Current Date

Search
Close this search box.
Search
Close this search box.

മലിന സാധനങ്ങൾ

നമസ്‌കാരം ശരിയാകുന്നതിനുള്ള രണ്ടാമത്തെ നിബന്ധന മാലിന്യത്തിൽനിന്നുള്ള ശുദ്ധീകരണമാണല്ലോ. ശരീരത്തിലോ വസ്ത്രത്തിലോ നമസ്‌കാരസ്ഥലത്തോ മാലിന്യം ചേർന്നാൽ ശുദ്ധീകരിച്ച ശേഷമേ നമസ്‌കരിക്കാൻ പാടുള്ളൂ. അതുകൊണ്ട് മലിനസാധനങ്ങൾ എന്തെല്ലാമാണെന്നും എത്ര വിധമുണ്ടെന്നും നാം ഗ്രഹിക്കേണ്ടതുണ്ട്. അപ്രകാരംതന്നെ അവയിൽനിന്നുള്ള ശുദ്ധീകരണം എങ്ങനെയാണെന്നും നാം മനസ്സിലാക്കേണ്ടതുണ്ട്.

മലിന സാധനങ്ങൾ രണ്ടുവിധമാകുന്നു. ഒന്ന്, സ്വതവേ മലിനമായത്. അതിന്റെ സത്തതന്നെ മലിനമായിരിക്കും. അതിന് عين النجس എന്നു പറയുന്നു. രണ്ട്, മറ്റൊന്നുകൊണ്ട് മലിനമായിത്തീർന്നത്. അതിന്ന് متنجس എന്നു പറയുന്നു.
കാഷ്ഠം, മൂത്രം, മദ്‌യ്, രക്തം, ചലം, ഛർദ്ദിച്ചത്, കള്ള് പോലത്തെ ലഹരിദ്രാവകങ്ങൾ, മനുഷ്യനും മത്സ്യവും വെട്ടുകിളിയും ഒഴികെയുള്ളവയുടെ ശവങ്ങൾ, നായ, പന്നി എന്നിവ عين النجس കൾ ആകുന്നു. عين النجس നനവോടുകൂടി ഒരു സാധനത്തിൽ തട്ടുകയോ ചേരുകയോ ചെയ്താൽ അതിന്നാണ് متنجس എന്നു പറയുന്നത്.

മാലിന്യത്തിൽനിന്നുള്ള ശുദ്ധീകരണം

സത്തതന്നെ മലിനമായ സാധനത്തിന്നാണല്ലോ എന്നു പറയുന്നത്. അതിനെ വെള്ളംകൊണ്ട് കഴുകി ശുദ്ധീകരിക്കുവാൻ സാധിക്കില്ല. എന്നാൽ عين النجسകളുടെ കൂട്ടത്തിൽ ഉൾപ്പെട്ട കള്ള് മുതലായ ലഹരി ദ്രാവകങ്ങൾ തനിയെ സുർക്കയായാൽ ശുദ്ധിയുള്ളതായിത്തീരുന്നതാണ്. അപ്രകാരം നായയും പന്നിയും ഒഴികെയുള്ള ശവത്തിന്റെ തോൽ ഊറക്കിട്ടാൽ അതും ശുദ്ധിയുള്ളതായിത്തീരുന്നതാണ്. عين النجس കളിൽ മറ്റൊന്നും ശുദ്ധീകരിക്കുക സാധ്യമല്ല. متنجس അഥവാ നജസ് ചേർന്നതുകൊണ്ട് മലിനപ്പെട്ട സാധനം ശുദ്ധീകരിച്ചെടുക്കാവുന്നതാണ്. പക്ഷേ, പാൽ, തേൻ, എണ്ണ തുടങ്ങിയ ദ്രാവകങ്ങളായ സാധനങ്ങളിൽ ‘നജസ്’ ചേർന്നാൽ അവയെ ശുദ്ധീകരിക്കുക സാധ്യമല്ല.

റൊട്ടി, ചോറ്, ഉറച്ച നെയ്യ് മുതലായ സാധനങ്ങളിൽ നജസ് വീണാൽ ആ നജസും അത് തട്ടിയ സ്ഥലത്തുള്ളതും എടുത്തു കളഞ്ഞാൽ മതി. ബാക്കിയുള്ളത് ശുദ്ധിയായിരിക്കുന്നതാണ്.

സമചതുരം അരയരക്കാൽ വാര വലുപ്പമുള്ള കുഴിയിലോ പാത്രത്തിലോ കൊള്ളുന്ന വെള്ളത്തിന്ന് ‘രണ്ടു ഖുല്ലത്ത് വെള്ളം’ എന്നു പറയുന്നു. വെള്ളം രണ്ടു ഖുല്ലത്തോ അതിലധികമോ ഉണ്ടെങ്കിൽ അതിന്ന് ‘അധികരിച്ച വെള്ളം’ എന്നാണ് പറയുക. രണ്ടു ഖുല്ലത്തിൽ കുറഞ്ഞതിന്ന് ‘കുറഞ്ഞ വെള്ളം’ എന്നും പറയുന്നു.

കുറഞ്ഞ വെള്ളത്തിൽ ‘നജസ്’ ചേർന്നാൽ അത് متنجس ആയിത്തീരുന്നതാണ്. ഉദാഹരണമായി, രണ്ടു ഖുല്ലത്തിൽ കുറവായ വെള്ളത്തിൽ ഒരു തുള്ളി മൂത്രമോ രക്തമോ വീണുപോയാൽ അത് അശുദ്ധമായി ഗണിക്കപ്പെടുന്നതാണ്.

എന്നാൽ ‘കുറഞ്ഞ വെള്ള’ത്തിൽ നജസ് ചേർന്ന ശേഷം അതിൽ കൂടുതൽ വെള്ളം ഒഴിച്ചതിനാൽ ‘രണ്ടു ഖുല്ലത്താ’യിത്തീർന്നാലോ? എന്നാലത് ‘മുതനജ്ജിസ’ല്ല. പക്ഷേ, ‘നജസ്’ ചേർന്നതുകൊണ്ട് വെള്ളത്തിന്റെ ഗുണത്തിൽ മാറ്റം സംഭവിക്കരുത്. അതായത്, വെള്ളത്തിന്റെ രുചിയോ നിറമോ വാസനയോ കലർന്ന കാരണത്താൽ വ്യത്യാസപ്പെടരുത്. വ്യത്യാസപ്പെട്ടാൽ അതും متنجس ആയിത്തന്നെ ഗണിക്കപ്പെടുന്നതാണ്. അതായത്, കുറഞ്ഞ വെള്ളത്തിൽ ‘നജസ്’ ചേർന്ന ശേഷം വെള്ളം അധികരിപ്പിക്കുകയും തൻമൂലം നജസുകൊണ്ട് ഉണ്ടായ ഗുണവ്യത്യാസം നീങ്ങുകയും ചെയ്താൽ ആ വെള്ളം ‘തഹൂ‍ർ’ ആകുന്നു.

‘അധികരിച്ച വെള്ള’ത്തിൽ നജസ് ചേർന്നതുകൊണ്ട് മാത്രം വെള്ളം അശുദ്ധമാവുകയില്ല. പിന്നെയോ, ‘നജസ്’ ചേരുകയും തൻമൂലം വെള്ളത്തിന്റെ ഗുണം (രുചി, നിറം, വാസന) മാറിപ്പോവുകയും വേണം. അങ്ങനെ വെള്ളത്തിന്റെ ഗുണം മാറിയാൽ അതും ‘നജസ്’ ആയി ഗണിക്കപ്പെടുമെന്നതു തീർച്ചതന്നെ.

മാലിന്യത്തിൽനിന്നുള്ള ശുദ്ധീകരണം
ശുദ്ധീകരണത്തിന് ‘തഹൂ‍ർ’ ആയ വെള്ളം ആവശ്യമാകുന്നു. വസ്ത്രത്തിലോ ശരീരത്തിലോ മറ്റോ عين النجس ചേർന്നാൽ നല്ലവണ്ണം ശുദ്ധിയാകുന്നതുവരെ ‘തഹൂ‍ർ’ ആയ വെള്ളം കൊണ്ടു കഴുകണം. അതായത്, നജസ് അതിന്റെ രുചിയും വാസനയും നിറവും നീങ്ങിപ്പോകുന്നതുവരെ കഴുകണം. സോപ്പ് മുതലായ സാധനങ്ങളുപയോഗിച്ച് വളരെ പണിപ്പെട്ട് കഴുകിയ ശേഷം നജസിന്റെ മണം മാത്രമോ അല്ലെങ്കിൽ നിറം മാത്രമോ നീങ്ങിപ്പോകുന്നില്ലെങ്കിൽ അതുകൊണ്ട് വിരോധമില്ല.

നായ തൊട്ടതുകൊണ്ട് ‘മുതനജ്ജിസാ’യ സാധനം വൃത്തിയാക്കുമ്പോൾ ഏഴു പ്രാവശ്യം കഴുകണം. അതിൽ ഒരു പ്രാവശ്യം ശുദ്ധമായ മണ്ണ് കലർത്തിയ വെള്ളം കൊണ്ടായിരിക്കുകയും വേണം.

കൊതുക്, ചെള്ള് മുതലായവയുടെ രക്തവും കുരു, ചൊറി മുതലായവയിൽനിന്നുള്ള ചോരയും കഴുകിക്കൊള്ളണമെന്നില്ല. അത് വിട്ടുവീഴ്ച ചെയ്യപ്പെടുന്നതാകുന്നു.

എന്നാൽ മലമൂത്രദ്വാരങ്ങളിൽനിന്നും പുറപ്പെടുന്ന രക്തം വിടുതിയുള്ളതല്ല. ഈച്ച, നരിച്ചീർ മുതലായവയുടെ കാഷ്ഠവും മൂത്രവും വിടുതിയുള്ളതാകുന്നു.

പാൽ ഒഴികെ ഒന്നും ഭക്ഷിച്ചിട്ടില്ലാത്തതും രണ്ടു വയസ്സ് തികയാത്തതുമായ ആൺകുട്ടിയുടെ മൂത്രം വസ്ത്രത്തിലോ മറ്റോ ആയാൽ അതിൽ വെള്ളം ഒഴുക്കിക്കഴുകണമെന്നില്ല. അതിൽ നല്ലതുപോലെ വെള്ളം തളിച്ചാൽ മതിയാകുന്നതാണ്.

നജസ് ചേർന്ന സാധനം ശുദ്ധീകരിക്കുമ്പോൾ ‘കുറഞ്ഞ വെള്ള’ത്തിൽ ഇട്ടു കഴുകരുത്. എന്തുകൊണ്ടെന്നാൽ അത് കുറഞ്ഞ വെള്ളത്തിൽ ഇടുന്നതോടുകൂടി ആ വെള്ളം മുതനജ്ജിസായിത്തീരുന്നതാണ്. അതിനാൽ നജസ് ചേർന്ന സാധനത്തിലേക്ക് വെള്ളം ഒഴിച്ചു കഴുകേണ്ടതാകുന്നു. എന്നാൽ രണ്ട് ഖുല്ലത്ത് തികഞ്ഞ വെള്ളമാണെങ്കിൽ അതിൽ ഇട്ടു കഴുകാവുന്നതാണ്.

ശൗച്യം
മലമൂത്ര വിസർജനത്തിനു ശേഷം ശുദ്ധിയാക്കണമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇസ്‌ലാമിൽ നിർബന്ധമായ കാര്യമാണിത്. ശുദ്ധിയും വൃത്തിയും പാലിക്കുവാൻ അത് വളരെ ആവശ്യമാകുന്നു.

മൂത്രിക്കുകയോ കാഷ്ഠിക്കുകയോ ചെയ്താൽ ത്വഹൂറായ വെള്ളംകൊണ്ട് കഴുകി ശുദ്ധിയാക്കേണ്ടതാണ്. കല്ല്, മരക്കഷണം, കടലാസ്സ് മുതലായവ കൊണ്ട് വിസർജന ദ്വാരങ്ങൾ നല്ലവണ്ണം തുടച്ചു വൃത്തിയാക്കിയാലും മതിയാകുന്നതാണ്. കല്ല് മുതലായ സാധനങ്ങൾകൊണ്ട് വൃത്തിയാക്കുമ്പോൾ അവ നജസിനെ പിടിച്ചെടുക്കുന്നതായിരിക്കണം. ഉദാഹരണമായി, മൂത്രിച്ച ശേഷം നനഞ്ഞ കല്ലുകൊണ്ട് തടവിയാൽ അത് മൂത്രത്തെ വറ്റിച്ചെടുക്കുകയില്ലല്ലോ. അതുകൊണ്ട് അത് മതിയാവില്ല. കല്ല് മുതലായവകൊണ്ട് ശുദ്ധീകരിക്കുമ്പോൾ ചുരുങ്ങിയത് മൂന്നു പ്രാവശ്യം തടവണം. ഒരിക്കൽ തടവിയ സാധനംകൊണ്ട് രണ്ടാം പ്രാവശ്യം തടവിയാൽ പോരാ. മൂന്ന് പ്രാവശ്യം കൊണ്ട് ശുദ്ധിയായില്ലെങ്കിൽ ശുദ്ധിയാവുന്നത് വരെ തടവണം. ശുദ്ധിയാക്കുവാൻ ഉപയോഗിക്കുന്ന കല്ലും മറ്റു സാധനങ്ങളും ശുദ്ധിയുള്ളതായിരിക്കണം. മുതനജ്ജിസായ സാധനംകൊണ്ട് ശുദ്ധീകരിച്ചാൽ മതിയാവില്ല. ആദരിക്കപ്പെടുന്ന സാധനങ്ങൾ ശുദ്ധീകരണത്തിന് ഉപയോഗിക്കാൻ പാടില്ല.

ആദ്യം കല്ല് മുതലായവകൊണ്ടും പിന്നീട് വെള്ളം കൊണ്ടും ശുദ്ധിയാക്കുന്നത് വളരെ നല്ലതാണ്.

വിസർജന മര്യാദകൾ
മലമൂത്ര വിസർജനം ചെയ്യുമ്പോൾ നാം ചില മര്യാദകൾ പാലിക്കേണ്ടതുണ്ട്. അതിൽ പ്രധാനമായ ചിലത് ചുവടെ ചേർക്കുന്നു.
1. പാദരക്ഷ ധരിക്കുക.
2. സംസാരിക്കാതിരിക്കുക.
3. വിസർജനത്തിന്നു നിശ്ചയിച്ച സ്ഥലത്തേക്കു പ്രവേശിക്കുമ്പോൾ ഇടത്തേ കാൽ ആദ്യം എടുത്തുവെക്കുക.
4. വിസർജന സ്ഥലത്തുനിന്നു പുറത്തുവരുമ്പോൾ വലത്തേ കാൽ ആദ്യം എടുത്തുവെക്കുക.
5. വിസർജനസ്ഥലത്ത് പ്രവേശിക്കുമ്പോൾ

اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْخُبُثِ وَالْخَبَائِثِ(അല്ലാഹുവേ! പൈശാചികമായ എല്ലാവിധ ചീത്ത കാര്യങ്ങളിൽനിന്നും, ഞാൻ നിന്നോട് രക്ഷ തേടുന്നു.)
6. വിസർജന സ്ഥലത്തു നിന്നു പുറത്തുവരുമ്പോൾ,
الْحَمْدُ لِلَّهِ الَّذِي أَذْهَبَ عَنِّي الْأَذَى وَعَافَانِي (എന്നിൽനിന്നു ദുഷ്ട് നീക്കം ചെയ്ത് എനിക്ക് സൗഖ്യം നല്കിയ അല്ലാഹുവിന്നു സ്‌തോത്രം) എന്നു ചൊല്ലുക.
7. ഇരിക്കുമ്പോൾ നിലത്തോടടുക്കും മുമ്പേ വസ്ത്രം ഉയർത്താതിരിക്കുക.
ഇതെല്ലാം വിസർജന വേളയിൽ ആചരിക്കേണ്ട സുന്നത്തുകളാകുന്നു.
മൂത്രപ്പുരയിലോ കക്കൂസിലോ അല്ലാതെ മലമൂത്രവിസർജനം ചെയ്യുമ്പോൾ മറ ഉണ്ടായിരിക്കുകയാണ് ഉത്തമം. മറ ഇല്ലെങ്കിൽ ഖിബ്‌ലയുടെ ഭാഗത്തേക്ക് മുന്നിട്ടും പിന്നിട്ടും വിസർജിക്കാൻ പാടില്ല. ഖബ്‌റിന്മേലും ഭക്ഷണപദാർഥങ്ങളിലും എല്ലിന്മേലും പള്ളിയിലും മലമൂത്ര വിസർജനം പാടില്ല. ഇതെല്ലാം കുറ്റകരമാകുന്നു.
മാളത്തിലും വഴിയിലും ഫലം കായ്ക്കുന്ന വൃക്ഷത്തിന്റെ ചുവട്ടിലും മലമൂത്ര വിസർജനം ചെയ്യരുത്. കെട്ടിനില്ക്കുന്ന വെള്ളത്തിലും വിസർജിക്കരുത്. ഒലിക്കുന്ന വെള്ളം കുറഞ്ഞതാണെങ്കിലും അതിലും വിസർജിക്കരുത്. ഇതെല്ലാം വിരോധിക്കപ്പെട്ടതാകുന്നു.

Related Articles