Current Date

Search
Close this search box.
Search
Close this search box.

യാത്രകള്‍ ഇസ്‌ലാമില്‍: ഒരു കര്‍മശാസ്ത്ര വിശകലനം

ഇസ്‌ലാമിക യാത്രകള്‍ കൊണ്ട് കൂടുതല്‍ മനസ്സിലാക്കപ്പെടുന്നത് ഇസ്‌ലാമിക പൈതൃക സന്ദര്‍ശനമാണ്. ഇസ്‌ലാമിക യാത്രകളില്‍പ്പെട്ടതാണ് ഇസ്‌ലാമിക പൈതൃക സന്ദര്‍ശനം. ഇവയില്‍ നിര്‍ബന്ധമായ ചില അനുഷ്ഠാന യാത്രകളാണ് ഹജ്ജും ഉംറയും. പരിശുദ്ധ ഖുര്‍ആന്‍ പറയുന്നു; ഹജ്ജും ഉംറയും പൂര്‍ണമായ് അള്ളാഹുവിന് വേണ്ടി നിര്‍വഹിക്കുക(അല്‍ബഖറ196). കഴിവുള്ള ആളുകള്‍ വിശുദ്ധ ഭവനത്തിലേക്ക് തീര്‍ത്ഥ യാത്ര നിര്‍വഹിക്കല്‍ അള്ളാഹുവിനോടുള്ള ബാധ്യതയാണ്(ആലു ഇംറാന്‍97). പ്രവാചക വചനങ്ങള്‍ ഹജജും ഉംറയും നിര്‍വഹിക്കുന്നതിന് കൂടുതല്‍ പ്രേരണ നല്‍കുന്നുണ്ട്. അബൂഹുറൈറ (റ) യില്‍ നിന്ന് നിവേദനം; നബി (സ) പറഞ്ഞു: ഉംറയെ തുടര്‍ന്നുള്ള ഉംറ അവക്കിടയിലെ പാപങ്ങള്‍ പൊറുക്കുന്നതിന് കാരണമാവുകയും സ്വീകാര്യമായ ഹജജിന് സ്വര്‍ഗ്ഗം പ്രതിഫലമായി ലഭിക്കുകയും ചെയ്യും. ഇസ്‌ലാമിക യാത്രകളെ അഞ്ചായി തിരിക്കാം. നിര്‍ബന്ധമെന്നും പുണ്യകരമെന്നും നിഷിദ്ധമെന്നും വെറുക്കപ്പെട്ടതെന്നും അനുവദനീയമെന്നും.

ഒന്ന്: നിര്‍ബന്ധമായ യാത്രകള്‍

ഹജ്ജും ഉംറയും ഉദ്ദേശിച്ച് അള്ളാഹുവിന്റെ ഭവനമായ പരിശുദ്ധ കഅബയിലേക്കുള്ള തീര്‍ത്ഥ യാത്രയാണത്. ഹജജ് നിര്‍ബന്ധമാണെന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ ഏകാഭിപ്രായക്കാരാണ്. എന്നാല്‍ ഉംറയുടെ കാര്യത്തില്‍ പണ്ഡിതന്മാര്‍ ഭിന്ന വീക്ഷണക്കാരാണ്. ഉംറ നിര്‍വഹിക്കല്‍ നിര്‍ബന്ധമില്ലാത്ത പുണ്യ പ്രവര്‍ത്തിയാണെന്ന് വീക്ഷിക്കുന്നവരാണ് ഒന്നാമത്തെ വിഭാഗം. ഇമാം മാലിക്കിന്റെയും ഭൂരിപക്ഷ ഹനഫികളുടെയും അഭിപ്രായമാണിത്. രണ്ടാമത്തെ അഭിപ്രായം ഉംറ നിര്‍ബന്ധമായി നിര്‍വഹിക്കേണ്ട കര്‍മമാണ് എന്നതാണ്. ശാഫിഈ മദഹബും ഹമ്പലീ മദ്ഹബും ചില ഹനഫികളുമാണ് ഈ അഭിപ്രായം മുന്നോട്ട് വെക്കുന്നത്. ഉംറ മക്കയില്‍ നിര്‍ബന്ധമാക്കിയിട്ടില്ലെന്നത് തെളിവായി കണ്ട് കൊണ്ടാണ് ഇമാം അഹമദ് ബിന്‍ ഹമ്പല് ഈ അഭിപ്രായത്തിലെത്തുന്നത്.

രണ്ട്: പുണ്യകരമായ യാത്രകള്‍

ഉംറ നിര്‍വഹിക്കുന്നതിന് വേണ്ടിയുള്ള യാത്ര പോലെയുള്ളവയാണ് ഇതില്‍ ഉള്‍പ്പെടുക. ഇവര്‍ ഉംറയെ നിര്‍ബന്ധമില്ലാത്ത പുണ്യ പ്രവര്‍ത്തിയായി മാത്രം മനസ്സിലാക്കിയവരാണ്. അതുപോലെ മസ്ജിദുന്നബവിയും മസ്ജിദുല്‍ അഖ്‌സയും മദീനയിലുള്ളവര്‍ മസ്ജിദ് ഖുബായും അറിവ് അന്വേഷിച്ച് കൊണ്ടുള്ള യാത്ര സന്ദര്‍ശനങ്ങളുമാണ് ഇവയില്‍ ഉള്‍കൊള്ളുന്നത്.

മൂന്ന്: നിഷിദ്ധമായ യാത്രകള്‍

അനിസ്‌ലാമികമായ യാത്രകളെല്ലാം ഇതില്‍പ്പെടുന്നതാണ്. അഥവാ അശ്ലീല സിനിമകള്‍ കാണുന്നതിനും താള നൃത്ത മാമാങ്ക തോന്നിവാസ പേക്കൂത്തുകള്‍ക്ക് വേണ്ടിയുള്ള യാത്രകള്‍.

നാല്: വെറുക്കപ്പെട്ട യാത്രകള്‍

പണവും സമയവും നഷ്ടപ്പെടുത്തി അനാവശ്യമായി നടത്തുന്ന യാത്രയാണിത്. ഇതിലൂടെ ഒരര്‍ഥത്തിലുള്ള പ്രയോജനവും ലഭ്യമാവുന്നില്ല.

അഞ്ച്: അനുവദനീയമായ യാത്രകള്‍

ആര്‍ഭാടവും ധൂര്‍ത്തുമില്ലാതെ അനുവദനീയമായ കച്ചവടങ്ങള്‍ക്കും ശാരീരിക അസുഖങ്ങള്‍ നിര്‍ണയിക്കുന്നതിനുമുള്ള യാത്രകള്‍.

ഇസ്‌ലാമിക പൈതൃക സന്ദര്‍ശന യാത്രകള്‍:

ഇസ്‌ലാമിക യാത്രയെന്ന പേരില്‍ ഇസ്‌ലാമിക പൈതൃക സന്ദര്‍ശന യാത്രകള്‍ ഇന്ന് അറിയപ്പെട്ടു വരുന്നു. മുസ്‌ലിം അമുസ്‌ലിം ഭേദമന്യേ ഒരുപാട് ഗുണപാഠങ്ങള്‍ ഈ യാത്രകള്‍ സമ്മാനിക്കുന്നുണ്ട്. ഈ സ്ഥലങ്ങളിലെ സ്മരണ ഓര്‍ത്തെടുക്കുകയും അവയെ മനസ്സിലാക്കുകയുമാണ് ഇതിലൂടെ സംഭവിക്കുന്നത്. പൈതൃകങ്ങള്‍ കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് ഇസ്‌ലാമിക ചരിത്രത്തില്‍ വിഭിന്ന സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച സ്ഥലങ്ങളും അവയുടെ തുടര്‍ച്ചയില്‍ അനുസ്മരണീയ മുഹൂര്‍ത്തങ്ങള്‍ കാഴ്ച്ചവെച്ച വിവിധങ്ങളായ ശേഷിപ്പുകളുമാണ്. അഥവാ പ്രവാചക കലഘട്ടവും സച്ചരിതരായ ഖലീഫമാരുടെ കാലഘട്ടവും അവയെ തുടര്‍ന്ന് വന്ന ഉമവികളും അബ്ബാസികളും അബ്ബാസികള്‍ക്കിടയില്‍ രൂപപ്പെട്ട ഫാത്വിമീ, അയ്യൂബി, ഇഖ്ഷീദി ഭരണവും ഇസ്‌ലാമിക ഖിലാഫത്തിന്റെ അവസാന രൂപമായ ഉസ്മാനിയ ഖിലാഫത്തും ഉള്‍കൊള്ളുന്ന ചരിത്ര ശേഷിപ്പികളിലേക്കുള്ള വിശാലമായ യാത്രയാണത്.

ഇസ്‌ലാമിക ചരിത്ര ശേഷിപ്പുകള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലായി കിടക്കുകയാണ്. അറബ് രാഷ്ട്രങ്ങളില്‍ മാത്രമല്ല, പാശ്ചാത്യ രാജ്യങ്ങളിലും ഇവ വ്യാപിച്ച് കിടക്കുന്നു. ഈ ചരിത്ര ശേഷിപ്പുകള്‍ വിലമതിക്കാനാവാത്ത സമ്പത്തുകളാണ്. നൂറ്റാണ്ടുകളായി ഇത് മുസ്‌ലിം സമുദായത്തെ ചരിത്രപരമായും നാഗരികമായും ബന്ധിപ്പിക്കുകയും ചെയ്യുന്നു. ശൈഖ് ജാദുല്‍ ഹഖിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ഈജിപ്തിലെ ഫത്‌വ കൗണ്‍സിലില്‍ 1980 മെയ് 11ന് വന്ന ഒരു ഫത്‌വ ഇപ്രകാരമായിരിന്നു; ചരിത്ര സ്മാരകങ്ങള്‍ ചരിത്ര പഠനങ്ങള്‍ക്കുള്ള ശേഷിപ്പുകളാണ്. അതില്‍ ഒരുപാട് ഗുണപാഠങ്ങളുണ്ട്. ചരിത്ര ശേഷിപ്പുകളെ കുറിച്ച് മനസ്സിലാക്കുന്നതിലൂടെയാണ് ഉന്നതികളെ ചുംബിക്കാന്‍ കഴിയുന്നത്. പല സ്ഥലങ്ങളിലായ് പരിശുദ്ധ ഖുര്‍ആന്‍ ഭൂമിയിലൂടെ സഞ്ചരിക്കാനും അവയിലെ ഗുണപാഠങ്ങള്‍ സ്വീകരിക്കാനും ആഹ്വാനം ചെയ്യുന്നതായി കാണാം. നിങ്ങള്‍ ഭൂമിയിലൂടെ സഞ്ചരിക്കുക, എപ്രകാരമാണ് ദൈവം സൃഷ്ടി ആരംഭിച്ചിട്ടുള്ളതെന്ന് നോക്കുക (അല്‍ അന്‍കബൂത്20).

ശൈഖ് ജാദുല്‍ ഹഖ് പറയുന്നു: ശിലാലിഖിതങ്ങളോ കൊത്തുപണികളോ ചിത്രങ്ങളോ എന്ത് തന്നെയായാലും അവയുടെ സംരക്ഷണം വിദ്യാഭ്യാസ സംരക്ഷണ അനിവാര്യതകളില്‍ ഉള്‍പ്പെട്ടതാണ്. ഇത്തരത്തിലുളളവയെ ഇസ്‌ലാം നിരുത്സാഹപ്പെടുത്തുകയോ നിഷേധിക്കുകയോ ചെയ്യുന്നില്ല. എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ പ്രേരിപ്പിക്കുന്ന ഈ യാത്രകള്‍ വിശ്വാസപരമായും വൈജ്ഞാനികമായും ആത്മീയമായും കൂടുതല്‍ കര്‍മോത്സുകത സമ്മാനിക്കുകയാണ് ചെയ്യുന്നത്. ചരിത്ര ശേഷിപ്പുകള്‍ നില നില്‍ക്കേണ്ടതാണെന്ന് മനസ്സിലാക്കുമ്പോള്‍, നിര്‍ബന്ധത്തിന്റെ പരിധിയിലല്ലെങ്കിലും അനുവദനീയമാണെന്ന പരിധിയില്‍ ഉള്‍പ്പെടേണ്ടതാണ്.

യാത്രികര്‍ക്ക് ചില നിയമ നിര്‍ദേശങ്ങള്‍:

കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ യാത്രികര്‍ക്ക് ചില അടിസ്ഥാന നിയമങ്ങള്‍ നിര്‍ദേശിച്ചിരിക്കുന്നു. ഒന്ന്: ചരിത്ര സ്മാരകങ്ങള്‍ക്ക് ആരാധനയുടെ പരിവേഷം നല്‍കാതിരിക്കുക. ഇവ സന്ദര്‍ശിക്കുന്നതിലൂടെ അള്ളാഹുവില്‍ നിന്ന് പുണ്യം കിട്ടുമെന്ന് വിചാരിക്കാതിരിക്കുക. മറിച്ച്, ഗുണപാഠങ്ങള്‍ സ്വീകരിച്ച് മുന്നോട്ട് പോവുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. മസ്ജിദുല്‍ ഹറമും മസ്ജിദുന്നബവിയും മസ്ജിദുല്‍ അഖ്‌സയും മറ്റുള്ളവയുമായ് താരതമ്യം ചെയ്യേണ്ടതില്ല.

ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ പറയുന്നു; മസ്ജിദുല്‍ ഹറാം സന്ദര്‍ശിക്കുകയെന്നാല്‍ മക്കയില്‍ നിര്‍മിക്കപ്പെട്ട പള്ളികള്‍ സന്ദര്‍ശിക്കുകയെന്നതല്ല, മസ്ജിദുല്‍ ഹറാം തന്നെ സന്ദര്‍ശിക്കലാണ്. അഥവാ മസ്ജിദുല്‍ ഹറാം മാത്രം ലക്ഷ്യംവെച്ച് അറഫയിലും മുസ്ദലിഫയിലും സഫാ മര്‍വയിലുമുളള പ്രത്യേക തീര്‍ത്ഥ യാത്രയാണിത്. മക്കയില്‍ നിര്‍മിക്കപ്പെട്ട മറ്റുള്ള പള്ളികളെ മസ്ജിദുല്‍ ഹറാമിന് സമാന രീതിയില്‍ ഒരു പണ്ഡിതനും കാണുന്നില്ല. ഇവയല്ലാത്ത മക്കയിലെ സ്ഥലങ്ങളായ ഹിറാ പര്‍വതവും മിനായ്ക്കടുത്തുളള പര്‍വതവും ലക്ഷ്യംവെച്ചുളള യാത്രകള്‍ ഈ ഗണത്തില്‍ പ്പെടുകയില്ല. പ്രവാചകന്‍ സന്ദര്‍ശനത്തിനായി പഠിപ്പിച്ചിട്ടില്ലാത്ത സ്ഥലങ്ങളെ പുണ്യം പ്രതീക്ഷീച്ച് മസ്ജിദുല്‍ ഹറാമിന് തുല്യമായി കാണുന്നത് ബിദ്അത്താണ്. ശൈഖ് ഇബ്‌നു അസീമൈന്‍ പറയുന്നു; ഒരുവന്‍ അളളാഹുവിലേക്ക് അടുക്കാനുളള മാര്‍ഗ്ഗമല്ലെന്ന് മനസ്സിലാക്കി ഹിറാ പര്‍വതത്തിനോ സൗര്‍ പര്‍വതത്തിനോ മുകളില്‍ കയറുന്നത് നിഷിദ്ധമാണോ? അളളാഹുവിലേക്ക് അടുക്കാനുളള മാര്‍ഗ്ഗമായി അതിനെ കാണുന്നുവെങ്കില്‍ നിഷിദ്ധമാണ് എന്നതാണ് ഉത്തരം.
രണ്ട്: നമസ്‌ക്കാരം, പ്രാര്‍ഥന പോലെ പ്രത്യേകമാക്കപ്പെട്ട ഇബാദത്തുകളുമായി ചേര്‍ത്തു വെക്കാതിരിക്കുക. ചരിത്ര സ്മാരക സ്ഥലങ്ങളില്‍ നമസ്‌ക്കരിക്കുകയോ പ്രാര്‍ഥനക്ക് പ്രത്യേകത കല്‍പ്പിക്കുകയോ ചെയ്യാവതല്ല. ഇവ കാണുവാനും മനസ്സിലാക്കാനുമുളള സന്ദര്‍ശന കേന്ദ്രങ്ങള്‍ മാത്രമാണ്.

മഅറൂറ് ബിന്‍ സുവൈദ് അസദയില്‍ നിന്ന് ഇമാം ത്വഹാവി നിവേദനം ചെയ്യുന്നു: അദ്ദേഹം പറയുന്നു; ഞാന്‍ ഹജജും ഉംറയും പൂര്‍ത്തീകരിച്ചത് ഉമര്‍ ബ്‌നു ഖത്താബിനൊപ്പമായിരിന്നു. ശേഷം അദ്ദേഹത്തോടൊപ്പം മദീനയിലേക്ക് മടങ്ങിയപ്പോള്‍ പ്രഭാത നമസ്‌ക്കാരം നിര്‍വഹിച്ചു. അതില്‍ പാരായണം ചെയ്തത് സൂറത്തുല്‍ ഫീലും സൂറത്തുല്‍ ഖുറൈശുമായിരിന്നു. തുടര്‍ന്ന് ജനങ്ങള്‍ ഒരേ ദിശയില്‍ പോകുന്നതായി കണ്ടു. അദ്ദേഹം ചോദിക്കുകയുണ്ടായി എങ്ങോട്ടാണ് അവര്‍ പോകുന്നത്. അവര്‍ പറഞ്ഞു; പ്രവാചകന്‍ നമസ്‌ക്കരിച്ചിരുന്ന ഇവിടെയുണ്ടായിരുന്ന പളളിയിലേക്കാണ് അവര്‍ പോകുന്നത്. അദ്ദേഹം പറഞ്ഞു; ഇത്തരത്തിലുളള പ്രവര്‍ത്തനങ്ങള്‍ മൂലമാണ് നമുക്ക് മുമ്പുളളവര്‍ നശിപ്പിക്കപ്പെട്ടത്. അവര്‍ പ്രവാചക കാല്‍പ്പാടുകള്‍ പിന്തുടരുകയും അവയെ ദേവാലയങ്ങളായി സ്വീകരിച്ച് കച്ചവടം നടത്തുകയുമാണ് ചെയ്തത്. പ്രവാചകന്‍ നമസ്‌ക്കരിച്ചെന്ന് മനസ്സിലാക്കിയവര്‍ ഇവിടെ നമസ്‌ക്കരിച്ച് കൊളളട്ടെ, ഈ ഭവനത്തെ ഒന്നും ചെയ്യേണ്ടതില്ല.

ചരിത്ര സ്മാരകങ്ങളെ കുറിച്ച പണ്ഡിതന്മാരുടെ ഫത്‌വകളില്‍ അതികവും അമുസ്‌ലിംകളുടെ ചരിത്ര ശേഷിപ്പുകളെ അധികരിച്ചുളളതാണെന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഫിര്‍ഔനിന്റെ ചരിത്ര ശേഷിപ്പുകള്‍ ഇതിനുളള ഉദാഹരണമാണ്. ഗുണപാഠങ്ങള്‍ക്ക് വേണ്ടിയാണ് ഇത്തരത്തിലുളള യാത്രകള്‍ പണ്ഡിതന്മാര്‍ അനുവദിച്ചുട്ടുളളത്. ഇസ്‌ലാമിക പൈതൃക സന്ദര്‍ശന യാത്രകള്‍ക്കാണ് പ്രാമുഖ്യം നല്‍കേണ്ടത്.

വിവ. അര്‍ശദ് കാരക്കാട്

Related Articles