടിവരയിട്ട് വ്യക്തമാക്കുകയാണ് ഉമര്‍(റ). ഉമ്മ ഒരു പാഠശാലയാണെന്നും ഉമ്മ ഉത്തമസ്വഭാവിയാണെങ്കില്‍ ഒരു നല്ല തലമുറയെ അതിലൂടെ വളര്‍ത്തിയെടുക്കാമെന്നതും എത്ര യാഥാര്‍ഥ്യം.  ഭൗതികതയില്‍ അള്ളിപ്പിടിച്ച ഭീരുക്കളായിട്ടല്ല, ധര്‍മപാതയിലെ ധീരപോരാളികളായിട്ടാണ് മഹാന്മാരും മഹതികളും അവരുടെ മക്കളെ വളര്‍ത്തിയത്. ഖന്‍സാഅ് ചരിത്രത്തില്‍ സ്ഥിരപ്രതിഷ്ഠ നേടിയത് മക്കളില്‍ ഭൗതികതയേക്കാള്‍ ആത്മീയത സന്നിവേശിപ്പിച്ചപ്പോഴാണ്. യസീദിന്റെയും ഹജ്ജാജിന്റെയും അക്രമങ്ങള്‍ക്ക് മുന്നില്‍ തോറ്റുകൊടുക്കാതെ പൊരുതാന്‍ മകനായ അബ്ദുല്ലയെ ഉപദേശിക്കുന്ന അബൂബക്‌റിന്റെ(റ) മകള്‍ അസ്മാ (റ) ഒരു മാതാവിന് നല്‍കുന്ന മാതൃക അവാച്യമത്രെ.

വിശ്വസിക്കുകയും സല്‍കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് ദിവ്യസാമീപ്യം ലഭിക്കാന്‍ അവരുടെ നല്ലവരായ സന്താനങ്ങള്‍ ഉപകരിക്കുമെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. (34:37) മരണശേഷവും ഒരാള്‍ക്ക് പ്രതിഫലം കരസ്ഥമാക്കാന്‍ സാധിക്കുന്ന സല്‍കര്‍മമാണ് മക്കളെ നല്ലവരാക്കുക എന്നത്. നബി(സ) പറഞ്ഞു: ഒരാള്‍ മരണപ്പെടുന്നതോടെ അയാളുടെ സല്‍കര്‍മങ്ങള്‍ നിലച്ചുപോകും; മൂന്നെണ്ണമൊഴികെ. പ്രയോജനം നിലനില്‍ക്കുന്ന ദാനം, മറ്റുള്ളവര്‍ക്ക് പ്രയോജനപ്പെട്ടുകൊണ്ടിരിക്കുന്ന ജ്ഞാനം, അവന് വേണ്ടി പ്രാര്‍ഥിക്കുന്ന സദ്‌വൃത്തനായ സന്താനം. (മുസ്‌ലിം)

തനിക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ സന്നദ്ധരാവുകയും തന്റെ മയ്യിത്ത് നമസ്‌കാരത്തിന് നേതൃത്വം നല്‍കാന്‍ പ്രാപ്തി നേടുകയും ചെയ്യാത്ത മക്കളാണോ നമുക്കുള്ളതെന്ന് ഓരോ മാതാവും പിതാവും ഉള്ള് തുറന്ന് ആലോചിക്കേണ്ടതുണ്ട്. സ്വന്തത്തെയും സ്വന്തം കുടുംബത്തെയും നരകത്തില്‍ നിന്ന് രക്ഷിക്കാന്‍ ഖുര്‍ആന്‍ ഖുര്‍ആന്‍ പ്രത്യേകം ഉണര്‍ത്തുന്നുണ്ടല്ലോ. (അത്തഹ്‌രീം: 6)

Related Articles