Fiqh

എല്‍ ജി ബി റ്റി ക്യു വും ഇസ്‌ലാമും: പുനരാലോചനക്ക് വിധേയമാക്കുമ്പോള്‍

‘LGBTQ ഇഷ്യുവിനോടുള്ള ഇസ്‌ലാമിന്റെ സമീപനമെന്താണ്?’ പല തവണകളായി പലയിടങ്ങളില്‍ നിന്ന് ഉയര്‍ന്നുകേട്ടൊരു ചോദ്യമാണ്. പലയിടങ്ങളിലായി വാചികമായ മറുപടികള്‍ ഞാന്‍ നല്‍കിയിട്ടുണ്ടെങ്കിലും ലിഖിത രൂപത്തില്‍ അവതരിപ്പിക്കുന്നത് ഗുണകരമാണെന്ന തിരിച്ചറിവില്‍ എഴുതുന്നതാണിത്. യഥാര്‍ത്ഥത്തില്‍ രണ്ട്  ചോദ്യമാണ് ഇതിലുള്ളത്. ഒന്നാമതായി, LGBTQ  (lesbian, gay, bisexual, transgender, questioning)   ഇഷ്യുവിനോടുള്ള ഇസ്ലാമിന്റെ സമീപനം എന്താണ്? രണ്ടാമതായി, ഗേ അവകാശവാദങ്ങളോടും അതിന്റെ വക്താക്കളോടും അമേരിക്കയിലെ മുസ്ലിംകള്‍ സ്വീകരിക്കേണ്ട നിലപാട് എന്താണ്? (ലേഖനത്തിന്റെ ഈ ഭാഗം ഇവിടെ ഉള്‍കൊള്ളിച്ചിട്ടില്ല)

ഇസ്‌ലാമും സ്വവര്‍ഗ ലൈംഗികതയും

സ്‌ലാമിക പരിപ്രേക്ഷ്യത്തിലൂടെ സമീപിക്കുമ്പോള്‍ LGBTQ ഇഷ്യൂ വ്യതിരക്തമായ നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതായി കാണാം. സ്വവര്‍ഗത്തോട് ഉടലെടുക്കുന്ന ലൈംഗിക ആകര്‍ഷണമാണ് ഒരു ചോദ്യം. രണ്ടാമതായി, സ്വവര്‍ഗവുമായി ലൈംഗികവൃത്തിയില്‍ ഏര്‍പ്പെടുന്ന വിഷയം ഉയരുന്നു. അവസാനമായി, ഒരാളുടെ ലൈംഗിക സ്വത്വത്തെ(Gender Identity) കുറിച്ചുള്ള ചോദ്യമാണ്.

Also read: ദുഃഖിച്ചാൽ ദുഃഖം മാറുമോ?

ആകര്‍ഷണവും പ്രണയവും

ഒരാള്‍ക്കുണ്ടായിത്തീരുന്ന ആകര്‍ഷണവും, അതുപോലെത്തന്നെ പ്രണയവും ഗൗരവമര്‍ഹിക്കുന്ന കാര്യങ്ങള്‍ തന്നെയാണ്. വളരെ സൂക്ഷ്മമായ പരിശോധന അര്‍ഹിക്കുന്നതും വളരെ പ്രാധാന്യമുള്ള നൈതിക മാനങ്ങളും പ്രത്യാഘാതങ്ങളു മുണ്ടാക്കുന്നതുമാണത്. എന്നാല്‍, ഒരു വ്യക്തി എന്തുകൊണ്ടാണ് എതിര്‍ലിംഗത്തിലേക്കോ സ്വലിംഗത്തിലേക്കോ ആകൃഷ്ടനാവുന്നത്?, ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയോടുള്ള പ്രണയം സത്യസന്ധമാണോ? എന്നീ ചോദ്യങ്ങള്‍ ശരീഅത്തിന്റെ പരിധിയില്‍ വരുന്നതല്ല. കാരണം, മുസ്‌ലിം പണ്ഡിതന്മാര്‍ ആഗ്രഹങ്ങളുടെയും വികാരങ്ങളുടെയും ഉത്ഭവത്തെ മനസ്സിലാക്കിയത് ഒന്നുകില്‍ ഒരു വ്യക്തിയുടെ നിയന്ത്രണത്തിനതീതമായതായോ അല്ലെങ്കില്‍ ചിട്ടയും പരിശീലനവും വഴി കാലക്രമേണ രൂപപ്പെടുത്താവുന്നതോ ആയ ഒന്നായാണ്. (തിന്മകളില്‍ നിപതിക്കുന്നത് ഒഴിവാക്കുന്നതിനുള്ള ധാര്‍മ്മിക ഗുണീകരണവുമായി (Ethical Improvement) ബന്ധപ്പെട്ട വിഷയമാണ് രണ്ടാമത്തേത്) യഥാര്‍ത്ഥത്തില്‍, ആഗ്രഹങ്ങളും വികാരങ്ങളും മാത്രം ഒരു കുറ്റകൃത്യമോ യാതൊരു തരത്തിലുമുള്ള നിയമപരമായ പ്രത്യാഘാതങ്ങള്‍ക്കുള്ള കാരണമോ അല്ല. പ്രസിദ്ധനായ സൂഫീവര്യന്‍ ജുനൈദുല്‍ ബഗ്ദാദി (മരണം. 910) ഒരിക്കല്‍ വ്യക്തമാക്കിയതുപോലെ: ‘ഒരു മനുഷ്യനും അവന്റെ പ്രകൃതത്തില്‍ അടങ്ങിയ ഒന്ന് കാരണം ആക്ഷേപിക്കപ്പെടുകയില്ല. മറിച്ച്, അവന്റെ പ്രകൃതമനുസരിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമേ ആക്ഷേപാര്‍ഹനായി മാറുകയുള്ളൂ. (റഫ:1) ലൈംഗികതയുടെയും ലൈംഗിക ബന്ധങ്ങളുടെയും കാര്യത്തിലേക്ക് കടക്കുമ്പോഴും ശരീഅത്ത് പരിഗണിക്കുന്നത് പ്രവര്‍ത്തനങ്ങളെ മാത്രമാണ്; അല്ലാതെ, വികാരങ്ങളെയോ വിചാരങ്ങളെയോ ആകര്‍ഷണങ്ങളെയോ താത്പര്യങ്ങളെയോ അല്ല. വികാരങ്ങളും താത്പര്യങ്ങളും പ്രവര്‍ത്തിയുടെയോ സംസാരത്തിന്റെയോ രൂപത്തില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ മാത്രമാണ് തിന്മകള്‍ പ്രവര്‍ത്തിക്കപ്പെടുന്നതും നിരോധനങ്ങള്‍ ലംഘിക്കപ്പെടുന്നതും.

യഥാര്‍ത്ഥത്തില്‍, ആധുനിക പൂര്‍വ മുസ്ലിം പണ്ഡിതന്മാരില്‍ പലരും സ്വവര്‍ഗത്തോടുള്ള ആകര്‍ഷണം തികച്ചും ‘പ്രകൃതിപര’മാവാമെന്ന് മനസ്സിലാക്കിയവരായിരുന്നു. (ഞാന്‍ ഈ നിരീക്ഷണത്തെ അംഗീകരിക്കുന്നില്ല, ഉദ്ധരിക്കുക മാത്രം) ഉദാഹരണത്തിന്, കൗമാരപ്രായത്തിലെത്താത്ത ആണ്‍കുട്ടികളോട് ആകര്‍ഷണം അനുഭവപ്പെടുന്ന പുരുഷന്മാര്‍ ഏതെങ്കിലും തരത്തിലുള്ള ധാര്‍മിക അപചയത്തിനിരയാവുകയോ ജുഗുപ്‌സാവഹമായ പ്രവര്‍ത്തിയിലേര്‍പ്പെടുകയോ അല്ല, മറിച്ച് സ്ത്രീകളില്‍ കാണപ്പെടുന്ന സൗന്ദര്യത്തിന് സമാനമായി കുട്ടികളിലുമുള്ള സൗന്ദര്യത്തിലേക്ക്(ജമാല്‍) വെറുതെ ആകൃഷ്ടരാവുകയാണ് എന്ന കാഴ്ചപ്പാടനുസരിച്ച് തികച്ചും പ്രകൃതിപരമാണത്(Natural).(റഫ:2) മധ്യകാലത്തെ യാഥാസ്ഥിതികരായി പ്രശസ്തരായ ചില മുസ്‌ലിം കര്‍മശാസ്ത്രജ്ഞര്‍ തന്നെ, തങ്ങളുടെ ആണ്‍സുഹൃത്തുക്കളോടും സഹചാരികളോടുമുള്ള ആകര്‍ഷണവും ചിലപ്പോഴൊക്കെ അഭിനിവേഷവും വ്യക്തമാക്കിക്കൊണ്ടുള്ള കാവ്യഖണ്ഡങ്ങള്‍ തന്നെ രചിച്ചിട്ടുണ്ട്. ഒരു താത്പര്യം അല്ലെങ്കില്‍ വികാരം ‘പ്രകൃതിപരമാണോ അല്ലേ?, ഒരു വ്യക്തി അത്തരമൊരു ചായ്‌വോടു കൂടെ ജനിക്കുന്നുണ്ടോ ഇല്ലേ? എന്ന വിഷയങ്ങളൊക്കെ ശരീഅത്തില്‍ അപ്രസക്തമാണ്. ശരീഅത്തില്‍ നിശ്ചിത പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനമുണ്ട് എങ്കില്‍ പിന്നെ ഒരാളുടെ വികാരങ്ങള്‍ക്ക് -അത് ജന്മനാ രൂപപ്പെട്ടതോ പിന്നീട് വളര്‍ത്തിയതോ ആവട്ടെ- യാതൊരു സ്വാധീനവുമില്ല തന്നെ.

Also read: ആയാ സോഫിയ, പള്ളിയാകുമോ ?

ലൈംഗിക പ്രവര്‍ത്തികള്‍

LGBTQ വിഷയത്തിലുള്ള ചോദ്യങ്ങളുമായി ബന്ധപ്പെട്ട് ഇസ്ലാമിന് നല്‍കാനുള്ള മറുപടികള്‍ പ്രധാനമായും ഈ അനുബന്ധവുമായി ബന്ധപ്പെട്ടുള്ളതാണ്. ഇസ്ലാമിക ശരീഅത്ത് അനുസരിച്ചുകൊണ്ട്, നിയമപരം(വിവാഹം പോലെ) അതല്ലാത്ത  എല്ലാ ലൈംഗിക പ്രവര്‍ത്തനങ്ങളും നിരോധിതമാണ്. എന്നാല്‍, വ്യത്യസ്ത പ്രവര്‍ത്തികള്‍ക്കുള്ള ശിക്ഷകളില്‍ അന്തരങ്ങളുണ്ട്. നൂറ്റാണ്ടുകളായുള്ള മുസ്‌ലിം ഭരണകൂടങ്ങളുടെയും പണ്ഡിതരുടെയും പ്രവര്‍ത്തനങ്ങളില്‍ നിന്ന് മനസ്സിലാവുന്നത് പ്രകാരം ശരീഅത്തിന് ഒരു വ്യക്തിയുടെയും സ്വകാര്യമായ ലൈംഗികജീവിതത്തിലേക്ക് ഒളിഞ്ഞുനോക്കുന്നതിനും സ്വവര്‍ഗ ലൈംഗിക ബന്ധങ്ങളെന്ന് മനസ്സിലാക്കപ്പെടുന്നതിനെയൊക്കെ ശിക്ഷിക്കുന്നതിനും യാതൊരു താല്‍പര്യവുണ്ടായിരുന്നില്ല. അടിസ്ഥാനപരമായി ‘ചോദിക്കരുത്; പറയുകയുമരുത്’ എന്ന നയമായിരുന്നു ഉണ്ടായിരുന്നത്. എങ്കിലും സ്വവര്‍ഗ ലൈംഗിക ബന്ധങ്ങള്‍, വിശിഷ്യാ ഗുദഭോഗം(Sedomy) വളരെ പ്രകടമായിത്തന്നെ നിരോധിക്കപ്പെട്ടതാണ്.
എന്നാല്‍ ഇന്ന് വെസ്റ്റിലെ ചില മുസ്ലിം അക്കാദമീഷ്യന്മാര്‍ (അവര്‍ പുരോഗമനവാദികളായ മുസ്‌ലിംകളായി ഇടക്ക് സ്വയം പരിചയപ്പെടുത്തുന്നു) ഈ നിരോധനം ദിവ്യഗ്രന്ഥത്തിന്റെ തെറ്റായവായന(Misreading) കാരണം രൂപപ്പെട്ടതാണെന്നോ അല്ലെങ്കില്‍ അത്തരം നിരോധനങ്ങളുടെ പശ്ചാത്തലത്തില്‍(Context) നിന്ന് സമൂഹം മുന്നോട്ട് ഗമിച്ചിട്ടുണ്ടെന്നോ വാദിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. ചില പുരോഗമനവാദികളായ മുസ്ലിംകളാവട്ടെ, ഇസ്‌ലാമില്‍ നിയമപരമായ ലൈംഗികബന്ധത്തിന് വിവാഹം അനിവാര്യമാണെന്ന് സമ്മതിക്കുന്നു. എന്നാല്‍, രണ്ട് വ്യത്യസ്ത വര്‍ഗങ്ങള്‍ക്കിടയിലാവണം വിവാഹമെന്ന് നിജപ്പെടുത്തുന്ന യാതൊന്നും ഇസ്ലാമിലില്ലെന്ന് അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വാദപ്രകാരം, വിവാഹമെന്നാല്‍ ഒരു കരാര്‍ മാത്രമാണ്, അത് രണ്ട് പുരുഷന്മാര്‍ക്കോ രണ്ട് സ്ത്രീകള്‍ക്കോ ഇടയിലുണ്ടാവുന്നതിനെ തടയുന്ന ഒന്നും ഇസ്‌ലാമില്ല. ഇസ്ലാമിലെ കര്‍മശാസ്ത്രാടിസ്ഥാന തത്വങ്ങളിലൊന്നായ ‘കരാറുകളിലും കൈമാറ്റങ്ങളിലുമുള്ള അടിസ്ഥാനം അനുവദനീയത മാത്രമാണെന്ന’തിനെ ഇവര്‍ കൂട്ടുപിടിക്കുന്നു.

ഈ വാദഗതിയുടെ പ്രശ്‌നം എന്താണെന്നുവെച്ചാല്‍, ഇസ്‌ലാമില്‍ വിവാഹത്തിന് ഒരു കരാറിന്റെ രൂപമാണ് ഉള്ളതെങ്കിലും (വിവാഹം രണ്ട് പാര്‍ട്ടികള്‍ക്കിടയിലെ ഒരു കരാറാണ്, കരാറിന്റെ ഭാഗമായി നിബന്ധനകള്‍ വെക്കാവുന്നതുമാണ്) അതൊരു വെറും സാധാരണ കരാര്‍ അല്ല എന്നതാണ്. അങ്ങേയറ്റം സുപ്രധാനമായ സന്താനോത്പാദനം, പരിപാലനം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ടതും മാനുഷിക ബന്ധങ്ങളില്‍ വെച്ചേറ്റവും മുഖ്യവുമാണത്. അതിനാല്‍ തന്നെ, കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ അടിസ്ഥാനം അനുവദനീയതയാണെന്ന തത്വത്തിന് അനുബന്ധമായി എല്ലാ നിയമവിശാദരും പങ്കുവെച്ച മറ്റൊരു നിര്‍ണ്ണായകമായ തത്വമുണ്ട്: ‘എല്ലാ ലൈംഗികതകളുടെ അടിസ്ഥാനം നിരോധനമാണ്’ (റഫ.3). അതുകൊണ്ട് തന്നെ ഖുര്‍ആനും സുന്നത്തും വ്യക്തമായി അനുവദിച്ച ലൈംഗിക ചെയ്തികള്‍ മാത്രമേ അനുവദനീയമാവുകയുള്ളൂ. ഇസ്ലാമേതര മതകീയ പാരമ്പര്യങ്ങളില്‍ നിലനില്‍ക്കുന്ന ലൈംഗിക ചെയ്തികളെ മാനുഷിക കൃത്യങ്ങളുടെ അടിസ്ഥാനം അനുവദനീയതയാണെന്ന അടിസ്ഥാനത്തെ മുന്‍നിര്‍ത്തി അനുവദിക്കണമെന്ന വാദത്തോട് പ്രതികരിച്ചുകൊണ്ട് ഇബ്‌നുല്‍ ഖയ്യിം (മരണം 1351) പറയുന്നു: ‘അല്ലാഹുവും പ്രവാചകരും അനുവദിച്ചതല്ലാത്ത എല്ലാ ലൈംഗിക ചെയ്തികളുടെയും അടിസ്ഥാനം നിരോധനമാണ്’ (അല്‍ അസ്വ്‌ലു ഫില്‍ ഫുറൂജി അത്തഹ്‌രീമു ഇല്ലാ മാ അബാഹഹു അല്ലാഹു വ റസൂലുഹു) (റഫ.4)

Also read: മാധ്യമങ്ങള്‍ രൂപപ്പെടുത്തുന്ന പൊതുജനാഭിപ്രായം

ലൈംഗിക സ്വത്വവും ലിംഗമാറ്റവും

ഒരു നിലക്ക് ലൈംഗിക സ്വത്വത്തിന്റെ അനിശ്ചിതത്വം(Fluidity) സംബന്ധിച്ചുള്ള ഇസ്‌ലാമിന്റെ കാഴ്ചപ്പാട് ‘പുരോഗമനപരമാണ്’. സ്ത്രീകള്‍ ഹിജാബ് ധരിക്കല്‍ നിര്‍ബന്ധമില്ലാത്ത പുരുഷന്മാരുടെ കൂട്ടത്തില്‍ ‘ഒരു ആഗ്രഹവുമില്ലാത്തവരെ’ കൂടെ എണ്ണിപ്പറഞ്ഞ ഖുര്‍ആന്‍ സുക്തവും (ഖുര്‍ആന്‍ 24:31) സ്‌ത്രൈണതയുള്ള ഒരാണിനെ(മുഖന്നസ്) തന്റെ വീട്ടിലെ സ്ത്രീകള്‍ക്കൊപ്പം ഇരിക്കാന്‍ പ്രവാചകര്‍ അനുവദിച്ചത് വ്യക്തമാക്കുന്ന അവലംബയോഗ്യമായ ഹദീസും(റഫ.5) അടിസ്ഥാനമാക്കി, പ്രകൃത്യാ സ്‌ത്രൈണഭാവങ്ങളുള്ള ഒരാണിന് (സമാനമായി, പ്രകൃത്യാ പൗരുഷമുള്ള ഒരു സ്ത്രീക്കും) തന്റെ പ്രവര്‍ത്തനങ്ങളെ മനപ്പൂര്‍വം സ്വാധീനിക്കാത്തിടത്തോളം കാലം കുറ്റമോ ശിക്ഷയോ ഇല്ലെന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. തദനുബന്ധിയായ ഒരു ഉപവിഷയത്തില്‍ പണ്ഡിതന്മാര്‍ വിരുദ്ധാഭിപ്രായം ഉള്ളവരാണ്. ഇമാം നവവിയെ(മരണം.1277) പോലുള്ളവര്‍ മുന്നോട്ടുവച്ച അഭിപ്രായത്തില്‍ ‘ദൈവം അവരെ സൃഷ്ടിച്ചിട്ടുള്ള രൂപം ഇതാകയാല്‍ തന്നെ’, ഒരു സ്‌ത്രൈണതയുള്ള ആണിനോ പൗരുഷമുള്ള സ്ത്രീക്കോ തന്റെ സ്വഭാവം മാറ്റേണ്ട ആവശ്യമില്ല. രണ്ടാമത്തെ ഒരു നിലപാട് പ്രകാരം, അത്തരത്തിലുള്ള ഒരു വ്യക്തി എന്തായാലും അവരുടെ ചേഷ്ടകള്‍ മാറ്റിയെടുക്കാന്‍ പരമാവധി യത്‌നിക്കണം എന്നാണ്. ഈ നിലപാടാണ് അല്‍ മുനാവിയും(മരണം.1622) ഇബ്‌നു ഹജറും(മരണം.1449) മുന്നോട്ടുവെച്ചിട്ടുള്ളത്. പരമാവധി ശ്രമിച്ച ശേഷവും ചേഷ്ടകളില്‍ മാറ്റം വരുത്താന്‍ സാധ്യമാവാത്തവര്‍ക്ക് ഇരുവരും ഇളവ് നല്‍കുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍, ഒരാള്‍ തന്റെ പ്രകൃത്യാ ഉള്ള സഹജഗുണം കാരണമായല്ലാതെ, വെറും താല്‍പര്യത്തിന്റെ പുറത്ത് എതിര്‍ ലിംഗത്തിന്റെ അനുകരണത്തിന് മുതിരുകയാണെങ്കില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. ഇയാള്‍  പ്രബലമായ ഹദീസുകളിലൂടെ അതികഠിനമായി വിമര്‍ശിച്ച എതിര്‍ലിംഗത്തോടുള്ള അനുകരണം(തശബ്ബുഹ്) എന്ന പ്രവര്‍ത്തിയില്‍ ഏര്‍പ്പെടുകയാണ് ചെയ്യുന്നത്. (അത്തരമൊരു വ്യക്തി അത് കാരണം കൊല്ലപ്പെടരുതെന്ന് കൂടി പ്രവാചകൻ വ്യക്തമാക്കിയിട്ടുണ്ട്) (റഫ.6)

ഇവിടെ പ്രധാനമായി ശ്രദ്ധിക്കേണ്ട ഒരു കാര്യം എതിര്‍ലിംഗത്തിനെ അനുകരിക്കുന്ന പ്രവര്‍ത്തിയെ പണ്ഡിതന്മാര്‍ സാന്ദര്‍ഭികമായാണ്(Contextual) മനസ്സിലാക്കിയത് എന്നതാണ്. ഒരു പുരുഷനും സ്ത്രീയും വസ്ത്രം ധരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വിധം അവരുടെ പ്രാദേശിക സംസ്‌കാരത്തെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. ഒരു സംസ്‌കാരത്തില്‍ പുരുഷഗുണമുള്ള പലതും മറ്റൊരു സംസ്‌കാരത്തില്‍ സ്‌ത്രൈണഗുണങ്ങളുള്ളതാവും. അതുകൊണ്ട് തന്നെ, ഒരാള്‍ എതിര്‍ലിംഗത്തിന്റെ ചേഷ്ടകളെയോ വസ്ത്രങ്ങളെയോ അനുകരിക്കുന്നുണ്ടോയെന്ന് അതത് സംസ്‌കാരത്തിന്റെ പതിവുകളുടെ(ആദത്) പശ്ചാത്തലത്തില്‍ മാത്രമേ അറിയാനാവൂ. ഇബ്‌നു ഹജര്‍ പറഞ്ഞതു പോലെ, ‘ലോകത്തെത്ര ജനസമൂഹങ്ങള്‍ക്കിടയിലാണ് സ്ത്രീകളുടെ വസ്ത്രധാരണവും പുരുഷന്മാരുടെ വസ്ത്രധാരണവും തമ്മില്‍ യാതൊരു അന്തരവുമില്ലാത്തത്!'(റഫ.7)

Also read: അനിശ്ചിതത്വത്തെ മറികടക്കാനുള്ള വഴികള്‍

എങ്കിലും മറ്റൊരു പ്രധാനപ്പെട്ട തലത്തില്‍ ഇസ്ലാമിക നിലപാട് ‘പുരോഗമന’ നിലപാടുകളില്‍ നിന്ന് ഏറെ വിദൂരമാണ്. സ്ത്രീകളോട് യാതൊരു വികാരവുമില്ലാത്ത പുരുഷന്മാര്‍ക്ക് ഖുര്‍ആനും പ്രവാചകരും നല്‍കിയ ഒഴിവുകഴിവ് ഒരു നിലക്കും ‘മൂന്നാം ലിംഗ’ത്തിനുള്ള പരിഗണനയോ സ്വവര്‍ഗ ലൈംഗികചെയ്തികള്‍ക്കുള്ള അനുമതിയോ അല്ല. സ്ത്രീകളോട് ആകര്‍ഷണം അനുഭവപ്പെടാത്ത, സ്‌ത്രൈണതയുള്ള ഈ പുരുഷന്മാര്‍ ശരീഅത്തിന്റെ കാഴ്ചപ്പാടില്‍ എല്ലാ നിലക്കും പുരുഷന്മാര്‍ തന്നെയാണ്.(റഫ.8)

എന്നാല്‍, ലിംഗമാറ്റത്തിനുള്ള ശാസ്ത്രക്രിയ സംബന്ധിച്ച് മുസ്ലിം പണ്ഡിതന്മാര്‍ക്കിടയില്‍ ആശ്ചര്യജനകമാം വിധം വൈവിധ്യമാര്‍ന്ന അഭിപ്രായങ്ങളുണ്ട്. എന്നാല്‍, സുന്നി പണ്ഡിതന്മാര്‍ക്കിടയിലെ പ്രബലമായ അഭിപ്രായം അത് അനുവദനീയമല്ല എന്നുതന്നെയാണ്. 1989-ല്‍ മുസ്ലിം വേള്‍ഡ് ലീഗിന്റെ ഫിഖ്ഹ് അക്കാദമി ‘ഖുന്‍സ മുശ്കിലി’ല്‍ (അഥവാ, യാതൊരു തരത്തിലും ലിംഗവ്യതിയാനം ദൃശ്യമാവാത്ത പ്രായപൂര്‍ത്തിയായ വ്യക്തി. അത്യപൂര്‍വമാണ്) ഒഴികെ ലിംഗമാറ്റ ശാസ്ത്രക്രിയ നടത്തുന്നത് നിരോധിക്കുകയുണ്ടായി. അത്തരം കേസുകളില്‍ ഒരാളുടെ വ്യക്തിനിഷ്ഠമായ ലൈംഗിക സ്വത്വം അവന്‍ തുടര്‍ന്നുപോവുന്ന ഒന്ന് മാത്രമായിരിക്കും. എന്നാല്‍, ഈ നിയമം ഒരാളുടെ ജൈവികമായ വര്‍ഗം(Biological Sex) വ്യക്തമായിരിക്കെ, തന്റെ ജൈവിക വര്‍ഗത്തില്‍ നിന്ന് വിഭിന്നമാണ് തന്റെ ലൈംഗിക സ്വത്വം(Gender Identity) എന്ന് ധരിക്കുന്ന ഒരാള്‍ക്ക് സാധുത നല്‍കുന്നില്ല.

ചുരുക്കം ചില മുസ്ലിം പണ്ഡിതര്‍ ഈ അഭിപ്രായത്തോട് വിയോജിച്ചിട്ടുണ്ട്. 1967-ല്‍ ആയത്തുല്ലാ ഖുമൈനിയും(മരണം.1989) മുന്‍ ഈജിപ്ഷ്യന്‍ ഗ്രാന്‍ഡ് മുഫ്തിയായിരുന്ന ജാദുല്‍ ഹഖും(മരണം.1996) ചില പ്രത്യേക സാഹചര്യങ്ങളില്‍ ലിംഗമാറ്റ ശാസ്ത്രക്രിയ അനുവദനീയമാക്കിയതായി കാണാം. ഒരാളുടെ ലൈംഗികത അയാളുടെ ജൈവികമായ വര്‍ഗവുമായി ഒത്തുപോവുകയില്ലെന്ന് മനഃശാസ്ത്ര വിദഗ്ധര്‍ തീര്‍പ്പ് കല്‍പ്പിച്ച ഘട്ടത്തിലാണിത്. ഒരു വ്യക്തിയുടെ ലൈംഗിക വിഭ്രാന്തിക്ക് (Gender Dysphoria) പരിഹാരം സര്‍ജറി മാത്രമാണെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുകയാണെങ്കില്‍ ലിംഗമാറ്റ ശാസ്ത്രക്രിയ അനുവദനീയമാണെന്ന് ഈജിപ്തിലെ ഗ്രാന്‍ഡ് മുഫ്തിയായിരുന്ന സയ്യിദ് തന്‍ത്വാവി(മരണം.2010) 1988-ല്‍ പുറപ്പെടുവിച്ച ഫത്‌വയിലുണ്ട്. ഇതിനെ ഒരു മാനസിക വൈകൃതമായാണ്(Psychological Disorder) ഫത്‌വയില്‍ മനസ്സിലാക്കുന്നത്. എന്നാല്‍ ഈ ഫത്‌വകളൊന്നും തന്നെ, ലൈംഗിക വിഭ്രാന്തിയെ (അല്ലെങ്കില്‍ മാനസികമായ ഭിന്നലൈംഗികതയെ(psychological hermaphroditism) ഇസ്ലാമിക നിയമപ്രകാരം ഒരു ക്രമഭംഗമായി(Disorder) അനുവദിക്കാമോ എന്ന വിഷയം യഥാര്‍ത്ഥത്തില്‍ ചര്‍ച്ചക്കെടുത്തിട്ടില്ല. (റഫ.9) ഒരാളുടെ വ്യക്തിനിഷ്ഠമായ മാനസികാഭിപ്രായത്തിന് പ്രാധാന്യം നല്‍കുന്ന ഈ സമീപനത്തോട് കൂടുതല്‍ ആഭിമുഖ്യം പുലര്‍ത്തുന്നത് ശിയാ പണ്ഡിതൻമാരാണ്. എന്നാല്‍ ലിംഗപുനക്രമീകരണ ശാസ്ത്രക്രിയ ശാരീരികമായി മാത്രം മാറ്റങ്ങളുണ്ടാക്കുന്ന, ലൈംഗിക സ്വത്വത്തെ മാറ്റാനാവാത്ത ഉപരിപ്ലവമായ സാധ്യത മാത്രമാണെന്ന വിലയിരുത്തല്‍ പ്രകാരം പല ശിയാ പണ്ഡിതൻമാരും തദ്‌സംബന്ധിയായി സന്ദേഹമുള്ളവരാണ്. (റഫ.10)

റഫറന്‍സ്

1. അബൂ നുഐമാന്‍ അല്‍ ഇസ്ബഹാനിയുടെ ‘ഹില്‍യതുല്‍ ഔലിയാഅ്’ എന്ന ഗ്രന്ഥത്തില്‍. പത്ത് വാള്യമുണ്ട്. പേജ് 10:267.
2. ഖാലിദ് എല്‍ റൂയ്‌ഹൈബ്, Before Homosexuality in the Arab-Islamic World 1500-1800, യൂണിവേഴ്‌സിറ്റി ഓഫ് ചിക്കാഗോ 2015-ല്‍ പ്രസിദ്ധീകരിച്ച പുസ്തകം. പേജ് 115-116.
3. ശാഫിഈ പണ്ഡിതനായ ഇമാം സുയൂഥിയും ഹനഫീ പണ്ഡിതനായ ഇബ്‌നു നുജൈമും ഇത് വ്യക്തമാക്കിയിട്ടുണ്ട്. ഇരുവരുടെയും ‘അല്‍ അശ്ബാഹ് വന്നളാഇര്‍’ എന്ന ഗ്രന്ഥം കാണുക.
4. ഇബ്‌നുല്‍ ഖയ്യിം അല്‍ ജൗസിയ്യ, അഹ്കാമു അഹ്‌ലി ദ്ദിമ്മ, പേജ് 715
5. സഹീഹ് മുസ്ലിമിലെ കിതാബുസ്സലാമിലെ മന്‍ഉല്‍ മുഖന്നസ് മിനദ്ദുഖൂലി അല അന്നിസാഅ് എന്ന ബാബില്‍. അബൂ ദാവൂദും ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്.
6. നിരവധി ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാം. നവവി ഇമാം ശറഹ് മുസ്ലിമില്‍ ഉദ്ദരിച്ചിട്ടുണ്ട്. സഹീഹ് ബുഖാരി, സുനനു അബീ ദാവൂദ്, ജാമിഅ് തിര്‍മുദി എന്ന ഗ്രന്ഥങ്ങളിലും. അത്തരത്തിലുള്ള വ്യക്തിയെ വധിക്കുന്നത് നിരോധിക്കുന്ന പ്രവാചക വചനം സുനനു അബീ ദാവൂദില്‍ രണ്ടിടത്ത് കാണാം.
7. ഇബ്‌നു ഹജര്‍, ഫത്ഹുല്‍ ബാരി ശറഹു സഹീഹില്‍ ബുഖാരി.
8. ഇബ്‌നു ഖുദാമല്‍ മഖ്ദിസി, മുഗ് നി, പേജ് 7:462.
9. ജേക്കബ് സ്‌കോവ്ഗാര്‍ഡ് പീറ്റേഴ്‌സണിന്റെ Sex Change in Cairo: Gender and Islamic Law എന്ന ലേഖനം കാണുക.
10. ജഅ്ഫര്‍ സുബ്ഹാനി, തഗ്‌യീറുല്‍ ജിന്‍സ് ഫി ശ്ശരീഅത്തില്‍ ഇസ്്‌ലാമിയ്യ

 

വിവ- സീന തോപ്പില്‍

Facebook Comments

ഡോ. ജൊനാതന്‍ എ.സി ബ്രൌണ്‍

ജോര്‍ജ്ടൗണ്‍ യൂണിവേഴ്‌സിറ്റിയിലെ ഇസ്‌ലാമിക് വിഭാഗം അസോസിയേറ്റ് പ്രഫസറാണ് ജൊനാതന്‍ എ.സി ബ്രൗണ്‍. ഹദീസ് പഠനശാസ്ത്രത്തിലെ ഓറിയന്റലിസ്റ്റ് വ്യവഹാരങ്ങളുടെ മുനയൊടിച്ച, വ്യാപകമായി നിരൂപകപ്രശംസ നേടിയ Misquoting Muhammad: The Challenges and Choices of Interpreting the Prophet's Legacy എന്ന ഗ്രന്ഥത്തിന്റെ രചയിതാവാണ്.അമേരിക്കയിലെ ഇസ്ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളിലെ സജീവ സാന്നിധ്യമായ യഖീന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായ അദ്ദേഹം 'ഓക്‌സ്‌ഫോര്‍ഡ് എന്‍സൈക്ലോപിഡിയ ഓഫ് ഇസ്‌ലാം ആന്‍ഡ് ലോ'യുടെ എഡിറ്റര്‍ ഇന്‍ ചീഫായി പ്രവര്‍ത്തിച്ചുവരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker