Current Date

Search
Close this search box.
Search
Close this search box.

മയ്യിത്ത് നമസ്കാരം ( 3 – 15 )

രോഗം ബാധിച്ചാൽ ചികിത്സിക്കേണ്ടതാണ്. നബി (സ) പറഞ്ഞതായി ഇബ്നുമസ്ദ് (റ) ഉദ്ധരിക്കുന്നു:
إن الله لم ينزل داء إلا أنزل له شفاء فتداووا (النسائي، ابن ماجه، حاکم)
(അല്ലാഹു രോഗം നൽകിയിട്ടുണ്ടെങ്കിൽ അതിന് ശമനവും നിശ്ചയിച്ചിട്ടുണ്ട്. അതിനാൽ നിങ്ങൾ ചികിത്സിക്കുക.)

മദ്യം തുടങ്ങിയ നിഷിദ്ധവസ്തുക്കൾ ഉപയോഗിച്ച് ചികിത്സിക്കുന്നത് നിഷിദ്ധമാണെന്ന് ഭൂരിപക്ഷം പണ്ഡിതന്മാർ പറയുന്നത്. ചികിത്സാർത്ഥം മദ്യം ഉപയോഗിക്കുന്നത് സംബന്ധിച്ച് ചോദിച്ചപ്പോൾ നബി (സ) ഇപ്രകാരം മറുപടി പറഞ്ഞു:
إنها ليست بدواء ولكنها داء (مسلم، أبوداود، الترمذي)
(അതു മരുന്നല്ല, മറിച്ച്, അതു രോഗമാണ്.)

ഭിഷഗ്വരൻ വിശ്വസ്തനും വൈദ്യം പഠിച്ചവനുമാവണം. അയാൾ മുസ്ലിമാവണമെന്നു നിർബന്ധമില്ല. ഏതു ഭിഷഗ്വരനോടും ചികിത്സ തേടാവുന്നതാണ്. അപ്രകാരം തന്നെയാണ് മറ്റു സൗകര്യമില്ലാത്തപ്പോൾ പുരുഷൻ സ്ത്രീയെയും സ്ത്രീ പുരുഷനെയും ചികിത്സിക്കുന്നതും. രോഗിയുടെ ശരീരത്തിൽ ചികിത്സക്ക് ആവശ്യമായ ഏതു ഭാഗവും ഡോക്ടർക്ക് കാണാവുന്നതാണ്. റുബയ്യിഅ് ബിൻത് മുഅവ്വിദ് (റ) പറയുന്നു:
كنا نغزو مع رسول الله نسقي القوم ونخدمهم ونرد القتلى والجرحى إلى المدينة (البخاري)
(ഞങ്ങൾ സ്ത്രീകൾ റസൂലി (സ)ന്റെ കൂടെ യുദ്ധത്തിനു പോയിരുന്നു. ഞങ്ങൾ ഭടന്മാർക്ക് വെള്ളം കൊടുക്കുകയും അവരെ പരിചരിക്കുകയും കൊല്ലപ്പെട്ടവരെയും മുറിവ് പറ്റിയവരെയും മദീനയിലേക്ക് കൊണ്ടുപോവുകയും ചെയ്തിരുന്നു.)

പകർച്ചവ്യാധി ബാധിച്ചവർ അതു ബാധിച്ചിട്ടില്ലാത്ത നാട്ടിലേക്കും, അതു ബാധിക്കാത്ത നാട്ടിലുള്ളവർ രോഗമുള്ളിടത്തേക്കും യാത്ര ചെയ്യരുത്. നബി (സ) പറഞ്ഞതായി അബ്ദുർറഹ്മാനബ്നു ഔഫ് (റ) ഉദ്ധരിക്കുന്നു:
إذا سمعتم به في أرض فلا تقدموا عليها وإذا وقع بأرض وأنتم بها فلا تخرجوا فرارا منه (البخاري)
(ഏതെങ്കിലും പ്രദേശത്ത് പ്ലേഗുണ്ടെന്നു കേട്ടാൽ നിങ്ങൾ അവിടെ ചെല്ലരുത്. നിങ്ങളുടെ നാട്ടിൽ അത് പിടിപെട്ടാൽ നിങ്ങൾ അവിടെ നിന്ന് ഓടിപ്പോകയും അരുത്.

മന്ത്ര ചികിത്സ
ചികിത്സയിൽ ഉപയോഗിക്കാറുള്ളതാണ് മന്ത്രം അഥവാ പ്രാർത്ഥന. ഖുർ ആനോ സുന്നത്തിൽ വന്ന പ്രാർത്ഥന കളോ ഉപയോഗിച്ച് മന്ത്രിക്കുന്നത് തെറ്റല്ല. അവ നബി (സ) അനുവദിച്ചതായി ഹദീഥുകളിൽ നിന്ന് ഗ്രഹിക്കാം. ഔഫ്ബ്നു മാലിക് (റ) പറയുന്നു:
كنا نرقى في الجاهلية فقلنا: يارسول الله كيف ترى في ذلك؟ فقال:أعرضوا على رقاكم، لا بأس بالرقي مالم يكن فيه شرك (مسلم، أبوداود)
(ഞങ്ങൾ അനിസ്ലാമിക കാലത്ത് മന്ത്രിക്കുമായിരുന്നു. ഞങ്ങൾ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, അതു സംബന്ധിച്ച് താങ്കളുടെ അഭിപ്രായമെന്താണ്? അദ്ദേഹം പറഞ്ഞു: നിങ്ങളുടെ മന്ത്രം എന്നെ കാണിക്കുക. മന്ത്രത്തിൽ ശിർക്കില്ലെങ്കിൽ അതിന് വിരോധമില്ല.)

ചരടും ഏലസ്സും
രോഗശമനം, കണ്ണേറ് പറ്റാതിരിക്കാൻ തുടങ്ങിയ കാര്യങ്ങൾ ഉദ്ദേശിച്ച് ഏലസ്സും മന്ത്രച്ചരടും മറ്റും ഉപയോഗിക്കുന്നത് നബി (സ) നിരോധിച്ചിട്ടുണ്ട്. ഖദ്ർ വിശ്വാസത്തിനും തവക്കുലിനും വിരുദ്ധമാണത്. അതിൽ വിശ്വാസം അർപ്പിച്ച് അല്ലാഹുവിൽ നിന്ന് മുഖം തിരിച്ചുകളയാനും കാരണമായിത്തീരുന്നു. നബി (സ) പറഞ്ഞതായി ഉഖ്ബതുബ്നു ആമിർ (റ) ഉദ്ധരിക്കുന്നു.

من علق تميمة فلا أتم الله له ومن علق ودعة فلا أودع الله له
(ഏലസ്സ് കെട്ടുന്നവന് അല്ലാഹു ആഗ്രഹം പൂർത്തീകരിച്ചുകൊടുക്കാതിരിക്കട്ടെ. രക്ഷാകവചം കെട്ടുന്നവന് അല്ലാഹു സംരക്ഷണം നൽകാതിരിക്കട്ടെ- അഹ്മദ്,ഹാകിം,ഇബ്നു ഹിബ്ബാൻ)

ഭാര്യയുടെ കഴുത്തിൽ എന്തോ കെട്ടിക്കണ്ട അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) അത് അറുത്തെറിഞ്ഞുകൊണ്ടു പറഞ്ഞു: നബി (സ) പറഞ്ഞ് ഞാൻ കേട്ടിട്ടുണ്ട്.
إن الرقى والتمائم والتولة شرك قالوا : يا أبا عبد الله هذه التمائم والرقى قد عرفناها فما التولة؟ قال:شيئ يصنعه النساء إلى أزواجهن
( മന്ത്രവും ഏലസ്സും കൂടോത്രവും ശിർക്കാകുന്നു. അവർ ചോദിച്ചു. അബൂ അബ്ദില്ല, തമാം, റുഖാ എന്നത് രണ്ടും എന്താണെന്ന് ഞങ്ങൾക്കറിയാം. എന്താണ് തിവലത്ത്? അദ്ദേഹം പറഞ്ഞു: സ്ത്രീകൾ ഭർത്താക്കന്മാരെ വശീകരിക്കാനുദ്ദേശിച്ചു ചെയ്യുന്ന സംഗതി- ഹാകിം, ഇബ്നു ഹിബ്ബാൻ )

ശിർക്ക് പരമായ കാര്യങ്ങളാണെങ്കിലാണ് ഇവ നിഷിദ്ധമാകുന്നത്. എന്നാൽ ഖുർആനിലും ഹദീഥിലും വന്ന പ്രാർത്ഥനകൾ എഴുതിക്കെട്ടുന്നതു സംബന്ധിച്ച് പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്.

أعوذ بكلمات الله التامة من غضبه وعقابه وشر عباده ومن همزاتالشياطين وأن يحضرن
എന്ന പ്രാർത്ഥന പഠിക്കാൻ കഴിവുള്ള സ്വന്തം മക്കള അബ്ദുല്ലാഹിബ്നു അംറുബ്നുൽ ആസ് (റ) അത് പഠിപ്പിക്കുകയും പഠിക്കാൻ കഴിയാത്തവരുടെ കഴുത്തിൽ അത് എഴുതിക്കെട്ടുകയും ചെയ്യുമായിരുന്നു. അബൂദാവൂദും നസാഇയും തിർമുദിയും ഈ സംഭവം ഉദ്ധരിച്ചിട്ടുണ്ട്.

( തുടരും )

Related Articles