Fiqh

ജനാസ നമസ്‌കാരം: ഒരല്‍പം ആസൂത്രണമാവാം

ഈയിടെ ഒരു ജനാസ നമസ്‌കാരത്തില്‍ പങ്കെടുക്കാനിടയായി. മരണത്തിന്റെ സ്വഭാവം കാരണം വലിയൊരു ജനാവലിയാണ് തടിച്ചു കൂടിയത്. ജനാസ പള്ളിയിലെത്തുന്നതിന്നു മുമ്പ് തന്നെ അവിടം ജനനിബിഡമായിരുന്നു. പള്ളിയിലെ ജമാഅത്തിന്റെ സമയം ആസന്നമായിട്ടുണ്ട്. പെട്ടെന്നാണ് പ്രഖ്യാപനം! ആദ്യം മയ്യിത്ത് നമസ്‌കാരം! പിന്നെ കാത്തിരിപ്പ്! അവസാനത്തെയാളും കൂടി വുദുവെടുത്ത് കയറുന്നത് വരെ ഒരേ നില്പ്. നമസ്‌കാരം കഴിഞ്ഞു, സെക്കന്റുകളുടെ മാത്രം ഇടവേള. ഉടനെ വരുന്നു, ഇഖാമത്ത്! ജനാസ നമസ്‌കാരത്തിന്റെ സ്വഫ്ഫുകള്‍ക്കിടയില്‍ വിടവ് വേണ്ടല്ലോ. പക്ഷെ, ജമാഅത്ത് നമസ്‌കാരത്തിന്റെതിന്ന് അത് വേണം. സുജൂദ് ചെയ്യണമല്ലോ. ജനം ഇതികര്‍ത്തവ്യതാ മൂഢരായി. കുറെയാളുകള്‍ മുമ്പില്‍ നിന്ന് പിന്‍മാറാന്‍ തുടങ്ങി. കുറെയാളുകള്‍ നമസ്‌കാരത്തില്‍ പ്രവേശിച്ചു. ആകെ കോലാഹലം. നമസ്‌കരിക്കുന്നവര്‍ക്ക് കിട്ടിയത് ഉന്തും തള്ളും. മുമ്പില്‍ നിന്ന് പിന്നോട്ടു വരുന്നവര്‍ക്കാകട്ടെ ഒന്നു നില്‍ക്കാന്‍ പോലും സ്ഥലമില്ല. വല്ലാത്തൊരു ഗതികേട്!

ഒരല്‍പം ആസൂത്രണമുണ്ടായിരുന്നുവെങ്കില്‍ ഇത് നടക്കുമായിരുന്നുവോ? സ്വാഭാവികമായും മനസ്സ് മന്ത്രിച്ചു.

നമ്മുടെ കാര്യങ്ങള്‍ പൊതുവെ എടുത്തു നോക്കിയാല്‍ ആസൂത്രണമില്ലായ്മയും അതിനാലുണ്ടാകുന്ന വിഷമങ്ങളും ധാരാളം കാണാം. ജനാസയുടെ കാര്യത്തിലാണിത് ഏറ്റവും മുഴച്ചു കാണുക.

1. സമയ നിശ്ചയം

മരണം സംഭവിച്ചു കഴിഞ്ഞാല്‍ ആദ്യമായി നടക്കുക ജനാസ നമസ്‌കാരത്തിന്റെയും സംസ്‌കാരത്തിന്റെയും സമയം നിശ്ചയിക്കുകയാണ്. പങ്കെടുക്കേണ്ടവരുടെ സൗകര്യമാണതില്‍ പ്രധാനമായി പരിഗണിക്കപ്പെടുക എന്നത് സ്വാഭാവികം. കുടുംബാംഗങ്ങളും നാട്ടു പ്രമുഖരും കൂടി അത് നിശ്ചയിക്കുന്നു. പലപ്പോഴും പള്ളിയിലെ ജമാഅത്തിനെ കുറിച്ചോ, മറ്റു സൗകര്യങ്ങളെ കുറിച്ചോ ചിന്തിക്കാതെയായിരിക്കും ഈ നിശ്ചയം. തന്മൂലം മുകളില്‍ കണ്ട ഗതികേട് സംഭവിക്കുന്നു. സമയം നിശ്ചയിക്കുമ്പോള്‍ പള്ളി അധികാരികളുമായി കൂടിയാലോചന നടത്തുകയാണെങ്കില്‍ ഈ പ്രശ്‌നം പരിഹരിക്കാവുന്നതേയുള്ളു.

2. മൃതദേഹം വീട്ടില്‍ നിന്നെടുക്കുമ്പോഴുള്ള ദുആ

ജനാസ സംസ്‌കരണ മുറകളില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ് വേഗത. പക്ഷെ, പലപ്പോഴും ശ്രദ്ധിക്കേണ്ടവര്‍ തന്നെ ഈ വസ്തുത അവഗണിക്കുന്നതാണ് അനുഭവം. വീട്ടില്‍ നിന്നെടുക്കുമ്പോഴുള്ള ദുആ ഉദാഹരണം. പള്ളിയിലെ ഇമാമോ, പ്രമുഖ വ്യക്തിത്വങ്ങളോ ആയിരിക്കും ഇത് നിര്‍വഹിക്കുക. പലപ്പോഴും മയ്യിത്തിനെ ‘അപ്പോള്‍ തന്നെ സ്വര്‍ഗ്ഗത്തിലെത്തിക്കാ’നുള്ള തരത്തിലായിരിക്കും ഇത് നടത്തപ്പെടുക. മനപ്പാഠമാക്കിയത്് മുഴുവന്‍ അവതരിപ്പിക്കാനുള്ള വേദിയായി അവര്‍ കാണുന്നത് ഈ നിറഞ്ഞ സദസ്സിനെയായിരിക്കും. ഹ്രസ്വമായൊരു പ്രാര്‍ത്ഥനയോടെ കാര്യം അവസാനിപ്പിക്കുകയാണിവിടെ പണ്ഡിത ധര്‍മ്മം.

3. വുദു ചെയ്യാനുള്ള സൗകര്യം

ആളുകള്‍ വുദു ചെയ്‌തെത്താനുള്ള താമസം മിക്കവാറും എല്ലാ ജനാസകളിലും കാണാം. ഒരേ സമയത്ത് വലിയൊരു ജനാവലിയെത്തുമ്പോള്‍ പെട്ടെന്നു വുദു ചെയ്തു കയറാനുള്ള സൗകര്യമുണ്ടാവുന്ന പള്ളികള്‍ വളരെ വിരളമാണ്. പലപ്പോഴും നീണ്ട ക്യൂ തന്നെ വുദു സ്ഥലത്ത് രൂപപ്പെടുന്നത് കാണാം. നമസ്‌കാരം വൈകുന്നതിന്നതില്‍ ഇതിനു വലിയ സ്വാധീനമുണ്ടെന്നത് തീര്‍ച്ചയാണ്. മരണവീട്ടില്‍ പോകുന്നവര്‍ കഴിവതും വുദുവെടുത്ത് തയ്യാറായി പോവുക, കഴിയുമെങ്കില്‍ മരണവീട്ടില്‍ തന്നെ വുദുവിന്ന് സൗകര്യമേര്‍പ്പെടുത്തുക, സന്നദ്ധ പ്രവര്‍ത്തകര്‍ മുന്‍കൈയെടുത്തു താല്‍ക്കാലിക സൗകര്യങ്ങളേര്‍പ്പെടുത്തുക എന്നിവ വഴി ഈ പ്രശ്‌നം പരിഹരിക്കാന്‍ വലിയൊരളവ് സാധിക്കും.

4. അണിനിരന്നു കൊണ്ടുള്ള കാത്തിരിപ്പ്

നമസ്‌കാരത്തിന്നു സന്നദ്ധരായി, വരാനുള്ളവരെ കാത്തു അണിനിരന്നു കൊണ്ടുള്ള കാത്തിരിപ്പാണ് ജനാസയുടെ കാര്യത്തില്‍ ഏറ്റവും പ്രയാസകരമായ കാര്യം. ജനാസ പള്ളിയിലെത്തുന്നതിന്നു മുമ്പ് തന്നെ വലിയൊരു ജനാവലി പള്ളിയിലെത്തിയിട്ടുണ്ടായിരിക്കും. ഈ നമസ്‌കാരത്തില്‍ സുജൂദ് ആവശ്യമില്ലാത്തതിനാല്‍ കഴിവതും അടുപ്പിച്ചായിരിക്കുമല്ലൊ അണി നിരക്കുക. അതിനാല്‍ ഇരിക്കാനുള്ള ഒരു പഴുതും ഉണ്ടാരിക്കുകയില്ല. പ്രായവും രോഗവും ക്ഷീണവും അലട്ടുന്നയാളുകളെ സംബന്ധിച്ചിടത്തോളം വലിയൊരു പീഢനം തന്നെയാണിത്. പലരും മോഹാലസ്യപ്പെട്ട് വീഴുന്നതിന്ന് ഈ കുറിപ്പുകാരന്‍ തന്നെ ദൃക്‌സാക്ഷിയാണ്. അവസാനത്തെയാള്‍ വുദു ചെയ്തു വരുന്നത് വരെയുള്ള കാത്തിരിപ്പാണിതിന് കാരണം. വുദുവിന്റെ കാര്യത്തില്‍ മുമ്പ് സൂചിപ്പിച്ച കാര്യം ഇതിന്ന് ഏറെക്കുറെ പരിഹാരമാണ്. നമസ്‌കാരത്തിന്റെ എണ്ണം വര്‍ദ്ധിപ്പിക്കുകയാണ് മറ്റൊരു പരിഹാരം. അവസാനത്തെയാളെ കാത്തു നില്‍ക്കാനുള്ള വാശി ഒഴിവാക്കി, പള്ളിയില്‍ മുമ്പ് തന്നെ നമസ്‌കാര സന്നദ്ധരായി ഹാജറായവരും വുദു സഹിതം ജനാസയെ അനുഗമിച്ചവരും കൂടി ആദ്യം നമസ്‌കരിക്കുക. അനന്തരം ആളുകള്‍ എത്തുന്ന മുറക്ക് നമസ്‌കാരം നടത്തുക. നമസ്‌കാരത്തിന്റെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതില്‍ യാതൊരു വിരോധവുമില്ലെന്ന് ഇന്ന് ഏതൊരു സാധാരണക്കരനുമറിയാം. സംസ്‌കാരം വൈകുമെന്നതാണ് ഇതിന്ന് ആക്ഷേപമായി വരാനുള്ളത്. അവസാനത്തെയാളെ കാത്തുള്ള നില്‍പിന്നും ഇത് ബാധകമാണല്ലോ എന്നാണ് മറുപടി.

5. പൊരുത്തപ്പെടുവിക്കല്‍

മയ്യിത്ത് മുമ്പില്‍ വെച്ചുള്ള പൊരുത്തപ്പെടുവിക്കലിന്നും ദുആക്കും സമയം വൈകുന്നതില്‍ ഒരു പങ്കുണ്ട്. ‘അവസാനത്തെയാള്‍’ കയറി വന്ന ശേഷമേ, പലപ്പോഴും ഈ ‘ചടങ്ങ് ‘ നിര്‍വഹിക്കപ്പെടുക. ഏകദേശം നമസ്‌കാരത്തിന് ആളുകള്‍ അണിനിരന്നു കഴിഞ്ഞാല്‍ തന്നെ ഇത് നടത്താവുന്നതാണ്.

6. തഹ്‌ലീല്‍

പള്ളിയില്‍ അവസാനത്തെയാള്‍ കയറിവരുന്നത് കാത്ത് നില്‍ക്കുമ്പോള്‍ പലയിടത്തും പുതുതായി ഒരു സമ്പ്രദായം തുടങ്ങിയിട്ടുണ്ട്. ലാ ഇലാഹ ഇല്ലല്ലാഹ് എന്ന ദിക്ര്‍ ഉരുവിടുകയാണത്. വെറുതെ നില്‍ക്കുമ്പോള്‍ മഹത്തായ പ്രതിഫലം നേടാമെന്നതാണ് ഇത് നടപ്പാക്കുന്നവരുടെ ന്യായം. ജനബാഹുല്യം കാരണം, വീര്‍പ്പുമുട്ടുന്ന അന്തരീക്ഷത്തില്‍, നൂറുക്കണക്കിലാളുകള്‍ ഉറക്കെ, അതും ഉച്ചഭാഷിണിയിലൂടെ, ചൊല്ലുന്നത് എത്രമാത്രം അസ്വസ്ഥത സൃഷ്ടിക്കുമെന്ന് ഇക്കൂട്ടര്‍ ചിന്തിക്കുന്നില്ല. അത് കൊണ്ട് തന്നെയായിരിക്കാം മുന്‍ഗാമികളൊന്നും ഈ പ്രതിഫലത്തിന്നാഗ്രഹിക്കാതിരുന്നത്. വളരെ പതുക്കെ ദിക്ര്‍ ചൊല്ലാനുള്ള നിര്‍ദ്ദേശം നല്‍കുകയാണെങ്കില്‍ ഈ പ്രശ്‌നവും പരിഹരിക്കാവുന്നതാണ്.

Facebook Comments
Show More

കെ.എ ഖാദര്‍ ഫൈസി

1959 ല്‍ മലപ്പുറം ജില്ലയിലെ പെരുവള്ളൂരില്‍ ജനനം. പിതാവ് കോര്‍മ്മത്ത് ശംസുദ്ദീന്‍ മുസ്‌ലിയാര്‍. മാതാവ് സൈനബ. ഒതുക്കുങ്ങല്‍ ഉഹ്‌യാഉസ്സുന്ന അറബിക് കോളേജ്, പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജ് എന്നിവിടങ്ങളില്‍ നിന്ന് മതവിദ്യാഭ്യാസ കരസ്ഥമാക്കി. ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, ഇ. സുലൈമാന്‍ മുസ്‌ലിയാര്‍, എം. മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, കെ. സി. മുഹമ്മദ് മൗലവി പാങ്ങ് തുടങ്ങിയവര്‍ ഗുരുനാഥാക്കന്മാരാണ്.

വളര്‍ന്നതും പഠിച്ചതും എല്ലാ യാഥാസ്ഥിക സുന്നി പശ്ചാത്തലത്തിലായിരുന്നുവെങ്കിലും ഖാദിര്‍ ഫൈസി പഠിക്കുമ്പോള്‍ തന്നെ പുരോഗമനാശയക്കാരനായിരുന്നു. 25 വര്‍ഷത്തോളം തിരൂര്‍ക്കാട് ഇലാഹിയ്യ കോളേജില്‍ അധ്യാപകനായി സേവനം ചെയ്തിട്ടുണ്ട്. ഇലാഹിയ്യയില്‍ പ്രിന്‍സിപ്പളായും വാണിമേല്‍ ദാറുല്‍ ഹുദ അറബിക് കോളേജ് പ്രിന്‍സിപ്പലായും സേവനമനുഷ്ടിച്ചിട്ടുണ്ട്.

Close
Close