Current Date

Search
Close this search box.
Search
Close this search box.

നമസ്‌കാരത്തിന്റെ ഫർദുകൾ

നമസ്‌കാരത്തിന്റെ ക്രമം നിങ്ങൾ മുമ്പ് പഠിച്ചിട്ടുണ്ടല്ലോ. നമസ്‌കാരത്തിൽ നാം ചെയ്യുന്നതും ചൊല്ലുന്നതുമായ കാര്യങ്ങളിൽ ചിലത് ഫർദുകളും ചിലത് സുന്നത്തുകളുമാണ്. അത് വേർതിരിച്ചു മനസ്സിലാക്കേണ്ടത് ആവശ്യമാകുന്നു. ഫർദുകളും സുന്നത്തുകളും തമ്മിലുള്ള വ്യത്യാസം മുമ്പ് വിവരിച്ചത് ഓർമിക്കുന്നുണ്ടാവുമല്ലോ. നമസ്‌കാരത്തിൽ നാം ചെയ്യുകയും ചൊല്ലുകയും ചെയ്യുന്ന കാര്യങ്ങളിൽ 14 എണ്ണം അതിന്റെ ഫർദുകളായി എണ്ണാവുന്നതാണ്.

1. നിയ്യത്ത്.
2. തക്ബീറതുൽ ഇഹ്‌റാം ചൊല്ലുക.
3. നില്ക്കുക.
4. സൂറത്തുൽ ഫാത്തിഹഃ ഓതുക.
5. റുകൂഅ് ചെയ്യുക.
6. റുകൂഇൽനിന്ന് നിവർന്നു നില്ക്കുക.
7. രണ്ടു പ്രാവശ്യം സാഷ്ടാംഗം ചെയ്യുക.
8. രണ്ടു സുജൂദിന്നിടയിൽ ഇരിക്കുക.
9. അടക്കം
10. അവസാനത്തെ അത്തഹിയ്യാത്ത് ചൊല്ലുക.
11. സ്വലാത്ത് ചൊല്ലുക.
12. അത്തഹിയ്യാത്തിനും സ്വലാത്തിനും വേണ്ടി ഇരിക്കുക.
13. അസ്സലാമു അലൈക്കും എന്ന് സലാം ചൊല്ലുക.
14. ക്രമം തെറ്റാതെ ചെയ്യുക .

മേൽ വിവരിച്ചത് നമസ്‌കാരത്തിന്റെ 14 ഫർദുകളാകുന്നു. ഈ ഫർദുകൾ കൂടാതെ നമസ്‌കാരം ഉണ്ടാവുകയില്ല. മേൽപറഞ്ഞ ‘ഫർദു’ കൾക്കു പുറമേ നമസ്‌കാരത്തിൽ സുന്നത്തായ ചില കാര്യങ്ങൾ കൂടിയുണ്ട്. അതും നാം വിശദമായി ഗ്രഹിക്കേണ്ടതുണ്ട്. കൂടാതെ ഫർദുകളുടെ വിശദാംശങ്ങളും മനസ്സിലാക്കേണ്ടതുണ്ട്. ഇതെല്ലാം ഉൾക്കൊള്ളുന്ന വിധം നമസ്‌കാരത്തെ സംബന്ധിച്ച വിവരണം താഴെ പറയാം.

നമസ്‌കാരക്രമം (i)
നമസ്‌കരിക്കുവാൻ ആദ്യമായി ഖിബ്‌ലയുടെ ഭാഗത്തേക്ക് തിരിഞ്ഞു ശരിയായി നിവർന്നു നില്ക്കണം. നില്ക്കുമ്പോൾ കാലടികൾക്കിടയിൽ ഒരു ചാൺ അകലമുണ്ടായിരിക്കണം. ഇടത്തോട്ടോ വലത്തോട്ടോ മേലോട്ടോ നോക്കരുത്. നോട്ടം എപ്പോഴും മുൻവശത്ത് സുജൂദ് ചെയ്യുന്ന സ്ഥലത്തേക്കായിരിക്കണം. എന്നിട്ട് ഏത് നമസ്‌കാരമാണോ അത് അല്ലാഹുവിന്നുവേണ്ടി അനുഷ്ഠിക്കുകയാണെന്ന് മനസ്സിൽ കരുതിക്കൊണ്ട് അല്ലാഹു അക്ബർ എന്നു ചൊല്ലേണ്ടതാണ്. ഇതിനു തക്ബീറതുൽ ഇഹ്‌റാം എന്നു പറയുന്നു. ഇതു ചൊല്ലുമ്പോൾ മുൻകൈ രണ്ടും വിരലുകൾ നിവർത്തിയ നിലയിൽ ചുമൽവരെ ഉയർത്തുകയും എന്നിട്ട് താഴ്ത്തി വലതുകൈ ഇടതു കൈയിന്മേൽ വെക്കുകയും ചെയ്യുക. കൈ ഉയർത്തുകയും താഴ്ത്തിക്കെട്ടുകയും ചെയ്യുന്നതിനോടൊന്നിച്ചായിരിക്കണം തക്ബീറത്തുൽ ഇഹ്‌റാം ചൊല്ലുന്നത്. കൈ രണ്ടും മുലക്കു താഴെയായി കെട്ടുന്നതാണുത്തമം. അതായത്, ഇടതു കൈയിന്റെ മണിക്കണ്ടത്തിൽ വലതുകൈ വെച്ച് തള്ളവിരൽകൊണ്ടും ചെറുവിരൽകൊണ്ടും കെട്ടിപ്പിടിക്കുകയും മറ്റു വിരലുകൾ നിവർത്തി വെക്കുകയും വേണം.

തക്ബീറതുൽ ഇഹ്‌റാം ചൊല്ലിയ ഉടനേ പ്രാരംഭ പ്രാർഥന ചൊല്ലണം. അതായത്,
وَجَّهْتُ وَجْهِيَ لِلَّذِي فَطَرَ السَّمَاوَاتِ وَالْأَرْضَ حَنِيفًا وَمَا أَنَا مِنَ الْمُشْرِكِينَ إِنَّ صَلَاتِي وَنُسُكِي وَمَحْيَايَ وَمَمَاتِي لِلَّهِ رَبِّ الْعَالَمِينَ لَا شَرِيكَ لَهُ وَبِذَلِكَ أُمِرْتُ وَأَنَا مِنَ الْمُسْلِمِينَ

(ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ചവന്റെ നേരെ എന്റെ മുഖം ഞാനിതാ തിരിച്ചിരിക്കുന്നു. ഞാൻ നേരായ മാർഗത്തിലായിക്കൊണ്ട്
മുസ്‌ലിം(അനുസരണമുള്ളവൻ)ആയിക്കൊണ്ടും, ഞാൻ നേരായ ഒരേ മാർഗത്തിലായിക്കൊണ്ടും മുസ്‌ലിം ആയിക്കൊണ്ടും എന്റെ മുഖം ആകാശഭൂമികളെ സൃഷ്ടിച്ചവന്റെ നേരെ തിരിച്ചിരിക്കുന്നു.)

പ്രാരംഭ പ്രാർഥന കഴിഞ്ഞാൽ സൂറതുൽ ഫാതിഹ ഓതിത്തുടങ്ങണം. സൂറത്തുൽ ഫാതിഹയുടെ ആദ്യത്തിൽ أَعُوذُ بِاللهِ مِنَ الشَّيْطَانِ الرَّجِيمِ എന്നും അവസാനത്തിൽ آمين എന്നും ചൊല്ലേണ്ടതാണ്. പിന്നെ ഖുർആനിൽനിന്ന് ഏതെങ്കിലും സൂറത്തോ ആയത്തുകളോ ഓതണം.
മേൽ വിവരിച്ച കാര്യങ്ങളിൽ നിറുത്തവും നിയ്യത്തും തക്ബീറതുൽ ഇഹ്‌റാമും ഫാതിഹയും മാത്രമാണ് ഫർദുകൾ. മറ്റുള്ളതെല്ലാം സുന്നത്തുകളാകുന്നു.

തക്ബീറത്തുൽ ഇഹ്‌റാമും പ്രാരംഭ പ്രാർഥനയും ഒന്നാമത്തെ ‘റക്അത്തി’ൽ മാത്രമേ ചൊല്ലേണ്ടതുള്ളൂ. രണ്ടാമത്തെ ‘റക്അത്തിലും’ ഫാതിഹയും ആമീനും ചൊല്ലിയശേഷം ഏതെങ്കിലും ഒരു സൂറത്തോ ഏതാനും ആയത്തുകളോ ഓതുന്നത് സുന്നതാണ്. മഗ്‌രിബ്, ഇശാഅ്, സുബ്ഹ് എന്നീ നമസ്‌കാരങ്ങളിൽ ഫാതിഹയും ആമീനും സൂറത്തും മറ്റുള്ളവർ കേൾക്കത്തക്ക വിധം ഉറക്കെ ആയിരിക്കണം. ളുഹ്‌റിലും അസ്വ്‌റിലും സ്വദേഹം കേൾക്കത്തക്കവിധം പതുക്കെയാണ് ഓതേണ്ടത്. ഇമാമിന്റെ പിന്നിൽ തുടർന്നു നമസ്‌കരിക്കുന്ന ‘മഅ്മൂം’ എല്ലാ നമസ്‌കാരങ്ങളിലും പതുക്കെ മാത്രമേ ഓതാൻ പാടുള്ളൂ. പക്ഷേ, ഇമാം ആമീൻ ഉറക്കെച്ചൊല്ലുമ്പോൾ മഅ്മൂം ഉറക്കെ ആമീൻ ചൊല്ലണം. ഇമാം ഉറക്കെ ഓതുമ്പോൾ ‘മഅ്മൂം’ പതുക്കെ മാത്രം ഓതുകയും ശേഷം ഇമാമിന്റെ ഓത്ത് ശ്രദ്ധാപൂർവം കേൾക്കുകയുമാണ് വേണ്ടത്. സ്ത്രീകൾ എപ്പോഴും പതുക്കെയാണ് ഓതേണ്ടത്.

നമസ്‌കാരക്രമം (ii)
നിറുത്തത്തിലുള്ള ഓത്ത് കഴിഞ്ഞാൽ പിന്നെ ‘റുകൂഅ്’ ചെയ്യണം. മുൻകൈ രണ്ടും കാൽമുട്ടുകളിൽവെച്ച് കുനിഞ്ഞു കുമ്പിട്ട് നില്ക്കുന്നതിന്നാണല്ലോ ‘റുകൂഅ്’ എന്നു പറയുന്നത്. മുതുകും പിരടിയും സമമാക്കി, യാതൊരു വളവുമില്ലാതെ കുമ്പിട്ടു നില്ക്കണം.

റുകൂഇൽ سبحان ربي العظيم ( മഹാനായ എന്റെ നാഥൻ പരിശുദ്ധൻ ) എന്നു ചുരുങ്ങിയത് മൂന്നുവട്ടം ചൊല്ലണം.
ശേഷം ‘റുകൂഇ’ൽനിന്നും സമിഅല്ലാഹു ലിമൻ ഹമിദ- അല്ലാഹുവിനെ സ്തുതിച്ചവന്റെ സ്തുതി അവൻ കേട്ടു ഉത്തരം ചെയ്യട്ടെ –
എന്നു ചൊല്ലിക്കൊണ്ട് നിവർന്നു നില്ക്കണം. ഇതിന്ന് ഇഅ്തിദാൽ എന്നു പറയുന്നു. ഇഅ്തിദാലിന്നു ‘ശരിയായി നിവർന്നു നില്ക്കുക’ എന്നർഥമാകുന്നു. ഇഅ്തിദാലിലേക്കു ഉയരുമ്പോൾ മുൻകൈ രണ്ടും നിവർത്തി ഉൾഭാഗം ഖിബ്‌ലയുടെ ഭാഗത്തേക്കാക്കിക്കൊണ്ട് ചുമൽ വരെ ഉയർത്തുകയും ശേഷം താഴ്ത്തി ഇടുകയും ചെയ്യണം. ഇഅ്തിദാലിൽ, رَبَّنَا لَكَ الْحَمْد ، مِلْءَ السَّمَاوَاتِ وَالْأَرْضِ ، وَمِلْءَ مَا شِئْتَ مِنْ شَيْءٍ بَعْدُ (ഞങ്ങളുടെ നാഥാ! ആകാശഭൂമികളും നീ ഉദ്ദേശിച്ച മറ്റേതു വസ്തുക്കളും നിറയെ നിനക്ക് സ്‌തോത്രം.) എന്നു ചൊല്ലണം, അല്ലാഹു അക്ബർ എന്നു ചൊല്ലിക്കൊണ്ട് സുജൂദിലേക്ക് കുനിയണം.

നെറ്റി, മുൻകൈകൾ, കാൽമുട്ടുകൾ, കാൽവിരലുകളുടെ ഉൾഭാഗം എന്നിങ്ങനെ ഏഴു അവയവങ്ങൾ നിലത്തുവെക്കണം. നെറ്റിത്തടം വസ്ത്രം കൊണ്ടോ മറ്റോ മറയുവാൻ പാടില്ല. സുജൂദിൽ ഊര ഉയർത്തണം. പുരുഷന്മാർ കക്ഷം അല്പം വിടർത്തുകയും വേണം. മുഴംകൈ നിലത്തു പതിച്ചുവെക്കരുത്. നെറ്റിയോടൊപ്പം മൂക്കും നിലത്തു തട്ടിച്ചു വെക്കണം. സുജൂദിൽ سبحان ربي الاعلى ( ഏറ്റവും ഉന്നതനായ എന്റെ നാഥൻ പരിശുദ്ധൻ.) എന്നു ചുരുങ്ങിയത് മൂന്നുവട്ടം പറയണം.

പിന്നെ നിവർന്നിരിക്കണം. ഇടത്തെ കാലടി നിലത്ത് പരത്തിവെച്ച് അതിന്മേലാണ് ഇരിക്കേണ്ടത്. വലത്തെ കാൽവിരലുകൾ നിലത്തുകുത്തി നീട്ടിവെക്കുകയും വേണം. ഇങ്ങനെ ഇരിക്കുന്നത് ജുലൂസു ഇഫ്തിറാശ് (കാൽ വിരിച്ചുവെച്ചുകൊണ്ടുള്ള ഇരുത്തം) എന്നു പറയുന്നു. ഈ ഇരുത്തത്തിൽ, رَبّ اغْفِرْ لي وارْحَمْنِي واجْبُرْنِي وَارْفَعْنِي وَارْزُقْنِي وَاهْدِني وَعَافِني ( എന്റെ നാഥാ എനിക്ക് നീ പൊറുത്തു തരികയും കരുണ ചെയ്യുകയും എന്റെ ന്യൂനതകൾ പരിഹരിച്ചു തരുകയും എനിക്ക് ഉന്നതി നല്കുകയും ആഹാരം നല്കുകയും എന്നെ നേ‍ർവഴിയിലാക്കുകയും സൗഖ്യം നല്കുകയും ചെയ്യേണമേ!) എന്നു ചൊല്ലണം.

ശേഷം, ഒരിക്കൽകൂടി സുജൂദ് ചെയ്യണം. രണ്ടാമത്തെ സുജൂദിൽനിന്ന് ഉയരുന്നതോടെ ഒരു ‘റക്അത്ത്’ പൂർത്തിയാകുന്നതാണ്. റുകൂഇലേക്കും സുജൂദിലേക്കും കുനിയുമ്പോഴും സുജൂദിൽനിന്ന് ഉയരുമ്പോഴും അല്ലാഹു അക്ബർ എന്നു ചൊല്ലിക്കൊണ്ടിരിക്കണം. ആദ്യത്തെ തശഹ്ഹുദ് കഴിഞ്ഞാൽ അല്ലാഹു അക്ബർ എന്നു ചൊല്ലിക്കൊണ്ടെഴുന്നേല്ക്കുകയും തക്ബീറത്തുൽ ഇഹ്‌റാം ചൊല്ലുമ്പോൾ ചെയ്യുന്നതുപോലെ മുൻകൈ രണ്ടും ചുമൽവരെ ഉയർത്തിയശേഷം താഴ്ത്തിക്കെട്ടുകയും ചെയ്യേണ്ടതാണ്.

‘റുകൂഇ’ലും ‘ഇഅ്തിദാലി’ലും ‘സുജൂദി’ലും രണ്ട് ‘സുജൂദു’കൾക്കിടയിലുള്ള ഇരുത്തത്തിലും അല്പം അടങ്ങുന്നതുവരെ താമസം വരുത്തണം. ഇതാണ് തുമഅ്നീനത്ത് കൊണ്ടുദ്ദേശിക്കുന്നത്.

മേൽവിവരിച്ച ‘റുകൂഅ്’, ‘ഇഅ്തിദാൽ’, രണ്ടു ‘സുജൂദ്’, ‘സുജൂദ്’ കൾക്കിടയിലുള്ള ഇരുത്തം, ഇവയിലുള്ള അടക്കം എന്നിവ മാത്രമാണ് ഫർദുകൾ. ബാക്കിയെല്ലാം സുന്നത്തുകളാകുന്നു.

മൂന്നോ നാലോ റക്അത്തുകളുള്ള നമസ്‌കാരത്തിൽ രണ്ടു റക്അത്തു കഴിഞ്ഞാൽ ഇഫ്തിറാശിന്റെ ഇരുത്തം ഇരുന്നു അത്തഹിയ്യാത്തും നബിയുടെ പേരിൽ സ്വലാത്തും ചൊല്ലണം.

ഏതൊരു നമസ്‌കാരത്തിന്റെയും അവസാനത്തെ റക്അത്ത് കഴിഞ്ഞാൽ ചന്തി നിലത്തുവെച്ച് ഇരുന്ന് അത്തഹിയ്യാത്തും നബിയുടെ പേരിലും നബിയുടെ കുടുംബത്തിന്റെ പേരിലും സ്വലാത്തും ചൊല്ലണം. ചന്തി നിലത്തുവെച്ച് ഇരിക്കുന്നതിന് ജുലൂസുത്തവاറുക് എന്നു പറയുന്നു.

ഇരുത്തത്തിൽ വലത്തെ കാലടി നാട്ടി വെക്കുകയും ഇടത്തെ കാലടി അതിനുള്ളിലൂടെ പുറത്തേക്കു കടന്ന നിലയിൽ വെക്കുകയും വേണം. ആദ്യത്തെ അത്തഹിയ്യാത്തിനും അവസാനത്തെ അത്തഹിയ്യാത്തിനും വേണ്ടി ഇരിക്കുമ്പോൾ ഇടത്തെ കൈവിരലുകൾ മുട്ടിനോടു ചേർത്തി നിവർത്തി വെക്കണം. വലത്തെ കൈയിന്റെ തള്ളവിരൽ ചൂണ്ടു വിരലിന്റെ മുരട്ടിൽ വെക്കുകയും ചൂണ്ടുവിരൽ നിവർത്തി വെക്കുകയും മറ്റു വിരലുകൾ മടക്കിപ്പിടിക്കുകയും വേണം. എന്നിട്ട് ‘ഇല്ലല്ലാഹു’ എന്നു ചൊല്ലുമ്പോൾ ചൂണ്ടുവിരൽ ഉയർത്തുകയും വേണം.

അവസാനത്തെ അത്തഹിയ്യാത്തും സ്വലാത്തും കഴിഞ്ഞാൽ ‘ദുആ’ ചൊല്ലണം. നമസ്‌കാരത്തിൽ ചൊല്ലേണ്ട ക്രമപ്രകാരം അത്തഹിയ്യാത്തും സ്വലാത്തും ദുആയും അവയുടെ അർഥവും താഴെ ചേർക്കാം.

അവസാനത്തെ അത്തഹിയ്യാത്തും സ്വലാത്തും ദുആയും കഴിഞ്ഞാൽ അസ്സലാമു അലൈക്കും വ റഹ്മദുല്ലാഹ് എന്നു സലാം ചൊല്ലണം. ആദ്യം വലതു ഭാഗത്തേക്ക് തിരിഞ്ഞു നോക്കിക്കൊണ്ടും രണ്ടാമത് ഇടത് ഭാഗത്തേക്ക് തിരിഞ്ഞുനോക്കിക്കൊണ്ടും സലാം ചൊല്ലുകയാണ് വേണ്ടത്.
മേൽ വിവരിച്ചതിൽ അവസാനത്തെ അത്തഹിയ്യാത്തും നബിയുടെ പേരിലുള്ള സ്വലാത്തും അതിന്നു വേണ്ടിയുള്ള ഇരുത്തവും ആദ്യത്തെ സലാമും മാത്രമാണ് ഫർദുകൾ. ബാക്കിയെല്ലാം സുന്നത്തുകളാകുന്നു.

നമസ്‌കാരത്തെക്കുറിച്ച് ഇതുവരെ വിവരിച്ച സംഗതികളെല്ലാം മുൻ പറഞ്ഞ ക്രമപ്രകാരം ചെയ്യൽ നിർബന്ധമാകുന്നു. അതിന്നു തർതീബ് എന്നു പറയുന്നു.

തശഹ്ഹുദും സ്വലാത്തും ദുആയും

التحيّاتُ للهِ والصلواتِ والطيباتُ، السلامُ عليكَ أيّها النبي ورحمةُ اللهِ وبركاتهُ، السلامُ علينا وعلى عبادِ اللهِ الصالحينَ، أشهد أن لا إله إلا اللهُ وأشهدُ أن محمدا عبدهُ ورسولهُ . اللَّهُمَّ صَلِّ علَى مُحَمَّدٍ وعلَى آلِ مُحَمَّدٍ، كما صَلَّيْتَ علَى إبْرَاهِيمَ، وعلَى آلِ إبْرَاهِيمَ، اللَّهُمَّ بَارِكْ علَى مُحَمَّدٍ وعلَى آلِ مُحَمَّدٍ، كما بَارَكْتَ علَى إبْرَاهِيمَ، وعلَى آلِ إبْرَاهِيمَ إنَّكَ حَمِيدٌ مَجِيدٌ . اللَّهُمَّ اغْفِرْ لِي مَا قَدَّمْتُ وَمَا أَخَّرْتُ، وَمَا أَسْرَرْتُ، وَمَا أَعْلَنْتُ، وَمَا أَسْرَفْتُ، وَمَا أَنْتَ أَعْلَمُ بِهِ مِنِّي، أَنْتَ الْمُقَدِّمُ وَ أَنْتَ الْمُؤَخِّرُ، لا إِلَهَ إِلا أَنْتَ . اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ الْقَبْرِ وَمن عَذَابِ النَّارِ ، وَمِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ ، وَمِنْ فِتْنَةِ الْمَسِيحِ الدَّجَّالِ

( തിരുമുല്ക്കാഴ്ചകളും അനുഗൃഹീത കർമങ്ങളും നമസ്‌കാരങ്ങളും സൽക്കർമങ്ങളും അല്ലാഹുവിനാകുന്നു . ദൈവരക്ഷയും സമാധാനവും അങ്ങയുടെ മേൽ ഉണ്ടാവട്ടെ! . നബീ! അങ്ങക്ക് ദൈവരക്ഷയും സമാധാനവും അല്ലാഹുവിന്റെ കരുണയും അനുഗ്രഹങ്ങളും ഉണ്ടാവട്ടെ!. ദൈവരക്ഷയും സമാധാനവും നമ്മുടെ മേൽ ഉണ്ടാവട്ടെ, അല്ലാഹുവിന്റെ സദ്‌വൃത്തരായ അടിമകളുടെ മേലിലും. അല്ലാഹു ഒഴികെ ‘ഇലാഹ്’ ഇല്ലെന്നും മുഹമ്മദ്(സ) അല്ലാഹുവിന്റെ ദൂതനാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു.

അല്ലാഹുവേ, നീ മഹത്തായ ഗുണം ചെയ്യേണമേ! മുഹമ്മദ് നബി(സ)യുടെ മേലും മുഹമ്മദ് നബി(സ)യുടെ കുടുംബത്തിന്റെ മേലിലും. നീ മഹത്തായ ഗുണം ചെയ്തപോലെ, ഇബ്‌റാഹീം നബി(അ)യുടെ മേലും ഇബ്‌റാഹീം നബി(അ)യുടെ കുടുംബത്തിന്റെ മേലിലും നീ അനുഗ്രഹം ചെയ്യേണമേ. മുഹമ്മദ് നബി(സ)ക്കും മുഹമ്മദ് നബി(സ)യുടെ കുടുംബത്തിന്നും നീ അനുഗ്രഹം ചെയ്തപോലെ ഇബ്‌റാഹീം നബി(അ)ക്കും
ഇബ്‌റാഹീം നബി(അ)യുടെ കുടുംബത്തിനും . തീർച്ചയായും നീ സർവലോകരിലും വെച്ച് സ്തുതിക്കപ്പെട്ടവനാകുന്നു ,ശ്രേഷ്ഠനുമാകുന്നു.

അല്ലാഹുവേ എനിക്ക് നീ മാപ്പു നല്‌കേണമേ. ഞാൻ മുന്തിച്ചതും പിന്തിച്ചതും  രഹസ്യമാക്കിയതും പരസ്യമാക്കിയതും  പരിധിവിട്ടു പ്രവർത്തിച്ചതും എന്നെക്കാൾ കൂടുതൽ നിനക്കറിയാവുന്നതാണ്.  തീർച്ചയായും നീയാണ് മുന്തിക്കുന്നവനും  പിന്തിക്കുന്നവനും,  നീ ഒഴികെ ഇലാഹില്ല. അല്ലാഹുവേ, ഞാൻ നിന്നോട് ഖബ്‌റിലെ ശിക്ഷയിൽനിന്നും  നരകശിക്ഷയിൽനിന്നും രക്ഷ തേടുന്നു. ജീവിതത്തിലേയും മരണത്തിലേയും  മസീഹുദ്ദജ്ജാലിന്റെ നാശത്തിൽനിന്നും നിന്നോട് രക്ഷതേടുന്നു.

നമസ്‌കാരത്തിനു ശേഷമുള്ള ദിക്‌റുകളും ദുആകളും
ഫർദു നമസ്‌കാരങ്ങൾ കഴിഞ്ഞാൽ തൽസ്ഥാനത്തുതന്നെ ഇരുന്ന് കുറേ സമയം ദിക്‌റുകൾ ചൊല്ലുന്നതും ദുആ ചെയ്യുന്നതും വളരെ നല്ലതാകുന്നു. എന്നാൽ ഇമാമും ജമാഅത്തുമായി നമസ്‌കരിക്കുമ്പോൾ ഇമാം തൽസ്ഥാനത്തുനിന്നും അധികം താമസിയാതെ എഴുന്നേല്ക്കുകയോ നീങ്ങി ഇരിക്കുകയോ ചെയ്യുന്നതാണ് ഉത്തമം. ദിക്‌റുകൾ എഴുന്നേറ്റ ശേഷവും ചൊല്ലാവുന്നതാണ്. ഏതാനും ദിക്‌റുകൾ ചുവടെ ചേർക്കുന്നു.
സലാം ചൊല്ലിയാൽ ഉടനെ  അസ്തഗ്ഫിറുല്ലാഹ്     എന്നു മൂന്നുവട്ടം ചൊല്ലണം. അതിന്നു ശേഷം ഇങ്ങനെ ചൊല്ലുക:

اللَّهُمَّ أَنْتَ السَّلَامُ وَمِنْكَ السَّلَامُ، تَبَارَكْتَ ذَا الجَلَالِ وَالإِكْرَامِ لا إله إلا الله وحده لا شريك له، له الملك، وله الحمد، وهو على كل شيءٍ قدير، اللهم لا مانع لما أعطيت، ولا معطي لما منعت، ولا ينفع ذا الجد منك الجد

അല്ലാഹുവേ! നീയാണ് സമാധാനം,  നിന്നിൽനിന്നാണ് സമാധാനം,  നീ ഏറെ അനുഗ്രഹമുള്ളവനാകുന്നു.  മഹത്ത്വവും ആദരവും ഉള്ളവനേ! അല്ലാഹു ഒഴികെ ‘ഇലാഹി’ല്ല.
അവൻ ഏകനാണ്. അവന്നു പങ്കുകാരനില്ല. അവന്നാണ് ആധിപത്യം.  അവന്നാകുന്നു സ്തുതി.  അവൻ എല്ലാ സംഗതിക്കും കഴിവുള്ളവനാകുന്നു.
അല്ലാഹുവേ! നീ നല്കിയത് തടഞ്ഞുവെക്കുന്നവനായി ആരുമില്ല.   നീ തടഞ്ഞുവെച്ചതിനെ നല്കുന്നവനായി ആരുമില്ല. നിന്റെ ശിക്ഷയിൽനിന്ന് രക്ഷപ്പെടുവാൻ ഐശ്വര്യമുള്ളവന്ന് തന്റെ ഐശ്വര്യം ഉപകരിക്കുകയില്ല.

മഗ്‌രിബ് നമസ്‌കാരത്തിന്റെയും സുബ്ഹ് നമസ്‌കാരത്തിന്റെയും ശേഷം, لا إله إلا الله وحده لا شريك له، له الملك، وله الحمد، وهو على كل شيءٍ قدير എന്നു പത്തു പ്രാവശ്യവും اللهم أجرني من النار  (അല്ലാഹുവേ, നരകത്തിൽ പ്രവേശിക്കുന്നതിൽനിന്നു എന്നെ നീ രക്ഷിക്കേണമേ!) എന്ന് ഏഴ് പ്രാവശ്യവും ചൊല്ലുന്നത് സുന്നത്താണ്.

Related Articles