Current Date

Search
Close this search box.
Search
Close this search box.

മയ്യിത്ത് നമസ്കാരം ( 8 – 15 )

മൃതശരീരം മുഴുവൻ ഒരു തവണ വെള്ളം നനക്കുക എന്നതാണ് കുളിയിൽ നിർബന്ധം. പൂർണ്ണരൂപം താഴെ പറയും വിധമാണ്.

മയ്യിത്തിനെ നിലത്തുനിന്ന് വെള്ളം തെറിക്കാത്ത വിധം അല്പം ഉയരമുള്ള ഒരിടത്ത് കിടത്തുക. ഒരു തുണി കൊണ്ട് ഔറത്ത് മറച്ച ശേഷം സാധാരണ വസ്ത്രങ്ങൾ നീക്കുക. കുളിപ്പിക്കാൻ അവശ്യം വേണ്ട ആളുകൾ, അതും വിശ്വസ്തർ മാത്രമേ കുളിപ്പിക്കുന്നിടത്ത് പ്രവേശിക്കാവൂ. ആവശ്യമെങ്കിൽ വെള്ളം ചൂടാക്കാം. കുളിപ്പിക്കുകയാണെന്ന് നിയ്യത്തോടുകൂടി തുടങ്ങുക. മയ്യിത്തിന്റെ വലതുഭാഗത്ത് കൂടി താങ്ങി അരക്കു മേലോട്ടു അല്പം പൊക്കി ഇടതു കൈകൊണ്ട് വയർ മൃദുലമായി അല്പം തടവുക. മാലിന്യങ്ങളുണ്ടെങ്കിൽ പോകാനാണിത്. ഇടതുകൈയിൽ ശീലയോ മറ്റോ ചുറ്റി മലമൂത്രവിസർജ്ജനദ്വാരങ്ങൾ കഴുകിയശേഷം നമസ്കാരത്തിനെന്നപോലെ വുദു ഉണ്ടാക്കിക്കൊടുക്കുക. പിന്നെ തലയിൽ വെള്ളം ഒഴിക്കുക. പിന്നെ വലതുഭാഗവും ഇടതുഭാഗവും കഴുകുക. ചെളിയും മറ്റും പോവാൻ സോപ്പോ, താളിയോ ഉപയോഗിക്കണം. സ്ത്രീകളുടെ മുടി അഴിച്ച് ഉള്ളിൽ വെള്ളം ചേർത്ത് കഴുകി മൂന്നായി മെടഞ്ഞ് പിന്നിലേക്ക് ഞാത്തിയിടണം. ശരീരം ചുരുങ്ങിയതു മൂന്നുതവണ കഴുകണം. കൂടുതൽ തവണ കഴുകണമെന്നുണ്ടങ്കിൽ അഞ്ച്, ഏഴ് എന്നിങ്ങനെ ഒറ്റയിൽ അവസാനിപ്പിക്കണം. അവസാനതവണ വെള്ളത്തിൽ അല്പം കർപ്പൂരം ചേർക്കണം. കുളിപ്പിച്ച് കഴിഞ്ഞാൽ വൃത്തിയുള്ള നേരിയ തുണി കൊണ്ട് ശരീരം തുവർത്തണം. കഫൻ പുടവ നനയാതിരിക്കാൻ അതാവശ്യമാണ്. അനന്തരം മൂന്ന് തവണ സാമ്പ്രാണിയോ മറ്റോ പുകക്കണം. മയ്യിത്തിന്റെ നഖം, രോമം ആദിയായവ മുറിച്ചുകളയാൻ പാടില്ല. കുളിപ്പിച്ച ശേഷം കഫൻ ചെയ്യുന്നതിന് മുമ്പ് മലമൂത്രാദി വല്ല നജസും പുറത്തുവന്നാൽ ആ ഭാഗം മാത്രം കഴുകിയാൽ മതി. മയ്യിത്ത് കുളിപ്പിക്കുന്നതു സംബന്ധിച്ച് ഉമ്മു അതിയ്യ (റ) പറയുന്നു.

دخل علينا رسول اللہ ﷺ حين توفيت ابنته فقال : اغسلنها ثلاثا أو خمسا أو أكثر من ذلك إن رأيتن بماء وسدر واجعلن في الأخيرة كافورا أوشيئا من كافور فإذا فرغتن فآذتني فلما فرغنا آذناه فأعطانا حقوه فقال
أشعرنها إياه (رواه الجماعة)
(മകൾ മരിച്ചപ്പോൾ റസൂൽ (സ) ഞങ്ങളുടെ അടുത്ത് വന്നു പറഞ്ഞു. വെള്ളവും താളിയും ഉപയോഗിച്ച് മൂന്നോ അഞ്ചോ വേണമെന്ന് നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ – അതിൽ കൂടുതലോ തവണ നിങ്ങൾ അവളെ കുളിപ്പിക്കുക. അവസാന തവണ അല്പം കർപ്പൂരവും ചേർക്കുക. കുളിപ്പിച്ച് കഴിഞ്ഞാൽ വിവരം എന്നെ അറിയിക്കുക. അങ്ങനെ കുളിപ്പിച്ച് കഴിഞ്ഞപ്പോൾ ഞങ്ങൾ നബി(സ)യെ അറിയിച്ചു. അപ്പോൾ അദ്ദേഹം തന്റെ തുണി നൽകിയിട്ട് അത് അവരുടെ അടിവസ്ത്രമായി ധരിപ്പിക്കാൻ പറഞ്ഞു.

മറ്റൊരു റിപ്പോർട്ട് ഇപ്രകാരമാണ്. നബി (സ) പറഞ്ഞു:
ابدأن بميامنها ومواضع الوضوء منها
(അവളുടെ വലതുഭാഗത്തുനിന്ന്, അവളുടെ വുദുവിന്റെ അവയവങ്ങൾ കൊണ്ട് തുടങ്ങുക.)

കുളിപ്പിക്കാൻ വെള്ളം ലഭിക്കാതെ വരികയോ, കുളിപ്പിക്കാൻ പറ്റാത്ത വിധം മയ്യിത്ത് അഴുകിപ്പോവുകയോ, കുളിപ്പിക്കാൻ പറ്റിയ ബന്ധുക്കളാരുമില്ലാത്ത വിധം പുരുഷൻമാർ മാത്രമുള്ളിടത്ത് വെച്ച് സ്ത്രീയോ, സ്ത്രീകൾ മാത്രമുള്ളിടത്ത് പുരുഷനോ മരിക്കുകയോ ചെയ്താൽ തയമ്മും ചെയ്യുകയാണ് വേണ്ടത്.

ഭാര്യയെ ഭർത്താവിനും ഭർത്താവിനെ ഭാര്യയ്ക്കും കുളിപ്പിക്കാവുന്നതാണ്. അലി(റ)യാണ് ഫാതിമ(റ)യെ കുളിപ്പിച്ചത്. ആയിശ(റ) പറഞ്ഞു:

لو استقبلت من أمري ما استدبرت ما غسل النبي إلا نساؤه
(ഞാൻ പിന്നീടറിഞ്ഞത് നേരത്തെ അറിഞ്ഞിരുന്നുവെങ്കിൽ നബി (സ)യെ അവിടുത്തെ ഭാര്യമാർ മാത്രമേ കുളിപ്പിക്കുമായിരുന്നുള്ളൂ- അഹ്മദ്, അബൂദാവൂദ്, ഹാകിം)

ചെറിയ ആൺകുട്ടിയെ സ്ത്രീകൾക്കു കുളിപ്പിക്കാമെന്ന കാര്യത്തിൽ തർക്കമില്ല. ( തുടരും )

Related Articles