Current Date

Search
Close this search box.
Search
Close this search box.

മയ്യിത്ത് നമസ്കാരം ( 12- 15 )

മയ്യിത്തിനെ ഖബറടക്കൽ മുസ്ലിംകളുടെ സാമൂഹ്യബാധ്യതയാണ്. അതു രാത്രിയാവുന്നത് തെറ്റല്ല. നബി (സ)യുടെ കാലത്തും സ്വഹാബിമാരുടെ കാലത്തും പകലിലെന്നപോലെ രാത്രിയും മയ്യിത്ത് ഖബറടക്കിയിരുന്നു. അലി(റ) ഫാത്വിമ(റ)യെ രാത്രിയാണ് ഖബറടക്കിയത്. അബൂബകർ, ഉസ്മാൻ ഇബ്നു അഫ്ഫാൻ, ആഇശ, ഇബ്നു മസ്ഊദ് എന്നിവരെയൊക്കെ രാത്രിയാണ് മറമാടിയത്.

സൂര്യന്റെ ഉദയാസ്തമയ സമയങ്ങളിലും നട്ടുച്ചനേരത്തും മയ്യിത്തിന് വല്ല മാറ്റവും വരുമെന്നുണ്ടെങ്കിൽ ഖബറടക്കാവുന്നതാണ്. എന്നാൽ കാരണമില്ലാതെ ഈ സമയങ്ങളിൽ മറമാടുന്നത് കറാഹത്താണ്.

ഖബർ ആഴം കൂട്ടൽ
ചീഞ്ഞളിയുമ്പോൾ ദുർഗന്ധം പുറത്തു വരാതെയും, വന്യജന്തുക്കൾ മാന്തി പുറത്തിടാതെയും ശരീരം ഭൂമിയിൽ മറവ് ചെയ്യുക. അതാണ് ഖബറടക്കം കൊണ്ടുദ്ദേശിക്കുന്നത്. ഖബർ ആഴം കൂട്ടുന്നതു നല്ലതാണ്. ഹിശാമുബ്നു ആമിർ (റ) പറയുന്നു:
شكونا إلى رسول الله يوم أحد فقلنا : يا رسول الله الحفر علينا لكل إنسان شدید. فقال رسول الله وادفنوا الاثنين والثلاثة في قبر واحد. فقالوا فمن نقدم يا رسول الله ؟ قال : قدموا أكثرهم قرآنا وكان أبي ثالث ثلاثة في قبر واحد (النسائي والترمذي)

(ഉഹ്ദ് യുദ്ധ ദിവസം ഞങ്ങൾ നബി(സ)യോട് ആവലാതിപ്പെട്ടു. ഞങ്ങൾ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, ഓരോരുത്തർക്കും വേറെ വേറെ കുഴി കുഴിക്കുക ഏറെ ശ്രമകരമാണ്. അപ്പോൾ റസൂൽ (സ) പറഞ്ഞു. നിങ്ങൾ കുഴിക്കുക, ആഴം കൂട്ടുക, നന്നായി ചെയ്യുക, ഒരേ ഖബറിൽ രണ്ടും മൂന്നും ആളുകളെ മറമാടുക. അവർ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, അപ്പോൾ ആരെ മുമ്പിൽ വെക്കണം? നബി(സ) പറഞ്ഞു. കൂടുതൽ ഖുർആൻ പഠിച്ചവരെ. ഒരേ ഖബറിൽ അടക്കിയ മൂന്നു പേരിൽ ഒരാൾ എന്റെ പിതാവായിരുന്നു.)

മയ്യിത്ത് ഖബറിൽ താഴ്ത്തണ്ടതു ആദ്യം കാലിന്റെ ഭാഗമാണ്. മുഖം ഖിബ് ലയിലേക്ക് തിരിച്ച് വലതു ഭാഗത്തിന്മേൽ ചരിച്ചാണ് മയ്യിത്ത് കിടത്തേണ്ടത്. കഫൻ പുടവയുടെ കെട്ടുകൾ അഴിച്ചിടണം. ഖബറിൽ വെക്കുന്നതു ബിസ്മില്ലാഹ് അലാ മില്ലത്തി റസൂലില്ലാഹ് (അല്ലാഹുവിന്റെ നാമത്തിൽ, അല്ലാഹുവിന്റെ ദൂതന്റെ മാർഗത്തിൽ) എന്നു പറഞ്ഞുകൊണ്ടാവണം: വലത്തെ കവിളിൽ നിന്ന് തുണി നീക്കി അവിടം മണ്ണിൽ ചേർത്ത് മണ്ണോ, കല്ലോ കട്ടയോ വെച്ച് തല അല്പം ഉയർത്തിവെക്കണം. തലയുടെ ഭാഗത്തുകൂടി മൂന്നു പിടി മണ്ണ് വാരിയിടുന്നത് സുന്നത്താണ്. ഓരോ പിടിയിടുമ്പോഴും ഒന്നാമത്തേതിൽ മിൻ​ഹാ ഖലഖ്നാക്കും (ഇതിൽ നിന്നാണ് നാം നിങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്.) രണ്ടാമത്തേതിൽ വ ഫീഹാ നുഈദുക്കും (നാം നിങ്ങളെ അതിലേക്ക് മടക്കും), മൂന്നാമത്തേതിൽ വ മിൻഹാ നുഖ് രിജൂക്കും താറതൻ ഉഖ്റാ (മറ്റൊരിക്കൽ നാം നിങ്ങളെ ഇതിൽനിന്ന് പുറത്തു കൊണ്ടുവരും) എന്നു പറയണം. മകൾ ഉമ്മു കുൽസൂമിനെ ഖബറിൽ മണ്ണിട്ടുകൊണ്ട് നബി(സ) ഇപ്രകാരം പറഞ്ഞതായി ഹദീഥുണ്ട്.

ഖബറടക്കിക്കഴിഞ്ഞാൽ മയ്യിത്തിന് പാപമോചനത്തിന് വേണ്ടിയും ചോദ്യം ചെയ്യുമ്പോൾ സൈ്ഥര്യത്തിനുവേണ്ടിയും പ്രാർത്ഥിക്കണം. മയ്യിത്ത് ഖബറടക്കി കഴിഞ്ഞാൽ ( استغفروا لأخيكم وسلوا له التثبيت فإنه الآن يسأل (أبوداود، حاكم
(നിങ്ങളുടെ സഹോദരന് വേണ്ടി മാപ്പിരക്കുക, അദ്ദേഹത്തിന് സ്ഥര്യത്തിന് അപേക്ഷിക്കുക. അദ്ദേഹം ഇപ്പോൾ ചോദ്യം ചെയ്യപ്പെടാൻ പോവുകയാണ്.) എന്ന് നബി(സ) പറയാറുണ്ടായിരുന്നു.

ഖബറടക്കിയശേഷം മയ്യിത്തിന്റെ തലയുടെ ഭാഗത്തിരുന്നു തൽഖീൻ ചൊല്ലുന്നതിന് നബിചര്യയിൽ മാതൃകയില്ല. ഇമാം ശാഫിഈ (റ) അടക്കം ഒരു വിഭാഗം പണ്ഡിതൻമാർ അത് അഭികാമ്യമെന്നു അഭിപ്രായപ്പെട്ടിട്ടുണ്ട്.

തിരിച്ചറിയാൻ പാകത്തിൽ ഖബറിന്മേൽ കല്ലോ മറ്റോ നാട്ടുന്നതു നല്ലതാണ്. ഉഥ്മാനുബ്നു മള്ഊനി(റ)ന്റെ ഖബറിൻമേൽ കല്ല് നാട്ടിക്കൊണ്ട് നബി(സ) പറഞ്ഞു.

أتعلم بها قبر أخي وأدفن إليه من مات من أهلي (أبوداود)
(അതുവഴി ഞാൻ എന്റെ സഹോദരന്റെ ഖബർ തിരിച്ചറിയും. എന്റെ കുടുംബക്കാരിൽ മരിക്കുന്നവരെ അതിന്നടുത്തു ഞാൻ ഖബറടക്കുകയും ചെയ്യും.)

ഖബറിന്റെ മുകൾഭാഗം സമതലത്തിൽ നിന്ന് ഒരു ചാൺ ഉയരത്തിൽ പരത്തിയിടുകയോ കമാനാകൃതിയിൽ ആക്കുകയോ ആണ് വേണ്ടത്. അതിലപ്പുറം ഖബർ കെട്ടിപ്പൊക്കുന്നത് നബി (സ) നിരോധിച്ചിട്ടുണ്ട്. അബുൽ ഹയ്യാജൽ അസദി പറയുന്നു:

قال لي علي بن أبي طالب : ألا أبعثك على ما بعثني عليه رسول الله ألا تدع تمثالا إلا طمسته ولا قبرا مشرفا إلا سويته (مسلم)
(അലി (റ) എന്നോട് പറഞ്ഞു: റസൂൽ (സ) എന്നെ നിയോഗിച്ച അതേ കാര്യത്തിന് ഞാൻ താങ്കളെ നിയോഗിക്കട്ടെയോ? ഒറ്റ പ്രതിമയും തകർക്കാതെയും കെട്ടിയുയർത്തിയ ഒരു ഖബറും നിരപ്പാക്കാതെയും വിടരുത്.)

( തുടരും)

Related Articles