Current Date

Search
Close this search box.
Search
Close this search box.

മയ്യിത്ത് നമസ്കാരം ( 13- 15 )

ജാറം മൂടുക തുടങ്ങിയവ അനിസ്ലാമികാചാരമാണ്. അതു കൊണ്ട് തന്നെ നിഷിദ്ധവും. ആരാധനയുടെ രൂപത്തിലാണെങ്കിൽ അതു ശിർക്കു കൂടിയാണ്. അനാവശ്യ ധനവ്യയം വരും എന്നതുകൊണ്ട് ധൂർത്തിന്റെ ഗണത്തിലാണ് അതുൾപ്പെടുക. ഇതുപോലുള്ള ധൂർത്തിനെക്കുറിച്ച് ആയിശ(റ) പറയുന്നു:

إن النبي ﷺﷺ خرج في غزاة فأخذت نمطا فسترته على الباب فلما قدم رأي النمط فجذبه حتى هتکه ثم قال : إن الله لم يأمرنا أن نكسو الحجارة والطين (متفق عليه)

(നബി (സ) ഒരു യുദ്ധത്തിനു പോയി. ഞാൻ വരയുള്ള ഒരു പുതപ്പെടുത്ത് വാതിലിന്മേലിട്ടു അത് മറച്ചു. നബി (സ) തിരിച്ചു വന്നപ്പോൾ ആ പുതപ്പ് കണ്ടു. അതു കീറുവോളം പിടിച്ചു വലിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: കല്ലിനും മണ്ണിനും പുതപ്പിക്കാൻ അല്ലാഹു നമ്മോട് കല്പിച്ചിട്ടില്ല.)

ഖബറുകൾ ആരാധനാലയങ്ങളാക്കുന്നതും അവിടെ വിളക്കു കത്തിക്കുന്നതും നിഷിദ്ധമാണ്. നബി (സ) പറഞ്ഞതായി അബൂഹുറൈറ (റ) ഉദ്ധരിക്കുന്നു.

لعن الله اليهود والنصارى اتخذوا قبور أنبيائهم مساجد (مسلم)
(തങ്ങളുടെ പ്രവാചകന്മാരുടെ ഖബറുകൾ ആരാധനാ കേന്ദ്രങ്ങളാക്കിയ കാരണത്താൽ അല്ലാഹു യഹൂദരെയും ക്രിസ്ത്യാനികളെയും ശപിച്ചിരിക്കുന്നു.)

ഇബ്നു അബ്ബാസ് (റ) പറയുന്നു:

لعن رسول الله ﷺ زائزات القبور والمتخذين عليها المساجد والسرج (أحمد والترمذي)
(ഖബർ സന്ദർശിക്കുന്ന സ്ത്രീകളെയും അവക്കുമേൽ ആരാധനാ കേന്ദ്രം പണിയുന്നവരെയും വിളക്ക് വെക്കുന്നവരെയും റസൂൽ (സ) ശപിച്ചിരിക്കുന്നു.)

ഖബറിനടുത്ത് വെച്ച് അറവ് നടത്തുന്നതും നിഷിദ്ധം തന്നെ. നബി(സ) പറഞ്ഞതായി അനസ് (റ) ഉദ്ധരിക്കുന്നു.
لا عقر في الاسلام (أبوداود)
(ഇസ്ലാമിൽ അറവില്ല.)

അനിസ്ലാമിക കാലത്തെ അറബികൾ ചെയ്തിരുന്ന ഒരു ആചാരമാണ് ഉദാരന്മാരാണ് മരിച്ചതെങ്കിൽ അവരുടെ ഖബറിങ്കൽ അറവ് നടത്തി ദാനം ചെയ്യുക എന്നത്. ഈ ആചാരത്തെയാണ് നബി(സ) ഇവിടെ നിരോധിച്ചിരിക്കുന്നത്.

ഖബറിനു മുകളിലോ അതിന്മേൽ ചാരിയോ ഇരിക്കുന്നതും ഖബറിന്മേൽ നടക്കുന്നതും തെറ്റാണ്. അംറുബ്നു ഹസം (റ) പറയുന്നു.

رآني رسول الله متكئا على قبر فقال : لا تؤذ صاحب هذا القبر

(ഞാൻ ഒരു ഖബറിൽ ചാരി ഇരിക്കുന്നതുകണ്ട് റസൂൽ (സ) പറ ഞ്ഞു: ഈ ഖബറിന്റെ ഉടമയെ ദ്രോഹിക്കരുത്- അഹ്മദ് )

റസൂൽ (സ) പറഞ്ഞതായി അബൂഹുറൈറ (റ) ഉദ്ധരിക്കുന്നു:

لأن يجلس أحدكم على جمرة فتحرق ثيابه فتخلص إلى جلده خير له من أن يجلس على قبر (أحمد ومسلم وأبوداود والنسائي وابن ماجه)
(നിങ്ങളിലൊരാൾ ഒരു തീക്കനലിൽ ഇരിക്കുകയും അത് അയാളുടെ വസ്ത്രം കരിച്ച് ചർമ്മത്തിലേക്കു പകരുകയും ചെയ്യുന്നതാണ് ഖബറിന്മേൽ ഇരിക്കുന്നതിലും ഏറെ അയാൾക്ക് അഭികാമ്യം.

ഖബറിന് സിമന്റിട്ട് മോടി കൂട്ടുന്നതും അതിന്മേൽ പേരെഴുതി വെക്കുന്നതും അതു കെട്ടിപ്പൊക്കുന്നതും തെറ്റാണ്. ജാബിർ (റ) പറയുന്നു:

نهى رسول اللہ ﷺ أن يجصص القبر وأن يقعد عليه وأن يبنى عليه

(ഖബറിനു കുമ്മായമിടുന്നതും അതിന്മേൽ ഇരിക്കുന്നതും അത് കെട്ടിപ്പൊക്കുന്നതും റസൂൽ (റ) നിരോധിച്ചിരിക്കുന്നു- അഹ്മദ്, മുസ് ലിം, നസാഈ, അബൂദാവൂദ്) മറ്റൊരു റിപ്പോർട്ടിൽ ഇങ്ങനെ കാണാം:

نهى أن يبنى على القبر أو يزاد عليه أو يحصص أو يكتب عليه (النسائي)
( കെട്ടിപ്പൊക്കുന്നതും അതിൽ ഏച്ചുകൂട്ടുന്നതും അതിന് കുമ്മായമിടുന്നതും അതിന്മേൽ എഴുതിവെക്കുന്നതും നബി (സ) നിരോധിച്ചിരിക്കുന്നു.)

കടലിലോ മറ്റോ വെച്ച് ഖബറടക്കാൻ പറ്റാത്ത സാഹചര്യത്തിലാണ് ഒരാൾ മരിച്ചതെങ്കിൽ മൃതശരീരം കേടുവരാതെ സൂക്ഷിക്കാൻ പറ്റുമെങ്കിൽ ഖബറടക്കാൻ പറ്റുന്ന സാഹചര്യം കൈവരും വരെ കാത്തിരിക്കേണ്ടതാണ്. അല്ലാത്തപക്ഷം കുളിപ്പിച്ച് കഫൻ ചെയ്ത് മയ്യിത്ത് നമസ്ക രിച്ചശേഷം കടലിലിട്ടാൽ മതിയാകും.

ഗർഭസ്ഥശിശു ജീവിച്ചിരിക്കാൻ സാധ്യതയുണ്ടെങ്കിൽ മരിച്ച ഗർഭിണിയുടെ വയർ കീറി കുട്ടിയെ പുറത്തെടുക്കേണ്ടതാണ്. മുസ്ലിമിന്റെ ഭാര്യയായ വേദക്കാരി ഗർഭിണിയായിരിക്കെ മരിച്ചാൽ മുസ്ലിം ശ്മശാനത്തിലോ അമുസ്ലിം ശ്മശാനത്തിലോ അല്ല ഒറ്റക്കാണ് അവരെ മറമാടേണ്ടതെന്നാണ് ഇമാം അഹ്മദിന്റെ പക്ഷം.

മുസ്ലിംകളുടെ പൊതുശ്മശാനത്തിലാണ് മുസ്ലിമിന്റെ മൃതദേഹം മറമാടേണ്ടത്. നബി (സ) യുടെ കാലത്തും ശേഷവും സഹാബിമാരും താബിഉകളുമെല്ലാം ചെയ്തത് അതായിരുന്നു.

മരിച്ചവരെ അവഹേളിക്കുന്നതും ഭർത്സിക്കുന്നതും തെറ്റാണ്. നബി (സ) പറഞ്ഞതായി ആഇശ (റ) ഉദ്ധരിക്കുന്നു:

لا تسبوا الأموات فإنهم قد أفضوا إلى ما قدموا (البخاري)
(നിങ്ങൾ മരണമടഞ്ഞവരെ ആക്ഷേപിക്കരുത്. അവർ തങ്ങളുടെ കർമ്മത്തിലേക്ക് ചെന്നുകഴിഞ്ഞു.)

اذكروا محاسن موتاكم وكفوا عن مساو يهم (الترمذي، أبوداود)
(നിങ്ങൾ മരണമടഞ്ഞവരുടെ നന്മ പറഞ്ഞു കൊള്ളുക. അവരുടെ ദോഷങ്ങൾ പറയാതിരിക്കുക.)

എല്ലാം ദ്രവിച്ച് മണ്ണായി മാറിയ പഴയ ഖബറിൽ പുതിയ മയ്യിത്ത് മറവ് ചെയ്യാവുന്നതാണ്. പഴയ ഖബർ മാന്തിയശേഷമാണ് അതിൽ നശിക്കാതെ ശേഷിച്ച എല്ലോ മറ്റോ കിട്ടുന്നതെങ്കിൽ അത് ഒരു ഭാഗത്ത് നീക്കിവെച്ചശേഷം പുതിയ മയ്യിത്ത് അതിൽ മറമാടാം. മണ്ണിട്ട് മൂടിയ മയ്യിത്ത് അനിവാര്യമെങ്കിൽ മാത്രം പുറത്തെടുക്കാവുന്നതാണ്. അനാവശ്യമായി ഖബർ മാന്തുന്നതു തെറ്റാണ്.

മക്ക, മദീന, ബൈതുൽ മഖ്ദിസ് എന്നീ പ്രദേശങ്ങൾക്കടുത്ത് എവിടെയെങ്കിലും വെച്ച് മരിച്ചതാണെങ്കിൽ മയ്യിത്ത് ആ പ്രദേശങ്ങളിലേക്കു മാറ്റാവുന്നതാണ്. ആ പ്രദേശങ്ങളുടെ മഹത്വമാണ് അതിനു കാരണം. ആവശ്യമില്ലാതെ മറ്റു പ്രദേശങ്ങളിലേക്ക് മയ്യിത്ത് കൊണ്ടു പോവുന്നത് നന്നല്ല. മരിച്ച പ്രദേശത്ത് മറമാടുകയാണ് വേണ്ടത്.

“തഅ്സിയത്ത്’

മരിച്ചതു അമുസ്ലിമാണങ്കിൽ പോലും പരേതന്റെ സന്തപ്ത കുടുംബത്തെ സമാശ്വസിപ്പിക്കൽ സുന്നത്താണ്. കുടുംബത്തിലെ പുരുഷന്മാർ, സ്ത്രീകൾ, വലിയവർ, കുട്ടികൾ എന്നീ വ്യത്യാസമില്ലാതെ എല്ലാവരെയും ആശ്വസിപ്പിക്കാവുന്നതാണ്. അത് മയ്യിത്ത് സംസ്കരിക്കുന്നതിനു മുമ്പും ശേഷവും ആകാം. സാധാരണഗതിയിൽ മൂന്നുദിവസം വരെയാണ് “തഅ്സിയത്തിന്റെ സമയം. ഒരാൾ യാത്രയിലായതിനാലോ മറ്റോ അതിനു സാധിച്ചില്ലെങ്കിൽ മൂന്നുദിവസം കഴിഞ്ഞും അതാകാം.

ആശ്വാസം പകരുന്ന, ക്ഷമിക്കാനും സഹിക്കാനും പ്രേരിപ്പിക്കുന്ന വാക്കുകൾ ഏതും തഅ്സിയത്തിൽ ഉപയോഗിക്കാവുന്നതാണ്. ആശ്വാസവാക്യമായി പണ്ഡിതന്മാരിൽ നിന്ന് ഇപ്രകാരം ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.

أعظم الله أجرك وأحسن عزائك وغفر لميتك
(അല്ലാഹു താങ്കൾക്ക് ഉത്തമ പ്രതിഫലം നൽകട്ടെ, നല്ല ആശ്വാസം നൽകട്ടെ, താങ്കളുടെ മയ്യിത്തിന് അവൻ പൊറുത്തു കൊടുക്കട്ടെ!)

ആശ്വാസിതൻ ‘ആമീൻ’ പറയുകയും ആശ്വാസകനോട് അജ് റകല്ലാഹ് (അല്ലാഹു താങ്കൾക്കു പ്രതിഫലം നൽകട്ടെ!) എന്ന് പറയുകയും ചെയ്യേണ്ടതാണ്.

ആശ്വാസവചനം പറഞ്ഞ് രണ്ടുപേരും പിരിയുകയാണ് വേണ്ടത്. “തഅ്സിയത്തിനായി കൂടിയിരിക്കുന്നതും തദാവശ്യാർത്ഥം ഭക്ഷണം ഒരുക്കുന്നതും അനിസ്ലാമികാചാരം (ബദ്അത്ത്) ആണെന്ന് ഇമാം ശാഫിഈയുടെ പക്ഷം. പലേടത്തും നടപ്പുള്ള ചാവടിയന്തിരത്തിന്റെയും പതിനഞ്ച്, നാൽപത്, ആണ്ട് ആഘോഷങ്ങൾ എന്നിവയുടെയും അവസ്ഥയും ഇതുതന്നെ. ഇവക്കൊന്നും നബിചര്യയിൽ മാതൃകയില്ല. ( തുടരും)

Related Articles