Current Date

Search
Close this search box.
Search
Close this search box.

കർമശാസ്ത്രം എന്നതിന്റെ വിവക്ഷ ?

ഇസ്ലാമിക ആദർശവും വിശ്വാസവും അടിസ്ഥാനമായുള്ള അനുഷ്ഠാനങ്ങളിലും കർമജീവിതത്തിന്റെ എല്ലാ തുറകളിലും പ്രാവർത്തികമാക്കേണ്ട നിയമവ്യവസ്ഥകളാണ് കർമശാസ്ത്രത്തിന്റെ പ്രതിപാദ്യം. കർമശാസ്ത്രം സാങ്കേതിക ഭാഷയിൽ ‘ഫിഖ്ഹ്’ എന്ന പേരിലറിയപ്പെടുന്നു. അറിവ്, ജ്ഞാനം, ഗ്രാഹ്യം എന്നെല്ലാമാണ് പ്രസ്തുത പദത്തിന്റെ ഭാഷാർഥം. സമഗ്രമായ ഇസ്ലാമിക നിയമസംഹിതയുടെ പേരാണ് ശരീഅത്ത്.

ദൈവികഗ്രന്ഥമായ ഖുർആനും പ്രവാചക വചനങ്ങളുടെയും ചര്യയുടെയും റിപ്പോർട്ടുകളായ ഹദീഥു’മാണ് ശരീഅത്തിലെ അടിസ്ഥാനപ്രമാണങ്ങൾ. നിർബന്ധ കർമങ്ങളായ നമസ്കാരം, നോമ്പ്, ഹജ്ജ്, സകാത്ത്, സാമൂഹിക ബന്ധങ്ങൾ, സാമ്പത്തിക ഇടപാടുകൾ, ഭരണകാര്യങ്ങൾ, നീതിന്യായ വ്യവസ്ഥ തുടങ്ങിയവയിലെല്ലാം പാലിക്കേണ്ട നിയമചട്ടങ്ങൾ ഖുർആൻ പ്രതിപാദിക്കുന്നു. അനുഷ്ഠാന കർമങ്ങളുടെ അനുബന്ധ കാര്യങ്ങളായ വുദൂഅ്, തയമ്മും, വ്രതാനുഷ്ഠാന സമയം, ഹജ്ജിലെ ത്വവാഫ്, സഅ്, സകാത്ത് വിനിമയ മാർഗങ്ങൾ, സാമൂഹിക ജീവിതവുമായി ബന്ധപ്പെടുന്ന വിവാഹം, വിവാഹമോചനം, സന്താന പരിപാലനം, സാമ്പത്തിക മേഖലയിൽ ധനസമ്പാദനം, വിനിമയം, കൊള്ളക്കൊടുക്കകൾ, രാജ്യഭരണവുമായി ബന്ധപ്പെട്ട നിയമനിർമാണം, ഭരണനിർവഹണം, കുറ്റം, ശിക്ഷ, യുദ്ധം, സന്ധി, രാഷ്ട്രാന്തരീയ ബന്ധങ്ങൾ മുതലായ വിഷയങ്ങളിലെല്ലാം ആവശ്യമായ നിർദേശങ്ങളും ചട്ടങ്ങളും ഖുർആൻ ഉൾക്കൊള്ളുന്നു. അവയുടെയെല്ലാം വിശദീ കരണങ്ങളും പ്രായോഗിക മാതൃകകളും ഹദീഥിൽനിന്ന് ലഭിക്കുന്നു.

ജീവിത തുറകളിലഖിലം അല്ലാഹു ഖുർആനിലൂടെ നൽകിയ വിധികളും കല്പനകളും പ്രാവർത്തികമാക്കേണ്ടവരാണ് മുസ്ലിംകൾ. ഖുർആൻ പറയുന്നു: ഓ നബീ, നാം താങ്കൾക്ക് സത്യസമേതം ഈ ഗ്രന്ഥം അവതരി പ്പിച്ചു, ഇതിനു മുമ്പുള്ള ഗ്രന്ഥത്തെ സത്യപ്പെടുത്തുന്നതും അതിന്മേൽ അധീ ശത്വമുള്ളതുമായിക്കൊണ്ട്. ആകയാൽ അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് താങ്കൾ വിധിനടത്തുക. താങ്കൾക്കു വന്നെത്തിയ യാഥാർഥ്യത്തെ കൈവിട്ട് അവരുടെ (സത്യനിഷേധികളുടെ) ഇഛകളെ താങ്കൾ പിന്തുടരരുത്. (5:48).

വിശ്വാസികൾക്ക് നബിയിൽ ഉത്തമ മാതൃകയുണ്ടെന്നും നബിയെ പിന്തുടരുകയും അദ്ദേഹത്തിന്റെ കല്പനകളനുസരിക്കുകയും വേണമെന്നും ഖുർ ആൻ വ്യക്തമാക്കിയിട്ടുണ്ട്. ചുരുക്കത്തിൽ ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും ദൈവകല്പനയും പ്രവാചക മാതൃകയും പിന്തുടരുക നിർബന്ധ മാണ്. ഖുർആനും നബിചര്യയും പിൻപറ്റുകയാണ് സത്യമാർഗത്തിൽനിന്ന് വ്യതിചലിക്കാതിരിക്കാനുള്ള ഉപാധിയെന്ന് തന്റെ ജീവിതാന്ത്യത്തിൽ മുഹമ്മദു നബി (സ) അനുചരന്മാരോടും മുഴുസമൂഹത്തോടും വസ്വിയ്യത്ത് ചെയ്ത സംഭവം പ്രസിദ്ധമാണ്.

പ്രവാചക(സ)ന്റെ കാലത്ത് ഖുർആനിലൂടെ ലഭിക്കുന്ന വിധികളും തിരുമേനിയുടെ നിർദേശങ്ങളുമനുസരിച്ച് മുസ്ലിംകൾ ജീവിച്ചു. നബി(സ)യുടെ കാലശേഷം അറിയേണ്ട കാര്യങ്ങൾ ഖുർആനിലും സുന്നത്തിലും അവഗാഹമുള്ള പ്രമുഖ സ്വഹാബിമാരോട് അന്വേഷിക്കുക പതിവായി. ആയിശ (റ), ഉമ്മുസലമ (റ) തുടങ്ങിയ പ്രവാചക പത്നിമാരും നാലു ഖലീഫമാർ, അബ്ദു ല്ലാഹിബ്നു മസ്ഊദ്, ഇബ്നു അബ്ബാസ്, ഇബ്നു ഉമർ തുടങ്ങിയ നിരവധി പ്രവാചക ശിഷ്യന്മാരും (റ) ഇങ്ങനെ അനുഷ്ഠാനകാര്യങ്ങളിലും ഇടപാടു കളിലും ഇതര കർമശാസ്ത്ര വിഷയങ്ങളിലും ജനങ്ങൾക്കു വിധികൾ പറ ഞ്ഞുകൊടുത്തവരിൽ പ്രധാനികളാണ്. അവർക്കു ശേഷം സ്വഹാബിമാരുടെ ശിഷ്യഗണങ്ങളിൽപെട്ട “താബിഈ പണ്ഡിതന്മാരിൽനിന്ന് ജനങ്ങൾ ഇസ്ലാ മിക വിധികളും അറിവുകളും തേടി.

കർമശാസ്ത്ര ശാഖയുടെ ആവിർഭാവം
നിത്യജീവിതത്തിന്റെ വിവിധ തുറകളുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ജനങ്ങളഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിലും ഖുർആനിൽ നിന്നും ഹദീ ഥിൽനിന്നും നേർക്കുനേരെ ഗ്രഹിക്കുന്നതും അവ രണ്ടിലും പറഞ്ഞിട്ടുള്ള അടിസ്ഥാന തത്വങ്ങളെ അവലംബിച്ച് നിർധാരണം ചെയ്യുന്നതുമായ വിധികളും നിർദേശങ്ങളും താബിഉകളും താബിഉത്താബിഉകളുമായ പണ്ഡിതന്മാർ വിദ്വൽസദസ്സുകളിൽ ചർച്ചചെയ്യുകയും വിധികളന്വേഷിക്കുന്നവർക്ക് പറഞ്ഞുകൊടുക്കുകയും ചെയ്തു. കർമശാസ്ത്രമെന്ന പുതിയ വിജ്ഞാന ശാഖയുടെ ആരംഭമായിരുന്നു അത്. അതിനുമുമ്പ് ഖുർആൻ വ്യാഖ്യാനവും (തഫ്സീർ), ഹദീഥ് ക്രോഡീകരണവുമായിരുന്നു പണ്ഡിതലോകം വ്യാപരിച്ചിരുന്ന വിജ്ഞാന മേഖലകൾ. കാലക്രമേണ ഉന്നതശീർഷരായ പണ്ഡിതന്മാരും അവരുടെ പ്രഗത്ഭശിഷ്യന്മാരും കർമശാസ്ത്ര (ഫിഖ്ഹ്) സംബ ന്ധിയായ വിധികളും അഭിപ്രായങ്ങളും ഗ്രന്ഥരൂപത്തിൽ ക്രോഡീകരിക്കാ നാരംഭിച്ചു. കർമശാസ്ത്രഗ്രന്ഥങ്ങൾ വിരചിതമായത് ഇങ്ങനെയാണ്.

മദ്ഹബുകൾ
ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും നേരിട്ട് വിധികൾ ഗ്രഹിക്കാൻ യോഗ്യതയുള്ള “മുജ്തഹിദുകളായ ഉന്നത പണ്ഡിതന്മാരും അവരുടെ അഭി പ്രായങ്ങൾ അതേപടി സ്വീകരിക്കുകയും അവയെ അനുകരിച്ച് ജനങ്ങൾക്ക് നിയമവിധികൾ നൽകുകയും ചെയ്ത ശിഷ്യന്മാരും ഹിജ്റ രണ്ടാം ശതകം മുതൽ രംഗത്തു വന്നു. ഇമാം മാലികുബ്നു അനസ് (റ), ഇമാം നുഅ്മാനുബ്നു ഥാബിത് (റ) (അബുഹനീഫ), ഇമാം അഹ്മദുബ്നു ഹമ്പൽ (റ), ഇമാം മുഹമ്മദുബ്നു ഇദരീസ് അശ്ശാഫിഈ (റ), ഇമാം ഔസാഈ (റ), ഇമാം ലൈഥുബ്നു സഅദ് (റ), ഇമാം ദാവൂദുള്ളാഹിരി (റ) തുടങ്ങിയവർ മുജ്തഹിദുകളായ കർമശാസ്ത്ര പണ്ഡിതന്മാരുടെ മുൻപന്തിയിൽ എണ്ണപ്പെടുന്നു. ഇവരിൽ ചിലർക്ക് പണ്ഡിതരായ ധാരാളം ശിഷ്യന്മാരു ണ്ടാവുകയും ആ ശിഷ്യന്മാർ മുഖേന അവരുടെ അഭിപ്രായങ്ങൾ ജനങ്ങൾക്കിടയിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ഫിഖ്ഹിലെ മദ്ഹ ബുകളുടെ ഉത്ഭവം ഇങ്ങനെയാണ്. (സരണി, അഭിപ്രായം എന്നെല്ലാമാണ് ‘മദ്ഹബ്’ എന്ന പദത്തിനർത്ഥം.) മാലികി, ഹനഫി, ഹമ്പലി, ശാഫിഈ എന്നീ നാലു മദ്ഹബുകളാണ് മുസ്ലിം ലോകത്ത് കൂടുതൽ പ്രചാരം നേടിയത്. ഇസ്ലാമിലെ അടിസ്ഥാന പ്രമാണങ്ങളായ ഖുർആനിൽ നിന്നും ഹദീ ഥിൽനിന്നും നേരിട്ട് കർമശാസ്ത്ര നിയമങ്ങൾ മനസ്സിലാക്കാൻ കഴിവില്ലാത്ത സാധാരണക്കാർക്കു വേണ്ടിയാണ് മുജ്തഹിദുകളായ പണ്ഡിതന്മാർ തങ്ങളുടെ പഠനങ്ങളും അഭിപ്രായങ്ങളും ക്രോഡീകരിച്ചത്. അവരുടെ ശിഷ്യന്മാരും പിൽക്കാല പണ്ഡിതന്മാരും അവരെപ്പോലെ പ്രമാണങ്ങളിൽനിന്ന് നേരിട്ട് വിധികൾ കണ്ടെത്താൻ ശ്രമിക്കുന്നതിനു പകരം തങ്ങളുടെ ഗുരു നാഥന്മാരായ ഇമാമുകളുടെ അഭിപ്രായങ്ങളെ അനുകരിക്കുകയാണ് ചെയ്ത ത്. ആദ്യകാലങ്ങളിൽ ഓരോ മദ്ഹബുകൾ പിന്തുടർന്നവർ മറ്റു മദ്ഹബു കളിലെ അഭിപ്രായങ്ങളെ ആക്ഷേപിക്കുകയോ പൂർണമായി തള്ളിക്കളയു കയോ ചെയ്തിരുന്നില്ല. എന്നാൽ പിൽക്കാലത്ത് വിവിധ മദ്ഹബുകളുടെ അനുയായികൾ മറ്റു മദ്ഹബുകളിലെ പണ്ഡിതന്മാരെ ഇകഴ്ത്തുവാനും തങ്ങ ളുടെ മദ്ഹബ് മാത്രമാണ് ശരിയെന്നു വാദിക്കുവാനും തുടങ്ങി.

യഥാർഥത്തിൽ മദ്ഹബ് പക്ഷപാതത്തിന് ഇസ്ലാമിൽ സ്ഥാനമില്ല. ഏതെങ്കിലുമൊരു മദ്ഹബ് മാത്രമോ നാലു പ്രസിദ്ധ മദ്ഹബുകൾ തന്നെയുമോ പിന്തുടർന്നുകൊണ്ട് മതവിധികൾ പാലിക്കാനാവൂ എന്ന് ഗ്രഹിക്കാനുതകുന്ന ഒരു പ്രമാണവുമില്ല. മുകളിൽ വ്യക്തമാക്കിയതു പോലെ നബി(സ)യുടെയും ഖലീഫമാരുടെയും കാലങ്ങളിലും ഹിജ്റ ഒന്നാം നൂറ്റാണ്ടിന്റെ അന്ത്യംവരെയും ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നുമാണ് അന്നത്തെ മുസ്ലിം സമൂഹം മതനിയമങ്ങൾ ഗ്രഹിക്കുകയും അതനുസരിച്ച് തങ്ങളുടെ ജീവിതം ക്രമീകരി ക്കുകയും ചെയ്തത്. അവരുടെ ജീവിതം ഇസ്ലാമിക നിയമങ്ങൾക്കനു സൃതമായിരുന്നുവെന്നംഗീകരിക്കുന്ന പക്ഷം പിൽക്കാലത്തും ഖുർആനി ലെയും ഹദീഥിലെയും വിധികൾ നേരിട്ടു ഗ്രഹിച്ച് അവയനുസരിച്ച് ജീവിക്കു ന്നത് ശരിയാണെന്ന് അംഗീകരിക്കാതിരിക്കാൻ സാധ്യമല്ല. നാലു മദ്ഹബുക ളുടെ ഇമാമുകൾ തന്നെ തങ്ങളുടെ അഭിപ്രായങ്ങൾ ഖുർആനിലെയും സുന്ന ത്തിലെയും പ്രമാണങ്ങൾക്കെതിരാണെന്നു ബോധ്യമാകുന്ന പക്ഷം പ്രസ്തുത പ്രമാണങ്ങളനുസരിച്ചാണ് പ്രവർത്തിക്കേണ്ടതെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ദൈവഗ്രന്ഥത്തിൽനിന്നും നബിചര്യയിൽ നിന്നും സംസിദ്ധമാകുന്ന നിയമങ്ങളും പൊതുതത്വങ്ങളും അടിസ്ഥാനമാക്കി ജീവിതത്തിന്റെ നാനാ തുറ കളിൽ പ്രാവർത്തികമാക്കേണ്ട ഇസ്ലാമിക നിയമങ്ങൾ കണ്ടെത്തി അവ ക്രോഡീകരിച്ചതിലൂടെ സാധാരണ ജനങ്ങൾക്ക് വിലപ്പെട്ട സേവനം നൽകുകയാണ് മദ്ഹബുകളുടെ ഇമാമുമാരും ഫുഖഹാക്കളും ചെയ്തത്. ഇത് അംഗീകരിക്കുകയും അതോടൊപ്പം തന്നെ നബി(സ)യുടെയും സ്വഹാബി മാരുടെയും കാലം മുതൽ ചെയ്തുവന്ന പ്രകാരം ഖുർആനിൽ നിന്നും സുന്ന ത്തിൽനിന്നും നേരിട്ട് വിധികൾ ഗ്രഹിക്കാൻ കഴിവുള്ളവർ അതിനു ശ്രമിക്കുകയും ചെയ്യണമെന്ന നിലപാടാണ് ശരിയായിട്ടുള്ളത്.

ഫിഖ്ഹിന്റെ അടിസ്ഥാന പ്രമാണങ്ങൾ
ഖുർആനും സുന്നത്തുമാണ് ഇസ്ലാമിൽ നിയമവിധികളുടെ അടിസ്ഥാന സ്രോതസ്സുകളെന്ന് മുകളിൽ പറയുകയുണ്ടായി. ലോകാവസാനം വരെ നില നിൽക്കുന്ന ജീവിതവ്യവസ്ഥയെന്ന നിലയ്ക്ക് ഏതു കാലഘട്ടത്തിലും ഏതു സാഹചര്യത്തിലും ജനങ്ങളഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ ഇസ്ലാമിക വിധി കണ്ടെത്തുവാനുള്ള മാർഗം ഖുർആനും സുന്നത്തും അനുശാസിക്കുന്നുണ്ട്. ഇവ രണ്ടിലും വ്യക്തമാക്കിയിട്ടുള്ള അടിസ്ഥാന തത്വങ്ങൾക്കും പൊതുനിയമങ്ങൾക്കും വിധേയമായി പുതിയ പ്രശ്നങ്ങളിൽ നിയമവിധികൾ കണ്ടെത്തുകയാണാ മാർഗം. ഇതിന് സാങ്കേതികഭാഷയിൽ ഇതി ഹാദ്’ എന്നു പറയുന്നു. നബി (സ)യുടെ അധ്യാപനങ്ങൾക്കനുസൃതമായി സ്വഹാബിമാരും താബിഉകളും മദ്ഹബുകളുടെ ഇമാമുമാരും ശേഷം ഇന്നേ വരെയുള്ള പണ്ഡിത ലോകവും അതു പ്രാവർത്തികമാക്കുകയുണ്ടായി. ഖുർആനിനും സുന്നത്തിനും ശേഷം കർമശാസ്ത്ര നിയമാവിഷ്കാര പ്രക്രിയ യിൽ അംഗീകൃതമായ രണ്ടു പ്രമാണങ്ങളാണ് “ഖിയാസും’ ‘ഇജ്മാഉം’, ഖുർ ആനിലോ സുന്നത്തിലോ ഒരു പ്രശ്നത്തിൽ നല്കിയിട്ടുള്ള വിധി ആ പ്രശ്ന ത്തോട് സദൃശമായതും ആ രണ്ടു പ്രമാണങ്ങളിലും വ്യക്തമായ വിധി നൽകി യിട്ടില്ലാത്തതുമായ മറ്റൊരു പ്രശ്നത്തിന് ബാധകമാക്കുന്നതാണ് ഖിയാസ് (ന്യായാധികരണം). ഏതെങ്കിലും പ്രശ്നത്തിൽ ഖുർആനിലും സുന്നത്തിലും അവഗാഹമുള്ള ഇസ്ലാമിക പണ്ഡിതന്മാർ ഏകകണ്ഠമായി നല്കുന്ന വിധിയാണ് ഇജ്മാഅ് (ഏകീകൃതാഭിപ്രായം). ഫിഖ്ഹ് നിയമങ്ങൾ കണ്ടെത്തുന്നതിൽ ഈ നാലു പ്രമാണങ്ങളും (ഖുർആൻ, സുന്നത്ത്, ഖിയാസ്, ഇജ്മാ അ) സാർവത്രികമായി അംഗീകരിക്കപ്പെട്ട നിയമാടിസ്ഥാനങ്ങളാണ്. ഉർഫ് (അറിയപ്പെടുന്ന നാട്ടുനടപ്പ്), ഇസ്തിഹ്സാൻ, അൽമസ്വാലിഹുൽ മുർസല (പൊതുനന്മ പരിഗണിക്കൽ തുടങ്ങി മറ്റു ചില അടിസ്ഥാനങ്ങളും ചില കാര്യങ്ങളിൽ വിവിധ മദ്ഹബുകൾ നിയമാവിഷ്കാരത്തിൽ ആധാരമാക്കിയിട്ടുണ്ട്, അംഗീകൃത പ്രമാണങ്ങളാൽ സ്ഥാപിതമായ പൊതുനിയമങ്ങൾക്കോ ഏതെങ്കിലും വിഷയത്തിൽ ബാധകമായ പ്രത്യേക വിധിക്കോ എതിരാകാത്തിടത്തോളം അവ സ്വീകാര്യമായി ഗണിക്കപ്പെടും.

കർമശാസ്ത്ര നിയമാവിഷ്കാരം ആധുനിക കാലത്ത്
ജീവിതത്തിലുടനീളം പാലിക്കേണ്ട ഇസ്ലാമിക നിയമങ്ങളും ചട്ടങ്ങളു മാണ് കർമശാസ്ത്രത്തിന്റെ പ്രതിപാദ്യമെന്ന് മുകളിൽ വ്യക്തമാക്കുകയു ണ്ടായി. ലോകത്ത് മനുഷ്യജീവിതം നിലനിൽക്കുന്ന കാലത്തോളം പ്രാവർത്തികമാക്കേണ്ട ജീവിതവ്യവസ്ഥയാണ് ഇസ്ലാമെന്നതും അവിതർക്കിതമാണ് അങ്ങനെ വരുമ്പോൾ പരിഷ്കൃത യുഗമെന്നറിയപ്പെടുന്ന ഈ കാലഘട്ടത്തിൽ ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ മനുഷ്യൻ കൈവരിച്ചിട്ടുള്ള പുരോഗതിക്കനുസൃതമായി മാറിവരുന്ന ജീവിതസാഹചര്യങ്ങളിലും പ്രായോഗികമാകണം ഇസ്ലാമിക നിയമങ്ങൾ, പ്രവാചകനും അനുയായികളും അവരുടെ ശിഷ്യന്മാരും കർമശാസ്ത്രം ക്രോഡീകരിച്ച പണ്ഡിത ശ്രേഷ്ഠരുമെല്ലാം ജീവിച്ച ആദ്യ നൂറ്റാണ്ടുകളെയപേക്ഷിച്ച് ഗതാഗതസൗകര്യം, വാർത്താവി നിമയോപാധികൾ, സാമ്പത്തിക ഇടപാടുകൾ തുടങ്ങിയ മേഖലകളിൽ ഇന്നു ണ്ടായിട്ടുള്ള പുരോഗതി മനുഷ്യജീവിതത്തിൽ ഗണ്യമായ മാറ്റങ്ങളുളവാ ക്കിയിട്ടുണ്ട്. ഇതു പരിഗണിച്ച് മുൻകാലത്ത് ക്രോഡീകരിച്ച ഫിഖ്ഹ് നിയമങ്ങളിൽ നമസ്കാര സമയങ്ങൾ, മാസപ്പിറവി നിർണയം, സകാത്ത് ബാധകമാകുന്ന ധനങ്ങൾ, ഹജ്ജിലെ ചില കർമങ്ങളുടെ സമയനിർണയം തുടങ്ങിയ കാര്യങ്ങളിൽ ഇക്കാലത്ത് പരിഷ്കരണമാവശ്യമാണോ എന്ന് ഖുർആനിലെയും സുന്നത്തിലെയും പൊതു സിദ്ധാന്തങ്ങളുടെ വെളിച്ചത്തിൽ പരി ശോധിക്കേണ്ടതുണ്ട്. അപ്രകാരം തന്നെ, ശാസ്ത്രസാങ്കേതിക രംഗങ്ങളിലും വൈദ്യശാസ്ത്രമേഖലയിലുമുണ്ടായ നൂതന കണ്ടുപിടുത്തങ്ങളുടെ ഫലമായും മാറിവരുന്ന സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങൾ കാരണമായും അഭിമുഖീകരിക്കുന്ന പുതിയ പ്രശ്നങ്ങൾക്കുള്ള വിധികളും കണ്ടെത്തേണ്ടതാവശ്യമാണ്. വിമാനയാത്രയിലെ നമസ്കാരം, അവയവങ്ങൾ മാറ്റിവെക്കൽ, കൃത്രിമ ബീജസങ്കലനം, ന്യൂനപക്ഷ സമൂഹങ്ങൾക്ക് ബാധകമാകുന്ന നിയമങ്ങൾ തുടങ്ങിയവ ഇത്തരം പ്രശ്നങ്ങൾക്കുദാഹരണമാണ്.

മുസ്ലിം നാടുകളിലെ പ്രമുഖ പണ്ഡിതന്മാരും ഫിഖ്ഹ് അക്കാദമികളും ഖുർആനും സുന്നത്തും മുൻകാല പണ്ഡിതന്മാരുടെ അഭിപ്രായങ്ങളും അടി സ്ഥാനമാക്കി ഇത്തരം പ്രശ്നങ്ങളിൽ സ്വീകരിക്കേണ്ട ഇസ്ലാമിക വിധികൾ നിർധാരണം ചെയ്യുകയെന്ന ചുമതല ഒരളവോളം നിർവഹിച്ചുകൊണ്ടിരിക്കുന്നുണ്ട്. എങ്കിലുമത് എല്ലാ നാടുകളിലുമുള്ള മുസ്ലിം സമൂഹങ്ങളെയും നേരിടുന്ന കർമശാസ്ത്ര പ്രശ്നങ്ങൾ മുഴുവൻ പരിഹരിക്കത്തക്കവിധം വിശാലവും സമഗ്രവുമാണെന്നു പറഞ്ഞുകൂടാ. ആകയാൽ സമൂഹത്തിന് ശരിയായ മാർഗദർശനം നൽകുകയും വ്യക്തികൾ ഇസ്ലാമിക ശരീഅത്തനുസരിച്ച് ജീവിക്കുന്നുവെന്നുറപ്പുവരുത്തുകയും ചെയ്യേണ്ട പണ്ഡിതന്മാർ ഈ കാലഘട്ടത്തിൽ ഓരോ പ്രദേശത്തും ജീവിതത്തെ ബാധിക്കുന്ന പ്രശ്നങ്ങളിൽ പ്രാവർത്തികമാക്കേണ്ട വിധികൾ കണ്ടെത്താനാവശ്യമായ ഗവേഷണപഠനങ്ങൾ നടത്തുകയെന്ന ഉത്തരവാദിത്തം നിർവഹിക്കേണ്ടതുണ്ട്.

Related Articles