Current Date

Search
Close this search box.
Search
Close this search box.

നമസ്കാരത്തിലെ പ്രാർത്ഥന അറബിയല്ലാത്ത ഭാഷയിൽ ?

അല്ലാഹുവിലേക്ക് അടുക്കുകയും തന്റെ ആവശ്യങ്ങൾ അവനോട് ചോദിക്കുകയും ചെയ്യുന്നതാണ് യഥാർത്ഥത്തിൽ പ്രാർത്ഥന. താൻ അല്ലാഹുവിലേക്ക് ആവശ്യമുള്ളവനാണെന്ന് വ്യക്തമാക്കലും അവൻ നൽകുന്ന കഴിവും ശേഷിയുമല്ലാതെ തനിക്ക് ഒന്നുമില്ലെന്നും സമ്മതിക്കലുമാണത്. അടിമത്ത ബോധത്തിന്റെ ഉയർന്ന തലവും മനുഷ്യന്റെ നിന്ദ്യതയെ സമ്മതിച്ചു കൊടുക്കലുമാണത്. അതിൽ അല്ലാഹുവിനെ സ്തുതിക്കലുണ്ട്. ദർമ്മവും ബഹുമാന്യതയും അവനിലേക്ക് ചേർത്തിപ്പറയലുണ്ട്. അതിൽ ആവശ്യങ്ങൾ നേടിയെടുക്കാനും പ്രയാസങ്ങൾ തട്ടിയകറ്റാനുള്ള തേട്ടമുണ്ട്. പ്രാർത്ഥനയുടെ അടിസ്ഥാനം ദൈവിക സൂക്തം തന്നെയാണ്: “എന്നോട് പ്രാർത്ഥിക്കൂ, ഞാൻ നിങ്ങൾക്ക് ഉത്തരം തരാം എന്ന് നിങ്ങളുടെ നാഥൻ അരുളിയിരിക്കുന്നു. എനിക്ക് ആരാധനകളർപ്പിക്കാതെ അഹംഭാവം കാട്ടുന്നവർ വഴിയെ ഹീനരായി നരകത്തിൽ പ്രവേശിക്കുക തന്നെ ചെയ്യുന്നതാണ്'(ഗാഫിർ: 60). ഉത്തരം നൽകപ്പെടുമെന്ന് വാഗ്ദത്തം ചെയ്തതുപോലെത്തന്നെ പ്രാർത്ഥന ഒരു ഇലാഹീ കൽപന കൂടിയാണ്. അതിൽ തേട്ടവുമുണ്ട് ദൈവിക സ്തുതിയുമുണ്ട്. നമസ്കാരത്തിലും നമസ്കാരത്തിനു പുറത്തുമുള്ള പ്രാർത്ഥനകളെ ഈ സൂക്തം ഉൾകൊള്ളുന്നുണ്ട്.

ഇബ്നു ആശൂർ പറയുന്നു: വിളിക്കപ്പെടുന്ന ആളെ അറിയിക്കാൻ വേണ്ടിയുള്ള അനിവാര്യമായ വിളിയെന്നതാണ് നിരുപാധികം പ്രാർത്ഥന എന്നത്. ആവശ്യങ്ങൾക്ക് വേണ്ടിയുള്ള തേട്ടത്തിനും നിരുപാധികം പ്രാർത്ഥന എന്ന് പറയാം. ഈ രണ്ട് അർത്ഥത്തെയും ഉൾകൊള്ളുന്ന ഒരു ഹദീസുണ്ട്. നുഅ്മാൻ ബ്നു ബഷീറിനെത്തൊട്ട് നിവേദനം; അദ്ദേഹം പറയുന്നു: നബി(സ്വ) പറയുന്നതായി ഞാൻ കേട്ടു: “പ്രാർത്ഥന ആരാധനയാണ്’. എന്നിട്ട് അവിടന്ന് ഓതി: എന്നോട് പ്രാർത്ഥിക്കൂ, ഞാൻ നിങ്ങൾക്ക് ഉത്തരം തരാം എന്ന് നിങ്ങളുടെ നാഥൻ അരുളിയിരിക്കുന്നു. എനിക്ക് ആരാധനകളർപ്പിക്കാതെ അഹംഭാവം കാട്ടുന്നവർ വഴിയെ ഹീനരായി നരകത്തിൽ പ്രവേശിക്കുക തന്നെ ചെയ്യുന്നതാണ്(തിർമുദി). പ്രാർത്ഥന ആരാധനയാണെന്നുണ്ടെങ്കിൽ സ്വാഭാവികമായും ആരാധനയും പ്രാർത്ഥനയാകണം.

– അടിമ അല്ലാഹുവിനോട് തന്റെ ആവശ്യം ചോദിക്കുന്നതിന് പ്രാർത്ഥന എന്ന് പറയാം. പ്രാർത്ഥനയുടെ പ്രകടമായ ഭാഷാർത്ഥമാണത്.
– വ്യംഗ്യമായി ദൈവിക ആരാധനക്കും പ്രാർത്ഥന എന്ന് നിരുപാധികം പറയാം. കാരണം ആരാധന ഒരിക്കലും പ്രാർത്ഥനയിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്നില്ല. അവനതിൽ വിനയപൂർവം അല്ലാഹുവിനെ വിളിക്കുകയും മഹത്വവൽകരിക്കുകയും ചെയ്യുന്നു. ഖുർആനിന്റെ സാങ്കേതികാർത്ഥ പ്രകാരം ആരാധനകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് അവൻ ആരാധ്യൻ അവൻ മാത്രമാണെന്ന് സമ്മതിക്കലാണ്. അഥവാ അവന്റെ ഏകത്വത്തെ അംഗീകരിക്കലാണ്.
– ഉത്തരം നൽകുകയെന്നത് ചോദിച്ച വസ്തു നൽകുകയെന്നതാണ്. ഉത്തരം നൽകുകയെന്നതിന്റെ നിരുപാധികാർത്ഥങ്ങളിൽ കൂടുതൽ സ്വീകാര്യമായ അർത്ഥം ഇതുതന്നെയാണ്.
– മുൻകാല ശിർക്ക് പൊറുത്ത് കൊടുക്കുന്നതിനും വിശ്വാസ കാര്യങ്ങളിൽ പ്രതിഫലം നൽകുന്നതിനും നിരുപാധികം ഉത്തരം നൽകുകയെന്ന് പറയാം.

അല്ലാഹുവിനോട് ആവശ്യങ്ങൾ തേടലാണ് പ്രാർത്ഥന എന്നർത്ഥമാണ് ഖുർആനിന്റേത്. എന്നതിനോട് അല്ലാഹുവിന്റെ ഉദ്ദേശ്യത്തിനനസുരിച്ചും പ്രാർത്ഥനയുടെ സ്വീകാര്യതക്കുള്ള നിബന്ധനകൾ പൂർത്തിയാകുമ്പോഴുമാണ് ആവശ്യ തേട്ടത്തിന് ഉത്തരം ലഭിക്കുകയെന്നത് ചേർത്തുവായിക്കണം. അപ്പോഴാണ് ഇഹലോകത്ത് നിന്ന് ഖൈറായത് നൽകപ്പെടലും ലഭ്യമാകാത്തവക്ക് പരലോകത്ത് വെച്ച് പകരം നൽകപ്പെടലും.

നമസ്കാരത്തിലെ പ്രാർത്ഥന

നമസ്കാരത്തിലെ പ്രാർത്ഥന എന്നത് കൊണ്ടുള്ള ഉദ്ദേശം നബി(സ്വ) പ്രത്യേകം നിർണ്ണയിച്ചു തന്ന സ്ഥലങ്ങളിൽ പ്രാർത്ഥിക്കുകയെന്നതാണ്. അത് അല്ലാഹുവിന്റെ റസൂലിന്റെ സമ്മാനമായിരുന്നു. താഴെ പറയുന്ന ഇടങ്ങളിലായിരുന്നു പ്രവാചകൻ(സ്വ) പ്രാർത്ഥിച്ചിരുന്നത്:
1- തക്ബീറത്തുൽ ഇഹ്റാമിന് ശേഷം ഇസ്തിഫ്താഹിന്റെ സ്ഥാനത്ത്.
2- വിത്റിൽ സൂറത്ത് പാരായണം കഴിഞ്ഞ ഉടനെ റുകൂഇലേക്ക് പോകുന്നതിന് തൊട്ടു മുമ്പ്. സുബ്ഹി നമസ്കാരത്തിലെ ഖുനൂത്ത്. ഉബയ്യ് ബ്നു കഅബി(റ)നെത്തൊട്ട് നിവേദനം: വിത്റിൽ റുകൂഇലേക്ക് പോകും മുമ്പേ നബി(സ്വ) ഖുനൂത്ത് ഓതാറുണ്ടായിരുന്നു. ഇത് ബലഹീനമായൊരു ഹദീസാണ്(1).
3- ഇഅ്തിദാലിന് ശേഷം. അബ്ദുല്ലാഹ് ബ്നു ഉബയ്യ് ഔഫായെത്തൊട്ട് നിവേദനം: നബി(സ്വ) റുകൂഇൽ നിന്നും തല ഉയർത്തിയാൽ سمع الله لمن حمده, ربنا لك الحمد ملئ السماوات والأرض وملئ ما شئت من شيئ بعد, اللهم طهرني بالثلج والبرد والماء البارد, اللهم طهرني من الذنوب والخطايا كما ينقي الثوب الأبيض من الدنس എന്ന് പ്രാർത്ഥിക്കുമായിരുന്നു(മുസ്ലിം).
4- റുകൂഇൽ അവിടുന്ന് പറയുമായിരുന്നു: سبحانك اللهم ربنا وبحمدك, اللهم إغفر لي
5- സുജൂദിൽ. നബി(സ്വ)യുടെ പ്രാർത്ഥനയുടെ ഏറിയ സമയവും സുജൂദിലായിരുന്നു.
6- രണ്ട് സുജൂദുകൾക്കിടയിൽ.
7- തശഹുദിന് ശേഷം സലാമിന് തൊട്ട് മുമ്പ്(സാദുൽ മആദ് ഫീ ഹദ്യിൽ ഖൈരിൽ ഇബാദ്, 1/297).

നമസ്കാരത്തിൽ അനറബി ഭാഷയിലുള്ള പ്രാർത്ഥന

നമസ്കാരത്തിനിടെ അനറബി ഭാഷയിൽ പ്രാർത്ഥിക്കാമോ എന്ന് പലരും ചോദിക്കാറുണ്ട്, വിശിഷ്യാ അറബി അറിയാത്തവർ. കാരണം, അറബി ഭാഷയിൽ അവരുടെ ആവശ്യങ്ങളെ ശരിയായ രീതിയിൽ അല്ലാഹുവിനോട് ചോദിക്കാൻ സാധ്യമാകാതെ വരുന്നു. അനറബി ഭാഷിയിൽ പ്രാർത്ഥിക്കാമോ എന്നതിൽ കർമ്മശാസ്ത്ര പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ ഭിന്നതകളുണ്ട്:

1- കറാഹത്ത്: ഹനഫി മദ്ഹബിന്റെ അഭിപ്രായമാണത്. അറബി ഭാഷ അറിയുന്നവനായിട്ടും അനറബി ഭാഷയിൽ പ്രാര്ത്ഥിക്കുന്നവന്റെ വിധിയും ഇതുതന്നെയാണ്(2).

2- കറാഹത്തിനോട് അടുത്തത്: മാലികി മദ്ഹബാണിത്. അറബി ഭാഷ അറിയുന്നൊരാൾ അനറബി ഭാഷയിൽ പ്രാർത്ഥിക്കുന്നത് കറാഹത്താണ്. അപ്രകാരം തന്നെ അർത്ഥം മനസ്സിലാകാത്ത അനറബി ഭാഷയാണ് അറബി അറിയാത്തവൻ ഉപയോഗിക്കുന്നതെങ്കിൽ അതും കറാഹത്താണ്. എന്നാൽ അർത്ഥം അറിയുന്നതാണെങ്കിൽ നമസ്കാരത്തിലും അല്ലാത്തിടത്തും നിരുപാധികം ഉപയോഗിക്കുന്നതിൽ പ്രശ്നമില്ല. കാരണം അല്ലാഹു പറയുന്നുണ്ടല്ലോ: “ആദം നബിക്ക് അല്ലാഹു സകല വസ്തുക്കളുടെയും പേരുകൾ പഠിപ്പിച്ചുകൊടുത്തു'(ബഖറ: 31), “തന്റെ ജനതക്ക് സന്മാർഗം പ്രതിപാദിച്ചുകൊടുക്കാനായി ഏതൊരു റസൂലിനെയും അവരുടെ ഭാഷയിലല്ലാതെ നാം നിയോഗിച്ചിട്ടില്ല'(ഇബ്രാഹീം: 4)(3).

3- ശാഫിഈ മദ്ഹബിലെ അഭിപ്രായമാണ് മൂന്നാമത്തേത്. നമസ്കാരത്തിലെ പ്രാർത്ഥനകൾ ഹദീസിൽ വന്നതോ അല്ലാത്തതോ ആകാം. ഹദീസിൽ വന്നവയാണ് ഏറ്റവും സ്വീകാര്യമായത്. ഹമ്പലി മദ്ഹബും ഈ അഭിപ്രായത്തോട് യോജിക്കുന്നു. മാത്രമല്ല, അറബി ഭാഷ അറിയാത്തവന് അനറബി ഭാഷയിൽ പ്രാർത്ഥിക്കാം. എന്നാൽ അറബി ഭാഷ അറിയുന്നവൻ അനറബി ഭാഷ ഉപയോഗിച്ചാൽ അവന്റെ നിസ്കാരം തന്നെ അസാധുവാകുന്നതാണ് എന്നും അവരതിനോട് ചേർത്തു പറയുന്നു. എന്നാൽ ഹദീസിൽ വന്നിട്ടില്ലാത്ത പ്രാർത്ഥനകൾ അതിൽ ഒരുവാക്ക് പോലും അനറബി ഭാഷയിൽ കൊണ്ടുവരാൻ പാടില്ല.

അനറബി ഭാഷയിൽ പ്രാർത്ഥിക്കാം എന്ന അഭിപ്രായ പ്രകാരം ഒന്നാമത്തെ തശഹുദ്, നബി(സ്വ)യുടെ മേലുള്ള സ്വലാത്ത്, ഖുനൂത്ത്, റുകൂഇലും സുദൂദിലുമുള്ള തസ്ബീഹ്, നീക്കുപോക്കുകൾ അറിയാനുള്ള തക്ബീറുകൾ എന്നീ അദ്കാറുകൾ ഏതായാലും അനറബി ഭാഷയിൽ ആകാവുന്നതാണ്. ഹാവിൽ കബീറിന്റെ ഗ്രന്ഥകർത്താവ് ഇമാം മാവർദി പറയുന്നു: അറബി ഭാഷ അറിയില്ലെങ്കിൽ എല്ലാ ദിക്റുകളും അനറബി ഭാഷയിൽ കൊണ്ടുവരാവുന്നതാണ്. ഇനി അറബി അറിയുന്നവനാണെങ്കിൽ അത് മാത്രമേ ഉപയോഗിക്കാവൂ. അതിന് നേർവിപരീതമായി തശഹുദ്, സലാം പോലുയള്ള നിർബന്ധമായവ ഫാരിസി ഭാഷയിൽ പറഞ്ഞാൽ അത് അനുവദനീയമാവുകയില്ല. എന്നാൽ തസ്ബീഹ്, ഇഫ്തിതാഹ് പോലോത്ത സുന്നത്തായവ നല്ലതല്ലെങ്കിൽ കൂടി പരിഗണിക്കപ്പെടുന്നതാണ്(4).

ഇതിൽ നിന്നും വ്യക്തമാകുന്നത്, അറബി ഭാഷ അറിയാത്തവന് അനറബി ഭാഷയിൽ പ്രാർത്ഥിക്കാവുന്നതാണ്. അവന്റെ നമസ്കാരം സ്വീരിക്കപ്പെടുകയും ചെയ്യും. അറബി അറിയുന്നവൻ തന്നെ അനറബി ഭാഷയിൽ പ്രാർത്ഥിക്കുന്ന വിഷയത്തിൽ അഭിപ്രായ ഭിന്നതകളുണ്ടെങ്കിലും അതിൽ ഏറ്റവും പ്രബലമായത് കറാഹത്തോട് കൂടെ അവന്റെ നമസ്കാരം സ്വീകരിക്കപ്പെടും എന്നതാണ്.

ഹദീസിൽ വന്നിട്ടില്ലാത്ത പ്രാർത്ഥനകൾ

ഹദീസിൽ വന്നിട്ടില്ലാത്ത പ്രാർത്ഥനകളും നമസ്കാരത്തിൽ ഉപയോഗിക്കാവുന്നതാണ്. അറബിയിൽ തന്നെ പ്രാദേശികവും പൊതുവായതുമായ ഭാഷ ഉപയോഗിക്കാവുന്നതാണ്. അതെല്ലാം അനുവദനീയമാണെന്ന് മാത്രമല്ല അതിൽ കുറ്റവുമില്ല. എന്നാൽ ഹദീസിൽ വന്നവയാണ് ഉത്തമം. അതിനാലാണ് മഹത്തരമായ നന്മയുള്ളത്. എങ്കിലും മനുഷ്യന് തന്റെ പല ആവശ്യങ്ങൾ പറയാനും തന്റെ അടുത്ത സ്നേഹിതന്മാർക്ക് ഐഹികവും പാരത്രികവുമായ നന്മകൾക്ക് വേണ്ടി പ്രാർത്ഥിക്കാനും പ്രയാസങ്ങളെ തട്ടിമാറ്റാനും ഹദീസിൽ വന്നിട്ടില്ലാത്തവ ആവശ്യമായി വരും. ഇത് വിശാലമായൊരു കവാടമാണ്. അതിനെ ഹദീസിൽ വന്നവ മാത്രമേ അനുവദിക്കൂ എന്ന് പറഞ്ഞ് പ്രയാസകരമാക്കേണ്ടതില്ല. “പിന്നെയവൻ തനിക്ക് ഇഷ്ടമുള്ളത് ചോദിക്കട്ടെ’ എന്ന പ്രവാചക വചനമാണ് ഹദീസിൽ വന്നിട്ടില്ലാത്തവ കൊണ്ട് പ്രാർത്ഥിക്കാം എന്നതിനുള്ള തെളിവ്. മറ്റൊരു ഹദീസിൽ കാണാം: “പിന്നീട് അവൻ തനിക്കേറ്റവും അടുത്തതായി തോന്നുന്നവ കൊണ്ട് പ്രാർത്ഥിക്കട്ടെ'(ബുഖാരി, മുസ്ലിം). നമസ്കാരത്തിൽ നിന്നും സലാം വീട്ടുന്നതിന്റെ തൊട്ടുമുമ്പാണിതെല്ലാം.

ഇബ്നു തൈമിയ പറയുന്നു: ദീനിന് പൂർണ വിധേയനായി ഒരാൾ പ്രാർത്ഥിച്ചാൽ അല്ലാഹു അവന്റെ പ്രാർത്ഥന കേൾക്കുകയും ഉത്തരം നൽകുകയും ചെയ്യും. അത് അറബി ഭാഷയിലായാലും അനറബി ഭാഷയിലായാലും. എന്ന് മാത്രമല്ല, അറബി വശമില്ലാത്തവൻ അറബി ഉപയോഗിച്ച് ബുദ്ധിമുട്ടേണ്ടതുമില്ല. കാരണം, അതിന്റെ വ്യാകരണത്തിൽ പെട്ട് ചിലപ്പോൾ ആത്മാർത്ഥത നഷ്ടപ്പെടാൻ സാധ്യത ഉണ്ട്. അത് പ്രാർത്ഥനയിൽ ബുദ്ധിമുട്ടി ഭാഷാ ഭംഗി വരുത്തുന്നത് പോലെത്തന്നെ കറാഹത്താണ്. ഇനി ബുദ്ധിമുട്ടൊന്നുമില്ലെങ്കിൽ പ്രശ്നവുമില്ല. കാരണം, പ്രാർത്ഥനയെന്നത് ഹൃദയത്തിൽ നിന്നുമുണ്ടാകുന്നതാണ്. നാവും ഭാഷയും അതിന്റെ സഹായി മാത്രമാണ്. ആരെങ്കിലും തന്റെ പ്രാർത്ഥനയിൽ ഭാഷയെ നന്നാക്കാൻ ശ്രമിച്ചാൽ അവന് ഹൃദയ സാന്നിധ്യം നഷ്ടമാകും. അതിനാൽ തന്നെ പ്രാർത്ഥന അറബിയിലും മറ്റു ഭാഷകളിലുമാകാം. പ്രാർത്ഥിക്കുന്നവന്റെ ലക്ഷ്യത്തെക്കുറിച്ചും ഉദ്ദേശത്തെക്കുറിച്ചും അറിയുന്നവനാണ് അല്ലാഹു, അതവൻ തന്റെ ഭാഷ നന്നാക്കിയില്ലെങ്കിലും(ഇബ്നു തൈമിയ, ഫതാവൽ കുബ്റാ, 2/424).

അവലംബം:
1- ഇതിൽ നിന്നാണ് സുബ്ഹി നിസ്കാരത്തിൽ ഖുനൂത്ത് സുന്നത്തും ശ്രേഷ്ഠമായ ആരാധനയുമാണെന്ന് മാലികി പണ്ഡിതന്മാർ അന്വേഷിച്ചെടുത്തത്. അത് റുകൂഇന് മുമ്പും രണ്ടാം റക്അത്തിൽ റകൂഇന് ശേഷവുമാകാം(അൽമവാഹിബുൽ ജലീൽ, 1/539).
2- ഹാശിയത്തു ഇബ്നു ആബിദീൻ(1/521).
3- അൽഫവാകിഹുദ്ദീവാനി അലാ രിസാലത്തി ബ്നി അബീ സയ്ദിൽ ഖയ്റുവാനി(1/176).
4- അൽമജ്മൂഉ ശറഹുൽ മുഹദ്ദബ്(3/300), കിഫായത്തു തൻബീഹ് ഫീ ശറഹിത്തൻബീഹ്(3/90).
5- അൽഫവാകിഹുദ്ദീവാനി അലാ രിസാലത്തി ബ്നി അബീ സയ്ദിൽ ഖയ്റുവാനി(1/176).

വിവ: മുഹമ്മദ് അഹ്സൻ പുല്ലൂർ

Related Articles