Fiqh

ആത്മഹത്യ ചെയ്തവര്‍ക്ക് വേണ്ടി മയ്യിത്ത് നമസ്‌കരിക്കുമ്പോള്‍!

ആത്മഹത്യ ചെയ്യുകയെന്നത് ഇസ്‌ലാം നിഷിദ്ധമാക്കിയ കാര്യമാണെന്നതില്‍ സംശയമില്ല. അത് കുറ്റകരവുമാണ്. ആത്മഹത്യയെ സംബന്ധിച്ച് കൂടുതല്‍ വിശദീകരിക്കുന്നതിന് മുമ്പ്, സ്വജീവനെ ഇല്ലായ്മ ചെയ്യുന്നവന്‍ എന്ന നിലക്ക് അതിന്റെ വിധിയെന്താണെന്നത് വിശദമാക്കേണ്ടതുണ്ട്. ഏത് സാഹചര്യമാണ് ഇത്തരത്തിലുള്ള അവസ്ഥകളിലേക്ക് എത്തിക്കുന്നത്? ചിലപ്പോള്‍ സമൂഹമെന്നത് കുടുംബമോ അല്ലെങ്കില്‍, ഭരണകൂടമോ ആയിരിക്കാം. ഇവ പൂര്‍ണമായോ, അല്ലെങ്കില്‍ ഭാഗികമായോ ആത്മഹത്യക്ക് കാരണമാകുന്നുണ്ട്. ആയതിനില്‍, ഭരണാധികാരിക്ക് ഇക്കാര്യത്തില്‍ ഉത്തരവാദിത്തമുണ്ട്, കുടുംബത്തിന് ഉത്തരവാദിത്തമുണ്ട്, അതുപോലെ സമൂഹത്തിനും ഉത്തരവാദിത്തമുണ്ട്. അതുകൊണ്ട് എല്ലാ അവസ്ഥകളെയും അതിന്റെ രീതിയില്‍ പരിശോധന വിധേയമാക്കേണ്ടതുണ്ട്.

ഇസ്‌ലാമിക ശരീഅത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളില്‍ പെട്ടതാണ് ജീവന്റെ സംരക്ഷണമെന്നത്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ‘അല്ലാഹുവോടൊപ്പം വേറെയൊരു ദൈവത്തെയും വിളിച്ചു പ്രാര്‍ഥിക്കാത്തവരും, അല്ലാഹു പവിത്രമാക്കിയ ജീവനെ ന്യായമായ കാരണത്താലല്ലാതെ ഹനിച്ചു കളയാത്തവരും, വ്യഭിചരിക്കാത്തവരുമാകുന്നു അവര്‍. ആ കാര്യങ്ങള്‍ വല്ലവനും ചെയ്യുന്ന പക്ഷം അവന്‍ പാപഫലം കണ്ടെത്തുക തന്നെ ചെയ്യും’ (അല്‍ഫുര്‍ഖാന്‍: 68). ഒരിക്കലും ഒരു മനുഷ്യന് രക്ഷപ്പെടാന്‍ കഴിയാത്ത ( ورطات الأمور) തെറ്റായിട്ടാണ് ആത്മഹത്യയെ ഇസ്‌ലാം കാണുന്നത്. അബ്ദുല്ലാഹിബിന്‍ ഉമര്‍(റ)വില്‍ നിന്ന് ബുഖാരി റിപ്പോര്‍ട്ട് ചെയ്യുന്നു: ‘തീര്‍ച്ചയായും ഒരു വ്യക്തിക്കും രക്ഷപ്പെടാന്‍ കഴിയാത്ത കാര്യങ്ങളില്‍പ്പെട്ടതാണ് അന്യായമായി രക്തം ചിന്തുകയെന്നത്’.
ഇസ്‌ലാമിക ശരീഅത്ത് ‘ഖിസ്വാസ്’ അനുവദനീയമാക്കിയിരിക്കുന്നു. ‘സത്യവിശ്വാസികളെ, കൊലചെയ്യുന്നവരുടെ കാര്യത്തില്‍ തുല്യ ശിക്ഷ നടപ്പിലാക്കുക എന്നത് നിങ്ങള്‍ക്ക് നിയമമാക്കപ്പെട്ടിരിക്കുന്നു’ (അല്‍ബഖറ: 178). അതേപോലെ, അനാവശ്യമായി ആയുധം കൈവശംവെക്കുന്നത് തെറ്റാണെ് ഇസ്‌ലാം വിശ്വാസികളെ അറിയിക്കുന്നു. അബ്ദുല്ലാഹിബിന്‍ ഉമര്‍(റ)വില്‍ നിന്ന് റിപ്പോര്‍ട്ട്: നബി(സ) പറഞ്ഞു: ‘അന്യായമായി ആയുധം ഉപയോഗിക്കുന്നവന്‍ നമ്മില്‍ പെട്ടവനല്ല’. നബി(സ) പറയുന്നു: ‘ഒരുവന്‍ തന്റെ സഹോദരന്റെ നേരെ കത്തി ചൂണ്ടി, അവന്‍ അതില്‍നിന്ന് വിരമിക്കുന്നതുവരെ മാലാഖമാര്‍ അവനെ ശപിക്കുന്നതാണ്, സ്വന്തം സഹോദരനാണ് കത്തി ചൂണ്ടുന്നതെങ്കിലും’.

ആത്മഹത്യ ചെയ്യുന്നത് രണ്ട് തരത്തിലാണ്. ഒന്ന്, ആത്മഹത്യ അനുവദനീയമാണെന്ന് കരുതി ആത്മഹത്യ ചെയ്യുകയെന്നതാണ്. ഇപ്രകാരം ചെയ്യുന്നവര്‍ നിഷേധിയാണ് (كافر). കാരണം അല്ലാഹു ഹറാമാക്കിയതിനെ ഹലാലാക്കുകയാണ് ചെയ്യുന്നത്. ‘നിങ്ങള്‍ നിങ്ങളെതന്നെ കൊലപ്പെടുത്തരുത്. തീര്‍ച്ചയായും അല്ലാഹു നിങ്ങളോട് കരുണയുള്ളവനാകുന്നു’ (അന്നിസാഅ്: 29). നബി(സ) പറയുന്നു: ‘അല്ലാഹുവില്‍ പങ്കുചേര്‍ക്കുക, മാതാപിതാക്കളെ ധിക്കരിക്കുക, സ്വജീവനെ കൊന്നുകളയുക, മറ്റുള്ളവരുടെ അവകാശങ്ങള്‍ അപഹരിക്കുക(اليَمِينُ الغَمُوسُ) എിന്നിവ വന്‍പാപങ്ങളില്‍ പെട്ടതാണ്. അല്ലാഹുവില്‍ പങ്കുചേര്‍ക്കുക, മാതാപിതാക്കളെ ധിക്കരിക്കുക തുടങ്ങിയവക്ക് ശേഷം സ്വജീവനെ നശിപ്പിക്കുന്നതിനെ കുറിച്ചാണ് പ്രവാചകന്‍(സ) വിശദീകരിക്കുന്നത്. രണ്ട്, ആത്മഹത്യ ചെയ്യുന്നത് അനുവദനീയമായി കാണാതിരിക്കുക എന്നതാണ്. ഇപ്രകാരം പ്രവര്‍ത്തിക്കുന്നവര്‍ തെറ്റുകാരനാണ്, പക്ഷേ കാഫിറാകുന്നില്ല.

ജാബിര്‍(റ)വില്‍ നിവേദനം: ‘തുഫൈല്‍ ബിന്‍ അംറ് അദ്ദൗസി പ്രവാചക(സ)യുടെ അടുക്കല്‍ വന്ന് പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരെ, താങ്കള്‍ക്ക് ശത്രുക്കളില്‍ നിന്ന് രക്ഷ നേടുന്നതിന് കവചിതമായ ഒരു കോട്ട വേണ്ടതില്ലേ? (യമനിലെ ദൗസ് ഗോത്രത്തിന്റെ കോട്ട) ജാഹിലിയ്യ കാലത്ത് ദൗസ് ഗോത്രത്തിന് ഉണ്ടായിരുന്ന കോട്ടയിലേക്കാണ് തുഫൈല്‍ ബിന്‍ അംറ് അദ്ദൗസ് ക്ഷണിക്കുന്നത്. പക്ഷേ, പ്രവാചകന്‍ അത് സ്വീകരിച്ചില്ല. അല്ലാഹു ഹിജ്‌റയിലൂടെ അന്‍സാറുകളെ ആദരിക്കുകയായിരുന്നു. തുടര്‍ന്ന് തുഫൈല്‍ ബിന്‍ അംറും ഹിജ്‌റക്ക് തയാറായി പുറപ്പെട്ടു. അപ്പോള്‍ അദ്ദേഹത്തോടൊപ്പം തന്റെ ഗോത്രത്തില്‍പ്പെട്ട ഒരു വ്യക്തിയുമുണ്ടായിരുന്നു. അവര്‍ മദീനയിലെത്തി. കൂടെയുണ്ടായിരുന്ന വ്യക്തി രോഗബാധിതനായി. ആയാള്‍ ആ പ്രയാസങ്ങളില്‍ ക്ഷമിച്ചു. പിന്നീട് ആ മനുഷ്യന്‍ മൂര്‍ച്ചയുള്ള ആയുധമെടുത്ത് വിരലിന്റെ സന്ധി മുറിച്ചുമാറ്റി. അങ്ങനെ മരണപ്പെടുന്നതുവരെ അദ്ദേഹത്തിന്റെ രക്തം ഒഴുകികൊണ്ടിരുന്നു. ശേഷം തുഫൈല്‍ ബന്‍ അംറ് അദ്ദൗസി ആ മനുഷ്യനെ സ്വപ്‌നത്തില്‍ കണ്ടു. ആ മനുഷ്യന്‍ നല്ല അവസ്ഥയിലായിരുന്നു, എന്നാല്‍ കൈകള്‍ മറച്ചുവെക്കപ്പെട്ടിരിക്കുന്നു. നാഥന്‍ നിന്നോട് എന്താണ് പ്രവര്‍ത്തിച്ചതെന്ന് തുഫൈല്‍ ബിന്‍ അംറ് അദ്ദേഹത്തോട് ചോദിച്ചു. ആ മനുഷ്യന്‍ പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകനിലേക്ക് ഹിജ്‌റ ചെയ്തതിനാല്‍ അല്ലാഹു എനിക്ക് പാപമോചനം നല്‍കി. താങ്കളുടെ കൈ എന്തുകൊണ്ടാണ് മൂടിവെക്കപ്പെട്ടിരിക്കുന്നതെന്ന തുഫൈല്‍ ബിന്‍ അംറ് ചോദിച്ചു. അദ്ദേഹം പറഞ്ഞു. നീ നിന്നില്‍നിന്ന് കേടുവരുത്തിയത് നാം ഒരിക്കലും ശരിപ്പെടുത്തുകയില്ലെന്ന് എന്നോട് പറയപ്പെട്ടു. ഇക്കാര്യം തുഫൈല്‍ ബിന്‍ അംറ് പ്രവാചകന് വിശദീകരിച്ചു കൊടുത്തു. പ്രവാചകന്‍(സ) പറഞ്ഞു: അല്ലാഹുവെ അദ്ദേഹത്തിന്റെ കൈകള്‍ക്ക് നീ പൊറുത്ത് കൊടുക്കേണമേ!’ ഈ ഹദീസ് മൂന്ന് അബദ്ധ ധാരണകള്‍ക്കുള്ള മറുപടിയാണ്. ഒന്ന്, വന്‍പാപം ചെയ്യുന്നവര്‍ കാഫിറാണെന്ന് പറയുന്ന ‘ഖവാരിജുകള്‍’ക്ക്. രണ്ട്, വന്‍പാപം ചെയ്യുന്നവര്‍ ശാശ്വതമായി നരകത്തിലാണെന്ന് പറയുന്ന ‘മുഅതസലികള്‍’ക്ക്. മൂന്ന്, വിശ്വാസിയായിരിക്കെ തെറ്റുചെയ്യുന്നവര്‍ക്ക് ശിക്ഷ ലഭിക്കുന്നില്ലെന്ന് പറയുന്ന ‘മുര്‍ജിഅകള്‍’ക്ക്.

ആത്മഹത്യ ചെയ്യുന്നത് തെറ്റാണെന്ന് മനസ്സിലാക്കിയവര്‍ കാഫിറാകുന്നില്ല. ഇമാം നവവി മുകളില്‍ ഉദ്ധരിച്ച ഹദീസിന് അനുബന്ധമായി പറയുന്നു: ‘അഹ്‌ലുസുന്നയുടെ ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാന ഖാഇദയാണ് ഈ ഹദീസ് പങ്കുവെക്കുന്നത്. ഒരുവന്‍ സ്വജീവനെ നശിപ്പിക്കുകയും (ആത്മഹത്യ ചെയ്യല്‍), മറ്റു തെറ്റുകള്‍ പ്രവര്‍ത്തിക്കുകയും, തൗബയില്ലാതെ മരിക്കുകയും ചെയ്താല്‍ ആ വ്യക്തി കാഫിറാകുന്നില്ല, നരകം ആ വ്യക്തിക്ക് മേല്‍ രേഖപ്പെടുത്തുന്നുമില്ല. മറിച്ച്, അല്ലാഹുവിന്റെ തീരമാനത്തിലായിരിക്കും’. ഇപ്രകാരമാണ് പണ്ഡിതന്മാര്‍ ഈ വിഷയത്തെ സമീപിക്കുന്നത്. മൗസൂഅ ഫിഖ്ഹിയ്യയില്‍ വിവരിക്കുന്നു: മദ്ഹബിന്റെ നാല് ഇമാമുമാരില്‍ ആരും ആത്മഹത്യചെയ്യുന്നവന്‍ കാഫിറാണെന്ന് പറഞ്ഞിട്ടില്ല. കുഫ്‌റ് എന്നാല്‍ അത് ദീനിനെ നിഷേധിക്കുകയും ദീനില്‍നിന്ന് പുറത്തുപോവുകയുമാണ്. വന്‍പാപങ്ങളില്‍ ശിര്‍ക്കല്ലാത്തത് മുഖേന ഒരാളും ദീനില്‍ നിന്ന് പുറത്തുപോവുകയില്ലെന്നാണ് അഹ്‌ലുസുന്നയുടെ വീക്ഷണം. വിശ്വാസികളായവര്‍ തെറ്റുചെയ്താല്‍ ശിക്ഷക്കപ്പെട്ടതിന് ശേഷം അവര്‍ പുറത്തുവരുന്നതാണെന്ന് ഹദീസുകള്‍ ശരിവെക്കുന്നു. അതുകൊണ്ട് തന്നെ കര്‍മശാസ്ത്ര പണ്ഡിതര്‍ ആത്മഹത്യ ചെയ്യുന്നവന്‍ ഇസ്‌ലാമില്‍ നിന്ന് പുറത്തുപോകുന്നില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. ആയതിനാല്‍ അവരെ കുളിപ്പിക്കുകയും അവര്‍ക്ക് വേണ്ടി നമസ്‌കരിക്കുകയും ചെയ്യണമെന്നും കര്‍മശാസ്ത്ര പണ്ഡിതര്‍ പറയുന്നു. എന്നാല്‍ കാഫിറായ ഒരാള്‍ മരിച്ചാല്‍ അയാള്‍ക്ക് വേണ്ടി നമസ്‌കരിക്കേണ്ടതില്ലെന്ന കാര്യത്തില്‍ പണ്ഡിതര്‍ ഐക്യപ്പെടുന്നു(മൗസൂഅ ഫിഖ്ഹിയ്യ കുവൈത്തിയ്യ: 6/292).

ആത്മഹത്യ ചെയ്യുന്നവന്‍ ശാശ്വതമായി നരകത്തിലാണെന്ന് ഹദീസുകള്‍ വിശദീകിരിക്കുന്നതായി കാണാന്‍ സാധിക്കുന്നു. അബൂഹുറൈറ(റ)വില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: ‘ആര് മലക്ക് മുകളില്‍ നിന്ന് ചാടി സ്വജീവനെ ഇല്ലാതാക്കുന്നുവോ അവന്‍ ശാശ്വതമായി നരകത്തിലായിരിക്കും, ആര് വിഷം കഴിച്ച് സ്വജീവന്‍ അവസാനിപ്പിക്കുന്നുവോ അവന്‍ ശാശ്വതമായി നരകത്തിലായിരിക്കും, ആര് കത്തികൊണ്ട് കുത്തി സ്വജീവന്‍ അപകടത്തിലാക്കുന്നുവോ, അവന്‍ ആ കത്തിയുമായി വയറ്റില്‍ കുത്തി വേദിനിപ്പിച്ച് കൊണ്ട് കാലാകാലം നരകത്തിലായിരിക്കും’. ഈ ഹദീസ് ആത്മഹത്യ ചെയ്യുന്ന എല്ലാവരെയുമല്ല സൂചിപ്പിക്കുന്നത്. മറിച്ച് ആത്മഹത്യ ചെയ്യുന്നത് അനുവദനീയമാണെന്ന് മനസ്സലാക്കുന്നവരെയാണ്. ഇമാം നവവി പറയുന്നു: ‘ഇതില്‍ വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ട്. ഒന്ന്, നിഷിദ്ധമാണെന്ന് അറിഞ്ഞിട്ടും അനുവദനയമായി കാണുന്നവന്‍; അവന്‍ കാഫിറാണ്, അവന്‍ ശിക്ഷക്കപ്പെടുന്നതാണ്. രണ്ട്, “الخلود” എന്ന പദം നീണ്ട കാലത്തെയാണ് സൂചിപ്പിക്കുത്. അല്ലാതെ ശാശ്വതം എന്നര്‍ഥത്തിലല്ല. അറബിഭാഷയില്‍ പറയാറുണ്ട്; “خلد الله ملك السلطان” (രാജാവ് നീണാള്‍ വാഴട്ടെ). മൂന്ന്, ഇത് നിഷേധിക്കുള്ള ശിക്ഷയാണ്. മുസ്‌ലിമായി മരിച്ചവനെ അല്ലാഹു ശാശ്വതമായി നരകത്തിലാക്കുകയില്ലെന്ന് അല്ലാഹു അറിയിക്കുന്നു. ഇമാം ഇബ്‌നു ഹജര്‍ നാലാമതൊരു അഭിപ്രായവും പങ്കുവെക്കുന്നു: തെറ്റ് ഭയാനകരമാണെന്ന് ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണത്. ഹദീസ് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം തുര്‍മുദി പറയുന്നു: അബൂഹുറൈറ-സഈദുല്‍ മുഖ്ബിരി-മുഹമ്മദ് ബിന്‍ അജ്‌ലാന്‍ തുടങ്ങുന്ന നിവേദന പരമ്പരയില്‍ (നരകത്തില്‍ ശാശ്വതമാണ്) എന്നത് പറയുന്നില്ല.

ആത്മഹത്യ അനുവദനീയമല്ലെന്ന് അംഗീകരിക്കുന്ന വ്യക്തി കാഫിറാണെന്ന് പറയുന്നത് തീര്‍ത്തും വിശുദ്ധ ഖുര്‍ആനിന്റെ പ്രമാണങ്ങള്‍ക്കെതിരാണ്. ‘തന്നോട് പങ്കുചേര്‍ക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന്‍ ഉദ്ദേശിക്കുവര്‍ക്ക് പൊറുത്തുകൊടുക്കുന്നതാണ്’ (അന്നിസാഅ്: 48). ആത്മഹത്യ അനുവദനീയമായി കാണാതെ ഒരു വ്യക്തി ആത്മഹത്യ ചെയ്താല്‍ അയാളെ കുളിപ്പിക്കുകയും, കഫം ചെയ്യുകയും, നമസ്‌കരിക്കുകയും ചെയ്യല്‍ നിര്‍ബന്ധമാണ്. ജാബിര്‍ ബിന്‍ സുമ്‌റ(റ)യില്‍ നിന്ന് നിവേദനം: ‘മൂര്‍ച്ചയുള്ള ആയുധം കൊണ്ട് സ്വജീവനെ ഇല്ലായ്മ ചെയ്തവനെ കൊണ്ടവരപ്പെട്ടു. പ്രവാചകന്‍ അവര്‍ക്ക് വേണ്ടി നമസ്‌കരിച്ചില്ല’. പ്രവാചകന്‍ നമസ്‌കരിച്ചില്ല എന്നത് ശിരതന്നെയാണെങ്കിലും അത് പൂര്‍ണമായ അര്‍ഥത്തിലല്ല. ആ പ്രവര്‍ത്തി നിഷിദ്ധമാണെന്ന് അറിയിക്കുന്നതിന് വേണ്ടിയാണ് പ്രവാചകന്‍ അപ്രകാരം പ്രവര്‍ത്തിച്ചത്. സ്വഹീഹുല്‍ മുസ്‌ലിമിന്റെ വിശദീകരണത്തില്‍ ഇമാം നവവി അധ്യായങ്ങളാക്കി തരം തിരിച്ചിരിക്കുന്നത് ഇപ്രകാരത്തിലാണ്; “باب الدليل على أن قاتل نفسه لا يكفر” (സ്വജീവന്‍ നശിപ്പിച്ച് കളഞ്ഞവന്‍ കാഫിറല്ല എന്നതിനുള്ള തെളിവ്). അതില്‍ അദ്ദേഹം പറയുന്നു: ‘സ്വന്തത്തെ കൊന്നുകളഞ്ഞവന് വേണ്ടി നമസ്‌കരിക്കേണ്ടതില്ലെന്ന് ഈ ഹദീസ് തെളിവെടുത്ത് ഒരാള്‍ക്ക് പറയാവുന്നതാണ്. ഇതാണ് ഉമര്‍ ബിന്‍ അബ്ദുല്‍ അസീസിന്റെയും അൗസാഇയിടുടെയും അഭിപ്രായം. ഹസന്‍, നഹഇ, ഖതാദ, മാലിക്ക്, അബൂഹനീഫ, ശാഫിഈ തുടങ്ങയവരും ഭൂരപക്ഷ പണ്ഡിതന്മാരും ആത്മഹത്യചെയ്തവര്‍ക്ക് വേണ്ടി നമസ്‌കരിക്കാവുന്നതാണെന്ന് വീക്ഷിക്കുന്നു. മയ്യിത്ത് കൊണ്ടവരപ്പെട്ടപ്പോള്‍ പ്രവാചകന്‍(സ) ആ മയ്യിത്തിന് വേണ്ടി നമസ്‌കരിച്ചില്ല എന്നത് ഇത്തരം പ്രവര്‍ത്തനം ഒരു നിലക്കും അനുവദനീയമല്ലെന്ന് ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ്. എന്നാല്‍ സ്വഹാബികള്‍ നമസ്‌കരിക്കുകയും ചെയ്തു. അതുപോലെ തന്നെയാണ് ഒരാളുടെ മയ്യിത്ത് കൊണ്ടവരപ്പെടുകയും ആ വ്യക്തിക്ക് കടമുണ്ടെന്ന് മനസ്സിലാക്കിയപ്പോള്‍ പ്രവാചകന്‍ നമസ്‌കരിക്കാതിരിക്കുകയും ചെയ്തത്. അത് കടത്തിന്റെ കാര്യത്തില്‍ ലാഘവത്വം കാണിക്കാന്‍ പാടില്ല എന്ന് ബോധ്യപ്പെടുത്തുന്നതനിയായിരുന്നു.

അവലംബം: iumsonline.org
വിവ: അര്‍ശദ് കാരക്കാട്

 

Facebook Comments
Related Articles

Check Also

Close
Close
Close