Current Date

Search
Close this search box.
Search
Close this search box.

കൂട്ടുകച്ചവടം; ഇസ്‌ലാമിക കര്‍മശാസ്ത്രത്തില്‍

രണ്ടോ അതിലധികമോ വ്യക്തികള്‍ പങ്കുചേരുന്നതിന്റെ അടിസ്ഥാനത്തില്‍ രൂപമെടുക്കുന്നതാണ് കൂട്ടുവ്യാപാരം അല്ലെങ്കില്‍, പുതയികാലത്ത് വിളിക്കപ്പെടുന്ന കമ്പനി. കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ കമ്പനിയുടെ സാങ്കേതിക അര്‍ഥം വിശദീകരിക്കുന്നു; വ്യത്യസ്ത രീതികള്‍ക്കനുസരിച്ച് അവക്ക് വ്യത്യസ്ത നാമങ്ങളുണ്ട്. കൂട്ടുവ്യാപാരം(കമ്പനി) രണ്ട് തരത്തിലാണുളളത്. ഒന്ന്, ശരികത് അമ്‌ലാക്(അവകാശത്തില്‍ രണ്ടില്‍ കൂടുതല്‍ വ്യക്തികള്‍ പങ്കുചേരുക). രണ്ട്, ശരികത് ഉഖൂദ്(ഇടപാട് നടത്തുന്നതിലെ പങ്കാളിത്തം). ശരികത് അമ്‌വാല്‍, ശരികത് അബ്ദാന്‍, ശരികത് വുജൂഹ് തുടങ്ങിയവ ശരികത് ഉഖൂദിന്റെ വ്യത്യസ്ത ഇനങ്ങളാണ്. ഇവയില്‍ നിന്നെല്ലാം ശരികത് ഉഖൂദ് രണ്ടായി തരം തിരിയുന്നു; ഒന്ന്, ശരികത് മുഫാവദ. രണ്ട്, ശരികത് ഇനാന്‍. എന്നിരുന്നാലും, ഒരു വസ്തുവില്‍ അവകാശം സ്ഥിരപ്പെടുന്നതിനാണ് പൊതുവായി കൂട്ടുവ്യാപരം എന്നുപറയുന്നത്. അല്ലെങ്കില്‍, അത് കരാറിന്റെ അടിസ്ഥാനത്തില്‍ രൂപമെടുക്കുന്നതായിരിക്കും. ഇപ്രകാരത്തിലാണ് ഇബ്‌നു ഖുദാമ അദ്ദേഹത്തിന്റെ മുഗ് നിയില്‍ കമ്പനിയെ നിര്‍വചിക്കുന്നത്. അഥവാ ‘ഇടപാടിലും അവകാശത്തിലുമുളള പങ്കാളിത്തം’. കൂട്ടുവ്യാപാരത്തിന് കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ നല്‍കിയ നിര്‍വചനങ്ങളില്‍ മികച്ചുനില്‍ക്കുന്ന പൊതുവായ നിര്‍വചനമാണിത്. അവകാശം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്; വസ്തുവിലുളള അവകാശം, അനന്തരാവകാശത്തിനുളള അവകാശം, വില്‍ക്കാനുളള അവകാശം, ഉടമസ്ഥപ്പെടുത്താനുളള അവകാശം, നശിപ്പിക്കാനുളള അവകാശം, ദാനത്തിനും വസ്വിയത്തുനുമുളള അവകാശം തുടങ്ങിയവയാണ്. അതുപോലെ, വസ്തുവിലുളള ഉടമസ്ഥതയും അതിന്റെ ഉപയോഗവും ഉള്‍പ്പെടുന്നു. അല്ലെങ്കില്‍, അവയിലൊന്ന് മാത്രവും ലഭിക്കുന്നു. ഇത് ശരികത് അമ്‌ലാകിന്റെ ഇനങ്ങളില്‍ വരുന്നതാണ്. ഇടപാടിലെ പങ്കാളിത്തം എന്നതില്‍ ഉള്‍പ്പെടുന്നത് ഇബ്‌നു ഖുദാമ സൂചിപ്പിക്കുന്നുണ്ട്; ശരികത് മുഫാവദ, ശരികത് ഇനാന്‍, ശരികത് തകബ്ബുല്‍, ശരികത് വുജൂഹ് എന്നീ എല്ലാ ശരികത് ഉഖൂദുകളും ഇതില്‍ വരുന്നതാണ്.

കമ്പനിയുടെ തുടക്കവും ഇസ്‌ലാമികതയും:

മനുഷ്യന് തന്റെ സഹോദരന്റെ സഹായം ആവശ്യമാണെന്ന് മനസ്സിലാക്കയത് മുതല്‍ കമ്പനിയെന്ന ആശയം രൂപമെടുക്കുകയാണ്. ഈ സഹായ-സഹകരണത്തിന് വ്യത്യസ്ത രീതികളും വ്യത്യസ്ത ശൈലികളുമുണ്ട്. അതില്‍ മര്യാദയുടെ ഭാഗമായ, സാമൂഹികതയുടെ ഭാഗമായ, ഭൗതികതയുടെ ഭാഗമായ സഹായ-സഹകരണങ്ങളുണ്ട്. മനുഷ്യന്റെ ആവശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നിന്നാണ് കൂട്ടുവ്യാപാരം എന്ന് വിളിക്കപ്പെടുന്ന ഇടപാടിന് ജനങ്ങള്‍ക്കിടയില്‍ തുടക്കമാകുന്നത്. ഇത് കാലത്തിന്റെ വളര്‍ച്ചക്കും, ദേശത്തിന്റെ പുരോഗതിക്കും, മനുഷ്യന്റെ ആവശ്യങ്ങള്‍ക്കും അനുസരിച്ച് വശാലമാവുകയാണ്. കൂട്ടുവ്യാപാരം ആരംഭിച്ചതുമുതല്‍ അതിന് വ്യവസ്ഥാപിതമായ നിയമങ്ങള്‍ എല്ലാ കാലത്തിലുമുണ്ടായിട്ടുണ്ട്. ഈസ പ്രവാചകന്റെ ജനനത്തിന് രണ്ടായിരം വര്‍ഷം മുമ്പുളള ബാബിലോണിയ, ഫറോവ തുടങ്ങിയ സമൂഹങ്ങള്‍ക്ക് കൂട്ടുവ്യാപാരത്തെ കുറിച്ച് അറിവുണ്ടായിരുന്നു. അതുപോലെ, ബി.സി ആറാം നൂറ്റാണ്ടിന് മുമ്പ് ഗ്രീക്കുകാര്‍ക്ക് കൂട്ടുവ്യാപാരത്തെ കുറിച്ച് അറിവുണ്ടായിരുന്നു. റോമക്കാര്‍ അതിനെ അവരുടെ നിയമങ്ങളില്‍ വ്യവസ്ഥപ്പെടുത്തുകയും അതിന്റെ പ്രത്യേകതകള്‍ വിശദമാക്കുകയും ചെയ്തു.
പിന്നീട്, ഇസ്‌ലാം വന്നപ്പോള്‍ അറബികള്‍ക്കിടയില്‍ പ്രത്യേകിച്ച,് ഖുറൈശികള്‍ക്കിടിയില്‍ കൂട്ടുകച്ചവടമെന്ന ഇടപാട് വ്യവസ്ഥ നിലനില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ക്ക് കച്ചവടത്തില്‍ വലിയ താല്‍പര്യമായിരുന്നു, ഇസ്‌ലാം ആ രീതിയെ ഉള്‍കൊണ്ട് പൊതുവായ വിധിവിലക്കുകള്‍ നിശ്ചയിച്ചു. ഇസ്‌ലാമിന്റെ തുടക്ക കാലത്ത് കൂട്ടുകച്ചവടവുമായ ബന്ധപ്പെട്ട വിധികളില്‍ പ്രത്യേക വിശദീകരണം നല്‍കപ്പെട്ടിരുന്നില്ല. എന്നാല്‍, ഇസ്‌ലാമിക രാഷ്ട്രത്തിന്റെ അതിര്‍ത്തി വിശാലമാവുകയും, ജനങ്ങള്‍ ഇസ്‌ലാമിലേക്ക് കൂട്ടംകൂട്ടമായി പ്രവേശിക്കുകയും, കച്ചവടം വ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഇസ്‌ലാമിക ലോകത്ത് ധാരാളം പുതിയ വിഷയങ്ങള്‍ ഉയര്‍ന്നുവന്നു. കര്‍മശാസ്ത്ര പണ്ഡിതര്‍ അത്തരം പുതിയ വിഷയങ്ങള്‍ക്ക് പ്രമാണബന്ധമായി വിധികള്‍ കണ്ടെത്തി. അപ്രകാരം, കര്‍മശാസ്ത്ര പണ്ഡിതര്‍ കൂട്ടുകച്ചവടത്തിന്റെ വിധികള്‍ കണ്ടെത്തി, അനുവദനീയവും അനുവദനീയമല്ലാത്തതുമായവ വിശദീകരിച്ചു.

മഫാവദ, ഇനാന്‍, അബ്ദാന്‍, മുദാറബ തുടങ്ങിയവ ഇമാം അബൂഹനീഫയും ഇമാം മാലികും കൂട്ടുവ്യാപാരത്തില്‍ അനുവദനീയമായി കാണുന്ന ഇനങ്ങളാണ്. ഇമാം അബൂഹനീഫ ശരികത് വുജൂഹും അതില്‍ അധികമായി ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇമാം ശാഫിഈ ഇവ്വിഷയകമായി ഇജ്തിഹാദ് നടത്തി, കൂട്ടുവ്യാപാരത്തില്‍ രണ്ട് ഇനങ്ങള്‍ മാത്രമാണ് അനുവദനീയമെന്ന് അഭിപ്രായപ്പെടുന്നു; ശരികത് ഇനാന്‍, ശരികത് മുദാറബ എന്നിവയാണത്. കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ മുമ്പ് പറഞ്ഞ എല്ലാ ഇനങ്ങളെയും ഇമാം അഹ്മദ് അനുവദനീയമായിട്ടാണ് കാണുന്നത്. അടിസ്ഥാനപരമായി ഇസ്‌ലാം കൂട്ടുവ്യാപാരത്തെ(കമ്പനിയെ) അനുവദനീയമായിട്ടാണ് കാണുന്നത്. അബൂഹുറൈറ(റ)വില്‍ നിന്ന് നിവേദനം: പ്രവാചകന്‍ പറഞ്ഞു: ‘അല്ലാഹു പറയുന്നു, ഒരുവന്‍ തന്റെ കൂട്ടുകാരനെ വഞ്ചിക്കാതിരിക്കുകയാണെങ്കില്‍, ആ പങ്കാളികള്‍ക്കൊപ്പം മൂന്നാമനായി ഞാനുണ്ട്. ഒരുവന്‍ തന്റെ സഹോദരനെ വഞ്ചിക്കുകയാണെങ്കില്‍ ഞാന്‍ അവര്‍ക്കിടയില്‍നിന്ന് വിട്ടുനില്‍ക്കുന്നതായിരിക്കും’. കൂട്ടുവ്യാപരം അല്ലെങ്കില്‍ കമ്പനി നടത്തിപ്പ് ശരിയായ വിധത്തിലാണെങ്കില്‍ അവര്‍ക്കൊപ്പം അല്ലാഹുവിന്റെ അനുഗ്രമുണ്ടായിരിക്കുമെന്നാണ് ഹദീസ് വ്യക്തമാക്കുന്നത്. കൂടാതെ, ശ്രദ്ധിക്കേണ്ട മറ്റൊരു പ്രവാചക വചനമാണ്; ഒരുവന്‍ തന്റെ സഹോദരനെ സഹായക്കുകയാണെങ്കില്‍ അല്ലാഹു അവനെയും സഹായിക്കുന്നതായിരിക്കും. ഈ ഹദീസ് കൂട്ടുവ്യാപാരം നടത്തുന്നതിനുളള പ്രോത്സാഹനം നല്‍കുകയാണ്. അതോടൊപ്പം, അനുവദനീയ മാര്‍ഗത്തിലൂടെ സമ്പാദിക്കാന്‍, സമ്പത്തിനെ വളര്‍ത്താന്‍, ജോലിയിലേര്‍പ്പെടാന്‍ കഴിയാത്തവര്‍ക്ക് സമ്പത്ത് വളര്‍ത്താന്‍, വ്യക്തിയുടെയും സമൂഹത്തിന്റെയും നന്മക്കുവേണ്ടിയും ഉള്ള പ്രോത്സാഹനമാണ് നല്‍കുന്നത്.

ഇസ്‌ലാമിക കര്‍മശാസ്ത്രത്തില്‍ പ്രചാരത്തിലുള്ള കമ്പനിയുടെ രീതികള്‍:

ശരികത് മുഫാവദ(ഏല്‍പിക്കുക, നിയമിക്കുക): ഒരു വസ്തുവില്‍ പങ്കാളികളായവര്‍ സഹോദരന് തങ്ങളുടെ സാന്നിധ്യത്തിലും അസാന്നിധ്യത്തിലും സമ്പത്ത് കൈകാര്യം ചെയ്യാനുള്ള അനുവാദം നല്‍കുന്ന രീതിയാണിത്. ഇതില്‍ വകാലയും കഫാലയും ഉള്‍പ്പെടുന്നു. പങ്കാളികളിലെ ഓരോരുത്തരും സഹോദരന് ഇടപാട് ഏല്‍പ്പിക്കുന്നതിലൂടെ വകീലും, അദ്ദേഹത്തിന്റെ ഉത്തരവാദത്തത്തിന്റെ കാര്യത്തില്‍ പങ്കാളികള്‍ കഫീലുമാണ്.

ശരികത് ഇനാന്‍(വെളിപ്പെടുക, പ്രകടമാവുക): രണ്ട് പേര്‍ ഒരു വസ്തു കാണുകയും അതില്‍ അവര്‍ സമ്പത്ത് കൊണ്ടും പ്രവര്‍ത്തനം കൊണ്ടും പങ്കാളികളാവുകയാണെങ്കില്‍ ആ രീതിയാണ് ശരികത് ഇനാന്‍. ഇതില്‍ വകാല മാത്രമാണ്, കഫാല ഉള്‍പ്പെടുന്നില്ല. ശരികത് മുഫാവദയില്‍ നിന്ന് ഇതുമുഖേനയാണ് ശരികത് ഇനാന്‍ വ്യത്യസ്തപ്പെടുന്നത് ഇതുമുഖേനയാണ്. ശരികത് ഇനാന്‍; സമ്പത്ത് തുല്യമാവുകയും ലാഭം വ്യത്യസ്തമാവുകയും അല്ലെങ്കില്‍, സമ്പത്ത് വ്യത്യസ്തപ്പെടുകുയം ലാഭം തുല്യമാവുകയും ചെയ്യുന്ന രീതിയില്‍ കാണാവുന്നതാണ്. ചിലപ്പോള്‍, സമ്പത്തും ലാഭവും തുല്യമാകുന്ന രീതിയിലും കാണപ്പെടാറുണ്ട്. ചില കര്‍മശാസ്ത്ര പണ്ഡിതര്‍ ഈ രീതികളില്‍ നിയന്ത്രണങ്ങള്‍ നിശ്ചയിച്ചിരിക്കുന്നു.

ശരികത് സനാഇഅ്, തകബ്ബുല്‍(നിര്‍മാണവും, സ്വീകരിക്കുലും): രണ്ട് നിര്‍മാണ തൊഴിലാളികള്‍ ഒരുമിക്കുക, ഉദാഹരമായി, ആശാരിയും തുന്നല്‍ ജോലിചെയ്യുന്നയാളും, അവര്‍ ജോലികള്‍ ഏറ്റെടുക്കുകയും അതില്‍ നിന്നുള്ള വേതനം അവര്‍ക്കിടിയിലെ ധാരണയുടെ അടിസ്ഥാനത്തിലാവുകയും ചെയ്യുന്ന രീതിയാണിത്. ഇത് ഇമാം അബൂഹനീഫയും ഇമാം മാലിക്കും അനുവദനീയമായിട്ടാണ് കാണുന്നത്. ഇനി നിര്‍മാണ ജോലി വ്യത്യസ്തമാവുകയാണെങ്കിലും(ഉദാഹരണമായി, ആശാരിയും ഛായംനല്‍കുന്ന-വര്‍ണംനല്‍കുന്ന ജോലിക്കാരനും) അതില്‍ പ്രശ്‌നമൊന്നുമില്ലെന്നാണ് ഇമാം അബൂഹനീഫ അഭിപ്രായപ്പെടുന്നത്.

ശരികത് വുജൂഹ്: രണ്ട് പേര്‍ വസ്തുക്കള്‍ വാങ്ങി അത് വില്‍ക്കുന്നതിന് തയാറെടുക്കുന്നു, അഥവാ മൂലധനമൊന്നുമില്ലാതെ രണ്ടുപേരും തങ്ങളുടെ വില്‍ക്കാനുള്ള കഴിവിനെ മാത്രം അടിസ്ഥാനമാക്കി വസ്തുക്കള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന രീതിയാണ് ശരികത് വുജൂഹ്. ലാഭം അവര്‍ക്കിടയിലെ ധാരണയുടെ അടിസ്ഥാനത്തിലായിരിക്കും ഉണ്ടാവുക. ഇൗ രീതിയെ ഇമാം അബൂഹനീഫ അനുവദനീയമായിട്ടും, ഇമാം മാലിക്കും ഇമാം ശാഫിഈയും ബാത്വിലായിട്ടുമാണ് കാണുന്നത്.

ശരികത് മുദാറബ: ലാഭത്തിലുള്ള പങ്കാളിത്തമാണിത്. അഥവാ ഒരുവന്‍ സമ്പത്ത് മറ്റൊരുവന് കച്ചവടത്തിനായി നല്‍കുകയും ലാഭം അവര്‍ക്കിടയിലെ ധാരണയുടെ അടിസ്ഥാനത്തിലാവുകയും ചെയ്യുന്ന രീതി. നഷ്ടം സംഭവിക്കുകയാണെങ്കില്‍ മൂലധനത്തില്‍ കുറവ് സംഭവിക്കകയാണ് ചെയ്യുക. ഒരുഭാഗത്ത് സമ്പത്ത് നല്‍കുകയും, മറ്റൊരു ഭാഗത്ത് ജോലിചെയ്യുകയും, ലാഭം രണ്ടുപേരും വീതിച്ചെടുക്കുകയും, നഷ്ടം മുടക്കുമുതലില്‍ നിന്നുമാകുന്ന രീതിയാണ് ശരികത് മുദാറബ. ചില കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ ഇതിനെ ഖറാദ് എന്നും വിളിക്കുന്നു.

ആധുനിക കമ്പനികളുടെ വ്യത്യസ്ത രീതികള്‍:

മുമ്പ് അറിയപ്പെട്ടിരുന്നില്ലാത്ത പല വിളിപ്പേരുകളും ആധുനിക കാലത്ത് കമ്പനികള്‍ക്ക് കൈവന്നിട്ടുണ്ട്. എന്നാല്‍, കര്‍മശാസ്ത്ര പണ്ഡിതര്‍ വിശദമാക്കിയ കൂട്ടുവ്യാപാര രീതികളുടെ നിയമ വിധികളില്‍ നിന്ന് വ്യത്യസ്തപ്പെടുന്നതല്ല ആധുനിക കൂട്ടുവ്യാപാരം. പുതിയകാലത്തെ അധിക കൂട്ടുവ്യാപാരവും ശരികത് ഇനാനിലേക്കും ശരികത് മുദാറബിയിലേക്കുമാണ് മടങ്ങുന്നത്. ആധുനിക കമ്പനികള്‍ക്ക് ധാരാളം രീതികളുണ്ട്.

അവലംബം: mugtama.com
വിവ: അര്‍ശദ് കാരക്കാട്

Related Articles