Current Date

Search
Close this search box.
Search
Close this search box.

മയ്യിത്ത് നമസ്കാരം ( 10- 15 )

മയ്യിത്ത് നമസ്കാരം സാമൂഹ്യബാധ്യതയാണ്. സമൂഹത്തിൽ കുറച്ചു പേർ അതു നിർവഹിച്ചാൽ ബാധ്യതയിൽ നിന്ന് എല്ലാവരും മുക്തരാവും. അബൂഹുറൈറ (റ) ഉദ്ധരിക്കുന്നു.

إن النبي كان يؤتى بالرجل المتوفى عليه الدين فيسأل هل ترك لدينه فضلا، فإن حدث أنه ترك وفاء صلى، وإلا قال للمسلمين: صلوا لى صاحبكم
(കട ബാധ്യതയോടുകൂടി മരിച്ച ആളെ നബി (സ)യുടെ മുമ്പിൽ കൊണ്ടുവരുമായിരുന്നു. അയാൾ കടം വീട്ടാൻ വല്ലതും മിച്ചം വെച്ചിട്ടുണ്ടോ എന്ന് നബി(സ) ചോദിക്കും. വീട്ടാൻ മിച്ചം വെച്ചിട്ടുണ്ടെന്ന് പറഞ്ഞാൽ അവിടുന്ന് നമസ്കരിക്കും. ഇല്ലെങ്കിൽ മുസ്ലിംകളോട് പറയും നിങ്ങളുടെ കൂട്ടുകാരന് വേണ്ടി നമസ്കരിക്കുക- ബു​ഖാരി, മുസ് ലിം)

മയ്യിത്ത് നമസ്കാരം ഏറെ പ്രധാനപ്പെട്ട കാര്യമാണ്. നബി (സ) പറഞ്ഞതായി അബൂഹുറൈറ(റ) ഉദ്ധരിക്കുന്നു.

من تبع جنازة وصلى عليها فله قيراط ومن تبعها حتى يفرغ منها فله قيراطان أحدهما مثل أحد (رواه الجماعة)
(മയ്യിത്തിനെ പിന്തുടർന്നു ജനാസ നമസ്കരിച്ചവന് ഒരു ഖീറാത്ത് പ്രതിഫലമുണ്ട്. സംസ്കരണത്തിൽ നിന്ന് പൂർണമായി വിരമിക്കുംവരെ അതിനെ പിന്തുടരുന്നവന്ന് രണ്ട് ഖീറാത്താണ് പ്രതിഫലം. ഒരു ഖീറാത്ത് ഉഹ്ദു മലയ്ക്ക് തുല്യമാണ്.)

സമയമാവുക എന്നതൊഴിച്ച് മറ്റു നമസ്കാരങ്ങൾക്കുള്ള മുന്നുപാധികളെല്ലാം ജനാസ നമസ്കാരത്തിനും ഉപാധിയാണ്. മയ്യിത്ത് നമസ്കാരത്തിന്റെ നിർബന്ധഘടകങ്ങൾ താഴെ പറയുന്നവയാണ്.

(1) നിയ്യത്ത്
(2) സാധിക്കുന്നവൻ നിൽക്കൽ
(3) നാലു തക്ബീർ,

ജാബിർ (റ) പറയുന്നു:

إن النبي ﷺ صلى على النجاشي فكبر أربعا (البخاري، مسلم)
(നബി(സ) നജാശിക്കുവേണ്ടി നമസ്കരിച്ചു. നാലു തക്ബീർ ചൊല്ലി.

4) ഒന്നാമത്തെ തക്ബീറിനുശേഷം ഫാതിഹ ഓതുക.
5) രണ്ടാമത്തെ തക്ബീറിനുശേഷം നബി(സ)യുടെ പേരിൽ സ്വലാ ചൊല്ലുക.
6) മൂന്നാമത്തെ തക്ബീറിനു ശേഷം മയ്യിത്തിന് വേണ്ടി പ്രാർത്ഥിക്കുക.
7) നാലാമത്തെ തക്ബീറിന് ശേഷം സലാം ചൊല്ലുക.

തന്നോട് ഒരു സഹാബി പറഞ്ഞെന്ന് അബൂഉമാമതുബ്നു സഹ്ൽ (റ) പറഞ്ഞതായി ഇമാം ശാഫിഈ(റ) മുസ്തനദിൽ ഉദ്ധരിക്കുന്നു.

إن السنة في الصلاة على الجنازة أن يكبر الإمام ثم يقرأ بفاتحة الكتاب بعد ويخلص الدعاء التكبيرة الأولى سرا في نفسه ثم يصلي على النبي في الجنازة في التكبيرات ولا يقرأ في شيئ منهن ثم يسلم سرا في نفسه

(ഇമാം തക്ബീർ ചൊല്ലുക, ഒന്നാമത്തെ തക്ബീറിനു ശേഷം പതുക്കെ ഫാതിഹ ഓതുകയും, പിന്നെ നബി(സ)യുടെ പേരിൽ സലാത്ത് ചൊല്ലുകയും തക്ബീറുകൾക്ക് ശേഷം മയ്യിത്തിനുവേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ചെയ്യുക. അവിടെയൊന്നും ഖുർആൻ ഓതരുത്. പിന്നെ പതുക്കെ സലാം പറയുക എന്നതാണ് മയ്യിത്ത് നമസ്കാരത്തിൽ കൈകൊള്ളേണ്ട ചര്യ.

ഇമാം തക്ബീറുകളും സലാമും ഉറക്കെ ചൊല്ലണം. മഅ്മൂമുകൾ മറ്റു നമസ്കാരങ്ങളിലേതു പോലെ തന്നെ പതുക്കെയും പറയണം. സാധാരണ നമസ്കാരത്തിൽ തശഹ്ഹുദിൽ ചൊല്ലുന്ന സലാത്ത് തന്നെയാണ് മയ്യിത്ത് നമസ്കാരത്തിലും ചൊല്ലേണ്ടത്. മയ്യിത്തിന്റെ നന്മക്കുവേണ്ടിയുള്ള ഏതു പ്രാർത്ഥനയുമാവാം. എന്നാൽ ഹദീഥിൽ വന്ന പ്രാർത്ഥനയാണ് ഏറ്റവും നല്ലത്. നബി (സ) പറഞ്ഞു:

إذا صليتم على الميت فأخلصوا له الدعاء (أبوداود، البيهقي، ابن حبان)
(മയ്യിത്തിന് വേണ്ടി നമസ്കരിക്കുമ്പോൾ നിങ്ങൾ അതിനു വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുക.)

ഹദീഥുകളിൽ വന്ന ചില പ്രാർഥനകളാണ് താഴെ.
1) ജനാസ നമസ്കാരത്തിൽ റസൂൽ (സ) ഇപ്രകാരം പ്രാർത്ഥിച്ച തായി അബൂഹുറൈറ(റ) പറയുന്നു.

اللهم أنت ربها وأنت خلقتها وأنت رزقتها وأنت هديتها للإسلام وأنت قبضت روحها وأنت أعلم بسرها وعلانيتها جئنا شفعاء له فاغفر له ذنبه

(അല്ലാഹുവേ, നീയാണ് ഇതിന്റെ ഉടമ; അതിനെ സൃഷ്ടിച്ചതും നീ, ഭക്ഷണം നൽകിയതും നീ. ഇസ്ലാമിലേക്ക് വഴി കാണിച്ചതും നീ, അതിന്റെ ആത്മാവിനെ നീ തിരിച്ചു പിടിച്ചിരിക്കുന്നുവല്ലോ. അതിന്റെ രഹസ്യവും പരസ്യവും അറിയുന്നവൻ നീ മാത്രം. അവന് വേണ്ടി ശുപാർശ ചെയ്യാനാണ് ഞങ്ങൾ വന്നിരിക്കുന്നത്. അതിനാൽ നീ അവന്റെ പാപം പൊറുക്കേണമേ!- അഹ്മദ്, അബൂദാവൂദ് )

2) വാഥിലുബ്നുൽ അഅ് (റ) പറയുന്നു:
صلى بنا النبي على رجل من المسلمين فسمعته يقول: اللهم إن فلان بن فلان في ذمتك وحبل جوارك فقه من فتنة القبر وعذاب النار وأنت أهل الوفاء والحق اللهم فاغفر له وارحمه فانك أنت الغفور الرحيم (أحمد، أبوداود)
(നബി (സ) ഞങ്ങൾക്ക് നേതൃത്വം നൽകി ഒരു മുസ്ലിമിന്റെ മയ്യിത്ത് നമസ്കാരം നിർവ്വഹിച്ചു. നബി (സ) അപ്പോൾ പറയുന്നതു ഞാൻ കേട്ടു: അല്ലാഹുവേ, ഇന്നയാളുടെ മകൻ ഇന്നയാൾ ( ഇവിടെ പരേതന്റെ പേർ പിതാവിന്റെ പേരിനോട് ചേർത്തു പറയണം. ) നിന്റെ സംരക്ഷണയിലും പരിരക്ഷാപാശത്തിലുമാണ്. അതിനാൽ ഖബർ ശിക്ഷയിൽ നിന്നും നരകശിക്ഷയിൽ നിന്നും നീ അദ്ദേഹത്തെ രക്ഷിക്കേണമേ. കരാർ പാലിക്കുന്നവനും അവകാശം നൽകുന്നവനുമാണു നീ. അല്ലാഹുവേ നീ ഇദ്ദേഹത്തിന് പൊറുക്കുകയും കരുണ ചൊരിയുകയും ചെയ്യേണമേ! നീ മാത്രമാണ് പൊറുക്കുന്നവനും കാരുണ്യവാനും.

3) ഔഫ്ബ്നു മാലിക് (റ) പറയുന്നു:
ഒരു ജനാസ നമസ്കാരം നിർവ്വഹിച്ചുകൊണ്ട് നബി (സ) പറയുന്നത് ഞാൻ കേട്ടു:
اللهم اغفرله وارحمه واعف عنه وعافه وأكرم نزله ووسع مدخله واغسله بماء وثلج وبرد ونقه من الخطايا كما ينقى الثوب الأبيض من الدنس وأبدله دارا خيرا من داره وأهلا خيرا من أهله وزوجا خيرا من زوجه وقه فتنة القبر وعذاب النار (مسلم)
(അല്ലാഹുവേ, ഇദ്ദേഹത്തിന് പൊറുക്കുകയും കരുണ ചൊരിയുകയും ചെയ്യണേണമേ! ഇദ്ദേഹത്തിന് മാപ്പ് നൽകേണമേ. സൗഖ്യം നൽകേണമേ! ഇദ്ദേഹത്തിന് മാന്യമായ വിരുന്നൊരുക്കുകയും ഇദ്ദേഹത്തിന്റെ പ്രവേശ സ്ഥലം വിശാലമാക്കുകയും ചെയ്യേണമേ. വെള്ളവും ഹിമവും മഞ്ഞും കൊണ്ട് ഇദ്ദേഹത്തെ കഴുകേണമേ! വെള്ള വസ്ത്രത്തെ ചെളിയിൽ നിന്നെന്നപോലെ പാപത്തിൽ നിന്ന് ഇദ്ദേഹത്തെ ശുദ്ധി ചെയ്യേണമേ! ഇദ്ദേഹത്തിന്റെ ഭവനത്തെക്കാൾ നല്ല ഭവനവും കുടുംബത്തേക്കാൾ നല്ല കുടുംബവും ഇണയെക്കാൾ നല്ല ഇണയെയും നൽകേണമേ! ഖബർ ശിക്ഷയിൽ നിന്നും നരകശിക്ഷയിൽ നിന്നും ഇദ്ദേഹത്തെ കാക്കുകയും ചെയ്യേണമേ!

4). അബൂഹുറൈറ (റ) പറയുന്നു.

صلى رسول الله ﷺﷺ على جنازة فقال : اللهم اغفر لحينا وميتنا وصغيرنا وكبيرنا وذكرنا وأنثانا وشاهدنا وغائبنا اللهم من أحييته منا فأحيه على الإسلام ومن توفيته فتوفه على الإيمان اللهم لا تحرمنا أجره ولا تضلنا بعده (أحمد، أصحاب السنن) .
(റസൂൽ (സ) ഒരു ജനാസ നമസ്കാരം നിർവ്വഹിച്ചുകൊണ്ട് പറഞ്ഞു: അല്ലാഹുവേ, ഞങ്ങളിൽ ജീവിച്ചിരിക്കുന്നവർക്കും മരണപ്പെട്ടവർക്കും ചെറിയ വർക്കും വലിയവർക്കും പുരുഷന്മാർക്കും സ്ത്രീകൾക്കും ഹാജറുള്ളവർക്കും ഇല്ലാത്തവർക്കും നീ പൊറുക്കേണമേ! അല്ലാഹുവേ, നീ ഞങ്ങളിൽ ആരെയെങ്കിലും ജീവിക്കാൻ വിടുന്നുവെങ്കിൽ അവരെ ഇസ്ലാമിൽ അടിയുറച്ചു ജീവിക്കാൻ തുണക്കേണമേ! നീ ഞങ്ങളിൽ ആരെയെങ്കിലും മരിപ്പിക്കുമ്പോൾ ഈമാനിൽ ഉറപ്പിച്ചു നിറുത്തി മരിപ്പിക്കേണമേ! അല്ലാഹുവേ, ഇതിന്റെ പ്രതിഫലം നീ ഞങ്ങൾക്കു തടയരുതേ! ഇദ്ദേഹത്തിന് ശേഷം നീ ഞങ്ങളെ വഴിതെറ്റിയവരാക്കരുതേ! )

മയ്യിത്ത് കുട്ടിയുടേതാണെങ്കിൽ ഇത് കൂടി പറയണം:
اللهم اجعله فرطا لأبويه وسلفا وذخرا وعظة واعتبارا وشفيعا، وثقل به موازينهما وأفرغ الصبر على قلوبهما ولا تفتنهما بعده ولا تحرمهما أجره

(അല്ലാഹുവേ, നീ ഇവനെ ഇവന്റെ മാതാപിതാക്കൾക്ക് സൂക്ഷിപ്പും മുന്നൊരുക്കവും നിധിയും ഉപദേശവും ഗുണപാഠവും ശുപാർശകനു മാക്കേണമേ. അവൻ വഴി അവരുടെ ത്രാസ് ഘനക്കൂടുതലുള്ളതാക്കുകയും അവരുടെ ഹൃദയങ്ങളിൽ ക്ഷമ ചൊരിയുകയും ഇവന്ന് ശേഷം അവരെ കുഴപ്പത്തിലകപ്പെടുത്താതിരിക്കുകയും അവൻ നഷ്ടപ്പെട്ടതിന്റെ പ്രതിഫലം അവർക്കു തടയാതിരിക്കുകയും ചെയ്യേണമേ!)

പ്രാർത്ഥനയിൽ വന്ന സർവ്വനാമങ്ങൾ മയ്യിത്തിന്റെ ലിംഗവ്യത്യാസത്തിനനുസരിച്ച് മാറ്റേണ്ടതില്ല. മയ്യിത്ത് എന്നതാണ് അവിടെയെല്ലാം ഉദ്ദേശ്യം. അതാകട്ടെ പുരുഷനും സ്ത്രീക്കും ഒരുപോലെ ഉപയോഗിക്കും.

നാലാമത്തെ തക്ബീറിന് ശേഷം,
اللهم لا تحرمنا أجره ولا تفتنا بعده
(ഈ മയ്യിത്തിന്റെ പേരിൽ നമസ്കരിച്ച പ്രതിഫലം ഞങ്ങൾക്ക് തടയാതിരിക്കുകയും ഇദ്ദേഹത്തിന് ശേഷം ഞങ്ങളെ കുഴപ്പത്തിൽ പെടുത്താതിരിക്കുകയും ചെയ്യേണമേ!) എന്ന് പ്രാർത്ഥിക്കണമെന്നാണ് ഇമാം ശാഫിഈയുടെ പക്ഷം. നാലാം തക്ബീറിന്റെ ശേഷം പൂർവ്വികർ اللهم ربنا آتنا في الدينا حسنة وفي الآخرة حسنة وقنا عذاب النار പറയാറുണ്ടായിരുന്നു.

സാധാരണ നമസ്കാരങ്ങളിലേതുപോലെ തന്നെ മയ്യിത്ത് നമസ്കാര ത്തിൽനിന്ന് വിരമിക്കുമ്പോൾ രണ്ട് സലാം ചൊല്ലണം. വലത്തോട്ടും ഇടത്തോട്ടും തലതിരിക്കുകയും വേണം.

പുരുഷ മയ്യിത്തിന്റെ തലയുടെ ഭാഗത്തും സ്ത്രീയുടെ മദ്ധ്യഭാഗത്തുമാണ് ഇമാം നിൽക്കേണ്ടത്. ഇവ്വിധമാണ് നബി (സ) നിന്നിരുന്നതെന്ന് അനസ് (റ) പറഞ്ഞതായി അഹ്മദ്, അബൂദാവൂദ്, ഇബ്നുമാജ, തിർമിദി എന്നിവർ ഉദ്ധരിച്ചിട്ടുണ്ട്.

ഒന്നിലധികം ജനാസകൾ, പുരുഷന്മാർ, സ്ത്രീകൾ, കുട്ടികൾ എല്ലാവരുടേതുമായുണ്ടെങ്കിൽ എല്ലാവർക്കും വേണ്ടി ഒന്നിച്ച് നമസ്കരി ക്കാവുന്നതാണ്. അപ്പോൾ ഇമാമിന്റെ തൊട്ടുമുമ്പിൽ പുരുഷന്മാരുടേതും അതിനുപിന്നിൽ കുട്ടികളുടേതും അതിനും പിന്നിൽ സ്ത്രീകളുടേ തുമായാണ് മയ്യിത്തുകൾ നിരത്തി വെക്കേണ്ടത്. നമസ്കാരത്തിൽ പങ്കെടുക്കാൻ കുറച്ച് ആളുകളേ ഉള്ളൂവെങ്കിൽ അവർ മൂന്ന് അണിയായി നിൽക്കണം. നബി (സ) പറഞ്ഞതായി മാലികുബ്നു ഹുബൈറ (റ) ഉദ്ധരിക്കുന്നു.

ما من مؤمن يموت فيصلي عليه أمة من المسلمين يبلغون أن يكونوا ثلاثة صفوف إلا غفرله فكان مالك بن هبيرة يتحرى إذا قل أهل الجنازة أن يجعلهم ثلاثة صفوف (أحمد، أبوداود، ابن ماجه، الترمذي)

(ഒരു മുഅ്മിൻ മരിക്കുകയും മൂന്ന് സ്വഫ്ഫ് വരുന്ന ഒരു സംഘം മുസ്ലിംകൾ അയാൾക്ക് വേണ്ടി നമസ്കരിക്കുകയും ചെയ്താൽ അയാൾക്ക് പാപമോചനം ലഭിക്കാതിരിക്കുകയില്ല. നബിയുടെ ഈ പ്രസ്താവത്തിന്റെ അടിസ്ഥാനത്തിൽ ജനാസയുടെ ഒപ്പം വന്നവർ കുറവെങ്കിൽ അവരെ മൂന്നായി അണി നിരത്താൻ മാലികുബ്നു ഹുബൈറ ശ്രദ്ധിക്കാറുണ്ടായിരുന്നു.)

ജനാസ നമസ്കാരത്തിന് ആളുകൾ കൂടുന്നതിനൊത്ത് അതിന്റെ ശ്രേഷ്ഠത വർദ്ധിക്കും. ജനാസ നമസ്കാരത്തിന് വൈകിയെത്തുന്നവർ ഇമാമിന്റെ പിന്നിൽ അണിനിരന്ന് നമസ്കാരത്തിൽ ഏർപ്പെടുകയും നഷ്ടപ്പെട്ട ഭാഗം ഇമാമിന്റെ സലാമിന് ശേഷം പൂർത്തിയാക്കുകയും ചെയ്യേണ്ടതാണ്.

പുരുഷന്മാരെപ്പോലെ തന്നെ സ്ത്രീകൾക്കും മയ്യിത്ത് നമസ്കരിക്കാവുന്നതാണ്. അത് ഒറ്റക്കും കൂട്ടായും ആകാം. നബി (സ)യുടെ ജനാസ സ്ത്രീകളും നമസ്കരിച്ചിരുന്നു. തനിക്കു നമസ്കരിക്കാൻ പാകത്തിൽ സഅദുബ്നു അബീവഖ് ഖാസി(റ)ന്റെ ജനാസ പള്ളിയിൽ കൊണ്ടുവരാൻ ആയിശ (റ) നിർദ്ദേശിച്ചിരുന്നു. ഉത്ബതിന്റെ പേരിൽ നമസ്കരിച്ച് കഴിയും വരെ ഉമർ (റ) ഭാര്യയെ – അബ്ദുല്ലയുടെ മാതാവിനെ കാത്തിരുന്നതായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.

ഗർഭം നാലു മാസം തികഞ്ഞിട്ടില്ലാത്ത ശിശു മരണപ്പെട്ടാൽ കുളിപ്പിക്കുകയോ നമസ്കരിക്കുകയോ ചെയ്യേണ്ടതില്ല. നാലുമാസം തികഞ്ഞ ശിശു പ്രസവ സമയത്ത് കരയുകയോ ഞരങ്ങുകയോ ചെയ്തിട്ടുണ്ടെങ്കിൽ കുളിപ്പിക്കുകയും നമസ്കരിക്കുകയും ചെയ്യണം. ഇല്ലെങ്കിൽ കുളിപ്പിക്കണം. നമസ്കരിക്കേണ്ടതില്ല.

ഇസ്ലാമിന്റെ ശത്രുക്കളുമായുള്ള യുദ്ധത്തിൽ വധിക്കപ്പെടുന്ന രക്തസാക്ഷികളെ കുളിപ്പിക്കുകയോ അവർക്കുവേണ്ടി നമസ്കരിക്കുകയോ ചെയ്യേണ്ടതില്ല. യുദ്ധകോപ്പിന്റെ ഭാഗമായി അണിഞ്ഞ രക്തം പുരണ്ട വസ്ത്രം ഉരിഞ്ഞ് അയാളുടെ സാധാരണ വസ്ത്രത്തിൽ പൊതിഞ്ഞ് ഖബറടക്കുകയാണ് വേണ്ടത്. എന്നാൽ യുദ്ധത്തിൽ മുറിവേറ്റ ആൾ യുദ്ധം കഴിയും വരെ ജീവിച്ച ശേഷം മരിച്ചാൽ അയാളെ കുളിപ്പിക്കുകയും അയാൾക്കുവേണ്ടി നമസ്കരിക്കുകയും വേണം.

കുറ്റം ചെയ്തതിനു ശിക്ഷയായി വധിക്കപ്പെട്ടവന്നും ആത്മഹത്യ ചെയ്തവന്നും മറ്റു പാപങ്ങൾ ചെയ്തവർക്കും വേണ്ടി അവർ മുസ്ലിംകളെങ്കിൽ നമസ്കരിക്കൽ നിർബന്ധമാണ്. ജാബിർ (റ) പറയുന്നു:

إن رجلا من أسلم جاء إلى النبي ﷺﷺ فاعترف بالزنا فأعرض عنه حتى شهد على نفسه أربع مرات فقال : أبك جنون ؟ قال : لا قال : أحصنت ؟ قال : نعم. فأمر به فرجم بالمصلى فلما أذلقته الحجارة فر فأدرك فرجم حتى مات فقال له النبي خيرا وصلى عليه (البخاري)

(അസ് ലം കുടുംബത്തിൽ പെട്ട ഒരാൾ നബി (സ) യെ സമീപിച്ച് താൻ വ്യഭിചരിച്ചതായി ഏറ്റു പറഞ്ഞു. നബി (സ) അയാളെ ശ്രദ്ധിച്ചില്ല. അയാൾ നാലു തവണ തെറ്റ് ഏറ്റു പറഞ്ഞു. അപ്പോൾ നബി(സ) ചോദിച്ചു: താങ്കൾക്കു ഭ്രാന്തുണ്ടോ? അയാൾ: ഇല്ല. നബി(സ): താങ്കൾ വിവാഹിതനാണോ? അയാൾ: അതെ. നബി(സ) അയാളുടെ കാര്യത്തിൽ ഉത്തരവ് നൽകി. അങ്ങനെ പെരുന്നാൾ നമസ്കരിക്കുന്ന മൈതാനിയിൽ വെച്ച് അയാൾ എറിഞ്ഞു കൊല്ലൽ ശിക്ഷക്ക് വിധേയനായി. കല്ല് ശരീരത്തിൽ പതിച്ചുതുടങ്ങിയപ്പോൾ അയാൾ ഓടി. എങ്കിലും അയാളെ പിടി കൂടി എറിഞ്ഞുകൊന്നു. അങ്ങനെ അയാൾ മരിച്ചു. നബി(സ) അയാളെ പറ്റി നല്ലതു പറയുകയും. അയാളുടെ മയ്യിത്ത് നമസ്കാരം നിർവഹിക്കുകയും ചെയ്തു.)

ഖൈബർ യുദ്ധവേളയിൽ യുദ്ധധനം അപഹരിച്ച ആളുടെ പേരിൽ നബി(സ) നമസ്കരിച്ചില്ല. എന്നാൽ മറ്റുള്ളവരോട് നമസ്കരിക്കാൻ നിർദ്ദേശിച്ചുകൊണ്ട് നബി(സ) പറഞ്ഞു:

صلوا على صاحبكم إنه قد غل في سبيل الله
(നിങ്ങളുടെ കൂട്ടുകാരനു വേണ്ടി നമസ്കരിക്കുവിൻ. അയാൾ ദൈവമാർഗത്തിൽ വഞ്ചന ചെയ്തിരിക്കുന്നു. ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് ഉരുവിട്ട ഏതു മുസ്ലിമിന്റെ പേരിലും നമസ്കരിക്കണമെന്നാണ് പണ്ഡിതാഭിപ്രായം. സത്യനിഷേധികൾക്കു വേണ്ടിയും അവരുടെ കുട്ടികൾക്കു വേണ്ടിയും നമസ്കരിക്കുവാൻ പാടില്ല. കപടവിശ്വാസികളെക്കുറിച്ച് അല്ലാഹു നബി (സ) യോട് കല്പിച്ചതിതാണ്:

ولا تصل على أحد منهم مات أبدا و لا تقم على قبره إنهم كفروا بالله ورسوله (التوبة ٨٤)
(അവരിൽ നിന്ന് മരിച്ച ഒരാൾക്കുവേണ്ടിയും താങ്കൾ നമസ്കരിക്കുകയോ അവരുടെ ഖബറിങ്കൽ നിൽക്കുകയോ ചെയ്യരുത്. അവർ അല്ലാഹു വിലും അവന്റെ ദൂതനിലും അവിശ്വസിച്ചിരിക്കുന്നു.)

മയ്യിത്ത് ഖബറടക്കി കഴിഞ്ഞശേഷം വന്നെത്തുന്നവർക്ക് ഖബറിങ്കൽ ചെന്ന് നമസ്കരിക്കാവുന്നതാണ്. മറുനാട്ടിൽ മരിച്ച ആൾക്കുവേണ്ടി മയ്യിത്ത് മുമ്പിലില്ലാതെ നമസ്കരിക്കാം. മദീനയിൽ മരിച്ച ഒരു സ്ത്രീക്കു വേണ്ടി അവരുടെ മയ്യിത്ത് ഖബറടക്കിയശേഷം നബി(സ) നമസ്കരിച്ചിട്ടുണ്ട്. ഏത്യോപ്യയിലെ നജ്ജാശി മരിച്ചപ്പോൾ നബി(സ) അദ്ദേഹത്തിനു വേണ്ടി മദീനയിൽ സഹാബികളോടൊപ്പം നമസ്കരിച്ചിരുന്നു.

മയ്യിത്ത് നമസ്കാരം പള്ളിയിൽ വെച്ച് നിർവ്വഹിക്കാവുന്നതാണ്. ആയിശ(റ) പറയുന്നു:

ما صلى رسول اللہ ﷺ علی سهيل بن بيضاء إلا في المسجد (مسلم)
(നബി (സ) സുഹൈ ബൈദാഇന് വേണ്ടി പള്ളിയിൽ വെച്ചാണ് നമസ്കരിച്ചത്.)

മയ്യിത്ത് ഖബറുകൾക്കിടയ്ക്ക് കൊണ്ടുവെച്ച് നമസ്കരിക്കുന്നത് അഭികാമ്യമല്ലെന്ന് ബഹുഭൂരിപക്ഷം പണ്ഡിതൻമാരും അഭിപ്രായപ്പെടുന്നു.

നമസ്കാരത്തിനു നേതൃത്വം നൽകേണ്ടതാർ

പിതാവ്, പിതാമഹൻ, മകൻ, മകന്റെ മകൻ, സഹോദരൻ, സഹോദര പുത്രൻ, പിതൃവ്യൻ, പിതൃവ്യപുത്രൻ എന്ന ക്രമമനുസരിച്ചാണ് മയ്യിത്ത് നമസ്കാരത്തിൽ നേതൃത്വം നൽകേണ്ടത് എന്നാണ് ഇമാം ശാഫിഈ (റ)യുടെ പക്ഷം.  ( തുടരും)

Related Articles