Current Date

Search
Close this search box.
Search
Close this search box.

മയ്യിത്തിന് വേണ്ടി പ്രാർഥിക്കുന്നത്- തസ്ബീത് ചൊല്ലൽ

ഖബറടക്കം കഴിഞ്ഞാൽ അൽപ്പ സമയം അവിടെത്തന്നെ നിന്നുകൊണ്ട് മയ്യിത്തിന് വേണ്ടി പ്രാർഥിക്കുന്നത് സുന്നത്താണ്. നബി (സ) പഠിപ്പിച്ചതാണത്. ഉസ്മാനുബ്നു അഫ്ഫാൻ പറഞ്ഞു: മയ്യിത്ത് മറമാടിക്കഴിഞ്ഞാൽ ഖബറിനരികിൽ നിന്നുകൊണ്ട് പറയുമായിരുന്നു: “ നിങ്ങള്‍ നിങ്ങളുടെ സഹോദരനു വേണ്ടി പാപമോചനം തേടുക. പരേതന് സ്ഥൈര്യം (തസ്ബീത്ത്) ലഭിക്കാന്‍ അല്ലാഹുവോട് അഭ്യർഥിക്കുകയും ചെയ്യുക. പരേതന്‍ ഇപ്പോള്‍ ചോദ്യം ചെയ്യലിന് വിധേയമായിക്കൊണ്ടിരിക്കുകയാകുന്നു “.- (അബൂദാവൂദ്: 3223).
عَنْ عُثْمَانَ بْنِ عَفَّانَ قَالَ: كَانَ النَّبِىُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذَا فَرَغَ مِنْ دَفْنِ الْمَيِّتِ، وَقَفَ عَلَيْهِ فَقَالَ: « اسْتَغْفِرُوا لأَخِيكُمْ وَسَلُوا لَهُ التَّثْبِيتَ، فَإِنَّهُ الآنَ يُسْأَلُ ».-رَوَاهُ أَبُو دَاوُد: 3223، وَصَحَّحَهُ الأَلْبَانِيُّ.

എന്നാൽ ഇന്ന വാചകങ്ങൾ ഉരുവിട്ട് കൊണ്ട് പ്രാർഥിക്കണമെന്ന് നിഷ്കർഷിച്ചിട്ടില്ല. എങ്കിലും പൊതുവെ ആ സമയത്ത് ആളുകൾ ഈ പ്രാർഥന ചൊല്ലാറുണ്ട്.

« اَللَّهُمَّ ثَبِّتْهُ عِنْدَ السُّؤَالِ، اَللَّهُمَّ أَلْهِمْهُ الْجَوَابَ، اَللَّهُمَّ جَافِ الْقَبْرَ عَنْ جَنْبَيْهِ، اَللَّهُمَّ اِغْفِرْ لَهُ وَارْحَمُهُ، اَللَّهُمَّ آمِنْهُ مَنْ كُلِّ الفَزَعِ ».
ഈ പ്രാർഥന പക്ഷെ നബി (സ) പഠിപ്പിച്ച പ്രാർഥനയൊന്നുമല്ല. പ്രത്യുത ഉപര്യുക്ത ഹദീസിന്റെ അടിസ്ഥാനത്തിൽ സാധാരക്കാർക്ക് ചൊല്ലാനായി പണ്ഡിതന്മാർ ആവിഷ്ക്കരിച്ച രൂപമാണത്. അതു കൊണ്ടു തന്നെ ആ വാചകങ്ങൾ തന്നെ ഉച്ചരിച്ച് പ്രാർഥിക്കുന്നത് സുന്നത്തൊന്നുമല്ല, ഈ ദിക്റിനും പ്രാർഥനക്കും പ്രത്യേക പുണ്യം ഇല്ല എന്നർഥം.

എന്നാൽ നമസ്ക്കാര ശേഷം നാം സ്ഥിരമായി ചൊല്ലാറുള്ള
« اللَّهُمَّ أَنْتَ السَّلاَمُ وَمِنْكَ السَّلاَمُ تَبَارَكْتَ ذَا الْجَلاَلِ وَالإِكْرَامِ ».
തുടങ്ങി ഹദീസുകളിൽ സ്ഥിരപ്പെട്ട ദിക്റുകൾക്കും പ്രാർഥനകൾക്കും പ്രത്യേക പുണ്യമുണ്ട്. അഥവാ ആ സ്ഥലത്ത് അത് ചൊല്ലുന്നതാണ് സുന്നത്ത്. ആ പുണ്യം മറ്റു ദിക്റുകൾക്കില്ല. വിശിഷ്യാ നമസ്ക്കാരശേഷം പ്രാർഥനക്ക് ഉത്തരം ചെയ്യപ്പെടുന്ന സമയമാണെന്ന് നബി (സ) പഠിപ്പിച്ചിരിക്കെ. അവിടെ അനുവദനീയമായ ഏതു ദിക്റും പ്രാർഥനയും ആകാം. ഇനി അഥവാ ആരെങ്കിലും അവയല്ലാത്ത വല്ല ദിക്റോ പ്രാർഥനയോ ഒക്കെ ചൊല്ലിയാൽ അതിന് കുഴപ്പമൊന്നുമില്ല എന്നാൽ ആ സമയത്ത് അത് തന്നെ ചൊല്ലുന്നതിനു മറ്റു ദിക്റുകൾക്കോ പ്രാർഥനകൾക്കോ ഇല്ലാത്ത പ്രത്യേക പുണ്യമുണ്ടെന്നോ, അത് തന്നെ ചൊല്ലുന്നത് സുന്നത്താണെന്നോ വിശ്വസിച്ച് ചൊല്ലിയാൽ അതു ബിദ്അത്താവും. നബി (സ) അത് പഠിപ്പിച്ചിട്ടില്ലാ എന്നതു തന്നെ കാരണം.

ഒന്നുകൂടി തെളിച്ചു പറഞ്ഞാൽ നമസ്ക്കാര ശേഷം
« اللَّهُمَّ أَنْتَ السَّلاَمُ وَمِنْكَ السَّلاَمُ تَبَارَكْتَ ذَا الْجَلاَلِ وَالإِكْرَامِ ».
എന്നു ചൊല്ലുന്നതിന് പ്രത്യേക പുണ്യമുണ്ട്. ഈ വാചകം നബി (സ) പഠിപ്പിച്ചതായതു കൊണ്ടാണത്.

എന്നാൽ മറമാടിക്കഴിഞ്ഞ ശേഷം
« اَللَّهُمَّ ثَبِّتْهُ عِنْدَ السُّؤَالِ، اَللَّهُمَّ أَلْهِمْهُ الْجَوَابَ، اَللَّهُمَّ جَافِ الْقَبْرَ عَنْ جَنْبَيْهِ، اَللَّهُمَّ اِغْفِرْ لَهُ وَارْحَمُهُ، اَللَّهُمَّ آمِنْهُ مَنْ كُلِّ الفَزَعِ ».
ഇത് ചൊല്ലുന്നതിന് പ്രത്യേക പുണ്യമില്ല. ഈ വാചകം നബി (സ) പഠിപ്പിച്ചതല്ല എന്നതു തന്നെ കാരണം. എന്നാൽ ഈ പ്രാർഥന ചൊല്ലാമോ? തീർച്ചയായും ചൊല്ലാം, പുണ്യകർമ്മമാണത്.

എന്നാൽ ഈ പ്രാർഥന ഒരാൾ ചൊല്ലിക്കൊടുക്കുകയും ചുറ്റുമുള്ളവർ അത് ഏറ്റു ചൊല്ലുന്നതും ആമീൻ പറയുന്നതും പ്രത്യേക സുന്നത്തുണ്ട് അതിന് പ്രത്യേക പുണ്യമുണ്ട് എന്നൊക്കെ വിശ്വസിച്ചു കൊണ്ട് ചെയ്താൽ അത് ബിദ്അത്തായി.

Related Articles