Current Date

Search
Close this search box.
Search
Close this search box.

ഫിഖ്ഹുൽ മീസാൻ ( 2- 2 )

ഫിഖ്ഹുൽ മീസാനുമായി ബന്ധപ്പെട്ട് കഴിഞ്ഞ കാൽനൂറ്റാണ്ടായി ഞാൻ പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്. ആയിടക്ക്, ഒരു രാത്രിയിൽ വിശുദ്ധ ഖുർആനിലെ, ‘നിശ്ചയം, നമ്മുടെ സന്ദേശവാഹകരെ സ്പഷ്ടദൃഷ്ടാന്തങ്ങളുമായി നാം നിയോഗിക്കുകയും ജനങ്ങൾ നീതിപൂർവം ജീവിക്കാനായി അവരൊന്നിച്ച് വേദവും നീതിനിഷ്ഠയും നാമവതരിപ്പിക്കുകയും ചെയ്തു'(അൽ ഹദീദ്- 25) എന്ന സൂക്തവും ‘സത്യസന്ധതയുടെ വേദവും നീതിയുടെ ത്രാസും അവതരിപ്പിച്ചത് അല്ലാഹുവാകുന്നു. താങ്കൾ എന്തറിഞ്ഞു? അന്ത്യനാൾ സമീപസ്ഥമായേക്കാം'(അശ്ശൂറാ- 17) എന്ന സൂക്തവും പാരായണം ചെയ്യുമ്പോൾ മനസ്സിൽ ഒരുപാട് പുതിയ ചോദ്യങ്ങൾ എന്നെ അലട്ടുകയുണ്ടായി. ഒരുപ്രത്യേകതരം വികാരം എന്നെ പിടികൂടുകയുണ്ടായി. ഈ രണ്ടു ആയത്തുകളും പറയുന്ന കാര്യങ്ങൾ ഞാൻ കൂടുതൽ ശ്രദ്ധയോടെ ആലോചിച്ചു. നീതി പൂർണമാവുന്നത് വേദഗ്രന്ഥം കൊണ്ടും മീസാൻ(നീതിനിഷ്ഠ, ത്രാസ്) കൊണ്ടുമാണെന്നാണ് സാരം. വിശുദ്ധ ഖുർആനെക്കുറിച്ചും മറ്റു പ്രവാചകന്മാർക്ക് അവതരിക്കപ്പെട്ട മറ്റു വേദഗ്രന്ഥങ്ങളെക്കുറിച്ചും നമുക്കറിയാം. പക്ഷെ, അതിന്റെ കൂടെ പറയപ്പെട്ട, പ്രവർത്തിയിലും വാക്കിലും മറ്റും നീതി സാധ്യമാക്കാൻ ആവശ്യമായ മീസാൻ എന്താണ്? ഉടനെത്തന്നെ വിവിധങ്ങളായ തഫ്‌സീർ ഗ്രന്ഥങ്ങൾ ഞാൻ തിരഞ്ഞുനോക്കിയെങ്കിലും ഒന്നിലും പൂർണമായ മറുപടി ലഭിച്ചില്ല. എങ്കിലും ചില വെളിച്ചപ്പൊട്ടുകൾ ലഭിക്കുകയുണ്ടായി. തഫ്‌സീറുൽ ഖുർആനിൽ അളീമിൽ കാണാം:’നീതിയാണ് അതുകൊണ്ട് ലക്ഷ്യമാക്കുന്നത്. മുജാഹിദ്, ഖതാദ എന്നവരും മറ്റും പറയുന്നു; നേർവഴിക്കുള്ള, ശരിയായ നിലക്കുള്ള ബുദ്ധി അംഗീകരിക്കുന്ന സത്യത്തെയാണത് ലക്ഷീകരിക്കുന്നത്. ഒരാൾ നിലകൊള്ളുന്നത് തന്റെ നാഥന്റെ പക്കൽ നിന്നുള്ള ദൃഷ്ടാന്തങ്ങളിലാണ്, അല്ലാഹുവിങ്കൽ നിന്നുള്ള ഒരു സാക്ഷി അയാൾക്ക് ഖുർആൻ ഓതിക്കൊടുക്കുന്നുണ്ട് എന്ന സൂക്തവും അല്ലാഹു മനുഷ്യരെ സൃഷ്ടിച്ച ശുദ്ധപ്രകൃതത്തിൽ സ്വന്തത്തെ ദീനിനുനേരെ പ്രതിഷ്ഠിക്കുക എന്ന സൂക്തവും ഇതോടു ചേർത്തുവായിക്കേണ്ടതാണ്.’

ഇതൊരു നല്ല വിശദീകരണമാണെങ്കിലും ഈയൊരു തുലാസി(മീസാൻ)നെക്കുറിച്ചും അതുവഴി നീതി സാധ്യമാക്കുന്നതിനെക്കുറിച്ചുമുള്ള പരാമർശം അതിൽ കാണാനില്ല. ഭൂരിപക്ഷം ഖുർആൻ വ്യാഖ്യാതാക്കളും ‘മീസാൻ’ എന്നതിനെ നീതിയെന്നാണ് വ്യാഖ്യാനിച്ചത്. നീതി ലക്ഷീകരിക്കപ്പെടുന്ന കാര്യങ്ങളിലൊന്നാണത്. പിന്നെയെങ്ങനെ സ്വയം നീതിയെന്ന് അതിനെ വ്യാഖ്യാനിക്കാനാവും? ഇവിടെയാണ്, വിശുദ്ധ ഖുർആനിലൂടെ ഈ അമൂല്യനിധിയെ കണ്ടെടുക്കുക എന്ന ചിന്ത വന്നത്.

പിന്നീടു ഞാൻ തിരുനബിയുടെ ജീവിതവും ഖുലഫാഉറാശിദുകളുടെ നിലപാടുകളും പരിശോധിച്ചുനോക്കിയപ്പോൾ അവയൊക്കെയും ഇതേയൊരു നീതിബോധത്തിലൂടെ തന്നെ സഞ്ചരിക്കുന്നതായി ബോധ്യപ്പെട്ടു. അതേസമയം, മറുവശത്ത് ഇസ്‌ലാമിക ചിന്താപ്രസ്ഥാനങ്ങൾക്കിടയിലെ വലുതും ചെറുതുമായ ഭിന്നാഭിപ്രായങ്ങളും അഭിപ്രായവ്യത്യാസങ്ങളും -അവയിൽ ചിലതുതന്നെ പരസ്പരം ദൈവനിഷേധത്തി(കുഫ്‌റ്)ന്റെ മുദ്രകുത്തുന്നതു വരെയെത്തി- എന്നെ വല്ലാതെ ഭീതിപ്പെടുത്തുകയുണ്ടായി. അവരെല്ലാം തന്നെയും തങ്ങളുടെ ആശയങ്ങൾ സ്ഥാപിക്കാൻ തെളിവുപിടിക്കുന്നത് ഈ വിശുദ്ധഖുർആനിൽ നിന്നും ഹദീസിൽ നിന്നും തന്നെയാണുതാനും. മതത്തിൽ അനുവദിക്കപ്പെട്ടിട്ടില്ലാത്തതാണ്, അനാരോഗ്യകരവും സമുദായത്തെ കൂടുതൽ തമ്മിലടിപ്പിക്കുകയും ചെയ്യുന്ന തരത്തിലുള്ള ഇത്തരം ആശയസംഘട്ടനങ്ങൾ. അതേസമയം, കർമശാസ്ത്രസംബന്ധമായതും മറ്റുമായ ആരോഗ്യകരമായ സംവാദങ്ങൾ മതത്തിൽ സാധാരണവുമാണ്. പക്ഷെ, ഇന്നത്തെ സാഹചര്യത്തിൽ ഈ ഭിന്നതകൾ മാന്യതയുടെ അതിരുകളെല്ലാം ലംഘിച്ച്, പരസ്പരബഹുമാനം തെല്ലുമില്ലാതെ, പരസ്പരമുള്ള പഴിചാരലുകളും നിസ്സാരമാക്കലും വിമർശനങ്ങളും മാത്രമായും, പലപ്പോഴും കാഫിർ- ഫാസിഖ് പട്ടം നൽകലിൽ തുടങ്ങി, ചിലപ്പോൾ ശത്രുക്കളോടൊപ്പം ചേർന്ന് സ്വന്തം മുസ്‌ലിം സഹോദരനെതിരെ ഗൂഢാലോചനകൾ നടത്താനും പരസ്പരം കൊലചെയ്യാനുംപോലും ഇത്തരം സംഘങ്ങൾ തയ്യാറാവുന്നു. അപ്പോഴെവിടെയാണ് പ്രശ്‌നം?

എതിരാളികളോടുള്ള ഈ തീവ്രതയുടെയും പരസ്പരം വിധിപറയുന്നതിലുള്ള കാഠിന്യത്തിന്റെയും കാരണങ്ങളെക്കുറിച്ച് ആഴത്തിൽ പഠിച്ചപ്പോൾ ഏറ്റവും പ്രധാനപ്പെട്ട കാരണമായി മനസ്സിലാക്കിയത്, ഇക്കൂട്ടരെക്കുറിച്ച് വിധിപറയാനുള്ള കൃത്യമായ മാനദണ്ഡം ഇല്ലയെന്നതും അഖീദയുടെയും ആരാധനകളുടെയും അധ്യായങ്ങളെ പതിവുകളുടെയും രാഷ്ട്രീയങ്ങളുടെയും അധ്യായങ്ങളുമായി ഇവർ കൂട്ടിച്ചേർക്കുന്നതുമാണ് എന്നാണ്.
മുൻകാല നൂറ്റാണ്ടുകളിൽ, നിദാനശാസ്ത്രവും കർമശാസ്ത്ര നിയമങ്ങളും ശരീഅത്തിന്റെ ലക്ഷ്യങ്ങളുമൊക്കെയായിരുന്നു ഇജ്തിഹാദ് ശരിയാവാനും അല്ലാതിരിക്കാനുമുള്ള മാനദണ്ഡം. ആയതിനാൽ, ഇതിന് പണ്ഡിതന്മാർ ചെറുതല്ലാത്ത പ്രാധാന്യം കൊടുക്കുകയും ഇജ്തിഹാദ് ശരിയാവാനുള്ള നിബന്ധനയായി ഇവകളെ കാണുകയും ചെയ്തിട്ടുണ്ട്. പക്ഷെ, ഇന്നാണെങ്കിൽ ഉസ്വൂലുൽ ഫിഖ്‌ഹോ ഫിഖ്ഹി നിയമങ്ങളോ മഖ്വാസിദു ശരീഅയോ ഒന്നുമറിയാതെ സ്വയം ഇജ്തിഹാദ് ചെയ്യാനും ഫത്‌വ കൊടുക്കാനും ചിലർ മുന്നോട്ടുവരുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ തുടുക്കം മുതലാണ് നേരെ വിശുദ്ധ ഖുർആനിലേക്കും ഹദീസിലേക്കും മടങ്ങുകയെന്ന രീതി ഒരു തരംഗമായി വന്നത്. അതൊരു നല്ലകാര്യം തന്നെയാണ്, പക്ഷെ, ഇതിനു വന്നുചേർന്ന പ്രശ്‌നമെന്നത് ഭൂരിപക്ഷം കർമശാസ്ത്ര- നിദാനശാസ്ത്ര പണ്ഡിതരുടെയും ഖുർആൻ വ്യാഖ്യാതാക്കളുടെയും ഹദീസ് പണ്ഡിതരുടെയും അധ്വാനങ്ങളെയുമൊക്കെ അവഗണിക്കുകയും അവരെ വഴിപിഴച്ചവരും ഉൽപതിഷ്ണുക്കളുമായി മുദ്രകുത്തി അവരുടെ പ്രധാനപ്പെട്ട ചില ഗ്രന്ഥങ്ങൾ പോലും കരിച്ചുകളഞ്ഞമാണ്. ഇത്തരത്തിൽ ഹാഫിള് ഇബ്‌നുഹജറിന്റെ ഫത്ഹുൽ ബാരി, നവവി ഇമാമിന്റെ സ്വഹീഹ് മുസ്‌ലിം എന്നിവ അതിന്റെ ഗ്രന്ഥകർത്താക്കൾ അശ്അരികളാണെന്നു പറഞ്ഞ് അഗ്നിക്കിരയാക്കിയിട്ടുണ്ട്.

ഈ തെറ്റായ രീതിശാസ്ത്രമാണ് ചിലർ വിശുദ്ധ ഖുർആനിനെയും ഹദീസുകളുടെയും സാഹചര്യമോ നിദാനശാസ്ത്രമോ ഒന്നും നോക്കാതെ വ്യാഖ്യാനിക്കാനും അങ്ങനെ ഖുർആനെ വികലമാക്കാനും കാരണമായത്. എതിരാളികളെ വിശ്വാസിയായി അംഗീകരിക്കാതിരിക്കുകയും തുടർന്ന് അവരെ വധിച്ചുകളയുക പോലും ചെയ്യുന്ന ഇത്തരക്കാരുടെ പ്രവണതയാണ് മതത്തിന് ഇവരെക്കൊണ്ടേറ്റ മറ്റൊരു പ്രഹരം. ജുഹൈമാനുൽ അത്വബിയെന്ന മനുഷ്യൻ -സൗദിയിൽ സലഫി പ്രസ്ഥാനം ഉണ്ടാക്കിയയാൾ- മുന്നോട്ടുവരികയും മക്കാ ഹറമിൽവച്ച് നിരായുധരായ ഹാജിമാരെ അവിടത്തെ ശൈഖന്മാരെ സമ്മതത്തോടെ വധിച്ചുകളയുകയും സൗദി രാജാവിനെ വധിക്കാൻ തീരുമാനിക്കുകയും ചെയ്ത ഈ പ്രവണതയെ പിന്നെയെങ്ങനെയാണ് വ്യാഖ്യാനിക്കുക?! ഈ ഭരണാധികാരികളൊക്കെ കാഫിറുകളാണെന്നും ഇസ്‌ലാമിക രാഷ്ട്രം ഇവിടെ സ്ഥാപിക്കണമെന്നുമൊക്കെയായിരുന്നു അവരുടെ മുറവിളി.

അൽഖാഇദ, ബോക്കോ ഹറാം, വിശേഷിച്ച് ഐസിസ് എന്ന ദാഇശ് എന്നീ പ്രസ്ഥാനങ്ങളൊക്കെയും ഇസ്‌ലാമിന്റെ നാമം കളങ്കപ്പെടുത്തുന്ന തരത്തിൽ ഇറാഖിലും സിറിയയിലും യമനിലും ലിബിയയിലും മറ്റിടങ്ങളിലും നടത്തിയിട്ടുള്ള നരനായാട്ടുകൾ ഇതിന്റെ തന്നെ ഭാഗമാണ്.
ഇവരൊക്കെയുംതന്നെ തെളിവുപിടിക്കുന്നത് അജ്ഞതയുടെയോ ദുഷ്ടലാക്കിന്റെയോ ഫലമായി വിശുദ്ധ ഖുർആനിൽ നിന്നും ഹദീസിൽ നിന്നുമാണെന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. ഇതുതന്നെയാണ് ജനങ്ങളിൽ നിന്ന് ശരിയായ ഇൽമ് എടുത്തുകളയപ്പെടുക എന്നതുകൊണ്ട് നബി തങ്ങൾ ഉദ്ദ്യേശിച്ചതും. അങ്ങനെചെയ്യുന്ന പക്ഷം, തൗറാത്തും ഇഞ്ചീലും ഉണ്ടായിട്ടും യഹൂദികളും നസ്വാറാക്കളും പിഴച്ചതുപോലെ വിശുദ്ധ ഖുർആൻ ഉണ്ടായിരിക്കെ നാം മുസ്‌ലിംകൾ പിഴച്ചുപോവുകയും ചെയ്യും.

ആയതിനാൽ, ഈ അപകടകരവും പിഴച്ചതുമായ സംഘത്തെ നിയന്ത്രിക്കാനുള്ള മാർഗം, വിശുദ്ധ ഖുർആനിൽ നിന്നുതന്നെയുള്ള സദ്‌വൃത്തരായ മുൻഗാമികളുടെ രീതി(ഫിഖ്ഹുൽ മീസാൻ) മനസ്സിലാക്കുകയും ചെയ്യുകയാണ്. ഫിഖ്ഹുൽ മീസാനെന്നത് ചുരുക്കത്തിൽ ശരീഅത്തിനെ ശരിയായതും ആഴത്തിലുള്ളതുമായ വിധത്തിൽ മനസ്സിലാക്കാനും പരസ്പര വൈരുധ്യങ്ങൾ ഇല്ലാതാക്കാനും-ചുരുങ്ങിയത് പരസ്പരമുള്ള ആക്ഷേപങ്ങൾ ഇല്ലാതാവാനും ഭിന്നതകൾ കുറക്കാനെങ്കിലും – വഴിയൊരുക്കും.

അല്ലാഹു തആലാ മുൻകാല സമുദായക്കാർക്കും ഈ സമുദായത്തിനും പ്രവാചകന്മാർ മുഖേനെ ജീവിതത്തിലാവശ്യമായ വിശ്വാസപരവും ശരീഅത്ത് സംബന്ധവും കർമപരവുമായ എല്ലാ കാര്യങ്ങളും വിശദീകരിച്ചിട്ടുണ്ടെന്നത് വ്യക്തമാണ്. അല്ലാഹു പറയുന്നു: ‘വഴിയെ അല്ലാഹുവിനെതിരെ മനുഷ്യർക്ക് യാതൊരു തെളിവും ഉണ്ടാവാതിരിക്കാൻ വേണ്ടി'(അന്നിസാഅ്- 165). മറ്റൊരിടത്ത് അല്ലാഹു പറയുന്നു:’ഈ ഗ്രന്ഥം താങ്കൾക്കു നാം അവതരിപ്പിച്ചിരിക്കുന്നത്, സർവകാര്യങ്ങൾക്കുമുള്ള പ്രതിപാദനവും അല്ലാഹുവിനെ അനുസരിക്കുന്നവർക്കുള്ള മാർഗദർശനവും കാരുണ്യവും ശുഭവൃത്താന്തവും ആയിട്ടാകുന്നു'(അന്നഹ്‌ല്- 89). പ്രകാശമാനമായ സത്യം വെളിപ്പെടുത്താനും മുൻകാല സമുദായങ്ങൾക്കിടയിലെ ഭിന്നതകൾ വിശദീകരിക്കാനും സത്യാസത്യങ്ങൾ വേർതിരിച്ച് ഏറ്റവും ഉന്നതമായ സമുദായമായ ഈ മുസ്‌ലിം സമുദായത്തിന്റെ മഹത്വം കൂടുതൽ ഉയർത്താനും വേണ്ടിയാണ് അല്ലാഹു അന്ത്യപ്രവാചകൻ വഴി അവസാനത്തെ ദൈവികസന്ദേശം അവതരിപ്പിച്ചത്. അല്ലാഹു പറയുന്നു:’നിങ്ങൾക്കു വിഷയങ്ങൾ പ്രതിപാദിക്കാനും പശ്ചാത്താപം സ്വീകരിക്കാനും പൂർവികരുടെ ഉദാത്തചര്യകൾ കാണിച്ചുതരാനും അല്ലാഹു ഉദ്ദേശിക്കുന്നു. അവൻ എല്ലാം അറിയുന്നവനും യുക്തിമാനുമത്രെ'(അന്നിസാഅ്- 26). അല്ലാഹു വിശുദ്ധ ഖുർആൻ അവതീർണമാവാനുള്ള യുക്തി വിശദീകരിച്ചു പറയുന്നു: ‘അവർക്ക് ഭിന്നാഭിപ്രായങ്ങളുണ്ടാകുന്ന വിഷയത്തിൽ വിശദീകരണം നൽകാൻ വേണ്ടി’. അല്ലാഹു വീണ്ടും പറയുന്നു:’അവൻ ഭിന്നാഭിപ്രായക്കാരായ വിഷയങ്ങൾ വിശദീകരിക്കാനും സന്മാർഗമായും വിശ്വാസികളായ സമൂഹത്തിന് അനുഗ്രഹമായും മാത്രമാണ് നിങ്ങൾക്കുമേൽ നാം ഖുർആൻ അവതരിപ്പിച്ചത്'(അന്നഹ് ല്- 64).

ഈ വിശുദ്ധ ഖുർആന്റെ പ്രഖ്യാപനങ്ങളൊക്കെയും അറിയിക്കുന്നത് അല്ലാഹു തആലാ ഈ മതത്തിന്റെ യാഥാർഥ്യവും അടിസ്ഥാനങ്ങളും രീതിയും സദ്പാന്ഥാവും വിശദീകരിച്ചുവെന്നും മുഹമ്മദ് നബി(സ്വ) സമുദായത്തെ വിട്ടേച്ചുപോയത് സുതരാംവ്യക്തമായ പ്രകാശഭരിതമായ പാതയിലാണെന്നുമാണ്. ആയതിനാൽ, മുസ്‌ലിംകൾക്കിടയിലെ അടിസ്ഥാനപരമായ ഭിന്നതകളെ നീക്കുന്നതും ശാഖാപരമായ അഭിപ്രായാന്തരങ്ങളെ പരിഹരിക്കുന്നതുമായ കാര്യങ്ങൾ വിശുദ്ധ ഖുർആൻ അവഗണിച്ചുവെന്ന് കരുതുക സാധ്യമല്ല. ഈ വിശുദ്ധ ദീൻ ഇവിടെ വന്നിട്ടുള്ളത് ‘ഏറ്റവും സദ്‌വൃത്തരായ സമൂഹത്തെ’ വാർത്തെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ്. ഇവിടെ സദ്‌വൃത്തതയുടെ മാനദണ്ഡം സ്വഭാവഗുണങ്ങളുടേതാണ്, വർഗത്തിന്റേതല്ല. സർവലോകർക്കും സന്മാർഗവും ശമനവും കാരുണ്യവും എല്ലാമാണത്. പരാജയമോ കാഠിന്യമോ ശത്രുതയോ വഴികേടോയല്ല. വിശ്വാസികളോട് തങ്ങളുടെ മതത്തിൽ നേരായനിലക്ക് നിൽക്കാനും ഭിന്നതകളില്ലാതിരിക്കാനും മതം ആഹ്വാനം ചെയ്തു.

എന്നിട്ടും ഈ മതത്തിൽ നിന്നുതന്നെ എങ്ങനെയാണ് ഈ ഭിന്നതകളും വിഭാഗങ്ങളും പരസ്പരം പോരടിക്കുന്ന സംഘങ്ങളും ഉദ്ഭവിച്ചത്?! അത്യധികം ഖേദകരമെന്നോണം ഇവരെല്ലാവരും തന്നെ തങ്ങളുടെ വാദങ്ങൾക്ക് തെളിവുപിടിക്കുന്നത് ഖുർആനിൽ നിന്നും ഹദീസിൽ നിന്നും തന്നെയാണെന്നതാണ്.

അതുമുതൽ, എന്റെ ഗവേഷണം മുഴുവൻ ഈയൊരു സത്യമാർഗത്തിലേക്ക് വളരെ വ്യക്തമായി എത്തിച്ചേരാൻ വേണ്ടി അല്ലാഹു നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളെക്കുറിച്ചായിരുന്നു. മുസ്‌ലിംകൾക്കിടയിൽ, മുസ്‌ലിം പ്രസ്ഥാനങ്ങൾക്കിടയിൽ, അഹ്ലുസ്സുന്നക്കകത്തുപോലും വലിയ രീതിയിലുള്ള ഇത്തരം ഭിന്നതകൾ രൂപപ്പെടാനുണ്ടായതിന്റെ കാരണങ്ങൾ അന്വേഷിക്കുകയായിരുന്നു എന്റെ പിന്നീടുള്ള പതിവ്. അതേസമയം, വിശുദ്ധ ഖുർആനിലും ഹദീസിലും വിശ്വസിക്കുന്ന എല്ലാ വിശ്വാസികളുടെയും ബാധ്യത, അടിസ്ഥാനകാര്യങ്ങളിൽ ഭിന്നതകൾ ഇല്ലാതിരിക്കലും ശാഖാപരമായ കാര്യങ്ങളിലെ ഭിന്നത കാരണം അവർ പരസ്പരം എതിരാവുയും ശക്തിക്ഷയിക്കുകയും പോരടിക്കുകയും ചെയ്യരുത് എന്നതാണ്(അവരുടെ അടിസ്ഥാനം ഖുർആനും ഹദീസും ആണെന്നിരിക്കെ). അങ്ങനെയല്ലെങ്കിൽ ഫിഖ്ഹിന്റെയും മനസ്സിലാക്കലിന്റെയും ഈ നീതിയുടെ മാനദണ്ഡങ്ങളുടെയുമൊക്കെ ഉപകാരമെന്താണ്. അതുകൊണ്ടാണ്, ഈ വർഷങ്ങളിൽ ഈയൊരു പഠനത്തിന് ഞാൻ കൂടുതൽ പരിഗണന കൊടുത്തതും അത് പെട്ടെന്നുതന്നെ പ്രസിദ്ധീകരിക്കാതെ ഒന്നിലധികം വൈജ്ഞാനിക കോൺഫറൻസുകളിൽ അവതരിപ്പിച്ചതും. അവയിലെല്ലാം എല്ലാവരുടെയും പിന്തുണയും നല്ല വാക്കുകളും കിട്ടുകയും ചെയ്തു. അല്ലാമ ഖർളാവി ഇതിനെ പുകഴ്ത്തി നല്ല വാക്കുകൾ പറയുകയുണ്ടായി.

അതിനു മുമ്പായി ഈയൊരു പഠനത്തെ 1990 ൽ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ വിവിധ ഗവേഷകരുടെയും ചിന്തകരുടെയും സമക്ഷം അവതരിപ്പിക്കുകയും ചെയ്തിരുന്നു. അതിൽ പങ്കെടുത്ത ഡോ. ഇമാദുദ്ദീൻ ഖലീൽ ഈ ഗവേഷണത്തെ നന്നായി പുകഴ്ത്തുകയും പിന്നീട് വ്യക്തിപരമായി എനിക്ക് എഴുതുകയും ചെയ്തിരുന്നു. അതിനുശേഷം ഞാൻ പലപ്പോഴായി ഗവേഷകർക്കും വിദ്യാർഥികൾക്കുമായി പ്രത്യേക സെഷനുകളിലായി ഈ വിഷയം അവതരിപ്പിക്കുകയും ചെയ്തു. അതൊക്കെയും അവരുടെയൊക്കെയും പ്രശസ്ത പിടിച്ചുപറ്റുകയും നല്ല പ്രതിഫലനം സൃഷ്ടിക്കുകയും ചെയ്തു.  ( അവസാനിച്ചു )

വിവ. മുഹമ്മദ് ശാക്കിർ മണിയറ

Related Articles