Current Date

Search
Close this search box.
Search
Close this search box.

മയ്യിത്ത് നമസ്കാരം ( 14- 15 )

ഖബർ സന്ദർശനം പുരുഷന്മാർക്കു സുന്നത്താണ്. ഖബറിനടുത്ത് ചെല്ലുക, ഖബർവാസിക്കു സലാം ചൊല്ലുക, അയാളുടെ പാപമോചനത്തിനായി അല്ലാഹുവോട് പ്രാർത്ഥിക്കുക ഇത്രയുമാണ് ഖബർ സന്ദർശനം കൊണ്ടു ഉദ്ദേശിച്ചിട്ടുള്ളത്. സന്ദർശകന് പരലോകബോധം വർധിക്കാൻ അതു കാരണമാകും. കുറ്റവാളികളുടെയും നിഷേധികളുടെയും ഖബറുകളും ഈയാവശ്യാർത്ഥം സന്ദർശിക്കാവുന്നതാണ്. ഇസ്ലാമിന്റെ ആദ്യ ഘട്ടത്തിൽ ഖബർ സന്ദർശനം നബി(സ) നിരോധിച്ചിരുന്നു. ശിർക്കു സംബന്ധമായ ആചാരങ്ങൾ സന്ദർശനത്തിൽ കടന്നു കൂടാൻ സാധ്യതയുള്ളതാണ് അതിനു കാരണം. പിന്നീട് നിരോധം നീക്കി. നബി (സ) പറഞ്ഞതായി ബുറൈദ (റ) ഉദ്ധരിക്കുന്നു.

(كنت نهيتكم عن زيارة القبور ألا فزوروها فإنها تذكر كم الآخرة (أحمد
(ഞാൻ നിങ്ങൾക്കു ഖബർ സന്ദർശനം നിരോധിച്ചിരുന്നു. ഇനി അവ സന്ദർശിച്ചുകൊള്ളുക. അതു നിങ്ങൾക്കു പരലോകബോധമുണ്ടാക്കും.

ഖബർ സന്ദർശനവേളയിൽ എന്തു പറയണമെന്ന് താഴെ ഹദീഥുകൾ വ്യക്തമാക്കുന്നു.
1) ബുറൈദ (റ) പറയുന്നു:
كان النبي ﷺﷺ يعلمهم إذا خرجوا إلى المقابر أن يقول قائلهم: السلام عليكم أهل الديار من المؤمنين والمسلمين وإنا إن شاء الله بكم لاحقون. أنتم فرطنا ونحن لكم تبع ونسأل الله لنا ولكم العافية (أحمد، مسلم) (ശ്മശാനങ്ങളിൽ ചെന്നാൽ ഇങ്ങിനെ പറയണമെന്ന് നബി (സ) അവരെ പഠിപ്പിക്കുമായിരുന്നു. നിങ്ങൾക്ക് അല്ലാഹുവിന്റെ സമാധാനമുണ്ടാവട്ടെ. മുഅ്മിനുകളും മുസ്ലിംകളുമായ ഈ ഭവനത്തിലെ താമസക്കാരേ, അല്ലാഹു ഉദ്ദേശിച്ചാൽ ഞങ്ങളും നിങ്ങളുടെ ശേഷം വരാനുള്ളവരാണ്. നിങ്ങൾ മുമ്പേ പോയവരും ഞങ്ങൾ നിങ്ങളെ പിന്തുടരുന്നവരുമാകുന്നു. ഞങ്ങൾക്കും നിങ്ങൾക്കും സൗഖ്യത്തിനായി ഞങ്ങൾ അല്ലാഹുവിനോടർത്ഥിക്കുന്നു.)

2) ആയിശ (റ) പറയുന്നു:

قلت : كيف أقول لهم يا رسول الله ؟ قال : قولي : السلام على أهل الديار من المؤمنين والمسلمين ويرحم الله المستقدمين منا والمستأخرين وإنا إن شاء الله بكم لاحقون (مسلم)
(ഞാൻ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, ഞാൻ അവരോട് എന്തു പറയണം? അദ്ദേഹം പറഞ്ഞു: നീ പറയുക:
السلام على أهل الديار من المؤمنين والمسلمين ويرحم الله المستقدمين منا والمستأخرين وإنا إن شاء الله بكم لاحقون
ഇതു സംബന്ധിച്ച് വേറെയും ഹദീഥുകൾ വന്നിട്ടുണ്ട്. എന്നാൽ ഖബർ തൊട്ടുമുത്തുക, ചുംബിക്കുക, ഖബറിനു വലംവെക്കുക, അതിങ്കൽ സുജൂദ് ചെയ്യുക ആദിയായവ ശിർക്കുപരമായ പ്രവൃത്തികളും നിഷിദ്ധവുമാണ്.

പുരുഷന്മാർക്കു മാത്രമല്ല, സ്ത്രീകൾക്കും തങ്ങളുടെ ബന്ധുക്കളുടെ ഖബർ സന്ദർശിക്കാവുന്നതാണ്. ഖബറിങ്കൽ ചെന്ന് അലമുറയിടുകയും മറ്റു അനിസ്ലാമിക രീതികൾ കൈകൊള്ളുകയും ചെയ്യുന്നില്ലെങ്കിലാണത്. അല്ലാത്തപക്ഷം അത് അവർക്ക് ശാപകാരണമായിത്തീരുകയും ചെയ്യും. ആയിശ(റ) സഹോദരൻ അബ്ദുറഹ്മാനുബ്നു അബീബകറി (റ) ന്റെ ഖബർ സന്ദർശിച്ച് മടങ്ങുമ്പോൾ അബ്ദുല്ലാഹിബ്നു മുലൈക (റ) അവരെ കാണാനിടയായി. അദ്ദേഹം ചോദിച്ചു:

يا أم المؤمنين من أين أقبلت ؟ قالت : من قبر أخي عبد الرحمن فقلت كان لها أليس كان نهى رسول اللہ ﷺ عن زيارة القبور ؟ قالتنهى عن زيارة القبور ثم أمر بزيارتها (حاكم، والبيهقي)
(ഉമ്മുൽ മുഅ്മിനീൻ, താങ്കൾ എവിടെ നിന്നാണ് വരുന്നത്? അവർ പറഞ്ഞു: എന്റെ സഹോദരൻ അബ്ദുറഹ്മാന്റെ ഖബറിനടുത്തു നിന്ന്. അപ്പോൾ ഞാൻ ചോദിച്ചു: നബി (സ) ഖബർ സന്ദർശനം നിരോധിച്ചിരുന്നില്ലേ? അവർ പറഞ്ഞു: അതെ, നിരോധിച്ചിരുന്നു. പിന്നെ സന്ദർശിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. ( തുടരും )

Related Articles