Current Date

Search
Close this search box.
Search
Close this search box.

മയ്യിത്ത് നമസ്കാരം ( 6 – 15 )

പിതാവ്, പിതാമഹൻ, പിതൃവ്യൻ, സഹോദരൻ തുടങ്ങി ബന്ധപ്പെട്ടവർ ആരെങ്കിലും മരിച്ചാൽ സ്ത്രീകൾ ആഭരണം, വർണ്ണങ്ങളുള്ള വസ്ത്രം, മൈലാഞ്ചി, സുറുമ, സുഗന്ധദ്രവ്യം ആദിയായവ ഉപേക്ഷിക്കുന്നതാണ് ദുഃഖപ്രകടനം (ഇദ്ദ) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഭർത്താവ് അനുവദിക്കുമെങ്കിൽ മൂന്നു ദിവസം അവൾക്ക് അതിന് അനുവാദമുണ്ട്. ഭർത്താവ് മരിച്ചാൽ അതു നാലുമാസവും പത്തുദിവസവും പൂർണമായി ആചരിക്കണം. അതു നിർബന്ധമാണ്.

നബി (സ) പറഞ്ഞതായി ഉമ്മുഅത്വിയ്യ (റ) ഉദ്ധരിക്കുന്നു.

لا تحد امرأة على ميت فوق ثلاث إلا على زوج فإنها تحد عليه أربعة أشهر و عشرا ولا تلبس ثوبا مصبوغا إلا ثوب عصب ولا تكتحل ولا  تمس طيبا ولا تختضب ولا تمشط إلا إذا طهرت تمس نبذة من قسط أو أظفار (رواه الجماعة إلا الترمذي)

(ഭർത്താവിന്റെ പേരിലല്ലാതെ മറ്റാരുടെ മരണത്തിനു വേണ്ടിയും മൂന്ന് ദിവസത്തിൽ കൂടുതൽ ദുഃഖമാചരിക്കരുത്. ഭർത്താവിനു വേണ്ടിയാവുമ്പോൾ അവൾ നാലു മാസവും പത്തു ദിവസവും ദുഃഖമാചരിക്കണം. അസ്ബ് ഒഴിച്ച് അവൾ ചായം മുക്കിയ വസ്ത്രം അണിയരുത്. സുറുമയിടരുത്. സുഗന്ധം പുരട്ടരുത്. മൈലാഞ്ചി ഇടരുത്. മുടി ചീകരുത്. അവൾ ആർത്തവം കഴിഞ്ഞ് ശുദ്ധിയായാൽ ഖുസ്ത് അള്ഫാർ തുടങ്ങിയുള്ള സുഗന്ധ വസ്തുക്കളിൽ നിന്ന് അല്പം ഉപയോഗിക്കാം.)

പരേതന്റെ വീട്ടുകാർക്ക് ഭക്ഷണം നൽകൽ

മരണപ്പെട്ട ആളുകളുടെ വീട്ടുകാർക്ക് മരിച്ച ദിവസം രാവും പകലും മറ്റു ബന്ധുക്കളോ അയൽവാസികളോ ഭക്ഷണമുണ്ടാക്കിക്കൊടുക്കൽ സുന്നത്താണ്. ഭക്ഷണം കഴിക്കാൻ അവരെ നിർബന്ധിക്കുകയും ചെയ്യാം. ജഅ്ഫറുബ്നു അബീതാലിബ് മുഅ്ത്താ യുദ്ധത്തിൽ വധിക്കപ്പെട്ടപ്പോൾ നബി(സ) ഇപ്രകാരം നിർദ്ദേശിച്ചതായി അബ്ദുല്ലാഹിബ്നു ജഅഫർ ഉദ്ധരിക്കുന്നു.
اصنعوا لآل جعفر طعاما فإنه قد أتاهم أمر يشغلهم (أبوداود، ابن ماجه، الترمذي)
(ജഅ്ഫറിന്റെ കുടുംബത്തിന് ഭക്ഷണമുണ്ടാക്കികൊടുക്കുക. അവർക്കു പ്രയാസമുണ്ടാക്കുന്ന പ്രശ്നം അവരെ ബാധിച്ചിരിക്കുന്നുവല്ലോ.)

മയ്യിത്തിന്റെ വീട്ടുകാർ ഭക്ഷണം ഉണ്ടാക്കി മറ്റുള്ളവർക്ക് സദ്യ ഒരുക്കുന്നത് തെറ്റാണെന്ന കാര്യത്തിൽ പണ്ഡിതൻമാർ ഏകാഭിപ്രായക്കാരാണ്. എന്നാൽ അകലെ നിന്ന് വരുന്ന ആളുകൾക്ക് ഭക്ഷണം കിട്ടാൻ വേറെ മാർഗ്ഗമില്ലെങ്കിൽ മയ്യിത്തിന്റെ ആളുകൾ അവർക്കുവേണ്ടി ഭക്ഷണ മുണ്ടാക്കി നൽകുന്നതു കുറ്റകരമല്ല. എന്നല്ല അതു അനിവാര്യവുമാകും.

മരണത്തിനു മുമ്പേ മയ്യിത്തിനെ പൊതിയാനുള്ള വസ്ത്രം ഒരുക്കുന്നതും ഖബർ ശരിയാക്കി വെക്കുന്നതും തെറ്റല്ല. ഒരു പ്രത്യേക സ്ഥലം തന്നെ ഖബറടക്കണമെന്ന് വസിയ്യത്ത് ചെയ്യുകയും ആവാം. സഹാബിമാരും താബിഉകളുമായ പലരും അപ്രകാരം ചെയ്തിട്ടുണ്ട്.

മക്കയിലെയോ മദീനയിലെയോ ഹറമിൽ വെച്ചോ മരിക്കാൻ കൊതി ക്കുകയും അതിനുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യാവുന്നതാണ്. ഉമർ (റ) അങ്ങനെ പ്രാർത്ഥിച്ചതായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.

കുട്ടികൾ മരിച്ചാൽ അതിന്റെ പേരിൽ ക്ഷമിക്കുന്ന രക്ഷിതാക്കൾക്ക് സ്വർഗം പ്രതിഫലമായി ലഭിക്കുമെന്ന് നബി(സ) പറഞ്ഞതായി ഇമാം ബുഖാരി ഉദ്ധരിച്ചിരിക്കുന്നു. ( തുടരും )

Related Articles