Current Date

Search
Close this search box.
Search
Close this search box.

വീട്ടിലിരിക്കുന്നതിന്റെ നീതിശാസ്ത്രം

ആധുനിക നാഗരികത വികസിക്കുന്നതിനെല്ലാം മുമ്പ് വീടുകൾ തന്നെയായിരുന്നു മനുഷ്യരുടെ ആവാസ കേന്ദ്രങ്ങൾ. പല സ്ഥലങ്ങളും അത്തരത്തിൽ വീടുകളാൽ തിങ്ങിനിറഞ്ഞിരുന്നു. എന്നാൽ, ആധുനിക നാഗരികത വികസിച്ചതോടെ ജനങ്ങളുടെ സംസ്കാരവും ഒരുപാട് മാറി. വീടുകൾ അധികവും വലിയ ഹോട്ടൽ മുറികള്‍ക്ക് സമാനമായതിലേക്ക് ചുരുങ്ങിക്കൂടി. അതുതന്നെ ചിലപ്പോൾ ഉറങ്ങാൻ വേണ്ടി മാത്രമായി. ദിവസത്തിന്റെ വലിയൊരു ഭാഗവും വീടിന് പുറത്തുമായി. അക്കാര്യത്തിൽ സ്ത്രീകളും പുരുഷന് സമന്മാരായി തുടങ്ങിയിട്ടുണ്ട്. അല്പം ചില മണിക്കൂറുകൾ പോലും വീട്ടിൽ ഇരുന്നാൽ സ്ത്രീക്ക് അത് അവളുടെ പ്രകൃതിക്ക് ഉചിതമല്ലാത്തത് ആയും അത് അവൾക്ക് എന്തൊക്കെയോ നഷ്ടപ്പെടുത്തി കളയുന്നുണ്ടെന്നുമുള്ള തോന്നലുകളുണ്ടാക്കി. അങ്ങനെ അവർ റോഡുകളിലേക്കും തെരുവുകളിലേക്കും ഇറങ്ങിത്തുടങ്ങി. എന്ന് മാത്രമല്ല, മുസ്ലീങ്ങളിൽ പലരും ഇപ്പോൾ പ്രഭാത നേരത്തോ അല്ലെങ്കിൽ പ്രഭാതം കയിഞ്ഞു മാത്രമാണ് വീട്ടിൽ തിരിച്ചെത്തുന്നത്.

തെരുവുകളിൽ അലഞ്ഞ് നടക്കുന്ന ജനങ്ങളെ എല്ലാം ഒരു വട്ടം കൂടി അവരുടെ വീട്ടിലേക്ക് തന്നെ തിരിച്ചു കൊണ്ടു വരാനുള്ള ദൈവിക തീരുമാനം ആണ് ഇപ്പൊൾ സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് തോന്നുന്നു. മറ്റു ആരാധനകളിൽ, നന്മ തിന്മകൾ തിരഞ്ഞെടുക്കുന്നതിൽ നമുക്കുണ്ടാകാറുള്ള സ്വേഷ്ഠ പ്രകാരം തിരഞ്ഞെടുക്കാനുള്ള അവസരം ഇവിടെയില്ല. കൊറോണ വൈറസ് ആഗോള മഹാമാരിയായി മാറിയതോടെ ലോകരാജ്യങ്ങൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് ജനങ്ങളെ വീട്ടിലേക്ക് തന്നെ തിരിച്ചുപോകാൻ നിർബന്ധിതരാക്കിയിരിക്കുകയാണ്‌. ഓരോ പ്രദേശങ്ങളുടെയും അവസ്ഥയനുസരിച്ച് ലോക്ക്ഡൗൺ ഭാഗികവും ചിലയിടത്ത് പരിപൂർണവുമാണ്(24 മണിക്കൂർ).

“വീട്ടിലിരിക്കാം, സുരക്ഷിതരായിരിക്കാം”,”നമുക്ക് വീട്ടിലിരിക്കാം” തുടങ്ങിയുള്ള ഹാഷ്ടാഗുകളിൽ കൊറോണയെ പ്രതിരോധിക്കാൻ കാമ്പയ്ൻ തുടങ്ങുന്നതിനു മുമ്പേ പ്രവാചകൻ അതിനെക്കുറിച്ചെല്ലാം നമ്മെ ബോധവാന്മാർ ആക്കിയിരുന്നു. ഉഖുബത്ത് ബിൻ ആമിർ ഉദ്ധരിക്കുന്നു. ഞാൻ പ്രവാചകനോട് ചോദിച്ചു: നബിയെ, എന്താണ് രക്ഷ? അപ്പോൾ പ്രവാചകൻ പറഞ്ഞു:”നിന്റെ നാവിനെ പിടിച്ചു വെക്കുക, കഴിവതും വീട്ടിൽ തന്നെ സമയം ചിലവഴിക്കുക, ചെയ്ത തെറ്റുകൾ ഓർത്ത് കണ്ണീർ പൊഴിക്കുക”(തിർമുദി). മുസ്ലിം സമൂഹത്തിലെ മുൻകാല പണ്ഡിതന്മാരെല്ലാം തന്നെ സ്വന്തം വീടുകളിലായി ജീവിതം കഴിച്ച് കൂട്ടാനാണ് ജനങ്ങളെ പ്രേരിപ്പിച്ചത്. അങ്ങനെയാണ് രോഗവ്യാപനത്തിൽ നിന്ന് അവർ ജനങ്ങളെ രക്ഷിച്ചത്. വിപത്തുകളും മഹാമാരികളും ഉണ്ടാകുന്ന സമയത്ത് വീട്ടിലിരിക്കൽ‌ തന്നെയാണ് മറ്റു അപകടങ്ങൾ വിളിച്ചു വരുത്തുന്നതിനേക്കാൾ അഭികാമ്യം.

ഖാളി ഇബ്നു ഇയാള് പറയുന്നു: അവസാന നാളുകൾ ജനങ്ങളിൽനിന്ന് ഒഴിഞ്ഞിടങ്ങളിൽ താമസിക്കലാണ്‌ നിങ്ങൾക്ക് ഉത്തമം. ഇതുകേട്ട് ശിഷ്യന്മാർ ചോദിച്ചു: ഗുരോ, ഏതാണ് ഈ ഒഴിഞ്ഞ ഇടങ്ങൾ? അദ്ദേഹം പറഞ്ഞു: നിങ്ങളുടെ വീടുകൾ തന്നെ. സ്വന്തം സ്വഭാവത്തെ തെളിമയാക്കുന്നവരല്ലാത്ത ആർക്കും ആ കാലത്ത് രക്ഷയുണ്ടാവില്ല. അദ്ദേഹം പറയുമായിരുന്നു: ഇനിയുള്ളത് സംസാരത്തിന്റെ കാലമല്ല. നിശബ്ദരാവുകയും വീടുകളിൽ മാത്രമായി ഒതുങ്ങിക്കൂടേണ്ടതുമായ കാലമാണിത്(ഇബ്നുൽ ബന്ന അൽ‌ ഹമ്പലി, രിസാല മുഗ്നിയ ഫീ സുകൂതി വ ലുസൂമിൽ ബുയൂത്ത്, പേ. 37).

Also read: കൊറോണയുടെ മറവിൽ ഏകാധിപത്യം കൊതിക്കുന്നവർ

അപകടങ്ങൾ ഒഴിവാക്കുക
നമുക്ക് വന്നു ചേരുന്ന അപകടങ്ങളും വിപത്തുകളും ഒഴിവാക്കുക എന്നത് മാത്രമായിരുന്നു ഈ വിഷയങ്ങളിൽ വന്ന പ്രവാചക മൊഴികളുടെയെല്ലാം താൽപര്യം. ഫിത്ന ഉണ്ടാകുന്ന സമയത്ത് വീട്ടിൽ തന്നെ കഴിയാനും അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങാതിരിക്കാനും പ്രവാചകൻ സ്വഹാബാക്കളോട് കൽപ്പിക്കുമായിരുന്നു. അബൂ മൂസൽ അശ്അരി ഉദ്ധരിക്കുന്നു. ഒരിക്കൽ ഒരു ഫിത്‌ന പൊട്ടിപ്പുറപ്പെട്ട സമയത്ത് പ്രവാചകൻ ജനങ്ങളോട് കൽപ്പിച്ചു: “നിങ്ങളുടെ ആരാധനാലയങ്ങളെ നിങ്ങള്‍ ഒഴിവാക്കുക, നിങ്ങളുടെ ദശനാരുകളെ നിങ്ങൾ പിടിച്ചുവെക്കുക, നിങ്ങളുടെ വീടുകളിൽ മാത്രം തങ്ങുക, ആദം സന്തതികളെപ്പോലെ ആവുക നിങ്ങൾ”(തിർമുദി). അബൂ ദാവൂദ് ഉദ്ധരിക്കുന്ന ഹദീസിൽ തിരുനബി അരുൾ ചെയ്യുന്നു: “ഇരുളടഞ്ഞ രാത്രിപോലെ ഫിത്‌നകൾ കൊണ്ട് നിറയുന്ന ഒരു സമയം വരാനുണ്ട്. അക്കാലം പുലർച്ചക്ക്‌ വിശ്വാസിയായിരുന്നവൻ വൈകുന്നേരത്തോടെ അവിശ്വാസി ആയിത്തീരും. വൈകുന്നേരം വിശ്വാസിയായിരുന്നവൻ അടുത്ത ദിവസം പുലർച്ചെ ആകുമ്പോഴേക്കും അവിശ്വാസി ആയിത്തീരും. അന്നേരം, നിൽക്കുന്നവനേക്കാൾ ഉത്തമൻ ഇരിക്കുന്നവനാണ്‌. ഓടുന്നവനേക്കാൾ ഉത്തമൻ നടക്കുന്നവനാണ്. നിങ്ങളുടെ ദശനാരുകളെ നിങ്ങൾ പിടിച്ചുവെക്കുക. നിങ്ങളുടെ ആരാധനാലയങ്ങളെ ഒഴിവാക്കുക. അന്നേരം സ്വാഹാബാക്കൾ ചോദിച്ചു: നബിയെ, അങ്ങെന്താണ് ഉദ്ദേശിക്കുന്നത്? പ്രവാചകൻ പറഞ്ഞു: നിങ്ങൾ നിങ്ങളുടെ വീടുകളിൽ മാത്രം തങ്ങുക. നിങ്ങളുടെ വാളെടുത്ത് കല്ലിൽ വെട്ടുക. നിങ്ങളിൽ ആരെങ്കിലും മറ്റൊരുത്തന്റെ അടുത്ത് പോകുന്നുവെങ്കിൽ ആദം സന്തതികളിൽ സൽവൃത്തരെപ്പോലെ അവൻ പെരുമാറട്ടെ”.

ആപത്ത് ഘട്ടങ്ങളിൽ വീട്ടിൽ തന്നെ ഒതുങ്ങിക്കൂടാൻ മറ്റൊരു ഹദീസ് ആസ്വിം ഇബ്ൻ ഹുമൈദ് ഉദ്ധരിക്കുന്നുണ്ട്. അദ്ദേഹം പറഞ്ഞു: ‘പരീക്ഷണങ്ങളും പ്രയാസങ്ങളുമല്ലാതെ മറ്റൊന്നും ദുനിയാവിൽ ഇനി നിങ്ങൾക്ക് കാണാൻ ആകില്ല. കാര്യങ്ങളിൽ അതിന്റെ തീവ്രത വർധിപ്പിക്കുകയേയുള്ളൂ. അധികാരികളിൽ നിന്ന് പരുഷത മാത്രമേ നിങ്ങൾക്ക് കാണാൻ സാധികൂ. നിങ്ങൾ കൂടുതൽ ഭയത്തോടെ നോക്കിക്കാണുന്ന കാര്യങ്ങളെയെല്ലാം അവർ നിസ്സാരമായി കാണും’. ഇതെല്ലാം സമകാലിക സാഹചര്യത്തിൽ നാം നേരിടുകയും അനുഭവിക്കുകയും ചെയ്യുന്ന കാര്യങ്ങളാണ്. ഇന്നലെ നാം പരിഹസിച്ചു തള്ളിയ ഇന്നെത്ര ഗൗരവമുളളതാണ്. കാണേണ്ടത് കാണുകയും കേൾക്കേണ്ടത്‌ കേൾക്കുകയും അനുഭവിക്കേണ്ടത്‌ അനുഭവിക്കുകയും ചെയ്തപ്പോൾ കഴിഞ്ഞ് പോയതെല്ലാം വളരെ നിസ്സാരമായിരുന്നുവെന്ന് നമുക്ക് ബോധ്യമായിത്തുടങ്ങി. ഇനി വരാനിരിക്കുന്നതിന്റെ ഭയാനകതയെക്കുറിച്ച് ആവലാതിയായി. അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ.

‘നിന്റെ വീട് നിന്നെ സംരക്ഷിക്കട്ടെ’ എന്ന തിരുമൊഴിക്ക് ഉംദത്തുൽ ഖാരിയിൽ ഇമാം ബദ്റുദ്ദീൻ അൽ‌ ഈനി വിശദീകരണം നൽകുന്നുണ്ട്: ‘പരസ്പര സമ്പർക്കങ്ങളിലൂടെ ഉണ്ടായേക്കാവുന്ന അപകടങ്ങളെ ഭയന്ന് തനിച്ചിരിക്കുന്നതിന് വലിയ സ്രേഷ്ടതയുണ്ട്. അപകടങ്ങളെ ഭയക്കേണ്ടതില്ലാത്ത സന്ദർഭത്തെക്കുറിച്ച് ഇമാം നവവി പറയുന്നു: ശാഫിഈ മദ്‌ഹബ്‌ പ്രകാരം അപകടങ്ങളെ ഭയക്കേണ്ടതില്ലാത്ത സാഹചര്യമാണുള്ളതെങ്കിൽ അവിടെ പരസ്പര സമ്പർക്കമാണ്‌ ഉത്തമം. മറ്റു പല പണ്ഡിതന്മാരും പറയുന്നത് അപ്പോഴും തനിച്ചിരിക്കൽ തന്നെയാണ് ഉത്തമം എന്നാണ്. എന്നാൽ ഞാൻ പറയുന്നു: ഒരു പ്രവാചക വചനം ഉണ്ട്; ജനങ്ങളുമായി സമ്പർക്കത്തിൽ ഏർപ്പെടുകയും അവരിൽനിന്ന് ഏൽക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകളിൽ ക്ഷമാശീലനാവുകയും ചെയ്യുന്ന സത്യവിശ്വാസിയാണ് ജനങ്ങളുമായി സമ്പർക്കത്തിൽ ഏർപ്പെടാത്ത അവരിൽ നിന്ന് ഏൽക്കേണ്ടി വരുന്ന പ്രയാസങ്ങളെ സഹിക്കാൻ കഴിയാത്ത വിശ്വാസിയെക്കാൾ അത്യുത്തമൻ(തിർമുദി)’.

Also read: കൊറോണ പഠിപ്പിച്ച 33 പാഠങ്ങള്‍

വീട്ടിലിരുന്ന് ആത്മവിചാരണ നടത്താം
ഓരോ മുസ്ലിമും സ്വന്തത്തെക്കുറിച്ച് ഒരു ആത്മാവിചാരണ നടത്തേണ്ട സമയമാണെന്നതാണ് ഇസ്ലാമിനെ സംബന്ധിച്ചെടുത്തോളം വീട്ടിലിരിക്കുകയെന്നത് കൊണ്ടുള്ള താൽപര്യം. തന്റെ റബ്ബുമായി കൂടുതൽ അടുത്തിടപഴകാനുള്ള സമയങ്ങളാണത്. മനസ്സ് മരവിപ്പിക്കുന്ന ഭൗതികതയുടെ ആഡംബരങ്ങളിൽനിന്നും ഉന്മാദങ്ങളിൽ നിന്നും മനസ്സ് കൊണ്ട് ദൂരം പാലിക്കാനുള്ള ഇടവേളയാണിത്. ഹിക്ക്‌മത്തി ദാവൂദ് എന്ന ഗ്രന്ഥത്തിൽ പ്രശസ്ത ഹദീസ് പണ്ഡിതനും ചരിത്രകാരന്മാരനുമായ വഹബ്‌ ഇബ്ൻ മുനബ്ബഹ്‌ പറയുന്നു: ‘ഏതൊരു ബുദ്ധിമാനും നാല് സമയങ്ങൾ ഉണ്ടാകും. ആത്മവിചാരണ നടത്തുന്ന സമയം, അല്ലാഹുവുമായി അഭിസംബോധനയിലാകുന്ന സമയം, സ്വന്തം ന്യൂനതകൾ ഗുണദോഷിക്കുന്ന സഹോദരങ്ങളുമൊത്തു ഒഴിഞ്ഞിരിക്കുന്ന സമയം, സ്വന്തം ശരീരത്തിന്റെ ഇച്ഛകൾക്കിടയിലും സംശുദ്ധിയുടെ പാതയിൽ തനിച്ചിരിക്കുന്ന സമയം എന്നിവയാണത്’. ഈയൊരു അർത്ഥത്തിൽ തന്നെയാണ് “അനാവശ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കുക, ദൈവിക വഴിപ്പെടലിലാവുക, ദൈവിക ആരാധനയിൽ മുഴുകുക തുടങ്ങിയവയല്ലാതെ മറ്റെന്തു കാര്യമാണ് വീട്ടിലിരുന്ന് മറ്റു കാര്യങ്ങൾ ചെയ്യുന്നതിനേക്കാൾ മഹത്തരമായുള്ളത്” എന്ന് ഫയ്ളുൽ ഖദീർ എന്ന ഗ്രന്ഥത്തിൽ ഇമാം അൽ മുനാവി ചോദിക്കുന്നത്.

രോഗം ഭയന്നിരിക്കുക
വിശുദ്ധ ഇസ്‌ലാം വീട്ടിലിരിക്കാൻ പറഞ്ഞതിനെയാണ് സമകാലിക പ്രതിസന്ധിയിൽ നാം ക്വാരന്റൈൻ എന്ന് പേരിട്ട് വിളിക്കുന്നത്. ഒരുപാട് ഹദീസുകളിലൂടെ പ്രവാചകൻ അതിന്റെ പ്രാധാന്യത്തെക്കുറിച്ചെല്ലാം നമ്മെ ഉൽബുദ്ധരാക്കിയിട്ടുണ്ട്. ആയിശ ബീവി ഉദ്ധരിക്കുന്ന ഒരു ഹദീസിൽ ഇങ്ങനെ കാണാം. ആയിശ ബീവി തിരുനബിയോട് ചോദിച്ചു: നബിയെ, എന്താണ് പ്ലേഗ്? നബി ഉടനെ പറഞ്ഞു: “ഒട്ടകത്തിന്റെ ഗ്രന്ഥി പോലൊരു ഗ്രന്ഥിയാണത്. പ്ലേഗ് ബാധിച്ചവൻ രക്തസാക്ഷിയെപ്പോലെയാണ്‌. എന്നാൽ, അതിൽനിന്നും ഓടിപ്പോകുന്നവൻ ഇഴയുന്ന കീടങ്ങളെ പോലെയാണ്. ഇഴഞ്ഞെത്തും മുമ്പേ അത് അവനെ പിടികൂടും.” പ്ലേഗ് വ്യാപിക്കുന്ന കാലത്ത് വീട്ടിലിരിക്കേണ്ടത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സാദുൽ മആദു എന്ന ഗ്രന്ഥത്തിൽ ഇബ്ൻ ഖയ്യിം സൂചിപ്പിക്കുന്നുണ്ട്: ‘പകർച്ചവ്യാധികളെ ഭയക്കുന്ന ഏതൊരുത്തനും കായികാഭ്യാസത്തിൽ വ്യാപൃതനാവുകയും എപ്പോഴും വൃത്തിയുള്ളവനാവുകയും വേണം. ഈ രണ്ട് കാര്യങ്ങൾ പകർച്ചാവ്യാധിയെത്തൊട്ട് ശരീരത്തെ സംരക്ഷിക്കാൻ ഏറെ സഹായകരമാകും. മാത്രമല്ല, പകർച്ചവ്യാധി പടർന്നുപിടിച്ച ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് ഒരിക്കലും യാത്ര ചെയ്യരുത്. വളരെയേറെ മുൻകരുതലോടെയാണെങ്കിൽ പോലും ബാക്കിയുള്ളവരെയും അത് ദോഷകരമായിട്ടാണ് ബാധിക്കുക. വൈദ്യ മേഖലയിലെ വിശാരദന്മാരുടെ ഉപദേശമാണിത്. തിരുനബിയുടെ വൈദ്യം ഒരേ സമയം ശരീരത്തിന്റെയും ഹൃദയത്തിന്റെയും ചികിത്സയാണ്’.

Also read: ലോകം കണ്ട മറ്റെല്ലാ ദുരന്തത്തെക്കാളും കൊറോണക്കുള്ള പ്രാധാന്യം ?

പരസ്പര സമ്പർക്കങ്ങളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കേണ്ടതിന്റെ താൽപര്യം സുതരാം വ്യക്തമാണ്; പ്രതിസന്ധികളുണ്ടാക്കുന്ന കാര്യങ്ങളെത്തൊട്ട് വിട്ടുനിൽക്കുക, ജീവിത സത്തയായ ആരോഗ്യത്തെ പരിരക്ഷിക്കുക, മലിനവായു ശ്വസിക്കാതിരിക്കുക വഴി രോഗിയാവാതിരിക്കാനും രോഗങ്ങൾ വ്യാപിപ്പിക്കാതിരിക്കാനും ശ്രമിക്കുക എന്നിവ അതിൽ പെട്ടതാണ്. ‘രോഗം ആക്ഷേപിക്കപ്പെടുമെന്ന പോൽ രോഗിയും ആക്ഷേപിക്കപ്പെടുമെന്ന’ മൊഴി ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്. ഇബ്ൻ ഖയ്യിം പറഞ്ഞത് തന്നെയാണ് ആധുനിക വൈദ്യന്മാരും പറയുന്നത്. രോഗികളെപ്പോലെത്തന്നെ രോഗമില്ലാത്തവരും വീട്ടിൽ കഴിയണമെന്ന് നബി പറയുന്നത് എല്ലാവരുടെയും സുരക്ഷക്ക് വേണ്ടിയാണ്. ഓരോ അസുഖവും ദൈവികമാണെന്ന വിശ്വാസം നമുക്ക് ഉണ്ടാവേണ്ടതുണ്ട്. തിരുനബി പറയുന്നു:”പ്ലേഗ് ബാധിച്ച ഒരാൾ അത് ദൈവിക തീരുമാനം ആണെന്ന് വിശ്വസിച്ചു ക്ഷമ കൈക്കൊള്ളുന്നുവെങ്കിൽ അവന് രക്തസാക്ഷിയുടെ പ്രതിഫലമുണ്ട്”(സ്വഹീഹുൽ ബുഖാരി). പകർച്ചവ്യാധി ബാധിച്ചു മരിക്കാത്തവനും രക്തസാക്ഷിയുടെ പ്രതിഫലം ലഭിക്കുമെന്ന് ഈ ഹദീസ് വിശദീകരിക്കുന്നിടത്ത് ഫത്ഹുൽ ബാരിയിൽ മഹാനായ ഇബ്ൻ ഹജറുൽ അസ്‌ഖലാനി സൂചിപ്പിക്കുന്നുണ്ട്(194/10).

വീട്ടിൽത്തന്നെ ഒതുങ്ങിക്കൂടുന്നതിലെ വിരസത
വീട്ടിലിരിക്കാൻ ആരോഗ്യ വിദഗ്ധര്‍ കൽപ്പിക്കുമ്പോൾ ചിലരതിൽ വിരസതയും അലസതയും കാണിക്കുന്നത് മുൻകാല പണ്ഡിതന്മാർ ചെയ്ത പ്രവർത്തനങ്ങളെയാണ് ഓർമ്മിപ്പിക്കുന്നത്. വീട്ടിൽത്തന്നെ കഴിയുന്നതിനെക്കുറിച്ച് അവർ ഇടക്കിടെ പറഞ്ഞും എഴുതിയും ജനങ്ങളെ ബോധവാന്മാരാക്കിയത് അതിന്റെ ഗുണ വശങ്ങൾ മുൻകൂട്ടി കണ്ടുകൊണ്ടായിരുന്നു. അതിനാൽ തന്നെ മഹാമാരികളുടെ വ്യാപനം ഉണ്ടാകുന്ന സമയത്ത് സ്വയം അപകടം വിളിച്ചു വരുത്തുന്നതിലെ ബുദ്ധിശൂന്യത അവർ ജനങ്ങളെ പറഞ്ഞു ബോധ്യപ്പെടുത്തി. ശറഹുൽ മസ്വാബീഹിൽ ഇബ്ൻ മാലിക് പറയുന്നു: ‘വീട്ടിൽ തന്നെയായിരിക്കുക’. അഥവാ, അത്യാവശ്യകാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങാതിരിക്കുക. വീടുകളിൽ ഇരുന്നു അലസത ഉണ്ടാകാത്ത ജോലികളിൽ മുഴുകുക. ദീനില്‍നിന്ന് തിരിച്ചുകളയുന്ന ഭൗതികതയിൽ നിന്ന് മുഖം തിരിക്കുക.

Also read: ഖുർആൻ പറഞ്ഞ വിശ്വാസികളുടെ ലക്ഷണങ്ങൾ

രത്നച്ചുരുക്കം
പകർച്ചവ്യാധിയാണ് നമ്മെ ഇന്ന് വീട്ടിലിരിക്കാൻ നിർബന്ധിതരാക്കിയിട്ടുള്ളതെങ്കിൽ യഥാർത്ഥത്തിൽ അത് വീട്ടുകാരുമായുള്ള ബന്ധത്തിന്റെ ആഴത്തെക്കുറിച്ച് ആലോചിക്കേണ്ട സമയമാണ്. സുദീർഘമായ സമയം വീട്ടിൽത്തന്നെ കഴിയണമെന്നതു, ഒരു ഭാഗത്ത് ഭാര്യ ഭർത്താക്കന്മാർ തമ്മിൽ സ്വകാര്യമായ അടുപ്പം ശക്തമാക്കാനും മറുഭാഗത്ത് മക്കളും മാതാപിതാക്കളുമായുള്ള ബന്ധം കൂടുതൽ സുദൃഢമാക്കാനും നീ ശ്രമിക്കുന്നില്ലെ എന്ന ഉൾവിളിയാണ്. ഒരു പിതാവെന്ന നിലയിൽ സന്താന പരിപാലനത്തിൽ തന്റെ ഉത്തരവാദിത്വം പൂർണമായി നിർവഹിക്കാനുള്ള സമയമാണിത്. സന്താന പരിപാലനത്തിന്റെ ചുമതല മുഴുവൻ ഭാര്യയുടെ ചുമലിൽ വെച്ചുകെട്ടാതെ ഭാര്യയോടൊപ്പം ചേർന്ന് പരിപാലനം ആനന്ദദായകമാക്കാനുള്ള സുവർണ്ണാവസരം കൂടിയാണിത്. മാത്രമല്ല, ആധുനികതയുടെ അതിപ്രസരങ്ങൾക്ക് വശംവദരായി പാതിരാത്രി കഴിഞ്ഞും തെരുവുകളിലും അങ്ങാടികളിലും സമയം ചെലവഴിക്കുന്നതിന് ഒരു ചെറിയ അളവിലെങ്കിലും മാറ്റം വരുത്താൻ നാം ശ്രമിക്കേണ്ടതുണ്ട്. ജനസമ്പർക്കങ്ങളും ജീവിതോപാതികൾ തേടിയുള്ള യാത്രകളും ജോലിയും ഉപേക്ഷിക്കണമെന്ന് ഇതിനർത്ഥമില്ല. മറിച്ച്, നമ്മുടെ ജീവിതത്തിന്റെ പ്രധാന ഭാഗമായ വീടിനും വീട്ടുകാർക്കും ചെറിയ നിലയിലെങ്കിലും മൂല്യം കൽപ്പിക്കാൻ നാം തയ്യാറാകണം.

ഇബ്ൻ മസൂദ്(റ) തന്റെ പ്രിയ ശിഷ്യന്മാരെ ഉപദേശിക്കുന്നുണ്ട്: ‘നിങ്ങൾ അറിവിന്റെ ഉറവകളാവുക, ഇരുട്ടിലെ വിളക്കാവുക, വീടികങ്ങളിലെ ഇന്ദ്രിയമാവുക, ഹൃദയ സംസ്കരണം നടത്തുക, ഭൂമിയിലുള്ളവരെക്കാളും ആകാശത്തിൽ ഉള്ളവനെ അറിയുക’. സുലൈമാൻ നബിയുടെ ആഗമനം അറിഞ്ഞ ഉറുമ്പുകളുടെ നേതാവും അവർക്ക് നൽകിയ ഉപദേശം വീട്ടിൽ പ്രവേശിക്കാൻ ആയിരുന്നു. അതുവഴി വലിയൊരു അപകടത്തിൽ നിന്ന് സ്വയം സംരക്ഷിക്കാനാകുമെന്ന പാഠമാണ് ആ ഉറുമ്പിലൂടെ അല്ലാഹു നമുക്ക് തരുന്നത്: “അല്ലയോ ഉറുമ്പുകളെ, നിങ്ങൾ നിങ്ങളുടെ വീടുകളിൽ പ്രവേശിക്കുക. സുലൈമാനും സൈന്യവും നിങ്ങളെ ചവിട്ടി മെതിക്കാതിരിക്കട്ടെ. നിങ്ങളെക്കുറിച്ച് അവർ അജ്ഞരാണ്”(അന്നംല്‌: 18). സാമൂഹിക വിഷയങ്ങളിൽ നാം സുലൈമാൻ നബിയുടെ ചരിത്രത്തിലെ ഉറുമ്പിനെപ്പോലെയാകണം. വീട്ടിൽത്തന്നെ കഴിഞ്ഞ് കൂടുന്നത് പല വിപത്തുകളിൽ നിന്നുമുള്ള രക്ഷാകവചം തന്നെയാണ്.

വിവ. അഹ്സൻ പുല്ലൂർ

Related Articles