Current Date

Search
Close this search box.
Search
Close this search box.

ദുൽഹജ്ജിലെ ആദ്യ പത്ത് ദിനങ്ങളിൽ ചെയ്യേണ്ട 11 കാര്യങ്ങൾ

പ്രവാചകൻ മുഹമ്മദ് (സ) പറഞ്ഞു: “ഈ ദിവസങ്ങളേക്കാൾ സൽകർമ്മങ്ങൾ അല്ലാഹുവിന് പ്രിയപ്പെട്ട മറ്റ് ദിവസങ്ങളില്ല,”ദുൽഹിജ്ജയിലെ (ആദ്യത്തെ) പത്ത് ദിവസങ്ങളാണ് ഉദ്ദേശം. (സുനനു ഇബ്നു മാജ: 1727) പക്ഷെ, എവിടെ നിന്ന് ഞാൻ ആരംഭിക്കും?  ആകുലതപ്പെടേണ്ടതില്ല, നിങ്ങൾ ഹജ്ജിൽ അല്ലെങ്കിലും ഈ ദുൽഹിജ്ജ പരമാവധി പ്രയോജനപ്പെടുത്താൻ കഴിയുന്ന നിരവധി വഴികളുണ്ട്.

1. സുന്നത്ത് നോമ്പ്

ദുൽഹജ്ജ് 9 അഥവാ അറഫാ ദിനത്തിൽ വ്രതമനുഷ്ഠിക്കുന്നത് സാധാരണമാണ്. എന്നാൽ ആദ്യ 8 ദിനങ്ങളിലും നോമ്പ് അനുഷ്ഠിക്കുന്നത് സുന്നത്ത് ആണെന്നുള്ള കാര്യം നിങ്ങൾക്കറിയാമോ? ഈ വർഷം  ദുൽഹജ്ജ് 1 മുതൽ നോമ്പെടുക്കാൻ തയ്യാറാവുക. ഈ 10 ദിവസങ്ങളിൽ നിങ്ങളുടെ സമയങ്ങളെ കൂടുതൽ ക്രിയാത്മകമായി ഉപയോഗപ്പെടുത്താനും നിങ്ങളുടെ ലക്ഷ്യങ്ങളെ പറ്റി ശ്രദ്ധാലുവാക്കുവാനുമുള്ള ഒരു നല്ല ഓർമ്മപ്പെടുത്തലാണ് സുന്നത്ത് നോമ്പുകൾ. 

2. നിങ്ങളുടെ ഉദ്ദേശങ്ങളെ സംസ്കരിക്കുക

വ്യത്യസ്ത ഉത്തരവാദിത്തങ്ങളാൽ സമയം തള്ളിനീക്കുന്ന തിരക്കേറിയ പത്ത് ദിവസങ്ങൾ ആയിരിക്കും നിങ്ങൾക്കുണ്ടാവുക. അതിനാൽ ഇബാദത്തിനായി സമയം നീക്കിവെക്കാനുതകുന്ന രീതിയിലുള്ള ഒരു നിയ്യത്ത് ഉണ്ടാവുക പ്രധാനമാണ്. കൂടാതെ നിങ്ങൾ ചെയ്യേണ്ട ദൈനംദിന ജോലികൾക്കായി നിങ്ങളുടെ സമയങ്ങളെ ക്രമീകരിക്കുകയും വേണം. അല്ലാഹുവിൻറെ തൃപ്തിക്ക് വേണ്ടിയാണ് നാം ഇത് ചെയ്യുന്നതെങ്കിൽ നമ്മുടെ എല്ലാ പ്രവൃത്തികൾക്കും നമ്മെ അല്ലാഹുവിലേക്ക് കൂടുതൽ അടുപ്പിക്കാൻ കഴിയും.

3. ദുൽഹിജ്ജയുടെ ശ്രേഷ്ഠതകളെ കുറിച്ച് അറിയുക

അറിവ് തേടുക എന്നത് ആരാധനയുടെ ഒരു രൂപമാണ്. പ്രവാചകൻ (സ) പറഞ്ഞു: അറിവ് തേടി വല്ലവനും സഞ്ചരിക്കുന്ന പക്ഷം അല്ലാഹു അവന് സ്വർഗ്ഗത്തിലേക്കുള്ള വഴി എളുപ്പമാക്കി കൊടുക്കും. (സ്വഹീഹു മുസ്ലിം: 2699). അത് കൊണ്ട് ദുൽഹിജ്ജയുടെ ശ്രേഷ്ഠതകളെ കുറിച്ചും അതിലെ സൽകർമ്മങ്ങളെ കുറിച്ചും അറിയുക പ്രധാനമാണ്.

4. ദാനധർമ്മങ്ങൾ വർധിപ്പിക്കുക

ദുൽഹിജ്ജയുടെ പുണ്യ വേളകളിൽ എല്ലാ കർമ്മങ്ങൾക്കും ഏറെ പ്രാധാന്യമുണ്ട്; പ്രത്യേകിച്ച് ദാനധർമ്മങ്ങൾക്ക്. ഓരോ ദിവസവും തുച്ഛമാണെങ്കിലും തുടർച്ചയായി നൽകാൻ ഒന്നോ അതിലധികമോ ആവശ്യക്കാരെ തിരഞ്ഞെടുക്കുക. 

5. സാമൂഹ്യ സേവനം നടത്തുക! സന്നദ്ധസേവനം ചെയ്യുക

വർദ്ധിച്ച വ്രതത്തിനും പ്രാർത്ഥനക്കും ദാനധർമ്മത്തിനുമിടയിൽ, നിങ്ങളുടെ സമൂഹത്തിനായി കുറച്ചു മണിക്കൂറുകൾ സമർപ്പിക്കാൻ ഇതിലും നല്ല സമയമില്ല. ഒരു അന്നദാന കേന്ദ്രത്തിൽ സേവനമനുഷ്ഠിക്കുക, ഹൈവേ വൃത്തിയാക്കാൻ സഹായിക്കുക, അല്ലെങ്കിൽ നിങ്ങളുടെ പ്രാദേശിക പള്ളിയിലെ ഹൽഖയെ സഹായിക്കുക, ഇതിലൊക്കെ പങ്കുചേരാൻ നിരവധ് വഴികളുണ്ട്.

6. ദൈവസ്മരണ വർദ്ധിപ്പിക്കുക, ദിക്റുകൾ പതിവാക്കുക

പ്രവാചകൻ (സ) പറഞ്ഞു: ദുൽഹിജ്ജയിലെ 10 ദിവസങ്ങളിൽ തക്ബീറും തഹ്‍ലീലും തഹ്‍മീദും അധികരിപ്പിക്കുക. ലാ ഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബർ, അൽഹംദുലില്ല ഈ മൂന്ന് ദിക്റുകൾ നിങ്ങളുടെ ദിനങ്ങളുടെ കേന്ദ്രബിന്ദുവാക്കുക.

7. ശുക്ർ അഥവാ കൃതജ്ഞത പരിശീലിക്കുക

നന്ദിയുള്ളവരായിരിക്കുക എന്നത്  ഇസ്ലാമികമായ ഒരു മാനസികാവസ്ഥയുടെ പ്രധാന ഘടകവും സാധാരണയായി നിർദ്ദേശിക്കപ്പെടുന്ന ബോധവൽക്കരണ രീതിയുമാണ്. ഒരാൾക്ക് ലഭിച്ച അനുഗ്രഹങ്ങളെ കുറിച്ച് ചിന്തിക്കുന്നതിലൂടെയും, അൽഹംദുലില്ലാഹ് എന്ന് പറയുന്നതിലൂടെയും പതിവായി ശുക്ർ പ്രകടിപ്പിക്കാൻ പരിശീലിക്കുന്നത്, ഈ 10 ദിവസങ്ങളിൽ നിങ്ങളെ മനസ്സാന്നിധ്യമുള്ളവനും റബ്ബിനോട് സുദൃഢ ബന്ധമുള്ളവനാക്കിയും നിലനിർത്താൻ സഹായിക്കും. 

8. തഹജ്ജുദും മറ്റും നവാഫിലുകളും സജീവമാക്കുക

തീർച്ചയായും നമസ്കാരം എന്നത് വർഷം മുഴുവനുമുള്ള പരിശീലനമാണ്. എന്നാൽ നിങ്ങളുടെ ദൈനംദിന നമസ്കാരങ്ങളിൽ ശ്രദ്ധ ചെലുത്താനുള്ള ഒരു അവസരമാണിത്. നിങ്ങളുടെ നിയ്യത്തും ശ്രദ്ധയും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തിൽ അവയിൽ ഓരോന്നിനും അല്പ സമയം കൂടുതൽ ചെലവഴിക്കുക. നിങ്ങൾക്ക് കഴിയുമെങ്കിൽ സുന്നത്ത് നമസ്കാരങ്ങൾ അധികരിപ്പിക്കുക. 

9. ചിന്തിക്കുക, ദുആ ചെയ്യുക

ദുൽഹിജ്ജയുടെ ഒമ്പതാം ദിനമായ അറഫദിനം അതീവ ഭക്തിയുടെ സമയമാണ്. ഹജ്ജിന് പോകുന്നവർ ദുആകളിൽ മുഴുകുന്നു. അതേസമയം നമ്മിൽ പലരും ഈദ് ആഘോഷങ്ങൾ ആരംഭിക്കുന്നതിന് നോമ്പെടുക്കുന്നു. അല്ലാഹു എല്ലാം കേൾക്കുന്നവനാണെന്ന (സമീഅ്) പൂർണ്ണ ബോധ്യത്തോടെ ഒമ്പതാം നാൾ  അവനോട് അടുത്ത് സംസാരിക്കുവാൻ സമയം നീക്കി വെക്കുക.

10. ഉദ്ഹിയ്യത്ത് നിർവഹിക്കുക

അനുഗ്രഹീതമായ ഈ ദിനങ്ങളിൽ അല്ലാഹുവിനോട് അടുക്കാനുള്ള രീതികളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠമായത് ഒരു മൃഗത്തെ ബലി നൽകലാണ്. അങ്ങനെ ചെയ്യുന്നതിലൂടെ നാം നമ്മുടെ പിതാവായ പ്രവാചകൻ ഇബ്രാഹീം (അ) യുടെ സുന്നത്ത് പിന്തുടരുകയും ആവശ്യക്കാർക്ക് സഹായം എന്ന നിലക്ക് മാംസം നൽകുകയും ഇസ്ലാമിലെ അനുഷ്ഠാനങ്ങളിൽ ഒന്ന് സ്ഥാപിക്കുകയും ചെയ്യുന്നു.  ആത്യന്തികമായി അല്ലാഹുവിനോട് കൂടുതൽ അടുക്കുകയും ചെയ്യുന്നു. ബലി കർമത്തെ പലപ്പോഴും “കുർബാനി” എന്ന് വിളിക്കുന്നത് കാണാം. കുർബാനി എന്ന പദം ‘അടുപ്പം’ എന്ന അർത്ഥം വരുന്ന “കുർബ്” എന്ന വാക്കിൽ നിന്നാണ് ഉടലെടുത്തിട്ടുള്ളത്. ഇത് നമ്മുടെ സൃഷ്ടാവിനോടുള്ള അടുപ്പത്തിന്റെ ഒരു രൂപമാണ്.

പ്രവാചകൻ (സ) പറഞ്ഞു: “ബലി ദിനത്തിൽ (ദുൽഹിജ്ജ 10) ഒരു മൃഗത്തെ ബലി അർപ്പിക്കുന്നതിനേക്കാൾ അല്ലാഹുവിന് പ്രിയപ്പെട്ട ഒരു കർമവും ഒരു മനുഷ്യനും ചെയ്യുന്നില്ല. ഉയർത്തെഴുന്നേൽപ്പിന്റെ നാളിൽ അത് (ബലി മൃഗം) അതിൻറെ കൊമ്പുകളും മുടിയും കുളമ്പുകളുമായി പ്രത്യക്ഷപ്പെടും. തീർച്ചയായും അതിൻറെ രക്തം ഭൂമിയിൽ പതിക്കുന്നതിനു മുമ്പ് തന്നെ സ്വീകരിക്കപ്പെടുന്നിടത്ത് നിന്ന് അല്ലാഹു അതിനെ സ്വീകരിക്കുന്നതാണ്. അതിനാൽ നിൻറെ ഹൃദയം അതിൽ ആനന്ദിക്കട്ടെ”, (സുനനു ഇബ്നു മാജ: 3126)

11. ബലി പെരുന്നാളിന് തയ്യാറെടുക്കുക

ദുൽഹിജ്ജ പത്താം തീയതിയാണ് ബലി പെരുന്നാൾ, സന്തോഷം നിറഞ്ഞ ദിവസമാണിത്. സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും നിങ്ങളുടെ വീട്ടിലേക്ക് വിളിച്ചുകൊണ്ട് അതിനായി തയ്യാറാവുക. നിങ്ങൾ ഇഷ്ടപ്പെടുന്നവർക്കായി സമ്മാനങ്ങൾ പൊതിയുകയും അലങ്കരിക്കുകയും ചെയ്യുക. നിങ്ങളുടെ സമൂഹത്തിൽ പുതുതായി ഇസ്ലാമിലേക്ക് കടന്നുവന്നവരെ പരിഗണിക്കുകയും നിങ്ങളുടെ ആഘോഷങ്ങളിൽ പങ്കെടുക്കാൻ അവരെ സഹായിക്കുകയും ചെയ്യുക.

വിവ: തസ്‍ലീമ. എസ്

അവലംബം: https://yaqeeninstitute.org/

Related Articles