Current Date

Search
Close this search box.
Search
Close this search box.

ഇബാദത്തുകൾ

നമ്മെ സൃഷ്ടിച്ചു പരിപാലിക്കുന്നത് അല്ലാഹുവാണല്ലോ. അവനാണ് നമ്മുടെ നാഥനും ഉടമസ്ഥനും. നാം അവന്റെ അടിമകളാകുന്നു. അവന്റെ അടിമകളാണെന്ന ബോധത്തോടെ അവന്റെ കല്പനയനുസരിച്ച് ജീവിക്കേണ്ടത് നമ്മുടെ കടമയാണ്. അങ്ങനെ ജീവിക്കുന്നത് അല്ലാഹുവിന്നുള്ള ഇബാദത്താകുന്നു. അങ്ങനെ ജീവിക്കുന്നതുകൊണ്ട് നമുക്ക് അല്ലാഹുവിന്റെ പ്രീതി ലഭിക്കുന്നതാണ്. അല്ലാഹുവിന്റെ പ്രീതി ലഭിക്കണമെന്ന വിചാരത്തോടുകൂടി അവന്റെ കല്പനയനുസരിച്ച് ചെയ്യുന്ന എല്ലാ പ്രവൃത്തികളും അവന്നുള്ള ഇബാദത്തുകളായിത്തീരുന്നതുമാകുന്നു.

അല്ലാഹുവിന് നമ്മോട് വളരെ കരുണയുണ്ട്. അവൻ നമുക്ക് കയ്യും കണക്കുമില്ലാത്ത അനുഗ്രഹങ്ങൾ ചെയ്തുതന്നിരിക്കുന്നു. അതിനാൽ നാം അവനോട് വളരെ നന്ദിയുള്ളവരായിരിക്കണം. നമ്മുടെ ഹൃദയത്തിൽ എപ്പോഴും അവനോട് അതിരറ്റ ഭക്തിയും ബഹുമാനവും ഉണ്ടായിരിക്കണം. അവനെ മറന്നുകൊണ്ട് തോന്നുന്ന വിധം എന്തെങ്കിലും പ്രവർത്തിക്കരുത്. എന്തൊരു കാര്യം ചെയ്യുമ്പോഴും അത് അല്ലാഹുവിന്റെ കല്പനക്ക് വിപരീതമാണോ എന്നു ചിന്തിക്കണം. അങ്ങനെ സൂക്ഷ്മതയോടെ ജീവിക്കുമ്പോൾ മാത്രമേ നാം അല്ലാഹുവോട് ഭക്തിയുള്ളവരാവുകയുള്ളൂ.

അല്ലാഹുവിനെ ആരാധിക്കുവാൻ അവൻ നമ്മോട് കല്പിച്ചിരിക്കുന്നു. അവനോട് ഭക്തിയും ബഹുമാനവും കാണിക്കുന്ന കർമങ്ങളാണ് ആരാധനകൾ. അല്ലാഹുവിനെ ആരാധിക്കുന്നതുകൊണ്ട് നാം അവനോട് നന്ദിയുള്ളവരായിത്തീരുന്നു. അതുവഴി അവനെക്കുറിച്ച് നമുക്ക് ഓർമയുണ്ടാകുന്നു. നമ്മുടെ മനസ്സിൽ അവനോട് സ്‌നേഹവും ബഹുമാനവും വർധിക്കുന്നു. അല്ലാഹുവോട് അതിരറ്റ ഭക്തിയും സ്‌നേഹബഹുമാനവും ഉണ്ടാകുമ്പോൾ അവന്റെ കല്പനക്ക് വിപരീതം പ്രവർത്തിക്കുവാൻ നമ്മുടെ ഹൃദയം സമ്മതിക്കുകയില്ല. ചുരുക്കത്തിൽ അല്ലാഹുവിനെ നാം ആരാധിക്കുമ്പോൾ അവനെ എപ്പോഴും കീഴ്‌വണങ്ങി ജീവിക്കണമെന്ന ബോധം നമ്മുടെ മനസ്സിൽ അധികരിക്കുന്നതാണ്. അതിനാൽ ആരാധനകൾ വളരെ പ്രധാനമായ ഇബാദത്തുകളാകുന്നു.

അല്ലാഹു കല്പിച്ച ആരാധനകളിൽ നാലെണ്ണം വളരെ പ്രധാനമാണ്. നമസ്‌കാരം, സകാത്ത്, നോമ്പ്, ഹജ്ജ് എന്നീ കർമങ്ങളാണവ. അല്ലാഹു കല്പിച്ച ആരാധനാ കർമങ്ങൾ നമുക്കു തോന്നിയവിധം ചെയ്താൽ പോരാ; പിന്നെയോ, അല്ലാഹു കല്പിച്ചപോലെ അനുഷ്ഠിക്കണം. അല്ലാഹു നിർദേശിച്ച ക്രമത്തിൽ നബിതിരുമേനി അവയെപ്പറ്റി വിശദനിയമങ്ങൾ നമുക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്. അതുകൊണ്ട് മേൽപറഞ്ഞ ആരാധനാകർമങ്ങളിൽ ഓരോന്നിനെക്കുറിച്ചും നാം വളരെ കാര്യങ്ങൾ ഗ്രഹിക്കേണ്ടതുണ്ട്.

Related Articles