Current Date

Search
Close this search box.
Search
Close this search box.

‘ഔറത്ത്’ മറയ്ക്കൽ

നമസ്‌കരിക്കുമ്പോൾ നാം അല്ലാഹുവിനെ വന്ദിക്കുകയും അവനുമായി സംസാരിക്കുകയും ചെയ്യുകയാണല്ലോ. നമസ്‌കരിക്കുമ്പോൾ അല്ലാഹുവിന്റെ തിരുസന്നിധിയിൽ ഹാജരാവുകയാണെന്ന ബോധം നമുക്കുണ്ടാവണം. സർവാധിനാഥനായ അല്ലാഹുവിന്റെ തിരുമുമ്പിൽ നാം ഹാജരാവുന്നത് വൃത്തിയായും ഭംഗിയായും വസ്ത്രം ധരിച്ചുകൊണ്ടായിരിക്കണം. അഞ്ചുനേരത്തെ നമസ്‌കാരം പള്ളിയിൽ ചെന്ന് ജമാഅത്തായി നമസ്‌കരിക്കുകയാണല്ലോ വേണ്ടത്. മറ്റുള്ളവർക്ക് അറപ്പും വെറുപ്പും തോന്നുന്ന വിധം വസ്ത്രം ധരിച്ചുകൊണ്ട് പള്ളിയിൽ പോകുന്നത് ശരിയല്ല. നമസ്‌കാരവേളയിൽ ഭംഗിയായി വസ്ത്രം ധരിക്കുവാൻ അല്ലാഹു കല്പിച്ചിരിക്കുന്നു. ഏറ്റവും ചുരുങ്ങിയത് ശരീരത്തിൽനിന്ന് അന്യരെ കാണിക്കുവാൻ പാടില്ലാത്ത ഭാഗങ്ങളെങ്കിലും മറയ്‌ക്കേണ്ടതാണ്. അന്യരെ കാണിക്കാൻ പാടില്ലാത്ത ഭാഗത്തിന്ന് ഔറത്ത് എന്നു പറയുന്നു.

‘ഔറത്ത്’ മറയ്ക്കൽ നമസ്‌കാരം ശരിയാകുവാനുള്ള മൂന്നാമത്തെ നിബന്ധനയാണെന്ന് നിങ്ങൾക്കറിയാമല്ലോ.
ഔറത്തിന്റെ കാര്യത്തിൽ സ്ത്രീയും പുരുഷനും തമ്മിൽ വ്യത്യാസമുണ്ട്. സ്വതന്ത്രയായ സ്ത്രീയെ സംബന്ധിച്ചിടത്തോളം മുഖവും മുൻകൈയും ഒഴികെ ശരീരം മുഴുവൻ ഔറത്താകുന്നു. അതിനാൽ സ്ത്രീകൾ മുഖവും മുൻകൈ രണ്ടും ഒഴികെ ബാക്കിയെല്ലാം നല്ലതുപോലെ മറയുന്ന വിധം വസ്ത്രധാരണം ചെയ്തുകൊണ്ടാണ് നമസ്‌കരിക്കേണ്ടത്.

പുരുഷന്മാരുടെ ‘ഔറത്ത്’ പൊക്കിൾ മുതൽ മുട്ടുകൾ വരെയുള്ള ഭാഗമാണ്. ആ ഭാഗം നല്ലതുപോലെ മറയുന്നവിധം അവർ വസ്ത്രം ധരിക്കേണ്ടതാണ്.

സാധാരണ നോട്ടത്തിൽ തൊലിയുടെ നിറം കാണാൻ സാധിക്കാത്ത വിധത്തിൽ മറച്ചിരിക്കണം. നിറം നിഷ്പ്രയാസം പുറത്തുകാണുന്ന വസ്ത്രങ്ങൾ ധരിച്ചാൽ മതിയാവില്ല.

പുരുഷന്മാർ നമസ്‌കരിക്കുമ്പോൾ കുപ്പായവും തൊപ്പിയും തലയിൽകെട്ടും മറ്റും ധരിച്ച് വളരെ നല്ല അവസ്ഥയിലും അന്തസ്സിലും ആകുന്നത് ഏറ്റവും ഉത്തമമാകുന്നു.

നമസ്‌കാരത്തിന്റെ സമയം
നമസ്‌കാരം ശരിയാകുന്നതിനുള്ള നാലാമത്തെ നിബന്ധന നമസ്‌കാരത്തിന്റെ സമയം ആയിട്ടുണ്ടെന്ന് അറിയലാകുന്നു. സമയം ആകുന്നതിനു മുമ്പ് നമസ്‌കരിച്ചാൽ ശരിയാവുകയില്ല. സമയം ആയിട്ടുണ്ടെന്ന് ഉറപ്പുവരാതെ നമസ്‌കരിച്ചാലും മതിയാവുകയില്ല.

ഏതെല്ലാമാണ് നമസ്‌കാര സമയങ്ങൾ? ഓരോ നമസ്‌കാരത്തിന്റെയും സമയങ്ങളുടെ തുടക്കവും അവസാനവും ഏതെല്ലാം? അത് ചുവടെ വിവരിക്കുന്നു:

‘ദുഹർ’ നമസ്‌കാരത്തിന്റെ സമയം ഉച്ച തിരിയുന്നതോടുകൂടി ആരംഭിക്കുന്നു. പിന്നീട് ഒരു വസ്തുവിന്റെ നിഴൽ അതിന്റെയത്ര വലുതാകുന്നതുവരെ ‘ദുഹർ’ന്റെ സമയം നീണ്ടുനില്ക്കുന്നു. നിഴലിന്റെ നീളം അളക്കുമ്പോൾ ഉച്ച സമയത്തുള്ള നിഴൽ കിഴിക്കേണ്ടതാണ്. ഉച്ചനിഴൽ പലപ്പോഴും വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും.

ഒരു വസ്തുവിന്റെ നിഴൽ ഉച്ചക്കുള്ള നിഴൽ കിഴിച്ച് അതിന്റെയത്ര വലുതായാൽ ‘അസ്വ് റി’ ന്റെ സമയമായി. അതായത് ‘ദുഹർ’ന്റെ സമയം അവസാനിക്കുന്നതോടുകൂടി ‘അസ്വ് റി’ ന്റെ സമയം ആരംഭിക്കുന്നു. പിന്നീട് സൂര്യൻ അസ്തമിക്കുന്നതുവരെ ‘അസ്വ് റി’ ന്റെ സമയം നീണ്ടു നില്ക്കുന്നതാണ്.

സൂര്യൻ അസ്തമിച്ചാൽ ‘മ​ഗ് രിബി’ ന്റെ സമയമായി. അസ്തമയശോഭ മായുന്നതുവരെ ‘മ​ഗ് രിബി’ന്റെ സമയം നീണ്ടുനില്ക്കുന്നു. സൂര്യാസ്തമയത്തിനുശേഷം ആകാശത്തിൽ പടിഞ്ഞാറു ഭാഗത്തുണ്ടാകുന്ന ചുകപ്പു വർണത്തിന്നാണ് ഇവിടെ അസ്തമയശോഭ എന്നു പറഞ്ഞിട്ടുള്ളത്. ‘മ​ഗ് രിബി’ ന്റെ സമയം അവസാനിക്കുന്നതോടെ ‘ഇശാഇ’ ന്റെ സമയം ആരംഭിക്കുന്നു. പിന്നീട് ഉൺമപ്രഭാതം വരെ ‘ഇശാഇ’ ന്റെ സമയമാകുന്നു.

ഉണ്മ പ്രഭാതം മുതൽ സൂര്യൻ ഉദിക്കുന്നതുവരെ ‘സുബ്ഹി’ ന്റെ സമയമാകുന്നു. സുബ്ഹ് നമസ്‌കാരത്തിന്ന് ‘ഫജ്‌റ്’ നമസ്‌കാരം എന്നും പറയാറുണ്ട്. മേൽപറഞ്ഞ സമയങ്ങൾ വാച്ചുകൊണ്ട് കണക്കാക്കാവുന്നതാണ്. അതനുസരിച്ചുള്ള സമയപ്പട്ടികകൾ നിങ്ങൾ കണ്ടിരിക്കുമല്ലോ.
ഓരോ നമസ്‌കാരവും അതത് സമയത്ത് നമസ്‌കരിക്കൽ നിർബന്ധമാണ്. കാരണം കൂടാതെ നമസ്‌കാരം അതിന്റെ സമയത്തിൽനിന്ന് പിന്തിക്കുന്നത് കുറ്റകരമാകുന്നു. നമസ്‌കാരം സമയം വിട്ട് പിന്തിക്കുവാൻ ഉറക്കവും മറവിയുമല്ലാതെ മറ്റൊരു കാരണവും ദീനുൽ ഇസ്‌ലാമിൽ അംഗീകരിച്ചിട്ടില്ല. ഉറക്കവും മറവിയും നിമിത്തം നമസ്‌കാരം പിന്തിപ്പോയാൽ ഓർമ വന്നാലുടനേ നമസ്‌കരിക്കണം.

ഓരോ നമസ്‌കാരത്തിന്നും ശ്രേഷ്ഠമായ സമയം അതതിന്റെ ആദ്യ സമയമാകുന്നു. എന്നാൽ ഇശാ നമസ്‌കാരം അല്പം പിന്തിക്കുന്നതാണുത്തമം.

ഖിബ്‌ലയെ അഭിമുഖീകരിക്കൽ
നമസ്‌കാരം ശരിയാകുന്നതിനുള്ള അഞ്ചാമത്തെ നിബന്ധന ഖിബ്‌ലയുടെ ഭാഗത്തേക്കു തിരിഞ്ഞുനില്ക്കലാണ്.
നമസ്‌കരിക്കുന്നവന്റെ നെഞ്ച് ഖിബ്‌ലയുടെ ഭാഗത്തുനിന്നും തെറ്റുവാൻ പാടില്ല. മക്കയിലുള്ള കഅ്ബ എന്ന പരിശുദ്ധ ഭവനമാകുന്നു നമ്മുടെ ഖിബ്‌ല.‌

അല്ലാഹുവിന്റെ പേരിൽ സ്ഥാപിക്കപ്പെട്ട പുരാതനമായ പരിശുദ്ധ മന്ദിരമാകുന്നു ‘കഅ്ബ’. ഇബ്‌റാഹീം നബിയും ഇസ്മാഈൽ നബിയും അല്ലാഹുവിന്റെ നിർദേശമനുസരിച്ച് സ്ഥാപിച്ച ആ പുരാതന മന്ദിരത്തിലേക്ക് തിരിഞ്ഞുകൊണ്ടാണ് ഭൂലോകത്തുള്ള മുസ്‌ലിംകളെല്ലാം നമസ്‌കരിക്കുന്നത്.

കഅ്ബയുടെ അടുത്തുള്ളവർ ഉറപ്പായ നിലയിൽ തന്നെ അതിന്റെനേരെ തിരിഞ്ഞുനിന്ന് നമസ്‌കരിക്കണം. ദൂരദേശങ്ങളിലുള്ളവരെ സംബന്ധിച്ചേടത്തോളം കഅ്ബയുടെ നേരെയാണ് തിരിഞ്ഞുനില്ക്കുന്നതെന്ന ബലമായ ധാരണയുണ്ടായാൽ മതിയാകുന്നതാണ്. നമ്മുടെ പ്രദേശമായ കേരളത്തിന്റെ പടിഞ്ഞാറുനിന്നും അല്പം വടക്കോട്ട് തെറ്റിയാണ് ‘കഅ്ബ’ സ്ഥിതി ചെയ്യുന്നത്. ഉദാഹരണമായി കോഴിക്കോടിന്റെ പടിഞ്ഞാറുനിന്നും 22 ഡിഗ്രി വടക്കോട്ട് ചെരിഞ്ഞാൽ കഅ്ബയുടെ ഭാഗത്തെ അഭിമുഖീകരിക്കാം.

കഅ്ബയുടെ ഭാഗം അനുമാനിച്ചറിഞ്ഞുകൊണ്ടാണ് നമ്മുടെ പള്ളികളുടെ മിഹ്‌റാബുകൾ ശരിപ്പെടുത്താറുള്ളത്.

ബാങ്കും ഇഖാമത്തും
പള്ളിയിൽനിന്ന് ദിവസേന അഞ്ചു പ്രാവശ്യം ബാങ്കുവിളിക്കുന്നത് നിങ്ങൾ കേൾക്കാറുണ്ടല്ലോ. നമസ്‌കരിക്കുവാൻ സമയമായി എന്നു അറിയിക്കുകയാണ് ബാങ്കുവിളിക്കുന്നതുകൊണ്ടുള്ള പ്രധാന ഉദ്ദേശ്യം. അല്ലാഹു ഏറ്റവും മഹാനാകുന്നു; അല്ലാഹു ഒഴികെ ഒരു ഇലാഹുമില്ല; മുഹമ്മദ്(സ) അല്ലാഹുവിന്റെ ദൂതനാകുന്നു-എന്നിങ്ങനെ ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസങ്ങൾ ബാങ്ക് വിളിക്കുന്ന ആൾ ഉച്ചത്തിൽ വിളിച്ചുപറയുന്നു.

മുസ്‌ലിംകൾ താമസിക്കുന്ന പ്രദേശത്ത് സംഘം ചേർന്നുകൊണ്ടുള്ള നമസ്‌കാരം നിലനിർത്തേണ്ടത് നിർബന്ധമാണെന്ന പോലെ ബാങ്ക് വിളിയും നിലനിർത്തേണ്ടത് നിർബന്ധമാണ്. ബാങ്ക് വിളി ഇസ്‌ലാമിന്റെ ഒരു ചിഹ്നമാകുന്നു.

ബാങ്കിന്റെയും ഇഖാമത്തിന്റെയും വാചകങ്ങൾ നിങ്ങൾ മുമ്പ് പഠിച്ചിട്ടുണ്ടല്ലോ. സംഘം ചേർന്നു നമസ്‌കരിക്കുമ്പോൾ മാത്രമല്ല ഒറ്റക്കു നമസ്‌കരിക്കുമ്പോഴും യാത്രയിൽ നമസ്‌കരിക്കുമ്പോഴും ബാങ്കും ഇഖാമത്തും സുന്നത്താകുന്നു. എന്നാൽ സ്ത്രീകൾ മാത്രമായി നമസ്‌കരിക്കുമ്പോൾ ഇഖാമത്ത് മാത്രമാണ് സുന്നത്തായിട്ടുള്ളത്.

ബാങ്കും ഇഖാമത്തും കേട്ടാൽ സംസാരം നിറുത്തുകയും അതു ശ്രദ്ധിക്കുകയും ചെയ്യണം. ബാങ്കിലും ഇഖാമത്തിലും വിളിച്ചുപറയുന്ന വാക്കുകൾ കേൾക്കുന്നവർ അതേ വാക്കുകൾ പതുക്കെ ഏറ്റു ചൊല്ലേണ്ടതാണ്. എന്നാൽ ‘ഹയ്യ അല സ്വലാത്’ എന്നും ‘ഹയ്യ അലൽ ഫലാഹ്’ എന്നും കേൾക്കുമ്പോൾ ‘ലാ ഹൌലവലാ ഖുവ്വത ഇല്ലാ ബില്ലാഹ്’ എന്നാണ് ചൊല്ലേണ്ടത്. ”അല്ലാഹുവിന്റെ സഹായം കൂടാതെ യാതൊരു കഴിവും ശക്തിയുമില്ല” എന്നാകുന്നു ഈ വാക്കിന്റെ സാരം. സുബ്ഹിന്റെ ബാങ്കിൽ ‘അസ്സ്വലാതു ഖൈറുൻ മിനന്നൌ’ എന്നു കേൾക്കുമ്പോൾ ‘സ്വദഖ്ത വ ബരിർത’ എന്നു പറയണം. അതിന്റെ അർഥം ”താങ്കൾ നേര് പറഞ്ഞു; പുണ്യം ചെയ്തു” എന്നാകുന്നു. ഇഖാമത്തിൽ ‘ഖദ് ഖാമതിസ്വലാത്’ എന്നു വിളിച്ചു പറയുന്നതു കേട്ടാൽ ‘അഖാമഅല്ലാഹു വ അദാമഹാ’ എന്നാണ് പ്രത്യുത്തരമായി പറയേണ്ടത്. ”അല്ലാഹു അതിനെ (നമസ്‌കാരത്തെ) സ്ഥിരപ്പെടുത്തുകയും എന്നെന്നും നിലനിർത്തുകയും ചെയ്യട്ടെ” എന്നാകുന്നു ഇതിന്റെ അർഥം.

ബാങ്കും ഇഖാമത്തും കൊടുക്കുന്നവർ ‘ഹയ്യ അല സ്വലാത്’ എന്നു പറയുമ്പോൾ വലഭാഗത്തേക്കും ‘ഹയ്യ അലൽ ഫലാഹ്’ എന്നു പറയുമ്പോൾ ഇടഭാഗത്തേക്കും തിരിഞ്ഞുനോക്കേണ്ടതാണ്. ബാങ്ക് വിളിക്കുന്നവൻ വിരൽ കാതിൽ വെക്കുന്നത് നല്ലതാണ്.

ബാങ്കുവിളി കഴിഞ്ഞാൽ നബി(സ)യുടെ പേരിൽ സ്വലാത്ത് ചൊല്ലിയ ശേഷം താഴെ ചേർക്കുന്ന പ്രാർഥന നടത്തേണ്ടതാണ്:

اللَّهُمَّ رَبَّ هَذِهِ الدَّعْوَةِ التَّامَّةِ وَالصَّلاَةِ الْقَائِمَةِ آتِ مُحَمَّدًا الْوَسِيلَةَ وَالْفَضِيلَةَ وَابْعَثْهُ مَقَامًا مَحْمُودًا الَّذِي وَعَدْتَهُ

സാരം: പൂർണമായ ഈ ക്ഷണത്തിന്റെ(പ്രബോധനത്തിന്റെ)യും സംസ്ഥാപിതമായ ഈ നമസ്‌കാരത്തിന്റെയും നാഥനായ അല്ലാഹുവേ, മുഹമ്മദ് (സ) തിരുമേനിക്ക് നീ വസീലത്ത് എന്ന ബഹുമതിയും ശ്രേഷ്ഠമായ നിലപാടും ഉന്നത പദവിയും നല്‌കേണമേ! തിരുമേനിയെ സർവരാലും വാഴ്ത്തപ്പെടുന്നതും നീ വാഗ്ദാനം ചെയ്തതുമായ സ്ഥാനത്ത് നിയോഗിക്കുകയും ചെയ്യേണമേ!

ബാങ്കിനെയും ഇഖാമത്തിനെയും സംബന്ധിച്ച് മേൽവിവരിച്ചതെല്ലാം സുന്നത്തായ കാര്യങ്ങളാകുന്നു.

Related Articles