Current Date

Search
Close this search box.
Search
Close this search box.

നമസ്‌കാരത്തിന്റെ പ്രാധാന്യം

ശരീരംകൊണ്ട് ചെയ്യുന്ന ഏറ്റവും ശ്രേഷ്ഠമായ ആരാധന നമസ്‌കാരമാകുന്നു. ഒരു മുസ്‌ലിം തന്റെ നാഥനായ അല്ലാഹുവിന്റെ തിരുമുമ്പിൽ അങ്ങേയറ്റം താഴ്മ കാണിക്കുന്ന കർമമാണ് നമസ്‌കാരം. എല്ലാ വിധത്തിലും അല്ലാഹുവിന്ന് കീഴ്‌പെട്ടു ജീവിക്കുവാൻ താൻ സന്നദ്ധനാണെന്ന് നമസ്‌കാരം കൊണ്ട് അവൻ തെളിയിക്കുന്നു.

‘അല്ലാഹുവിന്ന് കീഴ്‌വണങ്ങുന്നവൻ’, ‘അനുസരണമുള്ളവൻ’ എന്നൊക്കെയാണല്ലോ മുസ്‌ലിം എന്ന വാക്കിന്റെ അർഥം. മുസ്‌ലിം എന്ന പേരിന് അർഹനാകുവാൻ ജീവിതത്തിൽ എപ്പോഴെങ്കിലുമൊരിക്കൽ അല്ലാഹുവിനെ അനുസരിച്ചാൽപോരാ. പിന്നെയോ, എല്ലാ സമയങ്ങളിലും അല്ലാഹുവിന്റെ അടിമയാണെന്ന വിചാരം വേണം. എല്ലാ കാര്യങ്ങളിലും അല്ലാഹുവിന്റെ കല്പന അനുസരിച്ച് ജീവിക്കുകയും വേണം. എന്നാൽ ഭയഭക്തിയോടെ നമസ്‌കരിക്കുന്നവന്നു മാത്രമേ അങ്ങനെ ജീവിക്കാൻ സാധിക്കൂ. കാരണം, അവന്നു മാത്രമേ അല്ലാഹുവിനെ ഓർമയുണ്ടാവുകയുള്ളൂ. അതുകൊണ്ടാണ് ദിവസേന അഞ്ചു പ്രാവശ്യം നമസ്‌കരിക്കണമെന്ന് കല്പിച്ചിരിക്കുന്നത്. എന്നാൽ നമസ്‌കരിക്കണമെന്ന കല്പനപോലും അനുസരിക്കാത്തവനെക്കുറിച്ച് മുസ്‌ലിം എന്നു പറയുവാൻ സാധിക്കുമോ?

നബി(സ) തിരുമേനിയുടെ കാലത്ത് നമസ്‌കരിക്കാത്തവനെ മുസ്‌ലിമായി കണക്കാക്കിയിരുന്നില്ല. പുരുഷന്മാർ സാധാരണയായി നമസ്‌കരിക്കാൻ പള്ളിയിൽ ഹാജരാവുക പതിവായിരുന്നു. സൗകര്യാനുസാരം സ്ത്രീകളും പള്ളിയിൽ ഹാജറാകാറുണ്ടായിരുന്നു. മുസ്‌ലിമും കാഫിറും തമ്മിൽ വേർതിരിക്കുന്ന കാര്യം നമസ്‌കാരമാകുന്നു. അതുകൊണ്ട് കരുതിക്കൂട്ടി നമസ്‌കാരം ഉപേക്ഷിക്കുന്നവരെ നാം മുസ്‌ലിമായി ഗണിക്കരുത്. മുസ്‌ലിംകളോട് പെരുമാറുന്നതുപോലെ അവരോട് പെരുമാറുകയും ചെയ്യരുത്. നമസ്‌കാരം ഉപേക്ഷിക്കൽ അല്ലാഹുവിനെ അനുസരിക്കാത്ത കാഫിറിന്റെ സ്വഭാവമാകുന്നു.

ചെറിയവരും വലിയവരുമെല്ലാം നമസ്‌കരിക്കേണ്ടതാണ്. കുട്ടികൾക്ക് ഏഴ് വയസ്സ് പ്രായമായാൽ രക്ഷിതാക്കൾ അവരോട് നമസ്‌കരിക്കാൻ ഉപദേശിക്കണമെന്ന് റസൂൽ(സ) തിരുമേനി കല്പിച്ചിരിക്കുന്നു. അതുകൊണ്ട് ഏഴ് വയസ്സ് മുതൽ എല്ലാ കുട്ടികളും നമസ്‌കരിച്ചു ശീലിക്കേണ്ടതാണ്. അതിന്നായി നമസ്‌കാരം സംബന്ധിച്ച നിയമങ്ങൾ അവർ പഠിച്ചിരിക്കുകയും വേണം. പത്തു വയസ്സായ ശേഷം നമസ്‌കാരത്തിൽ വീഴ്ച വരുത്തുന്ന കുട്ടികളെ അടിക്കണമെന്നും നബി(സ) കല്പിച്ചിട്ടുണ്ട്. നബി(സ) തിരുമേനി അരുൾ ചെയ്യുന്നത് കാണുക:
روى أبو داود أن النبي صلى الله عليه وسلم قال: مروا أولادكم بالصلاة وهم أبناء سبع سنين، واضربوهم عليها وهم أبناء عشر

(നിങ്ങളുടെ കുട്ടികളോട് നമസ്‌കരിക്കാൻ കല്പിക്കുക; അവർക്ക് ഏഴ് വയസ്സ് പ്രായമാകുമ്പോൾ. അവർ പത്തു വയസ്സുകാരായാൽ അതിന്റെ പേരിൽ ധവേണ്ടിവന്നാൽപ അവരെ അടിക്കുകയും ചെയ്യുക.)

രോഗം കാരണമായി നില്ക്കാൻ സാധ്യമല്ലെങ്കിൽ ഇരുന്നു നമസ്‌കരിക്കണമെന്നും ഇരിക്കാനും കഴിവില്ലെങ്കിൽ കിടന്ന് ആംഗ്യം കാണിച്ചുകൊണ്ടെങ്കിലും നമസ്‌കരിക്കണമെന്നുമാണ് ദീനുൽ ഇസ്‌ലാമിൽ വിധിച്ചിട്ടുള്ളത്. നമസ്‌കാരത്തിന്റെ പ്രാധാന്യം എത്രത്തോളമാണെന്ന് ഇതിൽനിന്ന് ഗ്രഹിക്കാമല്ലോ.

ഖിയാമത്തുനാളിൽ നമ്മുടെ എല്ലാ പ്രവൃത്തികളെ സംബന്ധിച്ചും അല്ലാഹു വിചാരണ ചെയ്യുമെന്ന് നാം വിശ്വസിക്കുന്നുണ്ടല്ലോ. എന്നാൽ ആദ്യമായി വിചാരണ ചെയ്യുക നമസ്‌കാരത്തെക്കുറിച്ചാകുന്നു. ഇതേപറ്റി നബി(സ) തിരുമേനി അരുൾ ചെയ്യുന്നതിങ്ങനെയാണ്:
إِنَّ أَوَّلَ مَا يُحَاسَبُ بِهِ الْعَبْدُ يَوْمَ الْقِيَامَةِ مِنْ عَمَلِهِ صَلَاتُهُ
(ഖിയാമത്തുനാളിൽ അടിമയുടെ കർമങ്ങളിൽ ആദ്യമായി വിചാരണ ചെയ്യപ്പെടുന്നത് അവന്റെ നമസ്‌കാരത്തെക്കുറിച്ചാകുന്നു.)

നമസ്‌കാരത്തിൽ യാതൊരു മോശവും വീഴ്ചയും വരുത്തിയിട്ടില്ലെന്ന് തെളിഞ്ഞാലേ ഖിയാമത്തുനാളിൽ രക്ഷപ്പെടാൻ സാധിക്കൂ. നമസ്‌കാരം ഉപേക്ഷിച്ചുകൊണ്ട് മറ്റെന്ത് പുണ്യകർമം ചെയ്താലും അല്ലാഹുവിങ്കൽ രക്ഷപ്പെടുകയില്ല. നമസ്‌കരിക്കാത്തവർക്ക് പരലോകത്ത് അല്ലാഹുവിന്റെ പ്രീതിയും കരുണയും ലഭിക്കുകയില്ല. അല്ലാഹു അവരെ ചുട്ടുപൊള്ളുന്ന നരകത്തിലിട്ടു ശിക്ഷിക്കുന്നതാണ്.

Related Articles