Current Date

Search
Close this search box.
Search
Close this search box.

ആരായിരുന്നു ഇമാം ശാഫിഈ

നീതിയുക്തമായ ഇടപെടല്‍, സാമര്‍ഥ്യം, ഉദാരത എന്നീ വിശേഷണങ്ങള്‍ക്ക് അക്ഷരാര്‍ഥത്തില്‍ അനുയോജ്യനായ മഹത് വ്യക്തിത്വമായിരുന്നു അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ നാല് ഇമാമുമാരില്‍ പ്രധാനിയും നിദാനശാസ്ത്ര വിജ്ഞാനശാഖയുടെ ഉപജ്ഞാതാവുമായ ഇമാം ശാഫി. ഹദീസ്, തഫ്‌സീര്‍ തുടങ്ങിയ ജ്ഞാനമേഖലകളില്‍ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച അദ്ദേഹം ഖാളിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അറബ് സാഹിത്യത്തില്‍ കഴിവ് തെളിയിച്ച അദ്ദേഹം ഇരുപത് വയസ്സാകുന്നതിന് മുമ്പ് തന്നെ ഫത് വ നല്‍കിത്തുടങ്ങിയിരുന്നു. ഹിജ്‌റ വര്‍ഷം 150 (ക്രിസ്തു വര്‍ഷം 767)ല്‍ ഫലസ്തീനടുത്തുള്ള ഗസ്സയിലെ അസ്ഖലാനിലാണ് മുഹമ്മദ് ബ്‌നു ഇദ്രീസ് അശ്ശാഫിഇ ജനിച്ചതെന്നാണ് പണ്ഡിതരുടെ പ്രബലാഭിപ്രായം. പ്രവാചകന്റെ പിതൃ സഹോദര പുത്രന്‍ അബ്ദു മനാഫ് ബ്‌നു ഖുസയ്യ് വഴിയാണ് പ്രവാചക പരമ്പരയിലേക്ക് ശാഫിഈ ഇമാമിന്റെ വംശപരമ്പര ചെന്നെത്തുന്നത്. ഉപജീവനാര്‍ഥം മക്കയില്‍ നിന്ന് ഗസ്സയിലേക്ക് പലായനം ചെയ്ത പിതാവിന്റെ മരണശേഷം കുടുംബ ബന്ധം വിച്ഛേദിക്കപ്പെടുമെന്ന ഭയം കാരണം രണ്ടാം വയസ്സില്‍ തന്നെ മാതാവിനോടൊപ്പം മക്കയിലേക്ക് തിരിച്ചു. അറേബ്യന്‍ സംസ്‌കാരം മനസ്സിലാക്കാനും ജീവിതത്തില്‍ പകര്‍ത്താനും അവരിലൊരാളായിത്തീരാനും മക്കാവാസം ഏറെ സഹായകമായിട്ടുണ്ടെന്ന് വേണം പറയാന്‍. ചെറുപ്രായത്തില്‍ തന്നെ അനാഥനായിട്ടും തീര്‍ത്തും ദരിദ്രനായി വളര്‍ന്ന ഇമാം ശാഫിഈ ഏഴാം വയസ്സില്‍ തന്നെ ഖുര്‍ആനും പത്താം വയസ്സില്‍ പ്രഥമ ഹദീസ് ഗ്രന്ഥമായ മാലിക്കി ഇമാമിന്റെ മുവത്വയും മനപാഠമാക്കി. അനന്തരം ഹദീസ് പഠനത്തില്‍ മുഴുകിയ അദ്ദേഹം തന്റെ ഉസ്താദുമാരി്ല്‍ നിന്ന് കേട്ട ഹദീസുകള്‍ ശരവേഗത്തില്‍ മനപാഠമാക്കുകയും ശേഷം തോലുകളിലും മറ്റും എഴുതിവെക്കാറായിരുന്നു പതിവ്.

വിശുദ്ധ ഖുര്‍ആന്‍, ഹദീസ് എന്നീ ശാഖകള്‍ മനപാഠമാക്കിയ ശേഷം അറബ് ഭാഷാ ലോകത്തേക്കായിരുന്നു ഇമാം ശാഫിഈ കാലെടുത്ത് വെച്ചത്. ഗ്രാമീണ പ്രദേശങ്ങളിലേക്ക് സഞ്ചരിച്ച അദ്ദേഹം ഹുദൈല്‍ ഗോത്രത്തോടൊപ്പമാണ് ജീവിച്ചത്. അദ്ദേഹത്തിന്റെ കവിതകളോടുള്ള പ്രിയം ഏറെ പ്രസിദ്ധമായിരുന്നു. ഒരിക്കല്‍ പ്രശസ്ത കവിയായ അസ്മഈ പറയുകയുണ്ടായി; ഹുദൈലിലെ ഖുറൈശി ചെറുപ്പക്കാരനായ മുഹമ്മദ് ബ്‌നു ഇദ്രീസ് ശാഫിഈയുടെ സമീപത്ത് ചെന്നാണ് ഞാന്‍ ഹുദൈലി കവിതകളുടെ വിശകലനം നടത്തിയിരുന്നത്.

ജ്ഞാന സമ്പാദനാര്‍ഥം മദീനയിലേക്ക് യാത്ര ചെയ്ത ഇമാം ശാഫിഇ ഇമാം മാലികിന്റെ ശിഷ്യത്യം സ്വീകരിച്ചു. അദ്ദേഹത്തെ കണ്ടമാത്രയില്‍ ഇമാം മാലിക് പറഞ്ഞു; മുഹമ്മദ്, നീ അല്ലാഹുവിനെ പേടിക്കുക, തെറ്റുകള്‍ വെടിയുക, തെറ്റുകള്‍ ഒഴിവാക്കുന്നതിലൂടെ നിനക്ക് ഉന്നതമായ സ്ഥാനങ്ങളില്‍ എത്തിച്ചേരാനാകും, തീര്‍ച്ചയായും അല്ലാഹു നിന്റെ ഹൃദയത്തെ ഇല്‍മ് കൊണ്ട് പ്രകാശപൂരിതമാക്കിയിരിക്കുന്നു, തെറ്റുകള്‍ കൊണ്ടവ അണച്ച് കളയരുത്. നിരവധി സന്ദര്‍ഭങ്ങളില്‍ മുവത്വ വായിച്ച് കൊണ്ടിരിക്കെ ഖണ്ഡിക്കാന്‍ ശ്രമിക്കുന്നതിന് പകരം, എന്റെ വശ്യ സുന്ദരമായ പാരായണം കേട്ട് അദ്ദേഹം എന്നോട് വായനതുടരാന്‍ ആവിശ്യപ്പെട്ടിട്ടുണ്ടെന്ന് ശാഫി ഇമാം തന്നെ പിന്നീട് തുറന്ന് പറഞ്ഞിട്ടുണ്ട്.

പിന്നീട് യമനിലേക്ക് യാത്ര തിരിച്ച അദ്ദേഹം അവിടെ ഏതാനും കാലം തൊഴിലിലേര്‍പ്പെടുകയുണ്ടായി. പ്രശസ്ത പണ്ഡിതനും വാഗ്മിയുമായ ഖാളി മുഹമ്മദ് ബ്‌നു ഹസനില്‍ ശൈബാനിയെ ലക്ഷ്യം വെച്ച് ബഗ്ദാദിലേക്ക് യാത്ര തിരിച്ച ഇമാം ശാഫിഇ, മാലികി, ഹനഫി കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങള്‍ അധ്യാപനം നടത്തുകയുണ്ടായി. ജ്ഞാന സമ്പാദന ലക്ഷ്യാര്‍ഥം നിരവധി യാത്രകളിലേര്‍പ്പെട്ട ഇമാം ശാഫിഈ ഒടുവില്‍ മക്കയിലേക്ക് മടങ്ങിയെത്തി. ശേഷം ഹറമിലെ ദര്‍സില്‍ അധ്യാപനത്തിലേര്‍പ്പെട്ട അദ്ദേഹം ഹജ്ജ് വേളയില്‍ അതി പ്രഗത്ഭരായ പല പണ്ഡിതരേയും നേരില്‍ കണ്ട് മുട്ടുകയും അവരുമായി ജ്ഞാനോദ്ദീപമായ നിരവധി ചര്‍ച്ചകളിലേര്‍പ്പെടുകയും ചെയ്തു. ഇതേ അവസരത്തിലാണ് അദ്ദേഹം അഹ്മദ് ബ്‌നു ഹമ്പല്‍ ഇമാമിനെ കണ്ട് മുട്ടുന്നത്. നിരവധി ചര്‍ച്ചകളുടേയും യാത്രകളുടേയും ഫലമായി കര്‍മ്മശാസ്ത്രത്തില്‍ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച ഇമാം ശാഫിഈയുടെ കര്‍മ്മശാസ്ത്ര മേഖല ഇറാഖ്, മദീന എന്നിവടങ്ങളിതതതലെ രീതിശാസ്ത്രങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു.

വീണ്ടും ബഗ്ദാദിലേക്ക് യാത്ര തിരിച്ച ഇമാം ശാഫിഈ നിദാനശാസ്ത്രത്തിന് അടിസ്ഥാന ശില പാകിയ രിസാല എന്ന ഗ്രന്ഥം രചിക്കുകയുണ്ടായി. ഖുര്‍ആന്‍, ഹദീസ്, ഇജ്മാഅ്, ഖിയാസ്, നസ്ഖ് തുടങ്ങിയ ചര്‍ച്ചകള്‍ സജീവമായി ചര്‍ച്ച ചെയ്ത പ്രഥമ ഗ്രന്ഥം കൂടിയാണ് രിസാല. ബഗ്ദാദിനോട് കിടപിടിക്കുന്ന ജ്ഞാന കേന്ദ്രം മിസ്വറിലില്‍ ഇല്ലന്ന കാരണത്താൽ ബഗ്ദാദ് വിട്ട്പോരാന്‍ അദ്ദേഹത്തിന് ഏറെ മനപ്രയാസം സൃഷ്ടിച്ചിരുന്നതായി ചരിത്രത്തില്‍ കാണാം. അബ്ബാസി ഭരണാധികാരികള്‍ മുഅ്തസിലീ ആശയത്തോട് അനുഭാവ പൂര്‍ണ്ണമായ നിലപാട് പ്രകടിപ്പിച്ചത് അദ്ദേഹത്തെ ഏറെ വിഷമിപ്പിച്ചിരുന്നു. മുഅ്തസിലി ആശയങ്ങളില്‍ തീര്‍ത്തും എതിര്‍പ്പ് പ്രകടിപ്പിച്ച ഇമാം ശാഫിഈക്ക് അവരുടെ തണലില്‍ ജീവിക്കേണ്ട സാഹചര്യം ഒരിക്കല്‍ പോലും ഉണ്ടായിരുന്നില്ലെന്നതാണ് വസ്തുത. ആദ്യ ഘട്ടം ബഗ്ദാദില്‍ വെച്ച് പൂര്‍ത്തീകരിച്ച രിസാലയുടെ രണ്ടാം ഘട്ട ഗ്രന്ഥ രചന അദ്ദേഹം മിസ്വറില്‍ വെച്ച് ആരംഭിച്ചു. അവിടെ വെച്ചായിരുന്നു അദ്ദേഹത്തിന്റെ ജദീദായ അഭിപ്രായ രൂപീകരണത്തിന്റെ തുടക്കവും.

മാലികി ഇമാമിനോട് തന്റെ അനുയായികള്‍ പ്രകടിപ്പിക്കുന്ന ശക്തമായ പിന്തുണയും ഹദീസിനേക്കാള്‍ കര്‍മ്മശാസ്ത്രത്തെ പരി​ഗണിക്കുന്നു വെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തി്ല്‍ മാലിക് ഇമാമിനോടുള്ള തന്റെ വിയോജിപ്പുകള്‍ വ്യക്തമാക്കുന്ന ഗ്രന്ഥം ഇമാം ശാഫിഈ രചിക്കുകയുണ്ടായി. ഗ്രന്ഥ രചനയെ തുടര്‍ന്നുണ്ടായ വിരസത പിന്നീട് മാലികി ഇമാമിന്റെ അനുയായികള്‍ പ്രകടിപ്പിക്കുകയും ശാഫിഈ ഇമാമിനോട് നിരന്തരം കലഹിക്കുകയും ചെയ്തു. മരണത്തിന് കാരണമായ അര്‍ശസ്സ് അടക്കമുള്ള നിരവധി രോഗങ്ങള്‍ കൊണ്ട് ഇമാം ശാഫിഈ ദുരിതമനുഭവിച്ചിരുന്നു. ഹിജ്‌റ വര്‍ഷം 204 (ക്രിസ്തു വര്‍ഷം 820) ലാണ് അദ്ദേഹം മിസ്വറില്‍ വഫാത്താകുന്നത്.

കൈറോ പട്ടണത്തിലെ മസ്ജിദുല്‍ ഇമാം ശാഫിഈയുടെ സമീപത്താണ് അദ്ദേഹം അന്ത്യ വിശ്രമം കൊള്ളുന്നത്. സുല്‍ത്താന്‍ അയ്യൂബിയുടെ കീഴില്‍ നിര്‍മ്മിക്കപ്പെട്ട ഈ പള്ളി മധ്യകാലത്തെ ഏറ്റവും വലിയ കെട്ടിടങ്ങളിലൊന്നായി എണ്ണപ്പെടുന്നു. മുജ്തഹിദുകള്‍ നാല് മദ്ഹബുകളിലൊരു ഇമാമിനെ പിന്തുടരാന്‍ തുടങ്ങിയതോടെ പ്രദേശവാസികള്‍ ഓരോ മദ്ഹബ് അനുസരിച്ച് പ്രവര്‍ത്തിച്ച് തുടങ്ങി. മിസ്വറില്‍ വേര് പിടിച്ച ശാഫിഈ മദ്ഹബ് മറ്റുള്ളവയെ അപേക്ഷിച്ച് ആ പ്രദേശത്ത് അതിവേഗം ജനപ്രീതി നേടി. ഇറാഖ്, ഖുറാസാന്‍, ഷാം, യമന്‍. മാവറാഉന്നഹര്‍, ഈജിപ്ത്, ഹിജാസ്, ഇന്ത്യയിലെ ചില ഭാഗങ്ങള്‍ എന്നീ പ്രവിശ്യകളിലാണ് ശാഫിഈ മദ്ഹബിന് കൂടുതല്‍ അനുയായികളുള്ളത്. കിഴക്കന്‍ ആഫ്രിക്ക, സ്‌പെയിന്‍ എന്നിവടങ്ങളിലും ശാഫിഈ മദ്ഹബ് വേണ്ട വിധം വിശ്വാസികള്‍ക്കിടെയില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. തന്റെ ജ്ഞാന വൈഭവവും ബുദ്ധി സാമര്‍ഥ്യവും കൊണ്ട് ജനങ്ങള്‍ക്കിടെയില്‍ വ്യക്തി പ്രഭാവം ചൊരിഞ്ഞ ഇമാം ശാഫിഈ പുതിയ ജ്ഞാന ശാഖ രൂപപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. അറബി ഭാഷാ സാഹിത്യം, ഖുര്‍ആന്‍ വ്യാഖ്യാന ശാസ്ത്രം, എന്നീ ജ്ഞാന മേഖലകളി്ല്‍ തന്റേതായ സ്ഥാനം പതിപ്പി്ച്ച ഇമാം ശാഫിഈ തങ്ങളുടെ ജ്ഞാന പാഠവം അതി പ്രശസ്തമായിരുന്നു. അദ്ദേഹത്തിന്റെ തഫ്‌സീറിലുള്ള അഗാധ ജ്ഞാനം ദര്‍ശിച്ചാല്‍ ഖുര്‍ആന്‍ സൂക്തങ്ങളുടെ അവതരണ ചരിത്രം നേരിട്ട് മനസ്സിലാക്കിയ ഒരാളുടെ വിശദീകരണത്തിന് തുല്യമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ശിഷ്യര്‍ പലപ്പോഴായി പറഞ്ഞിട്ടുണ്ട്.

ഇല്‍മുല്‍ ഹദീസില്‍ മാലികി ഇമാമിന്റെ മുവത്വ മനപാഠമാക്കിയ ശാഫിഈ ഇമാം ഖിയാസിന്റെ മാനദണ്ഡങ്ങള്‍ കൃത്യമായി വിശദീകരിക്കുകയുണ്ടായി. ഇമാം ശാഫിഈയുടെ ജ്ഞാന നേട്ടങ്ങളില്‍ വാചാലനായ അദ്ദേഹത്തിന്റെ ശിഷ്യന്‍, ഇമാം അഹ്മദ് ബ്‌നു ഹമ്പല്‍ പറയുന്നത് കാണുക; നബി (സ) പറയുന്നു; ഓരോ വര്‍ഷവും ദീനിന്റെ നേതൃത്വത്തില്‍ അല്ലാഹു ഓരോ ആളുകളെ നിയോഗിക്കും, ഉമര്‍ ബ്‌നു അബ്ദില്‍ അസീസ് അവരില്‍ ഒരാളായിരുന്നു, ഇമാം ശാഫിഈ അത്തരത്തില്‍ ഒരാളായിരിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. മുഹമ്മദ് ആബിദുല്‍ ജാബിരി പറയുന്നു; അറബ് ലോകം കണ്ട ഏറ്റവും വലിയ ബുദ്ധിശാലിയാണ് ഇമാം ശാഫിഈ എന്ന് നിസ്തര്‍ക്കം സുവ്യക്തമാണ്. എങ്കിലും മുഹമ്മദ് അര്‍കൂന്‍, മുഹമ്മദ് ശഹ്‌റൂര്‍, നസര്‍ ഹാമിദ്, അബൂ സൈദ്, ജോര്‍ജ് തറാബിശ്, സകരിയ ഓസുന്‍ എന്നിവരടങ്ങുന്ന നവോത്ഥാന വാദികളുടെ ആക്ഷേപത്തിനും അപഹാസ്യത്തിനും പലപ്പോഴും ശാഫിഈ ഇമാം ഇരയായിട്ടുണ്ട്. ഇസ്ലാമിക ചരിത്രത്തിലും ധിഷണാ മേഖലയിലും നിസ്തുലമായ സംഭാവനകള്‍ അര്‍പ്പിച്ച ഇമാം ശാഫിഈയുടെ ജീവിതം അടിസ്ഥാനമാക്കി നിരവധി ഡോക്യുമെന്ററികളും മറ്റും ഇതിനോടകം പുറത്തിറങ്ങിയിട്ടുണ്ട്. ഏറ്റവുമൊടുവില്‍ സംപ്രേക്ഷിതമായ രിസാലത്തുല്‍ ഇമാം ചരിത്രപരമായ തെറ്റുകള്‍ അടങ്ങിയിട്ടുണ്ടെന്ന പേരില്‍ ഏറെ വിമര്‍ശന വിധേയമാക്കപ്പെട്ടു. ജ്ഞാനത്തോടും അധ്യാപനത്തോടും അതിയായ അഭിനിവേശം വെച്ച് പുലര്‍ത്തിയ ഇമാം ശാഫിഈ പണ്ഡിത സമൂഹത്താല്‍ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.

വിവ- ആമിര്‍ ഷെഫിന്‍

???? വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ????: https://chat.whatsapp.com/CONOJlYnC05Kslg9NygjM1

Related Articles